പുലരാനിരിക്കുന്നത് ദളിത് ആദിവാസി മുസ്ലിം ഐക്യമെന്നു ജിഗ്നേഷ് മേവാനി. കേരളത്തിലെ ഭൂസമരത്തിൽ കൂടെയുണ്ടാകും.

 

തൃശൂരില്‍ ‘ബ്രാഹ്മണിസമാണു ഇന്ത്യന്‍ ഫാസിസം’ എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന ദളിത് ജനാധിപത്യസംഗമം ഉദാഘാടനം ചെയ്ത് ഗുജറാത്തിലെ ഉണ ദളിത് സമരനായകൻ ജിഗ്നേഷ് മേവാനി നടത്തിയ പ്രസംഗത്തിന്റെ സംഗ്രഹവിവർത്തനം. ദി ക്രിട്ടിക്ക് പ്രസിദ്ധീകരിച്ച പ്രഭാഷണം പുനഃപ്രസിദ്ധീകരിക്കുന്നു.

 
” ഗുജറാത്തില്‍ ഭൂസമരത്തിനൊപ്പം നില്‍ക്കുന്ന സി.പി.എം കേരളത്തില്‍ ദളിതര്‍ക്ക് നല്‍കാനുള്ള അഞ്ച് ലക്ഷം ഏക്കര്‍ ഭൂമി നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ദളിതര്‍ നടത്തുന്ന സമരത്തിന്റെ മുന്‍നിരയില്‍ ഞാനുമുണ്ടാകും. അതിനായി ജയിലില്‍ പോകാന്‍ തയ്യാറാണ്. ഗുജറാത്ത് മോഡല്‍ ഭരണത്തില്‍ നിന്നും കേന്ദ്രത്തില്‍ അധികാരത്തിലേറിയ നരേന്ദ്രമോദിയുടെ ഫാസിസ്റ്റ് സര്‍ക്കാറിനെതിരെ ദലിത്, ആദിവാസി, മുസ്‌ലിം അടക്കമുള്ള അടിസ്ഥാനവര്‍ഗങ്ങളൂടെ യോജിച്ച പോരാട്ടം അനിവാര്യമാണ്. സവര്‍ണ്ണഫാസിസം ഇന്ത്യന്‍ ജനതയ്ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭരണകൂടം ശ്രമിക്കുന്നത്. ഇതിനെതിരെ യോജിച്ച പോരാട്ടമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. സാധാരണഗതിയില്‍ അതിക്രമങ്ങള്‍ നടത്തുന്നവന്റെ മുഖത്ത് പരിഭ്രമം തെളിയുക സ്വാഭാവികമാണ്. എന്നാല്‍ നരേന്ദ്രമോദി ദല്‍ഹി ഭരിക്കുമ്പോള്‍ ഗുജറാത്തില്‍ ദലിതരെ പീഡിപ്പിക്കുന്നതിന്റെ ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ആനന്ദം കെണ്ടത്തുന്നത് മൗലികാവകാശമാണെന്ന വിധത്തിലാണ് സവര്‍ണ്ണര്‍ പെരുമാറുന്നത്.

വൈബ്രന്റ് ഗുജറാത്ത് എന്ന പേരില്‍ ആഗോള ഉച്ചകോടി നടക്കുന്ന ഗുജറാത്തില്‍ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ മിനിമം വേതനം 100 മുതല്‍ 115 രൂപ മാത്രമാണ്. ഗുജറാത്തിലെ 1200 ലധികം ഗ്രാമങ്ങളില്‍ 96 ശതമാനത്തോളം തൊട്ടുകൂടായ്മ ഇപ്പോഴും നിലനില്‍ക്കുന്നു. അനേകം ഗ്രാമങ്ങളിലെ ശ്മശാനങ്ങള്‍ ദളിതര്‍ക്കിപ്പോഴും ഉപയോഗിക്കാനാവുന്നില്ല. 119 ലധികം ഗ്രാമങ്ങളില്‍ ദളിതര്‍ക്ക് പോലീസ് സംരക്ഷണമില്ലാതെ പുറത്തിറങ്ങാന്‍ പോലും കഴിയില്ല. എന്നാല്‍ അവിടെയെല്ലാം പോലീസ് സംരക്ഷണം പിന്‍വലിക്കപ്പെട്ടിരിക്കുന്നു. മാലിന്യ നിര്‍മ്മാര്‍ജ്ജനം ചെയ്യുമ്പോള്‍ ദളിതുകള്‍ ആത്മീയ സുഖം അനുഭവിക്കുന്നു എ്‌ന്നെഴുതിയ നരേന്ദ്രമോദിക്ക് ഇപ്പോള്‍ ദളിതര്‍ വൃത്തിയാക്കാത്ത ഗുജറാത്തിലെ പശുക്കളുടെ ജഡങ്ങളും മറ്റു മാലിന്യങ്ങളും വൃത്തിയാക്കി സ്വയം ആത്മീയസുഖം നേടാവുന്നതാണ്.

മഹാരാഷ്ട്രയില്‍ ദലിത് സംവരണം എടുത്തുകളഞ്ഞ് മറാട്ടികള്‍ക്ക് സംവരണം നല്‍കണമെന്ന ആവശ്യം നിയമത്തിന്റെ ആനുകൂല്യത്തില്‍ അടിസ്ഥാനവര്‍ഗത്തിന്റെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ്. പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ പീഡനനിരോധനനിയമത്തിനെതിരെ കൂടിയാണ് ഈ ആവശ്യം. അതുവഴി ഉനയിലേതുപോലെ നിയമത്തിന്റെ ഭയമില്ലാതെ കൂടുതല്‍ അക്രമങ്ങള്‍ നടത്താമെന്നാണവര്‍ കരുതുന്നത്.

ബ്രാഹ്മണിസത്തിനും മനുവാദത്തിനും എതിരെ, നമ്മുടെ സ്വത്വത്തിനും ആത്മാഭിമാനത്തിനും വേണ്ടി മുദ്രാവാക്യം മുഴക്കുന്നതിനൊപ്പം ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം അടക്കം അടിസ്ഥാന ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചായിരിക്കണം സമരം നടത്തേണ്ടത്. അല്ലെങ്കില്‍ പോരാട്ടത്തിലൂടെ സാമൂഹ്യസുരക്ഷ ലഭിക്കുമ്പോള്‍ അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടാത്ത ജനതയായി പരിണമിക്കപ്പെടും. നവ ഉദാരീകരണത്തിന്റെ കാലഘട്ടത്തിലും സാമ്പത്തികമായും സാമൂഹികമായും ദലിതര്‍ പാര്‍ശ്വവത്ക്കരിക്കപ്പെടുകയാണ്. അതുകൊണ്ടുതന്നെ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ സാമൂഹ്യ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി അസ്തിത്വത്തില്‍ നിന്നുകൊണ്ടുള്ള പോരാട്ടങ്ങള്‍ക്ക് സമയമായി.

ഗുജറാത്തില്‍ തുടങ്ങിയ ഭൂസമരം മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങി കേരളത്തിലടക്കം വ്യാപിപ്പിച്ച് ദേശീയതലത്തില്‍ അടിസ്ഥാനവര്‍ഗങ്ങള്‍ ഒറ്റക്കെട്ടായി നടത്തേണ്ടý സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. അദാനി, അംബാനി അടക്കം കോര്‍പ്പറേറ്റുകളില്‍ നിന്നും ഭൂമി പിടിച്ചെടക്കുന്നതിന് സംഘടനാ, ഉപജാതി ചേരിതിരുവകള്‍ മാറ്റിവെച്ച് ദലിതര്‍ ഒറ്റശ്വാസത്തില്‍ പെരുതേണ്ടതുണ്ട്. ദളിതരല്ലാത്ത, സാമൂഹ്യനീതിയില്‍ വിശ്വസിക്കുന്ന മുഴുവന്‍ സാമൂഹ്യവിഭാഗങ്ങളോടും ഐക്യപ്പെട്ടുവേണം ഈ സമരം. ജീവിക്കാനുള്ള അവകാശത്തിനായി അടിസ്ഥാനജനതയുടെ കാഹളം മുഴങ്ങുമ്പോള്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ അതിന് മറുപടി പറയേണ്ടി വരും. ”

Be the first to comment on "പുലരാനിരിക്കുന്നത് ദളിത് ആദിവാസി മുസ്ലിം ഐക്യമെന്നു ജിഗ്നേഷ് മേവാനി. കേരളത്തിലെ ഭൂസമരത്തിൽ കൂടെയുണ്ടാകും."

Leave a comment

Your email address will not be published.


*