സരിത മാഹിന് ഐക്യദാർഢ്യവുമായി മനുഷ്യാവകാശ പ്രവർത്തകർ

 

വർഷങ്ങളായി ജാതീയപീഡനം അനുഭവിക്കുന്ന യുവമാധ്യമ പ്രവർത്തകയും ദളിത് അവകാശരംഗത്തെ സജീവ സാന്നിധ്യവുമായ സരിത മാഹിന് ഐക്യദാർഢ്യവുമായി മനുഷ്യാവകാശ പ്രവർത്തകർ രംഗത്ത്. സരിതയുടെയും കുടുംബത്തിന്റെയും പേരിലുള്ള രണ്ടര സെന്റ് വസ്തു കൈയടക്കാൻ അയൽവാസി കുടുംബം പ്രയോഗിക്കുന്ന തന്ത്രങ്ങൾക്കു മുന്നിൽ ദളിതന്റെ ഉദ്യോഗവും വിദ്യാഭ്യാസവുമൊക്കെ വിഷയമല്ലാതാവുന്നു എന്ന ഗൗരവകരമായ വിഷയം ഏറെ ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും സരിതയ്‌ക്കും കുടുംബത്തിനും നീതി ലഭ്യമാക്കാൻ ഗവണ്മെന്റും അധികാരികളും ഇടപെടണമെന്നും മാധ്യമ , സാമൂഹ്യ പ്രവർത്തന . വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ ആവശ്യപ്പെട്ടു.
പ്രമുഖ ഡോക്യുമെന്ററി സംവിധായകനും ദളിത് അവകാശ പ്രവർത്തകനുമായ രൂപേഷ് കുമാർ  തയ്യാറാക്കിയ അന്വേഷണാത്മക റിപ്പോർട് ആണ് മൂന്നു പതിറ്റാണ്ടോളം ഒരു ദളിത് കുടുംബം അനുഭവിക്കുന്ന ജാതീയ പീഡനങ്ങളെ പുറം ലോകത്തെത്തിച്ചത്. തേജസ് പത്രത്തിലെ സബ് എഡിറ്റർ കൂടിയാണ് തൃശൂർ പൂങ്കുന്നം സ്വദേശിയായ സരിത മാഹിൻ

കറുത്ത ടാല്‍ക്കം പൗഡറിന്റെ കാലംവരും മക്കളെ, നിന്റെ ഭക്ഷണത്തിന്റെ ജാതിയെന്താ എന്നീ ശ്രദ്ധേയമായ രണ്ട് ലേഖനങ്ങൾ സരിത മാഹിന്റെ പത്രപ്രവർത്തന ജീവിതത്തിലെ പ്രധാന സംഭാവനയാണ് .

പ്രതികരണങ്ങളിലൂടെ :-

കേരളത്തിലെ ജാതിയെ പലപ്പോഴും സൂക്ഷ്മമായതും ബുദ്ധിപരമായതുമായാണ്  ഞാന്‍ മനസ്സിലാക്കുന്നത്.പലപ്പോഴും പ്രത്യക്ഷ ഹിംസയേക്കാള്‍ അതിസൂക്ഷ്മമായും  നേരിട്ടല്ലാതെയും വിവാഹം, പ്രണയം, ലൈംഗിക തിരഞ്ഞെടുപ്പ് , സ്വത്തിന്റെ കേന്ദ്രീകരണം, ദൈനംദിന ജീവിതത്തിലെ ബലതന്ത്രങ്ങള്‍ തുടങ്ങിയവയിലൂടെയാണ്‌  ഇത് പലപ്പോഴും നടപ്പിലാക്കി കാണുന്നത്.ഉദാഹരണമായി  ഭക്ഷണം ഷെയര്‍ ചെയ്യാതെ ഇരുന്നു  തൊട്ടുകൂടായ്മ  പാലിക്കുന്ന  രീതികള്‍ ഇപ്പോഴും കേരളത്തിലെ  ഗ്രാമങ്ങളില്‍  കണ്ടു വരുന്ന രീതിയാണ്.പുരോഗമനക്കാര്‍ അതില്‍  വേറെ ചില കൌശല യുക്തികള്‍ കാണിക്കാറുണ്ട്. സരിതയുടെ കുടുംബം അനുഭവിക്കുന്ന പ്രശ്നം  കേരളത്തിലെ  പ്രത്യക്ഷ ജാതി ഹിംസയുടെ ഭീകരതയാണ് വെളിപ്പെടുത്തുന്നത്.ചിത്രലേഖയും, പേരാമ്പ്രയും ഇവിടെ തന്നെ ഉണ്ട്  എന്നും നാം മറന്നുപോവരുത്.പട്ടികജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമ മൂലം  കേസ് എടുക്കാവുന്ന സംഭവം ആണ് ഇത്. പൂങ്കുന്നത്തിന്റെ ചാര്‍ജില്‍ വരുന്ന ഡിവൈ എസ് പി യ്ക്ക് എതിരെ  പരാതി കൊടുക്കാവുന്നതരം ഗൗരവം ഇതിനുണ്ട്. അവര്‍ ഇപ്രകാരം കേസ് കൊടുത്തിട്ടുണ്ടാവും എന്ന് കരുതുന്നു. ജാതിയെ ഇല്ലാതാക്കാന്‍  സവര്‍ണര്‍ പരിഷ്ക്കരിക്കേണ്ടതുണ്ട്. സവര്‍ണ സമുദായങ്ങളില്‍ ഉള്ള പുരോഗമനകാരികള്‍ സ്വസമുദായത്തിന്റെ ഇത്തരം ഹീനമായ പിന്നോക്കാവസ്ഥകള്‍ പരിഹരിക്കാന്‍  മുന്നോട്ടിറങ്ങണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.സവര്‍ണര്‍ പരിഷ്ക്കരിക്കപ്പെടണം എന്നത് ഇക്കാലത്തിന്റെ മുദ്രാവാക്യം ആക്കാവുന്നതാണ്. സരിതയ്ക്കും കുടുംബത്തിനും എല്ലാവിധ പിന്തുണയും. കൂടപ്പിറപ്പായി ഞാനും ഉണ്ടാവും കൂടെ !!

ഡോ.രേഖാ രാജ് ( എഴുത്തുകാരി , ദലിത് ആക്ടിവിസ്റ്റ് )

ജാതി വിവേചനത്തിന്റെ  ആഴവും വ്യാപ്തിയും  ഒരിക്കൽ കൂടി വെളിപ്പെടുത്തുന്നതാണ് രൂപേഷിന്റെ റിപ്പോർട്ട്. കാലങ്ങളായി വേരുറച്ചുപോയ ജാതി എന്ന വിപത്തിനെ എല്ലാ അർത്ഥത്തിലും മറികടക്കാത്തിടത്തോളം പ്രബുദ്ധർ എന്ന നമ്മുടെ അവകാശവാദത്തിന് എന്തർത്ഥമാണുള്ളത് ?  ജനാധിപത്യ ജാത്യേതര സമൂഹത്തില്‍ വിശ്വസിക്കുന്ന ആർക്കും ഭൂവുടമസ്ഥതക്കടക്കമുള്ള  ദളിത് ആദിവാസി  അവകാശസമരങ്ങൾക്കൊപ്പം നിലകൊള്ളാതിരിക്കാനാവില്ല.

 കെ ആര്‍ മനോജ്. ( ചലചിത്ര സംവിധായകന്‍ )

പ്രബുദ്ധകേരളം എന്നത് ഒരു കപട മതേതര ജാതിരഹിത നിർമ്മിതിയാണ് എന്ന സത്യമാണ് ഈ സംഭവം വ്യക്തമാക്കുന്നത് .കേരളത്തിൽ ജാതി ഒന്നുമില്ല എന്നു മേനി പറഞ്ഞുനടക്കുന്ന പുരോഗമനവാദികൾ ജാതി എന്ന ഭീകര സത്വത്തിന്റെ നീരാളി കൈകൾ കാണാത്തതായി അഭിനയിക്കുകയാണ് .നവോത് ഥാന നേതാക്കൾ ജാതി രഹിത സമൂഹത്തിനായി ഉഴുതുമറിച്ചിട്ട കേരളത്തിൽ 1956 ലെ കേരളരൂപീകരണത്തെ തുടർന്ന് വലിയ സാമൂഹികനവോത് ഥാന പ്രതീക്ഷകൾ നൽകി അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് സർക്കാർ ജാതി ഉൻമൂലനം  ചെയ്യുന്നതിലടക്കം അപ്പാടെ പരാജയപ്പെട്ടതിന്റെ ഉത്തമഉദാഹരണം കൂടിയാണ് ഈ സംഭവം .ജാതിസംവരണം ഇല്ലാതാക്കിയാലും സ്കൂളിൽ ചേർക്കുമ്പോൾ ജാതിക്കോളം ഒഴിവാക്കിയാലും ജാതി ഇല്ലാതാകും എന്ന മൗഢ്യത്തിൽ ജീവിക്കുന്ന കമ്മ്യൂണിസ്റ്റുകാർ ഉള്ള നാട്ടിൽ ജാതി ഒരു പ്രശ്നമായി സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മേഖലകളിൽ ചർച്ച ചെയ്യപ്പെടില്ല .അതുകൊണ്ടുതന്നെ നമ്മൾ ശീലിച്ചത് അഥവാ ശീലിപ്പിച്ചത് ജാതിയെക്കുറിച്ചു സംസാരിക്കാതിരിക്കാനും ചർച്ചചെയ്യാതിരിക്കാനുമാണ് .മറ്റൊരുതരത്തിൽ   ജാതിയെന്ന  ഭീകര സത്വത്തെ നിശബ്ദത  കൊണ്ട്   ഇല്ലാതാക്കാൻ ശ്രമിച്ച വിഢികളാണ് നമ്മൾ മലയാളികൾ. ഈ നിശബ്ദതയുടെ വിലയാണ് കേരളത്തിലെ ദളിത് കുടുംബങ്ങൾ ഇന്നും നൽകികൊണ്ടിരിക്കുന്നത്.ഇതിലെ ഒരു അദ്ധ്യായം മാത്രമാണ് ഈ കുടുംബം .

എം.കെ പ്രേംകുമാര്‍ ( മുന്‍പ്രസിഡന്റ് , അംബേദ്ക്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ , ഹൈദരാബാദ് സര്‍വകലാശാല)

വിദൃാസമ്പന്നരായ ദളിതുകള്‍ക്ക് പോലും കേരളത്തില്‍  ക്രൂരമായ ജാതീയ വിവേചനങ്ങള്‍ക്ക് ഇരയാവേണ്ടിവരുന്നു എന്നതാണ് സരിത മാഹിന് നേരെയുള്ള ജാതീയ പീഡനങ്ങള്‍ വൃക്തമാക്കുന്നത്. ദളിത് സമൂഹത്തെ വിദൃാഭൃാസം നല്‍കി ശാക്തീകരിക്കല്‍ മാത്രമാണ് പരിഹാരം എന്ന വാദമാണിവിടെ തകരുന്നത്. അത് ഭാഗികപരിഹാരം മാത്രമാണ്. ജാതിയെ അഡ്രസ്സ് ചെയ്തുകൊണ്ടുള്ള രാഷ്ട്രീയ പരിഹാരങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. 

എസ് എ അജിംസ് (മീഡിയവണ്‍ )

കേരള സമൂഹത്തിൽ നിലനിൽക്കുന്ന ജാതിയുടെ പല രൂപങ്ങളിൽ ഒന്നാണ് സരിതയക്ക് നേരെയുള്ള ആക്രമണം . തങ്ങൾക്ക് “മുകളിൽ” ആരും ഉയർന്നു വരാൻ പാടില്ല എന്ന സവർണ്ണ ബോധമാണ് വിദ്യാഭ്യാസ പരമായി ഉയർന്ന് നന്നിട്ടും സരിതയും കുടുംബവും ആക്രമിക്കപെടുന്നത്

നാരായണന്‍ എം ശങ്കരന്‍ (  ഹൈദരാബാദ് ഇഫ്ലു സര്‍വകാശാലയില്‍ ഈ വര്‍ഷം ഗവേഷണം പൂര്‍ത്തിയാക്കി )

സരിത മാഹിന് നേരെയുള്ള ജാതീയ അക്രമങ്ങള്‍ പോലെ കേരളത്തില്‍  ദിവസവും നടക്കുന്നുണ്ട്. ലോ കോളേജില്‍ പഠിക്കുന്ന സമയത്ത് എന്റെ സുഹൃത്ത് സന്ദീപിനെതിരെ നടത്തിയ അക്രമങ്ങളെ കുറിച്ച് ചോദിച്ച എസ് എഫ് ഐ സുഹൃത്ത് പറഞ്ഞത് ”ഞാന്‍ ഒരു തമാശക്ക് ചെയ്തതാണെന്നാണ്”.  ഇങ്ങനെ വളരെ സിമ്പിള്‍ ആയിട്ടാണ് ജാതി പ്യവൃത്തിക്കുന്നത്. പലതരത്തിലുള്ള പേരുകള്‍ വിളിച്ചുള്ള അതിക്രമങ്ങള്‍ ഇപ്പോഴും നടക്കുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതാണ് ഏറെയും.കമ്മട്ടിപ്പാഠം സിനിമയിലെ വിനായകന്റെ കഥാപാത്രത്തെ ഐസിയു ഗ്രൂപ്പുകളടക്കം ഉപയോഗിക്കുന്നത് തമാശയ്ക്കാണ്. ജാതിക്കെതിരെ നിലനില്‍ക്കുക എന്നത് ചുറ്റുപാടിനെതിരെ നിലനിക്കുക എന്നത് കൂടിയാണ്. സരിത മാഹിനും രൂപേഷിനും ഐകൃദാര്‍ഢൃം 

– ഹാഷിര്‍ മുഹമ്മദ് ( ഡോകൃുമെന്ററി ഡയറക്ടര്‍ )

 തൃശൂർ നഗരത്തിൽ സരിതാ മാഹിന്റെ കുടുംബം അനുഭവിക്കുന്ന ജാതീയ അധിക്ഷേപവും ഒറ്റപ്പെടലും ഒറ്റപ്പെട്ട ഒരു സംഭവമാണെന്നു കരുതുന്നില്ല. ഒരുകാലത്ത് അടിമകളായി കഴിഞ്ഞവരെല്ലാം എല്ലാക്കാലത്തും അടിമകളായി തുടരണമെന്ന ബോധം ബോധപൂർവമോ അല്ലാതെയോ ഒരു സമൂഹം എന്ന നിലയിൽ നമ്മൾ ഇപ്പോഴും മനസ്സിൽ കൊണ്ടുനടക്കുന്നുണ്ട്. അതിനെ നിയമപരമായി മാത്രമല്ല സാമൂഹ്യമായും രാഷ്ട്രീയമായും കൂടി നേരിടേണ്ടതുണ്ട്. നമ്മളോടു തന്നെയുള്ള, നമുക്കുള്ളിലെ അത്തരം ബോധത്തോടുള്ള, ഒരു പോരാട്ടം കൂടിയാണ് അത്.

സുദീപ്. കെ എസ് ( അസിസ്റ്റന്‍റ് പ്രൊഫസര്‍ , എന്‍.ഐ.ടി കാലിക്കറ്റ്)

രൂപേഷ് കുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.  :-

നമുക്കു ജാതിയില്ല എന്നു പറയാൻ വരട്ടെ; മാധ്യമപ്രവർത്തകയായ സരിതാ മാഹീന്റെയും കുടുംബത്തിന്റെയും 30 വർഷത്തെ അനുഭവം കേൾക്കൂ…

Be the first to comment on "സരിത മാഹിന് ഐക്യദാർഢ്യവുമായി മനുഷ്യാവകാശ പ്രവർത്തകർ"

Leave a comment

Your email address will not be published.


*