കുടിവെള്ളത്തിന് പകരം ദേശീയപതാക .ഒളിമ്പിക് കോർട്ടിൽ തളർന്നുവീണു ഇന്ത്യൻ താരം

 

റിയോ ഒളിമ്പിക്സിൽ വനിതകളുടെ മാരത്തണിൽ പങ്കെടുത്ത മലയാളി താരം ഒ.പി.ജയ്ഷയ്ക്ക് മൽസരത്തിനിടെ കുടിക്കാൻ വെള്ളം പോലും നൽകാൻ ഇന്ത്യൻ ടീം അധികൃതർ തയ്യാറായില്ലെന്ന് പരാതി. നാല്പത്തിരണ്ട്‍ കിലോമീറ്റർ ഓടിത്തീർക്കേണ്ട മാരത്തണിൽ പങ്കെടുത്ത താരത്തിനാണ് ഈ അപമാനവും ദുര്യോഗവും സഹിക്കേണ്ടി വന്നത് . മൽസരം പൂർത്തിയാക്കിയ ഉടനെ തളർന്നുവീണ ജയ്ഷക്ക് രണ്ട് മണിക്കൂറിനു ശേഷമാണ് ബോധം തിരിച്ചു കിട്ടിയത്. മാരത്തൺ താരങ്ങൾക്കായി ഓരോ രാജ്യക്കാരും കുടിവെള്ളവും ഗ്ലൂക്കോസും എനർജി ജെല്ലുകളുംതയ്യാറാക്കി വെക്കാറുണ്ട്. എന്നാൽ ഇന്ത്യയുടെ ഡെസ്‌ക്കുകളിൽ ദേശീയപതാകയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ലെന്ന് ജയ്ഷ മാധ്യമങ്ങളോട് വെളിപ്പെടുത്തി. മറ്റു രാജ്യങ്ങളുടെ ഡെസ്‌ക്കുകളിൽ നിന്ന് വെള്ളമെടുക്കാൻ മത്സരനിയമപ്രകാരം അനുവാദവുമില്ല. എട്ടു കിലോമീറ്ററുകൾക്കപ്പുറത്തു സ്ഥാപിച്ചിരിക്കുന്ന ഒളിമ്പിക് കൗണ്ടറുകൾ മാത്രമാണ് ആകെ ആശ്വാസമായതെന്നു ജയ്ഷ പറയുന്നു. കുടിവെള്ളവും ഗ്ലൂക്കോസും ലഭിക്കാതെ 42 കിലോമീറ്റർ ദൂരം ഓടിർത്തീർത്താണ് ജയ്ഷ ഒടുവിൽ ഫിനിഷിങ് ലൈനിൽ എത്തിയത്. അവിടെ തളർന്നുവീണ ജയ്ഷയെ തത്സമയം പരിശോധിക്കാൻ ടീം ഡോക്ടർ പോലും സ്ഥലത്തില്ലായിരുന്നുവെന്നത് മറ്റൊരു ഗുരുതരമായ വീഴ്ച. . ഒടുവിൽ ആശുപത്രിയിൽ വെച്ച് ഏഴോളം ഗ്ലൂക്കോസ് ബോട്ടിലുകളാണ് ജയ്ഷയ്ക്ക് ഡ്രിപ്പായി നൽകിയത്.

Be the first to comment on "കുടിവെള്ളത്തിന് പകരം ദേശീയപതാക .ഒളിമ്പിക് കോർട്ടിൽ തളർന്നുവീണു ഇന്ത്യൻ താരം"

Leave a comment

Your email address will not be published.


*