ഈദ് മുബാറക് പറയാൻ അഖ്‌ലാഖില്ല .നൊമ്പരമായി ദാദ്രിയിലെ ആ വീട്.

ദാദ്രിയിലെ ബിസാട ഗ്രാമത്തിലെ ഈദ് ദിനത്തിന് ഇത്തവണ പങ്കുവെക്കാനുള്ളത് ഒട്ടും ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും അനുഭവങ്ങളല്ല.

അടഞ്ഞുകിടക്കുന്ന ഒരു കൊച്ചുവീടാണു ഈ ഗ്രാമത്തിന്റെ നൊമ്പരമായും ആഹ്ലാദങ്ങളുടെ കടക്കൽ കത്തിവെക്കുന്ന അസ്വസ്ഥതയായും മാറുന്നത്. വീട്ടിൽ ബീഫ് സൂക്ഷിച്ചു എന്നാരോപിച്ച് സംഘപരിവാർ ആഹ്വാനത്തോടെ പ്രദേശത്തെ ഒരുകൂട്ടം പേർ ക്രൂരമായി അടിച്ചുകൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ വീട് ആണ് ആൾതാമസമില്ലാത്ത വിളക്കുകൾ കത്താതെ അടഞ്ഞുകിടക്കുന്നത് . രാജ്യാന്തര തലങ്ങളിൽ വരെ ഈ സംഭവം ചർച്ചയായെങ്കിലും അഖ്‌ലാഖിന്റെ ഭാര്യക്കും മക്കൾക്കും ആ ഗ്രാമവും അന്തരീക്ഷവും വീണ്ടും വീണ്ടും അസ്വസ്ഥതകളും ഭയപ്പാടുകളുമാണ് ഉണ്ടാക്കിയത്. അവിടെ നിന്നും ഉടൻ തന്നെ വീട് മാറിപ്പോയതിനു ശേഷം ഇന്ത്യൻ എയർ ഫോയ്‌സിൽ ജോലി ചെയ്യുന്ന മകൻ സർതാജിന്റെ കൂടെയാണ് അഖ്‌ലാഖിന്റെ ഭാര്യയും മക്കളും ഇപ്പോൾ താമസിക്കുന്നത്.

പേര് വെളിപ്പെടുത്താനാവാത്ത ഒരു അടുത്ത കുടുംബാംഗം ഹിന്ദുസ്ഥാൻ ടൈമ്സ് ലേഖകനോട് ഈദ് ദിനത്തിൽ പ്രതികരിച്ചത് ഇങ്ങനെയാണ് :- ” ഞങ്ങൾ എങ്ങനെയാണ് ഈദ് ആഘോഷിക്കുക. ഞങ്ങളുടെ ഈദ് ഈദ് അല്ല. ഒരു ആരാധനകർമം ആയതുകൊണ്ട് ഈദ് ഉത്തരവാദിത്തം കൂടിയാണ്. അതുകൊണ്ട് ഞങ്ങൾ ഈദ് നമസ്കാരം അനുഷ്ഠിക്കും. അതു മാത്രമേയുള്ളൂ.. അതിനപ്പുറം മറ്റൊരു സന്തോഷവും ഈ സമയത്തെ ഈദിൽ ഞങ്ങൾക്കില്ല ”

പെരുന്നാൾ ദിനത്തിൽ എല്ലാവർക്കും പുതുവസ്ത്രങ്ങൾ ലഭിച്ചു എന്നു ഉറപ്പുവരുത്തുന്ന ബാപ്പയുടെ അഭാവം ഈ ഈദിൽ ഇവർക്ക് നൊമ്പരമാവുകയാണ്. പെരുന്നാൾ ദിനത്തിൽ തൻ്റെ വീട്   രാവ് മുഴുവൻ വിളക്കുകൾ കൊണ്ട് അലങ്കരിച്ചു , അയല്പക്കത്തെ ഹിന്ദു സഹോദരന്മാർക്ക് ഖീർ  ( ഉത്തരേന്ത്യൻ സ്‌പെഷ്യൽ പായസം ) വിതരണം ചെയ്യുക അഖ്‌ലാഖിന്റെ പെരുന്നാൾ സന്തോഷമായിരുന്നു എന്നു സഹോദരൻ ജാൻ മുഹമ്മദ് ഓർക്കുന്നു.

അഖ്‌ലാഖ് നൽകുന്ന മധുരത്തിലൂടെയാണ് ഈദ് ആയെന്നു ഞങ്ങളറിഞ്ഞിരുന്നത് എന്നു പരിസരത്തെ കച്ചവടക്കാരനായ മൂൽചന്ദ് പറയുന്നു. ദീപാവലിക്കും ഈദുൽ ഫിത്തറിനും തങ്ങൾ ഒന്നിച്ചു ആഹ്ലാദം പങ്കിടാറുണ്ടെന്നു മൂൽചന്ദ് ഓർക്കുന്നു.

എല്ലാവരും നന്മയുടെ ഓർക്കുന്ന ഒരു വ്യക്തിയെ മാത്രമല്ല , പരസ്പരം സ്നേഹത്തോടെ ഈദ് മുഹബ്ബത്തുകൾ കൈമാറിയ ഒരു ഗ്രാമത്തെ കൂടിയാണ് തീവ്ര വർഗീയ ശക്തികൾ വിദ്വേഷ രാഷ്ട്രീയത്തിലൂടെ ഇല്ലാതാക്കിയത്

Photo – Internet

Be the first to comment on "ഈദ് മുബാറക് പറയാൻ അഖ്‌ലാഖില്ല .നൊമ്പരമായി ദാദ്രിയിലെ ആ വീട്."

Leave a comment

Your email address will not be published.


*