സാന്താൾ സമരം. പോരാട്ടവീര്യത്തിന്റെ ഓർമകൾക്ക് 161 വർഷം

 

നൂറ്റിഅറുപത്തി ഒന്നു വർഷത്തെ ഓർമകളുമായി സാന്താൾ ചെറുത്തുനിൽപ്പ്. 1857-ഒന്നാം സ്വാതന്ത്ര്യ സമരത്തിന്‌ രണ്ടു വർഷം മുൻപ്‌ മറ്റൊരു സായുധ വിപ്ലവം ഇന്ത്യ ഉപഭൂഖണ്ഡത്തിൽ ഉണ്ടായി.അതാണ് സാന്താൾ പോരാട്ടം (Santhal Rebellion).ബംഗാൾ,ബീഹാർ , ഒറീസ്സ എന്നിവിടങ്ങളിലെ ഗിരിവർഗ്ഗക്കാർ ആണ് സാന്താളുകൾ .സാന്താൾ എന്ന മലനിരയുമായി ബന്ധപ്പെട്ടാണ് ഇവർക്ക് സാന്താൾ എന്ന പേര് കിട്ടിയത്‌.സ്വന്തമായി ഒരു ഭാഷയും ഇവർക്ക്‌ ഉണ്ടായിരുന്നു.സാന്താൾ ഭാഷ.

അന്ന് ബ്രിട്ടീഷ്‌കാരും ഭൂ പ്രഭുക്കന്മാരും ഒന്നിച്ചായിരുന്നു.സമൂഹത്തിലെ അടിസ്ഥാനവർഗങ്ങളെ ഇരു കൂട്ടരും ചൂഷണം ചെയ്തു കൊണ്ടിരുന്നു.സാമ്പത്തികമായും സാമൂഹികമായും ഗിരി വർഗ്ഗക്കാരെ അവർ കൂടുതൽ ചൂഷണം ചെയ്തു .ബ്രിട്ടീഷ്‌ പട്ടാളം ചൂഷണങ്ങൾക്ക് കുട പിടിച്ചു. അഞ്ചുഭാവതീക്ഷ്ണത സാന്താളുകൾക്കിടയിൽ സമരബോധം സൃഷ്ടിച്ചു. കരുത്തരായ നേതാക്കളെ അത് സംഭാവന ചെയ്തു.കനു,സിദ്ദു,തിൽക്കാമ എന്നിവരായിരുന്നു അവർ. പന്ത്രണ്ടു ഗ്രാമങ്ങളിലെ ആളുകളെ ചേർത്ത് അവർ സൈന്യത്തിന് രൂപം നല്കി.പതിനായിരത്തോളം സാന്താളുകൾ ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യാൻ മലയിറങ്ങി.ലക്ഷ്യം ബ്രിട്ടീഷ്‌ ഭരണ സിരാകേന്ദ്രമായ കൽക്കത്ത. അത് ഒരു മഹാ ജന പ്രവാഹമായി

1855 ജൂൺ 30നായിരുന്നു സാന്താൾ പോരാട്ടം തുടങ്ങിയത്.വഴിനീളെ അക്രമികളെ അടിച്ചൊതുക്കി സാന്താൾ പട മുന്നേറി.കൽക്കത്തയിലെക്കുള്ള വഴിയെ ബ്രിട്ടീഷ്‌ സൈന്യം സാന്താൾ പടയെ പ്രതിരോധിച്ചു.സമർത്ഥനായ മേജർ ബറോസിനായിരുന്നു ബ്രിട്ടീഷ്‌ സൈന്യത്തിന്റെ നേതൃത്വം.ഉഗ്രമായ യുദ്ധം നടന്നു.സാന്താളുകൾ ബ്രിട്ടീഷ്‌ സൈന്യത്തിന് സമർത്ഥമായ തിരിച്ചടി നൽകിക്കൊണ്ടിരുന്നു.ഒടുവിൽ ആ മഹാ പോരാട്ടവീര്യത്തിനു മുന്നിൽ ബ്രിട്ടീഷ്‌ സേന തോറ്റോടി.

സാന്താളുകൾ കൽക്കത്ത ലക്ഷ്യമാക്കി മുന്നേറിക്കൊണ്ടിരുന്നു.മൂർഷിദാബാദിൽ വച്ച് വീണ്ടും പ്രതിരോധം. ഇത്തവണ കാര്യങ്ങൾ മാറി മറിഞ്ഞു.പരാജയം രുചിച്ചപ്പോഴും സാന്താളുകൾ കീഴടങ്ങാൻ തയ്യാറായില്ല.അവസാനത്തെ പടയാളിയും മരിച്ചു വീഴുന്നതുവരെ അവർ യുദ്ധം തുടർന്നു.പരാജയപ്പെട്ടുവെങ്കിലും ആ സമരവും പോരാട്ടവീര്യവും പിൽക്കാലത്ത് പലർക്കും പ്രചോദനമായി എന്നത് ചരിത്ര സത്യം.

Be the first to comment on "സാന്താൾ സമരം. പോരാട്ടവീര്യത്തിന്റെ ഓർമകൾക്ക് 161 വർഷം"

Leave a comment

Your email address will not be published.


*