ധൈര്യമായി ടിക്കറ്റെടുത്തോളൂ. ഇത് നിങ്ങൾക്കു വേണ്ടിയുള്ള സിനിമയാണ്.

റിവ്യൂ – നസീൽ വോയ്‌സി

മൂവി – അനുരാഗകരിക്കിൻ വെള്ളം
സംവിധാനം – ഖാലിദ് റഹ്‌മാൻ

അനുരാഗമുണ്ടല്ലോ, പറഞ്ഞാലും എഴുതിയാലും പാടിയാലും തീരാത്ത പ്രണയത്തിന്റെ സത്ത; അതിന്റെയൊരുപാട് ഭാവങ്ങളാണ് “അനുരാഗ കരിക്കിൻവെള്ളം” പറയുന്നത്. അതിന്റെ കൂടെ ഒരുപാട് കുഞ്ഞു കുഞ്ഞു, എന്നാൽ വലിയ ചിരിയുണർത്തുന്ന തമാശകളും.

കൈവിട്ടുപോകുന്നതിന്റെ അറ്റത്തുവച്ച് അഭി തിരിച്ചറിയുന്ന പ്രണയം, തിരിച്ച് ഓരോ നിമിഷവും സ്നേഹിക്കപ്പെടാൻ മോഹിക്കുന്ന എലിസബത്തിന്റെ മനസ്സ്, മനസ്സിൽ മായാതെ കിടക്കുന്ന “അനുരാധ”യെന്ന ആദ്യപ്രണയത്തിലൂടെ രഘു വീണ്ടെടുക്കുന്ന വീടിന്റെയും അനുരാഗത്തിന്റെയും ഇഴയടുപ്പങ്ങൾ…അങ്ങനെയൊരുപാട് ഭാവങ്ങൾ.

അഭിയായി ആസിഫ് അലിയും രഘുവായി ബിജുമേനോനും സുമയായെ ആശ ശരത്തും എലിയായി രജിഷയും തകർത്തു. പ്രത്യേകിച്ചും സ്നേഹിക്കപ്പെടാൻ ഒരുപാട് മോഹിക്കുന്ന, ഓരോ കുഞ്ഞുകാര്യങ്ങളും ഓർത്തുവച്ച് സ്നേഹിക്കുന്ന നായികയുടെ വേഷം ചെയ്ത രജിഷ. ശ്രീനാഥ് ഭാസിയും സുധീർ കരമനയും സൗബിനും എപ്പോഴത്തെയും പോലെ കഥാപാത്രങ്ങളെ ജീവനൊട്ടും ചോരാതെ സ്ക്രീനിലെത്തിച്ചു.

തിരക്കഥ തന്നെയാണ് അനുരാഗ കരിക്കിൻ വെള്ളത്തിന്റെ ഏറ്റവും മധുരമുള്ള ഭാഗം. ഓരോ ഷോട്ടിലും ജീവൻ ചോരാതെ, നമ്മുടെയോക്കെ ജീവിതത്തിലേക്ക് ചേർന്നു നിൽക്കുന്ന രീതിയിൽ സംവിധായകൻ ഖാലിദ് റഹ്മാൻ അതു വരക്കുകയും ചെയ്തു. ബംഗാളി സിനിമകളിലൊക്കെ കേൾക്കാറുള്ളതു പോലെ, പ്രണയാതുരമായ പശ്ചാത്തല സംഗീതവും അതുപോലെ മനോഹരമായ ചിത്രീകരണവും അഭിനന്ദനമർഹിക്കുന്നു.

ഒരു മാസ് പടം ആഗ്രഹിച്ച് അനുരാഗ കരിക്കിൻ വെള്ളം കാണാൻ പോകരുത്. മറിച്ച് ചെറിയ മുഹൂർത്തങ്ങളിലൂടെ അനുരാഗം പങ്കുവയ്ക്കുന്ന, സൗഹൃദങ്ങളിലൂടെ ചിരിപ്പിക്കുന്ന, സ്നേഹിക്കപ്പെടാനാഗ്രഹിക്കുന്ന മനസ്സുകളിലൂടെ പ്രണയം പടർത്തുന്ന ഒരു ചെറിയ നല്ല ചിത്രമാണ് ആഗ്രഹിക്കുന്നതെങ്കിൽ, ധൈര്യമായി ടിക്കറ്റെടുത്തോളൂ. ഇത് നിങ്ങൾക്കു വേണ്ടിയുള്ള സിനിമയാണ്.

നവീൻ ചേട്ടാ
“ശരിക്കും യേശുദാസിനെപ്പോലെണ്ട്”ന്ന് സുമ രഘുവിനോടു പറയുന്ന, ഇത്തവണ വല്ലാത്ത വയറു വേദനയെന്ന് പറഞ്ഞ് എലി അഭിയുടെ സാമീപ്യമാഗ്രഹിക്കുന്ന ആ രംഗങ്ങളൊക്കെയുണ്ടല്ലോ…ഒരുപാടിഷ്ടം. അടുത്ത സിനിമക്കായി കാത്തിരിക്കുന്നു.

Be the first to comment on "ധൈര്യമായി ടിക്കറ്റെടുത്തോളൂ. ഇത് നിങ്ങൾക്കു വേണ്ടിയുള്ള സിനിമയാണ്."

Leave a comment

Your email address will not be published.


*