എല്ലാവര്‍ക്കും ഭൂമി. തൃശൂരില്‍ ഭൂഅവകാശ പ്രഖൃാപന കണ്‍വെന്‍ഷന്‍.

 

പത്രകുറിപ്പ് – ഭൂഅധികാര സംരക്ഷണ സമിതി

ഭൂഅധികാര  പ്രഖ്യാപന കൺവെൻഷനും അവകാശ പ്രഖ്യാപന മാർച്ചും – ഒക്ടോബർ 15, 16 തൃശൂർ

ഭൂമി- പാർപ്പിടം – അധികാരം – തുല്യനീതി എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഒക്ടോബർ 15, 16 തീയതികളിൽ തൃശൂരിൽ നടക്കുന്ന ‘ഭൂ അധികാര പ്രഖ്യാപന കൺവെൻഷനിൽ’ കേരളത്തിലെയും ഇന്ത്യയിലെയും നിരവധി ഭൂസമര നേതൃത്വങ്ങളും രാഷ്ട്രീയ സൂഹിക സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.
ഭൂസമരങ്ങളിലൂടെ നേടിയെടുത്ത ഭൂഉടമസ്ഥത, മണ്ണിൽ പണിയെടുക്കുന്നവർക്ക് കൃഷി ഭൂമി തുടങ്ങിയ അവകാശങ്ങളെ അട്ടിമറിച്ച് ഭൂരഹിതരായ ആദിവാസികൾക്കും ദളിതർക്കും ഇതര പാർശ്വവൽകൃത ജനങ്ങൾക്കും മൂന്ന് സെന്റ് ഭൂമി നൽകി കോളനിവൽക്കാനുള്ള പദ്ധതികളാണ് സർക്കാരിനുള്ളത്. ആദിവാസികളുടെയും ദളിതരുടെയും സാമൂഹിക രാഷ്ട്രീയ പിന്നോക്കാവസ്ഥയ്ക്ക് ഭൂരാഹിത്യവും, വിഭവങ്ങളിൽ ഉടമസ്ഥതയില്ലായ്മയുമാണ് അടിസ്ഥാന കാരണം എന്നിരിക്കെയാണ് സർക്കാർ വീണ്ടും കോളനികൾ സൃഷ്ടിക്കുന്നത്. നവകൊളോണിയല്‍ കാലഘട്ടത്തില്‍ കേരളത്തില്‍ ജാതിമേധാവിത്വം നിലനിര്‍ത്തുന്നത് ദലിത്-ആദിവാസികളെയും പാര്‍ശ്വവല്‍കൃതരെയും കോളനികളിലും ചേരികളിലും ഒതുക്കി നിര്‍ത്തിക്കൊണ്ടാണ്. പരമ്പരാഗത ജാതിത്തൊഴിലുകളെ ഇത് ശക്തിപ്പെടുത്തുന്നു. സാമൂഹിക ജീവിതത്തിന്റെ തുല്യനീതി ഉറപ്പാക്കാന്‍ ജാതിയുടെ പേരിലുള്ള കോളനിവല്‍ക്കരണം അവസാനിപ്പിക്കണം.

ഭൂരഹിതർക്ക് സമഗ്രമായ പാർപ്പിട പദ്ധതിയാണ്  സർക്കാർ ആവിഷ്ക്കരിക്കേണ്ടത്. നാലു ലക്ഷത്തോളം കുടുംബങ്ങൾക്ക് ഫ്ലാറ്റ് സമുച്ചയം ഉൾപ്പെടെയുള്ള ഭവന പദ്ധതി വഴി കേരളത്തിൽ ഇപ്പോൾ ഉള്ള അരലക്ഷത്തോളം കോളനികളെ വിപുലീകരിക്കയാകും ഫലം. ഗുരുതരമായ സാമൂഹിക പ്രശ്നം ഇത് സൃഷ്ടിക്കും. രണ്ട് ദശകമായി കേരളത്തിലെ പാർശ്വവൽകൃതർ ഉന്നയിക്കുന്നത് ഭൂവിതരണത്തിലെ തുല്യനീതിയും അന്തസ്സുള്ള തൊഴിലും ജീവിതവുമാണ്. മുത്തങ്ങ ചെങ്ങറ, അരിപ്പ സമരങ്ങൾ അത് സാക്ഷ്യപ്പെടുത്തിട്ടുണ്ട്. അതിനാൽ ഭവന രാഹിത്യ പ്രശ്നത്തോടൊപ്പം പാരമ്പര്യ സമൂഹങ്ങൾക്ക് കൃഷിഭൂമി ഉൾപ്പെടെയുള്ള ഉപജീവനോപാദി ഒരുക്കാൻ സർക്കാർ തയ്യാറാകണം. നിയമനിർമ്മാണത്തിലൂടെ 5 ലക്ഷത്തിലധികം ഭൂമി ഉടനടി ഏറ്റെടുക്കാൻ കഴിയുന്നതാണ്.

ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ഒക്ടോബർ 15, 16 തീയതികളിൽ കൺവെൻഷൻ സംഘടിപ്പിക്കുന്നത്.  ഈ കൺവെൻഷനിൽ ഐക്യപ്പെടുന്നതിനും ഭൂഅവകാശത്തെ വലിയ രാഷ്ട്രീയ മുന്നേറ്റമായി മാറ്റുന്നതിനും എല്ലാ ആദിവാസി ദളിത് ജനങ്ങളും നേതൃത്വങ്ങളും അംബേദ്കറൈസ്റ്റുകളും ബഹുജന സംഘടനകളും സാമൂഹിക നീതി ആഗ്രഹിക്കുന്ന മുഴുവൻ  ജനങ്ങളും എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

ജനറൽ കൺവീനർ – എം ഗീതാനന്ദന്‍     ചെയർമാൻ- സണ്ണി എം കപിക്കാട്

Be the first to comment on "എല്ലാവര്‍ക്കും ഭൂമി. തൃശൂരില്‍ ഭൂഅവകാശ പ്രഖൃാപന കണ്‍വെന്‍ഷന്‍."

Leave a comment

Your email address will not be published.


*