ബിന്‍ലാദന്‍ കറന്‍സിയും മോഡിയും . കള്ളപ്പണക്കാർക്കെന്തു സംഭവിക്കും ?

ഫേസ്‌ബുക്ക് കോളം – സിയാർ മനുരാജ്

1606403_646338645427494_1170379013_o

 

യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും മൂല്യമുള്ള കറന്‍സി 500 യൂറോ ആയിരുന്നു. എന്നാല്‍ 2018 നുള്ളില്‍ ഈ കറന്‍സി യൂറോപ്യന്‍ യൂണിയന്‍ പിന്‍വലിക്കുകയാണ്. തീവ്രവാദികള്‍ ,മയക്കുമരുന്ന് കച്ചവടക്കാര്‍ ,ചൂതാട്ടക്കാര്‍ ,വേശ്യാലയക്കാര്‍ ,റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ , കോര്‍പ്പറേഷനുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ,വട്ടി പലിശക്കാര്‍ തുടങ്ങിയവരാണ് യൂറോപ്യന്‍ കള്ളപ്പണ കമ്പോളം കൈകാര്യം ചെയ്യുന്നത്. കള്ളപ്പണത്തെ ഇല്ലാതാക്കുന്നതിനായാണ് യൂറോപ്യന്‍ യൂണിയന്‍ സമയ ബന്ധിതമായി ബിന്‍ ലാദന്‍ കറന്‍സി എന്നറിയപ്പെട്ട 500 യൂറോ പിന്‍വലിക്കാന്‍ തയ്യാറാവുന്നത് .തീര്‍ച്ചയായും കള്ളപ്പണം ഉള്ളവരെ സംബന്ധിച്ചിടത്തോളം യൂറോ 500 ന്‍റെ പിന്‍വലിക്കല്‍ ഒരു വലിയ തിരിച്ചടി തന്നെ ആയിരിക്കും.

ഇന്ത്യയും ഇന്ന് അര്‍ദ്ധരാത്രി മുതല്‍ യൂറോപ്യന്‍ യൂണിയന്‍റെ പാത പിന്തുടരുകയാണ്.ഇന്ന് അര്‍ദ്ധരാത്രിമുതല്‍ ഇപ്പോള്‍ നിലവിലുള്ള 500 ,1000 രൂപാ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിക്കുകയാണ്. അടുത്ത അമ്പത് ദിവസത്തിനുള്ളില്‍ ആ നോട്ടുകള്‍ ബാങ്കില്‍ പോയി മാറ്റി വാങ്ങാവുന്നതാണ്. യൂറോപ്യന്‍ യൂണിയന്‍ നോട്ട് പിന്‍വലിക്കല്‍ നടത്തിയത് അതിനാവശ്യമായ സമയം നല്‍കികൊണ്ടാണ്. എന്നാല്‍ കോടാനുകോടി ജനങ്ങള്‍ ഉള്ള ഇന്ത്യയില്‍ ഇത് ഇപ്പോള്‍ നടപ്പിലാക്കുന്നത് ”ബുദ്ധിമാന്മാര്‍ നടക്കാന്‍ മടിക്കുന്നിടത്തേക്ക് മണ്ടന്മാര്‍ എടുത്തു ചാടും എന്ന് പറഞ്ഞപോലായി ” എന്നൊരു ചിന്ത ആദ്യമേ പങ്കുവയ്ക്കുന്നു.
ഇത്തരം ഒരു കാര്യം എങ്ങനെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കും എന്ന് നോക്കാം.
(1) സാധാരണ ജനത്തെ അങ്ങേയറ്റം ത്രില്ലടിപ്പിക്കാന്‍ മോഡിയുടെ ഈ നോട്ട് പിന്‍വലിക്കല്‍ കാരണമാകും. കള്ളപ്പണം മുഴുവന്‍ മോഡി ഇല്ലാതാക്കി എന്ന മട്ടില്‍ നടക്കുന്ന പ്രചാരണങ്ങള്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ മോഡിയുടെ സ്ഥാനം ഇനിയും ഉയര്‍ത്തും എന്നതില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാവില്ല..അതായത് പ്രതിപക്ഷം ഇല്ലാത്ത ഇന്ത്യയില്‍ ബീജെപിയുടെയും മോഡിയുടെയും പടയോട്ടം തുടരും .എന്നാല്‍ കള്ളപ്പണം ഉള്ള ഒരാളുടെയും രോമത്തില്‍ പോലും തൊടാന്‍ ഈ നടപടിക്കു കഴിയില്ല എന്നതാണ് സത്യം. അങ്ങനെ ചെയ്യാന്‍ മോഡിക്ക് യാതൊരു ഉദ്ദേശവും ഉള്ളതായി തോന്നുന്ന ഒരു കാര്യവും നാളിതുവരെ അയാള്‍ ചെയ്തിട്ടില്ല. സര്‍ക്കാര്‍ തലത്തില്‍ ,കോര്‍പ്പറേറ്റ് തലത്തില്‍ നടക്കുന്ന കള്ളപ്പണ വിനിമയങ്ങളെ തടയാന്‍ ഒന്നും തന്നെ ഇതുവരെ അദ്ദേഹം ചെയ്തിട്ടില്ല .അതുകൊണ്ട് തന്നെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു രാഷ്ട്രീയ കണ്‍കെട്ട് എന്നതിനപ്പുറം ഇതിന് വലിയ പ്രാധാന്യം ഒന്നും കൊടുക്കേണ്ട.

(2) ബാങ്കിംഗ് ഇടപാടുകളില്‍ കള്ളപ്പണം കടന്നുകൂടാതിരിക്കാന്‍ വേണ്ട നടപടികള്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ചേര്‍ന്ന് നടത്തുന്നുണ്ട് .ബാങ്കിംഗ് ഇടപാടുകളില്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയപ്പോള്‍ ബാങ്കില്‍ കള്ളപ്പണം വരുന്നത് കുറഞ്ഞു. സഹകരണ ബാങ്കുകളില്‍ കൂടി പാന്‍ കാര്‍ഡ് നിര്‍ബന്ധം ആക്കിയപ്പോള്‍ കള്ളപ്പണത്തിനു രാജ്യത്ത് നിയമപരമായി നിലനില്‍ക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായി .പൂര്‍ണ്ണമായും അത്തരം ശ്രമങ്ങള്‍ വിജയിച്ചില്ലെങ്കില്‍ പോലും ബാങ്കിംഗ് ഇടപാടുകളില്‍ ഉണ്ടാകുന്ന വലിയ കുറവ് ഈ മേഖലയിലുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ കൃത്യമായി തന്നെയാണ് മുന്നോട്ടു പോകുന്നതെന്ന് സൂചിപ്പിക്കുന്നു.

ypy1gpcq_400x400

(3) നിയമപരമായി സ്വര്‍ണ്ണം കൊണ്ടുവരുന്നതിനെ സര്‍ക്കാര്‍ നികുതിയിലൂടെ എതിര്‍ത്തപ്പോള്‍ കള്ളപ്പണം ആ വഴികളിലെ സ്വര്‍ണ്ണകടത്ത് സുഗമമാക്കി. ഇതിന് പുറമേ രാജ്യത്തിനകത്ത് കള്ളപ്പണം പ്രചരിക്കുന്നത് പ്രധാനമായും റിയല്‍ എസ്റ്റേറ്റ് മേഖലയിലും ,കോര്‍പ്പറേറ്റ് കോഴകളിലും ആണ്. അത്തരം മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഹിന്ദുത്വ രാഷ്ട്രീയത്തോട് അനുഭാവം പുലര്‍ത്തുന്നവര്‍ ആയതിനാല്‍ മോഡി അവരെ യാതൊരു രീതിയിലും ബുദ്ധിമുട്ടിക്കില്ല . വന്‍കിട പണക്കാര്‍ അവരുടെ കള്ളപ്പണം പിന്‍വാതിലില്‍ കൂടി വിദേശ ബാങ്കുകളില്‍ എത്തിക്കുന്നതിന് സുശക്തമായ ചാനലുകള്‍ വര്‍ഷങ്ങളായി സര്‍ക്കാരുകളുടെ ഒത്താശയോടെ തന്നെ ഈ നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൌറീഷ്യസിലൂടെയും സ്വിറ്റ്സര്‍ലണ്ടിലൂടെയും ,സൈപ്രസിലൂടെയും ഒക്കെ നടക്കുന്ന കോഴപ്പണത്തിന്‍റെ ഒഴുക്ക് തടയാന്‍ മോഡി ഒന്നും ചെയ്യുന്നില്ല . അവരെയൊന്നും ഈ നടപടി ബാധിക്കുകയുമില്ല . അഴിമതിക്കെതിരെ ചെറു വിരല്‍ പോലും അനക്കാത്ത ഒരാള്‍ ഇപ്പോള്‍ കാണിക്കുന്ന നോട്ട് പിന്‍വലിക്കലിലൂടെ അഴിമതി ഇല്ലാതാക്കും എന്ന് പറയുമ്പോള്‍ ചിരിക്കാതെ നിവൃത്തിയില്ല .അതായത് ഒരു രാഷ്ട്രീയ നാടകം എന്നതിനപ്പുറത്ത് ഇന്ത്യയെ ബാധിച്ചിരിക്കുന്ന അഴിമതി ,കള്ളപ്പണം ,സര്‍ക്കാര്‍ ഫണ്ടുകള്‍ വിദേശത്തേക്ക് കടത്തല്‍ തുടങ്ങിയവയെ ഒന്നും അഭിസംബോധന ചെയ്യാന്‍ കഴിയാത്ത ഒരു ദുര്‍ബല നീക്കം മാത്രമാണ് മോഡി ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

(3) രാജ്യത്ത് പ്രചരിക്കുന്ന കള്ളനോട്ടുകളെ, അവയില്‍ നല്ലൊരു ഭാഗം 500 ,1000 നോട്ടുകള്‍ ആണല്ലോ ,വിനിമയത്തില്‍ നിന്നും ഒഴിവാക്കുവാന്‍ നമുക്ക് കഴിയും.എന്നാല്‍ നൂറു രൂപയുടെ കള്ളനോട്ടും ധാരാളം നാട്ടില്‍ ഉണ്ട് എന്നതും നാം പരിഗണിക്കണം,

എന്നാല്‍ ഇതിനെല്ലാം അപ്പുറത്ത് വലിയ തോതിലുള്ള പ്രത്യാഘാതങ്ങള്‍ ഈ നോട്ട് പിന്‍വലിക്കലിനുണ്ടാകും . ആദ്യം തന്നെ ഉണ്ടാകാന്‍ പോകുന്നത് പണത്തിന്‍റെ വലിയ തോതിലുള്ള അപര്യാപ്തത ആണ്. 16.5 ലക്ഷം കോടി രൂപയുടെ പണമാണ് സര്‍ക്കാര്‍ ഇന്നലെ അര്‍ദ്ധ രാത്രി മുതല്‍ സമ്പദ് വ്യസ്ഥയില്‍ നിന്നും പിന്‍വലിച്ചി രിക്കുന്നത് .അതിനു തത്തുല്യമായ അളവില്‍ ചെറിയ കറന്‍സികളും ,പുതിയ വലിയ കറന്‍സികളും കൊണ്ടുവരിക അത്ര എളുപ്പമല്ല. ഇത് പണം കൊണ്ടുമാത്രം പ്രവത്തിക്കുന്ന ഇന്ത്യയിലെ കോടികണക്കിന് ആളുകള്‍ പ്രവര്‍ത്തിക്കുന്ന അസംഘടിത മേഖലകളെ പൂര്‍ണ്ണമായും തകര്‍ക്കുകയും നിശ്ചലമാക്കുകയും ചെയ്യും എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ഇതിന്‍റെ പേരില്‍ രാജ്യത്ത് ഒരു കലാപം തന്നെ ഉണ്ടാകാനുള്ള സാധ്യതകള്‍ നാം കാണണം.ATM കളെ ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് പണം നല്‍കാന്‍ കഴിയുന്ന രീതിയില്‍ തുടര്‍ച്ചയായി നിറയ്ക്കുവാന്‍ കഴിയണം എന്നില്ല. അത് നഗരങ്ങളിലും ഗ്രാമങ്ങളിലും വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കും. പണത്തിലൂടെ മാത്രം പ്രവര്‍ത്തിക്കുന്ന ഗ്രാമീണ സമ്പദ് വ്യവസ്ഥകള്‍ ഏതാണ്ട് പൂര്‍ണ്ണമായും നിശ്ചലമാക്കപ്പെടും .

മറ്റൊന്ന് കൈയിലുള്ള പണം മാറ്റിയെടുക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ചെല്ലണം എന്ന നിര്‍ദേശം തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത കോടിക്കണക്കിന് ആളുകള്‍ക്ക് ബാങ്കുകളില്‍ നിന്നും കൂടുതല്‍ പീഡനം കിട്ടുന്നതിനു കാരണമാകും.എന്ന Myneni Deepu വിന്‍റെ ആശങ്ക ഞാനും പങ്കുവയ്ക്കുന്നു.രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ സുഗമമായ പ്രവര്‍ത്തനത്തെ പൂര്‍ണ്ണമായും തകര്‍ക്കുന്ന ഇത്തരം ഒരു മണ്ടത്തരം ചെയ്യാന്‍ മോഡിയെ പ്രേരിപ്പിക്കുന്നത് അയാളുടെ ഫാസിസ്റ്റ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമാണ്. ഏകാധിപത്യം ആണ് ഈ നാടിന് യോജിക്കുന്നതെന്ന ഫാസിസ്റ്റ് വാദമാണ് ഇത്തരം ഒരു വിവരം കെട്ട കാര്യം യാതൊരു മുന്നൊരുക്കവും ഇല്ലാതെ ചെയ്യുന്നതിലൂടെ മോഡി മുന്നോട്ടു വയ്ക്കുന്നത്.നഗരത്തെയും ഗ്രാമത്തെയും ,സംഘടിത മേഖലകളെയും അസംഘടിത മേഖലകളെയും ,പാവപെട്ടവരെയും പണക്കാരെയും ,സ്വകാര്യ മേഖലയെയും പൊതുമേഖലയെയും ,സര്‍ക്കാരുകളെയും വ്യക്തികളെയും ഒരു പോലെ കുഴപ്പത്തില്‍ ആക്കാന്‍ പോകുന്ന ഈ അനവസരത്തിലുള്ള രാഷ്ട്രീയ നാടകം മോഡി നടത്താന്‍ പാടില്ലായിരുന്നു.

മോഡിയെപോലുള്ള ഒരു തീവ്രഹിന്ദുത്വ ജനാധിപത്യ വിരുദ്ധനെ കൂടുതല്‍ മഹത്വവല്‍ക്കരിക്കാനും അതുവഴി ഇന്ത്യന്‍ ജനാധിപത്യത്തെ കൂടുതല്‍ ദുര്‍ബലപ്പെടുത്താനും മാത്രമേ ഇപ്പോള്‍ കാണിക്കുന്ന നോട്ട് രാഷ്ട്രീയം കാരണമാകു .ഇതിനെതിരെ പ്രതികരിക്കാന്‍ പറ്റിയ നേതൃ നിര പ്രതിപക്ഷത്തില്‍ ഇല്ലയെന്നത് കാര്യങ്ങളെ കൂടുതല്‍ വഷളാക്കുന്നു.

വാല്‍ക്കഷണം .

നിലവില്‍ ഉള്ള കേന്ദ്ര ഗവര്‍മെന്റ് ഉത്തരവ് അനുസരിച്ച് ആളുകള്‍ അത്രയ്ക്കൊന്നും പരിഭ്രാന്തര്‍ ആകേണ്ടതില്ല. അവരവരുടെ കയ്യിലുള്ള നോട്ടുകള്‍ അവര്‍ക്ക് സ്വന്തം ബാങ്ക് അക്കൌണ്ടില്‍ സാധാരണ പോലെ ഡിസംബര്‍ 30 വരെ നിക്ഷേപിക്കാം. അമ്പതിനായിരം വരെ യാതൊരു തിരിച്ചറിയല്‍ രേഖയും ഇല്ലാതെ ഇടാം. അതിനു മുകളില്‍ ഉണ്ടെങ്കില്‍ പാന്‍ കൊടുക്കണം. പിന്നെ ആളുകള്‍ക്ക് സ്വതന്ത്രമായി ഇപ്പോള്‍ ചെയ്യുന്നതുപോലെ തന്നെ പണം വാങ്ങാവുന്നതും കൊടുക്കാവുന്നതും ആണ്. അവരുടെ കയ്യില്‍ വരുന്ന പണം കള്ളനോട്ടല്ലെന്ന് ഉറപ്പുവരുത്തുക ,സമയ ബന്ധിതമായി ബാങ്കില്‍ നിക്ഷേപിക്കുക അത്ര മാത്രം.സ്വന്തമായി അക്കൌണ്ട് ഇല്ലാത്ത ആര്‍ക്കും ഏതൊരു ബാങ്കില്‍ പോയും നാലായിരം രൂപ ഒറ്റത്തവണ മാറ്റിയെടുക്കാം.കൂടുതല്‍ പണമുണ്ടെങ്കില്‍ കൂടുതല്‍ ബാങ്കിലോ ,ഒരു ബാങ്കില്‍ തന്നെ കൂടുതല്‍ തവണയോ ക്യൂ നില്‍ക്കേണ്ടി വരുമെന്ന് മാത്രം.എന്നാല്‍ സ്വന്തം അക്കൌണ്ടില്‍ നിന്നും 20000 രൂപാ മാത്രമേ പിന്‍വലിക്കാന്‍ കഴിയൂ എന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കും എന്നതില്‍ യാതൊരു തര്‍ക്കവുമില്ല.

 

(ഫേസ്ബുക് ചുമരുകളിലെ  വേറിട്ട കുറിപ്പുകൾ കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുന്നതിനായുള്ള ശ്രമമാണ് ഈ കോളം )

Be the first to comment on "ബിന്‍ലാദന്‍ കറന്‍സിയും മോഡിയും . കള്ളപ്പണക്കാർക്കെന്തു സംഭവിക്കും ?"

Leave a comment

Your email address will not be published.


*