ഓർമയായത് അഭിനയകലയിലെ മഹാപ്രതിഭ

 

ചലച്ചിത്രനടൻ ഓംപുരി അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. നാടകലോകത്തു നിന്ന സിനിമയിലെത്തിയ ഓംപുരി 1976ൽ മറാത്തി സിനിമയിലൂടെയായിരുന്നു ചലച്ചിത്രലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഇന്ത്യൻ സിനിമകൾ കൂടാതെ ‌അമേരിക്കൻ, ബ്രിട്ടീഷ് സിനിമകളിലും ഓം പുരി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സന്തേയല്ലി നിന്ത കബിര, ടൈഗര്‍ എന്നീ കന്നട ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കേയായിരുന്നു മരണം.

1976-ൽ പുറത്തിറങ്ങിയ ഘാഷിരാം കോട്‌വൽ എന്ന ചിത്രത്തിലൂടെയാണ് ഓം പുരി തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. അംരീഷ് പുരി, നസീറുദ്ദീൻ ഷാ, ശബാന ആസ്മി, സ്മിത പാട്ടീൽ‍ തുടങ്ങിയ പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ കൂടെയും ഓം പുരി അഭിനയിച്ചിട്ടുണ്ട്. ഭവനി ഭവായ് (1980), സദ്ഗതി (1981), അർദ് സത്യ (1982), മിർച്ച് മസാല (1986), ധാരാവി (1992). തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

1990കളുടെ മദ്ധ്യത്തോടെയാണ് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലേക്ക് ഓം പുരി തന്റെ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. തുടർന്ന് ഇദ്ദേഹം ധാരാളം ബ്രിട്ടീഷ് സിനിമകളിലും അഭിനയിച്ചു. മൈ സൺ ദി ഫനടിക് (1997), ഈസ്റ്റ് ഈസ് ഈസ്റ്റ് (1999), ദി പരോൾ ഓഫീസ്സർ (2001) എന്നീ ചിത്രങ്ങൾ ഇവയിൽ ചിലതാണ്.

ഹോളിവുഡ് സിനിമകളിലും ഓം പുരി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിറ്റി ഓഫ് ജോയ് (1992), വോൾഫ് (1994), ദി ഗോസ്റ്റ് ആൻഡ് ദി ഡാർക്നെസ്സ് (1996), മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി 1982ൽ പുറത്തിറങ്ങിയ എട്ട് ഓസ്കാർ അവാർഡുകൾ നേടിയ ഗാന്ധി എന്നീ ചിത്രങ്ങൾ ഇതിൽ ശ്രദ്ധേയമാണ്.

ഒരു ഹാസ്യനടൻ എന്ന നിലയിലും ഓം പുരി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ചാച്ചി 420 (1997), ഹേര ഫേരി (2000), ചോർ മചായെ ഷോർ (2002), മാലാമാൽ വീക്‌ലി (2006), സിംഗ് ഈസ് കിംഗ് (2008) തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ഹാസ്യനടൻ എന്ന നിലയിൽ ഓം പുരിക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തു.

ആരോഹണ്‍ (1982), അര്‍ധസത്യ (1984) എന്നീ ചിത്രങ്ങള്‍ക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഈ അഭിനയപ്രതിഭയെ തേടിയെത്തി. 1990ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു.

Be the first to comment on "ഓർമയായത് അഭിനയകലയിലെ മഹാപ്രതിഭ"

Leave a comment

Your email address will not be published.


*