അത്ര അങ്ങോട്ടു ക്ലിയർ ആവുന്നില്ലല്ലോ ന്യൂസ് റൂമുകളിലെ ഐസിസ് കഥകൾ

ഒപ്പീനിയൻ – അസ്‌ലഹ് വടകര

 

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും കാണാതായവർ ആഗോളഭീകര സംഘടനയായ ഐസിസിൽ ചേർന്നിരിക്കുന്നു എന്ന അർത്ഥത്തിലുള്ള വ്യാപകമായ പ്രചാരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടക്കുന്നത്. ദേശീയ മാധ്യമങ്ങളടക്കം മലയാളത്തിലെ മുഖ്യധാരാ പത്രങ്ങൾ , ചാനലുകൾ , വെബ്‌പോർട്ടലുകൾ എന്നിവ കാണാതായ യുവാക്കൾ ഐസിസിൽ ചേർന്നിരിക്കുന്നു എന്നു ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. സോഷ്യൽ മീഡിയയിൽ കേരളം ആഗോള ഇസ്ലാമിക ഭീകരവാദത്തിന്റെ കേന്ദ്രമാവുന്നു എന്ന വിദ്വേഷ കാമ്പയിനുകൾ തകൃതിയായി നടക്കുന്നു. മലയാളികൾ ഐസിസിൽ ചേർന്നിരിക്കുന്നു എന്നത് ആശങ്കാജനകമാണെന്നു കേരളത്തിലെ മുഴുവൻ മുസ്ലിം സംഘടനകൾക്കും ഒന്നിച്ചു പറയേണ്ടിവന്നിരിക്കുകയാണ്. ഏതാനും വർഷങ്ങൾക്കു മുൻപ് കാശ്മീർ റിക്രൂട്മെന്റ് , ലവ് ജിഹാദ് തുടങ്ങിയ വിഷയങ്ങളിൽ ഒട്ടും സൂക്ഷ്മതയില്ലാതെയും കൃത്യമായ ചില അജണ്ടകളോടെയും കൂടി മാധ്യമങ്ങൾ സ്‌പെഷ്യൽ സ്റ്റോറികൾ ചെയ്തിരുന്നു. നിറം പിടിപ്പിച്ച കഥകൾ ന്യൂസ് റൂമുകളിൽ അക്കാലത്ത് പേമാരിയായി നിറഞ്ഞുനിന്നു. പിന്നീട് മാസങ്ങൾക്കു ശേഷമാണ് ഇവ സംഘ് പരിവാർ അജണ്ടയായിരുന്നു എന്നു പുറംലോകമറിഞ്ഞത് . ഇപ്പോൾ  വ്യാപകമായി പ്രചരിക്കുന്ന വാർത്തകൾക്കും കൃത്യമായതോ അധികാരികമായതോ ആയ തെളിവുകൾ ഒട്ടുമില്ല എന്നത് കൂടെ വായിക്കേണ്ടതാണ്.
1. കാണാതായവരുടെ പരാതികൾ മാധ്യമങ്ങളിലൂടെ അറിഞ്ഞ ഉടനെ ഐ എസ് കഥയും പ്രചരിച്ചിരുന്നു. ഈ കഥയ്ക്ക് ഏറ്റവും കൂടുതൽ ബലമായത് മതംമാറ്റവും കല്യാണവും ഒന്നിച്ചുവന്നതായിരുന്നു. ഇതരസമൂഹത്തിലുള്ളവരെ പ്രണയം നടിച്ചു മതം മാറ്റി തീവ്രവാദികളുടെ ഇടയിലേക്ക് കൊണ്ടുപോവുന്നു എന്ന ലവ് ജിഹാദ് വിവാദകാലത്തെ ” ന്യൂസ് സ്റ്റോറി” ഒട്ടും വ്യത്യാസമില്ലാതെ മാധ്യമങ്ങളിൽ വീണ്ടും നിറഞ്ഞുനിന്നു. . ജന്മഭൂമിയും ജനം ചാനലും മാതൃഭൂമിയും കണക്കുകളുടെ ഒട്ടും പിൻബലമില്ലാതെ ഊഹങ്ങൾ വെച്ച് വാർത്തകൾ കൊടുത്തു. ഏഷ്യാനെറ് , കൈരളി അടക്കമുള്ള വാർത്താചാനലുകൾ ഈ വിവാഹങ്ങളെ ഐസിസിന്റെ സ്പോണ്സര്ഷിപ്പിൽ ആക്കി മാറ്റി.അറുനൂറു പേർ ഇങ്ങനെ ചതിക്കപ്പെട്ടു എന്നു മംഗളം ‘ഞെട്ടിപ്പിച്ചു’ .പ്രണയം നടിച്ചുള്ള ഭീകരവാദത്തെ കുറിച്ചു മനോരമയിൽ സ്‌പെഷ്യൽ സ്റ്റോറി വീണ്ടും വന്നു
2. ദുരൂഹസാഹചര്യത്തില്‍ കാണാതായവര്‍ക്ക് തീവ്രവാദ ബന്ധമുള്ളതായി അറിയില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ഒന്നാം ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള വാർത്തകൾ ഈ യുവാക്കളുടെ ഭാവിയെ നശിപ്പിക്കുമെന്നും മാധ്യമങ്ങളും പൊതുസമൂഹവും ഈ വിഷയത്തിൽ സൂക്ഷ്മത പാലിക്കണമെന്നും ബെഹ്‌റ പറഞ്ഞു. എന്നാൽ ആ ദിവസങ്ങളിലാണ് മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ഐസിസ് കഥ ഏറ്റവും കൂടുതൽ പ്രചരിച്ചത്. മുതിർന്ന പോലീസ് മേധാവി അടക്കം സ്ഥിരീകരണമായില്ല എന്നു പരസ്യമായി പറഞ്ഞിട്ടും പോലീസിനെ പരാമർശിച്ചു വീണ്ടും തീവ്രവാദകഥകൾ ന്യൂസ് റൂമുകളിൽ പാചകം ചെയ്യപ്പെടുന്നത് എന്തുകൊണ്ടാണ് ?
3. കേന്ദ്ര ഐ ബിയും അതിന്റെ ചുവടു പിടിച്ചു സംസ്ഥാന ഐ ബി യും ആണ് ” കാണാതായ യുവാക്കൾക്ക് ഐസിസ് ബന്ധം ഉണ്ടെന്ന ” വിവരങ്ങൾ നൽകിയതെന്ന് ആദ്യം മാധ്യമങ്ങളും അവസാനം പോലീസ് മേധാവിയും പറഞ്ഞു. എന്നാൽ , ഈ വിവരങ്ങൾക്ക് ആവശ്യമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടു തന്നെ ഐസിസിൽ ചേർന്നു എന്നു പറയാനാവില്ലെന്നും ഡിജിപി കൂട്ടിച്ചേർത്തു. നിറം പിടിപ്പിച്ച കഥകൾക്ക് ഒപ്പം ഐ ബി റിപ്പോർട് എന്ന ചാകര കിട്ടിയതിന്റെ ആവേശത്തിൽ മാധ്യമങ്ങൾ യാതൊരു ആധികാരികതയുമില്ലാതെ വീണ്ടും വീണ്ടും വാർത്തകൾ വായനക്കാരിലും പ്രേക്ഷകരിലുമെത്തിച്ചു.
4. കാസർകോട് നിന്ന് കാണാതായ 17 അംഗ സംഘത്തിലെ 12 പേർ ഇറാനിലെത്തിയതായി കേരളാ പൊലീസിന് വിവരം ലഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു . എന്നാൽ ഇറാനാകട്ടെ ഐഎസിന് ഒട്ടും ശക്തിയില്ലാത്ത കേന്ദ്രവുമാണ്. കാണാതായവര്‍ ഐ.എസിന്‍െറ ശക്തിമേഖലകളായ സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ ഉണ്ടെന്ന ”ഉറപ്പിലാണ് ” ചാനൽ ചർച്ചകൾ . എന്നാലിക്കാര്യത്തിലൊന്നും സ്ഥിരീകരണമായിട്ടില്ല എന്നുമാത്രമല്ല ഡിജിപി അടക്കമുള്ളവർ ഇത് നിഷേധിക്കുകയും ചെയ്തു.
5. കാണാതായവരിൽ ചിലർ വിദേശ രാജ്യങ്ങളിലുള്ളതായി ഐബിക്ക് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടത്രെ. എങ്കിൽ അതെന്താണ് പുറത്തുവിടാത്തത് ? ഒരു സമൂഹത്തിനിടയിൽ പരസ്പര വിദ്വേഷം വളർത്തുന്ന രീതിയിലുള്ള വാർത്തകൾ പ്രത്യക്ഷപ്പെടുന്ന ഈ പ്രളയക്കാലത്ത് ” കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടും ” കഥകൾ പറഞ്ഞുനടക്കുന്നത് എന്തിനാണ് ?
6. കേന്ദ്രത്തിനു എല്ലാം അറിയാം എന്നാണ് ഡിജിപി തെളിവുകളില്ല എന്നു പറഞ്ഞപ്പോൾ മാധ്യമങ്ങൾ പ്രചരിപ്പിച്ചത് . എന്നാൽ കേരളത്തില്‍നിന്ന് കുടുംബങ്ങള്‍ ഐ.എസില്‍ ചേര്‍ന്നുവെന്ന റിപ്പോര്‍ട്ട് സംബന്ധിച്ച് കേന്ദ്രത്തിനും വിവരമില്ല. കാണാതായവരുടെ കുടുംബങ്ങളുടെ പരാതിയെ തുടര്‍ന്ന് കേരളത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയശേഷമാണ് കേന്ദ്രം ഇക്കാര്യം അറിയുന്നത്. ഇതത്തേുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തില്‍നിന്ന് വിശദവിവരം തേടിയിട്ടുണ്ട്. ” കുടുംബത്തോടെ കേരളത്തില്‍നിന്ന് ആളുകള്‍ ഐ.എസ് ക്യാമ്പിലേക്ക് പോകുന്നത് ” സംബന്ധിച്ച വിവരങ്ങളൊന്നും ശേഖരിക്കാന്‍ ഇതുവരെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും കഴിഞ്ഞില്ല.
7. കാണാതായ യുവാക്കളും കുടുംബവും ഏതെങ്കിലും സംഘടനയിലോ മതസാമൂഹിക രാഷ്ട്രീയ രംഗങ്ങളിലോ പ്രവർത്തിച്ചതായി ഇതുവരെ അറിവില്ല . ആര്‍ക്കെതിരെയും കേസുകളുമില്ല. കാണാതായതിനെ തുടർന്നു ഇവരെ കൊടും ഭീകരരാക്കാനുള്ള തത്രപ്പാടിലാണ് നവമാധ്യമങ്ങളിലൂടെ ഷെയർ ചെയ്യപ്പെടുന്ന വാർത്തകൾ
8. കൃഷിപഠനവുമായി ബന്ധപ്പെട്ടാണ് യുവാക്കള്‍ യാത്ര ചെയ്തിരുന്നതെന്ന് കാണാതായ ഹഫീസുദ്ദീന്‍െറ പിതാവ് ഹക്കീം മാധ്യമങ്ങളോട് പറയുന്നു. സന്ദേശങ്ങളിലെ സൂചനവെച്ച് യമനിലാവാനും സാധ്യതയുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ആടുകളെ മേയ്ച്ചും കൃഷിചെയ്തും കഴിയുന്നതിലെ പുണ്യം വീട്ടുകാരോട് ഹഫീസ് പങ്കുവെച്ചിരുന്നത്രെ. അത്തരത്തില്‍ ആടുജീവിതം നയിക്കുകയാണോ ലക്ഷ്യമെന്നും സംശയിക്കുന്നതായി അദ്ദേഹം കരുതുന്നു. യമനിൽ ഇത്തരം ലക്ഷ്യങ്ങൾ വെച്ച് ദമ്മാജ് സലഫികളുടെ കൂടെ പോവാൻ സാധ്യത വീട്ടുകാരിൽ നിന്നും പോയവരുടെ സന്ദേശങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളിലൂടെ ഉണ്ടായിരിക്കെ , അവയൊട്ടും ചർച്ച ചെയ്യാതെ , കാണാതായവരെല്ലാം ഐസിസ് കാമ്പിൽ പോയവരാണ് എന്നു വീണ്ടും വീണ്ടും ന്യൂസ് റൂമുകൾ പുറം ലോകത്തെ അറിയിക്കുകയായിരുന്നു. : ‘ഇതൊന്നുമല്ല ജീവിതം കൃഷിയും ആടുമേയ്ക്കലുമാണ്’ . ‘ഞങ്ങള്‍ ശാന്തമായ ലോകത്തത്തെി, നിങ്ങളും പോന്നോളു’ എന്നൊക്കെയുള്ള സന്ദേശങ്ങളാണ് ഹഫീസുദ്ധീന്റെ പിതാവിന് ലഭിച്ചത്. ഐസിസ് കൃഷിയിലൂടെയും ആടുമേയ്ക്കലിലൂടെയും ഖിലാഫത്ത് നടപ്പിലാക്കുന്നു എന്നു മാധ്യമങ്ങൾ പറയാത്തത് മഹാഭാഗ്യം . ആടുമേയ്ക്കലും കൃഷിയുമാണ് പ്രാവാചകചര്യ എന്ന് വിശ്വസിക്കുന്ന ഇവര്‍ ദമ്മാജ് സലഫികള്‍ എന്നാണത്രെ അറിയപ്പെടുന്നത്. ഇവരുടെ ആസ്ഥാനം യമന്‍െറ തലസ്ഥാനമായ സന്‍ആഇലാണ്. ശ്രീലങ്കയിലും അഫ്ഗാനിലും യമനിലും ഇത്തരം സലഫി വിഭാഗങ്ങളുണ്ട്. ഇങ്ങനെ ഈ രീതിയില്‍ സൗദി വഴി യമനിലേക്കത്തെിയ മലപ്പുറം സ്വദേശിയെ വിദേശകാര്യ വകുപ്പ് ഈയിടെ മോചിപ്പിച്ചിരുന്നു ഐ.എസില്‍ ചേരുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള വിവരങ്ങള്‍ കാണാതായവരില്‍നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല .
9. കാണാതായി എന്ന പേരിലുള്ള സാധാരണ പരാതികളാണ് ലഭിച്ചിരിക്കുന്നതെന്നും മറ്റു വിവരങ്ങളൊന്നും പരാതിയില്‍ ഇല്ലെന്നും എട്ടു പരാതികൾ ലഭിച്ച ശേഷം കാസർഗോട്ടെ പോലീസ്   ഉദ്യോഗസ്ഥർ പറയുന്നു. ‘ഐ.എസ്’ എന്നത് എളുപ്പത്തില്‍ ഊഹിക്കാവുന്ന ഒന്നായതുകൊണ്ടാണ് ഈ രീതിയില്‍ ചിന്തിക്കുന്നത് എന്നും പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. അവരുടെ മതം മാറ്റം തങ്ങൾക്ക് പ്രശ്‌നമല്ലെന്നും കാണാതായതാണ് പ്രയാസത്തിലാക്കുന്നതെന്നും മാധ്യമങ്ങളോട് ബന്ധുക്കൾ ആവർത്തിച്ചിട്ടു പറഞ്ഞിട്ടും മതം മാറിയത് തന്നെ ഭീകരപ്രവർത്തിയാണ് എന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ടിങ്.
10. കാണാതായവർ മുമ്പ് പഠിച്ച കോളേജുകൾ , ജോലി ചെയ്ത സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് യുവമോർച്ചയും സംഘപരിവാർ സംഘടനകളും മാർച്ചുകളും ആക്രമണസ്വഭാവത്തിലുള്ള ഉപരോധങ്ങളും നടത്തുകയുണ്ടായി. പാലക്കാടും കാസർഗോഡും വടകരയിലും സമാന സംഭവങ്ങൾ ഉണ്ടായി. മാധ്യമങ്ങൾ ഒട്ടും ഈ വിഷയം ചർച്ച ചെയ്തില്ല എന്നതാണ് യാഥാർഥ്യം
11. കേന്ദ്ര ഐ ബിയാണ് കാണാതായവർക്കു ഐസിസ് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചത് എന്നു റിപ്പോർട് ചെയ്യുന്ന എല്ലാ മാധ്യമങ്ങളും മറ്റൊരു വാർത്ത അത്രയൊന്നും പ്രാധാന്യമില്ലാത്ത ഇന്ന് കൊടുത്തു. കേരളത്തില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായവര്‍ ഐഎസില്‍ ചേര്‍ന്നതിന് സ്ഥിരീകരണമില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞതാണ് അത് . വിഷയത്തില്‍ കൂടുതലായി ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.ഐ ബി സ്ഥിരീകരിക്കുകയൂം കേന്ദ്ര മന്ത്രി സ്ഥിരീകരിച്ചില്ല എന്നു പറയുകയും ചെയ്യുന്നത് ഒരേ സമയം.

Be the first to comment on "അത്ര അങ്ങോട്ടു ക്ലിയർ ആവുന്നില്ലല്ലോ ന്യൂസ് റൂമുകളിലെ ഐസിസ് കഥകൾ"

Leave a comment

Your email address will not be published.


*