മുന്നൂറു മനുഷ്യരും രണ്ടു കക്കൂസും.കോഴിക്കോട്ടു ഇങ്ങനെയും ഒരു സ്ഥലമുണ്ട്.

എൺപത്തൊമ്പത് വീടുകളിലായി സ്ത്രീകളും കുട്ടികളുമടക്കം മുന്നൂറിനടുത്തു മനുഷ്യർ. മുഴുവൻ പേരുടെയും പ്രാഥമികാവശ്യങ്ങൾക്കായി രണ്ടു ടോയ്‌ലറ്റുകൾ. കോഴിക്കോട് നഗരമധ്യത്തിലെ കല്ലുത്താൻകടവ് കോളനിയിലാണ് പ്രാഥമികാവശ്യങ്ങൾ പോലും നിറവേറ്റാൻ പ്രയാസപ്പെട്ടു മാസങ്ങളായി കോളനിനിവാസികൾ . സ്വന്തമായി കുളിപ്പുരകളോ കക്കൂസുകളോ ഇല്ലാത്ത കോളനിനിവാസികൾക്കു കോർപ്പറേഷൻ അധികൃതർ നിർമിച്ച പതിനാലു ടോയ്‌ലറ്റുകൾ ആണ് ഏക ആശ്വാസം. എന്നാൽ ഈ പതിനാലു ടോയ്‌ലറ്റുകളിൽ രണ്ടെണ്ണം മാത്രമാണ് ഉപയോഗ്യമായത്. മാസങ്ങളായി ബാക്കി പന്ത്രണ്ട് കക്കൂസുകളും ഉപയോഗിക്കാനാവാത്ത വിധം ശോചനീയമാണ്. പരാതികൾ ഏറെ നൽകിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ല എന്ന് കോളനിനിവാസിയായ പത്മ മക്തൂബ് മീഡിയ പ്രതിനിധിയോടു പറഞ്ഞു. ജോലിക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും പുറത്തേക്കു പോകുന്ന നൂറിനടുത്ത് ആളുകൾക്ക് ഏറെ പ്രയാസമുണ്ടാക്കുകയാണ് കക്കൂസുകളുടെ ശോചനീയാവസ്ഥ എന്ന് പത്മ പറഞ്ഞു. പരാതികളൊക്കെ വെറുതെയാണെന്നും രാഷ്ട്രീയക്കാരുടെ പരിഗണനയിൽ ഞങ്ങളുടെ ജീവിതം വിഷയമേ അല്ല എന്നും പത്മ കൂട്ടിച്ചേർത്തു. സ്വന്തമായി കിണറുകളോ മറ്റോ ഇല്ലാത്ത കോളനിനിവാസികൾക്കു കോർപറേഷൻ പൈപ്പിലെ വെള്ളമാണ് ഏക ആശ്വാസം. പലപ്പോഴും ആവശ്യങ്ങൾക്ക് ഈ വെള്ളം മതിയാവുന്നുമില്ല.

ഏഴു വർഷങ്ങൾക്കു മുമ്പ് കോളനിനിവാസികൾക്കു ഫ്ലാറ്റ് നിർമിച്ചുകൊടുക്കാമെന്നു കോർപറേഷൻ അധികൃതർ വാഗ്ദാനം നൽകിയിട്ടും ഫ്ലാറ്റ് നിർമാണം ശൈശവദശയിലാണ്. മൂന്നുമാസങ്ങൾക്കു മുമ്പ് നിർമാണം ആരംഭിച്ചിട്ടുണ്ട്. രണ്ടുവർഷത്തിനകം പൂർത്തീകരിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഫ്ലാറ്റ് നിർമാണം എന്ന കാരണം ഉണ്ടാക്കി തങ്ങളുടെ ഇപ്പോഴത്തെ ജീവിതസൗകര്യങ്ങളിലെ പ്രയാസങ്ങൾ കോർപ്പറേഷൻ കണ്ട ഭാവം നടിക്കുന്നില്ലെന്നാണ് കോളനിനിവാസികളുടെ പ്രധാന പരാതി

Be the first to comment on "മുന്നൂറു മനുഷ്യരും രണ്ടു കക്കൂസും.കോഴിക്കോട്ടു ഇങ്ങനെയും ഒരു സ്ഥലമുണ്ട്."

Leave a comment

Your email address will not be published.


*