മാരകമായ പെല്ലെറ്റ് തോക്കുകളുമായി സൈന്യം കാശ്മീരിൽ. കാഴ്ച നഷ്ടപ്പെട്ടു കുഞ്ഞുങ്ങൾ.

സമരക്കാർക്കു നേരെയും ആയുധധാരികളല്ലാത്ത പൗരന്മാർക്ക് നേരെയും കാശ്മീരിൽ ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്നത് യുദ്ധഭൂമികളിൽ പോലും നിരോധിക്കപ്പെട്ട അപകടകരമായ പെല്ലെറ്റ് തോക്കുകൾ. ലോകവ്യാപകമായി നിരോധിക്കപ്പെട്ട ഈ തോക്കുകൾ കണ്ണുകളിൽ പതിച്ചാൽ പൂർണമായി കാഴ്ച നഷ്ടപ്പെടുമെന്ന് മാത്രമല്ല , കടുത്ത ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവും. തലസ്ഥാനപ്രദേശമായ ശ്രീനഗറിലെ ഹരിസിംഗ് ആശുപത്രിയിലെ സീനിയർ ഡോക്ടർ അൽജസീറ ലേഖകനോട് പറഞ്ഞത് കഴിഞ്ഞ നാലുദിവസത്തിനിടെ നൂറിലധികം നേത്ര ശാസ്ത്രക്രിയകളാണ് ആ ഹോസ്പിറ്റലിൽ മാത്രം നടന്നത് എന്നാണ്. എല്ലാവർക്കും കാഴ്ച നഷ്ടപ്പെട്ടെന്നും ഇതിലധിക പേരും കുട്ടികൾ ആണെന്നും ഡോക്ടർ പറയുന്നു. കഴിഞ്ഞ ദിവസം സൈന്യം ഉതിർത്ത പെല്ലെറ്റ് തോക്കു പതിച്ചത് നാലു വയസ്സുകാരിയുടെ കണ്ണുകളിലേക്കായിരുന്നു. വീടിന്റെ ബാൽക്കണിയിൽ ജനൽ പടിയിൽ ഇരിക്കുകയായിരുന്ന തമന്ന അഷ്‌റഫ് എന്ന ഒമ്പതുവയസ്സുകാരിയുടെ കണ്ണുകളിലേക്കും പെല്ലെറ്റ് വെടിയുണ്ടകൾ ഇരച്ചുകയറി. വേദന കൊണ്ട് പുളഞ്ഞ തന്റെ മകളെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കാൻ ആദ്യം പോലീസ് അനുവാദം നൽകിയില്ല എന്നു തമന്നയുടെ മാതാവ് അൽജസീറ ലേഖകനോട് പറഞ്ഞു.

ഹിരോഷിമയിലും നാഗാസാക്കിയിലുമടക്കം ഉപയോഗിച്ച അതിമാരകമായ ആയുധങ്ങളും രാസവസ്തുക്കളും വരുന്ന  തലമുറകളിലേക്കും   ബാധിച്ചതു പോലെ , കാശ്മീരിലെ വളരുന്ന തലമുറകളുടെ ജീവിതങ്ങൾക്ക് ഭീഷണിയായി ഇത് മാറുമെന്ന് ആരോഗ്യവിദഗ്ദരും മനുഷ്യാവകാശ പ്രവർത്തകരും പറയുന്നു.പൊട്ടുകള്‍പോലെ ചിതറിത്തെറിച്ച്  ദേഹത്ത് ചെറുമുറിവുകള്‍ ഉണ്ടാക്കുന്നതാണ് ഇതിലെ തിരകള്‍.  ഈ തോക്കുകള്‍ ജീവഹാനി കുറയ്ക്കും. എന്നാല്‍, വെടിയേറ്റവരുടെ ജീവിതമാകെ ദുരിതം വിതയ്ക്കും. ദേഹത്തെമ്പാടും തറച്ചുകയറിയ പെല്ലറ്റ് വെടിയുണ്ടകള്‍ നീക്കംചെയ്യുന്നത് ഏറെ പ്രയാസകരവുമാണ് .
  അൽജസീറ , ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ കാശ്മീരിലെ ഈ മനുഷ്യാവകാശലംഘനം വാർത്തയാക്കിയിട്ടുണ്ട്.  സോഷ്യൽ മീഡിയയിൽ കേന്ദ്ര ആഭ്യന്ത്ര മന്ത്രിയ്ക്ക് പെല്ലെറ്റ് തോക്കുകളുടെ ഉപയോഗം ഇത്രെയും പെട്ടെന്ന് അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടു കാമ്പയിനും ഒപ്പുശേഖരണവും നടക്കുന്നുണ്ട്.

 

തമന്ന അഷ്റഫും മാതാവുമാണ് ഫോട്ടോവിൽ.

Be the first to comment on "മാരകമായ പെല്ലെറ്റ് തോക്കുകളുമായി സൈന്യം കാശ്മീരിൽ. കാഴ്ച നഷ്ടപ്പെട്ടു കുഞ്ഞുങ്ങൾ."

Leave a comment

Your email address will not be published.


*