കമൽസി; ഡിജിപി വീണ്ടും കള്ളം പറയുകയാണ്.

ഫേസ്‌ബുക്ക് നോട്ടിഫിക്കേഷൻ – അബ്ദുൽകരീം ഉതൽക്കണ്ടിയിൽ

 

കമൽസിക്കെതിരെയുള്ള കേസിൽ ഇപ്പോഴും അന്വേഷണം നടക്കുന്നുവെന്ന പ്രചാരണങ്ങൾ കള്ളമാണ് എന്നു പറയുന്ന, ഡിജിപിയുടെ ഇന്നത്തെ പത്രക്കുറിപ്പ് (Pic 1) വ്യാപകമായി ഷെയർ ചെയ്തുകൊണ്ട് സഖാക്കൾ കമൽസിയുടെ പുസ്തകം കത്തിക്കൽ വെറും പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് ആവർത്തിച്ചു പരിഹസിക്കുന്നുണ്ട്.

ഡിസംബർ 20നും ഇതുപോലൊരു പത്രക്കുറിപ്പ് വന്നതാണ് (Pic 2). അതിൽ കമൽസിയേയും നദിയേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും, ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയേയുള്ളൂ എന്നും, ചോദ്യം ചെയ്യലിൽ തെളിവുകൾ ലഭിക്കാത്തതിനാൽ കമൽസിയുടെ മേൽ 124A ചുമതത്തേണ്ടതില്ലെന്നും നദിയുടെ കാര്യത്തിൽ UAPA ചുമത്താൻ തെളിവുകൾ ലഭിക്കാത്തതുകൊണ്ടു പോകാൻ അനുവദിച്ചു എന്നുമാണ് പറഞ്ഞിരുന്നത്. രണ്ടുപേരെയും കേസിന്റെ കാര്യത്തിൽ ഇനി ബുദ്ധിമുട്ടിക്കില്ലെന്ന് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞതുമാണ്.

ഇവരുടെ രണ്ടുപേരുടെയും കാര്യത്തിൽ എന്ത് ചോദ്യം ചെയ്യലും തെളിവെടുപ്പുമാണ് നടന്നത്? കമൽസി പോലീസ് സ്റ്റേഷന്റെ മുന്നിലിരുന്ന്, തന്നെ കസ്റ്റഡിയിൽ എടുത്ത രീതിയും എന്തൊക്കെയാണ് ചോദിച്ചതെന്നും എങ്ങനെയൊക്കെ അധിക്ഷേപിച്ചു എന്നും വിവരിച്ചതാണ് (വീഡിയോ: https://goo.gl/uBcyu0). കമൽസിക്കു സഹായത്തിനു വന്നവർക്കെതിരേയും കേസെടുത്തു. നദീറും വാർത്താ സമ്മേളനം നടത്തി അറസ്റ്റ് ചെയ്ത രീതിയും, വിട്ടയച്ചു എന്നു പറഞ്ഞിട്ടും പോലീസ് നടപടികൾ തുടരുന്ന കാര്യവും വിശദമാക്കിയതാണ്. തന്നെ മഫ്റ്റിയിൽ പോലീസ് പിന്തുടരുന്നുണ്ടെന്നും നദീർ പറഞ്ഞിരുന്നു. വിട്ടയച്ച ഉടനെ നദീറിന്റെ വീട്ടിൽ ഒന്നരമണിക്കൂർ റെയ്ഡ് നടത്തിയിരുന്നു. ഇതൊന്നും പോലീസ് നിഷേധിച്ചിട്ടില്ല. പാർട്ടിയും പിണറായിയും ഇക്കാര്യങ്ങളിൽ മൗനം പാലിക്കുകയാണ് ചെയ്തത്.

ചിത്രം 1  - ഡിജിപിയുടെ ഇന്നത്തെ പത്രക്കുറിപ്പ്

ചിത്രം 1 – ഡിജിപിയുടെ ഇന്നത്തെ പത്രക്കുറിപ്പ്

ഡിസംബർ 24നു ഇതുവരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ലാത്ത, യു എ പി എ ചാർജ് ചെയ്തിട്ടുള്ള കേസുകൾ പുനഃപരിശോധിക്കാൻ തീരുമാനിച്ചതായുള്ള പത്രക്കുറിപ്പ് പോലീസ് ഇറക്കിയിരുന്നു. പിണറായിയും പാർട്ടിയും യുഎപിഎ കേസുകളുടെ കാര്യത്തിൽ ഒഴുക്കൻ മട്ടിൽ ഇതേ പുനഃപരിശോധനാ ഗീർവാണം നടത്തിയിരുന്നു. എന്താണ് പുനപ്പരിശോധിച്ചത്? ഡിസംബര്‍ 20നു തെളിവൊന്നും ഇല്ലെന്ന് പറഞ്ഞ പോലീസ്, ജനുവരി 9നു ആറളം ഫാം കേസിൽ ഹൈക്കോടതിയില്‍ കൊടുത്ത പ്രതിപ്പട്ടികയില്‍ അതുവരെ പ്രതിയല്ലാതിരുന്ന നദീറിനെ ആറാം പ്രതിയായി ചേര്‍ക്കുന്നതാണ് കണ്ടത്. യുഎപിഎ യും 124A അടക്കമുള്ള വകുപ്പുകൾ. രജീഷ് കൊല്ലക്കണ്ടിക്കും രാവുണ്ണിക്കും എതിരെ തെളിവുകൾ ഇല്ലാതിരുന്നിട്ടും പ്രത്യക്ഷത്തിൽ തന്നെ അപഹാസ്യമായ കുറ്റം ചാർത്തൽ ആയിരുന്നിട്ടും ജാമ്യം നൽകരുത് എന്ന നിലപാടാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചത്. എന്തോ ഭാഗ്യത്തിന് കോടതിക്ക് സർക്കാർ നിലപാട് സ്വീകാര്യമല്ലാത്തത് ആയതുകൊണ്ടാണ് രണ്ടുപേരുടേയും കാര്യത്തിൽ താൽക്കാലിക ആശ്വാസം ഉണ്ടായത്.

വസ്തുതകൾ ഇങ്ങനെയൊക്കെ ആയിരിക്കെയാണ് ഡിജിപിയുടെ പത്രക്കുറിപ്പും പൊക്കിപ്പിടിച്ചു എല്ലാം ശരിയായി എന്നപോലെ സഖാക്കളും, പിണറായിയിൽ ഇനിയും പ്രതീക്ഷവച്ചിരിക്കുന്നവരും വരുന്നത്. യഥാർത്ഥത്തിൽ ഇന്നത്തെ പത്രക്കുറിപ്പിൽ പുതുതായുള്ള എന്തെങ്കിലും നടപടിയെക്കുറിച്ചല്ല പറയുന്നത്. “കേസെടുത്ത ഘട്ടത്തിൽ തന്നെ തുടർനടപടികൾ നിർത്തി വച്ചിരുന്നു” എന്നും, ഇപ്പോഴുള്ള പ്രചാരണങ്ങൾ കള്ളമാണ് എന്നുമാണ്. തന്നേയും മാതാപിതാക്കളേയും പോലീസ് ഇപ്പോഴും വേട്ടയാടുന്നു എന്ന കമൽസിയുടെ ആരോപണം കള്ളമാണ് എന്ന്.

മറ്റൊരു പ്രധാനകാര്യം കമൽസിയുടെ കാര്യത്തിൽ 124A നിലനിൽക്കില്ലെന്ന് ബോധ്യമായതായും കേസെടുക്കേണ്ടതില്ല എന്ന് തീരുമാനിച്ചതായും ഡിസംബർ 20ന്റെ പത്രക്കുറിപ്പിലും ഡിജിപി നേരിട്ടും പറഞ്ഞിരുന്നു. ഇന്നത്തെ പത്രക്കുറിപ്പിൽ പറയുന്നത് അദ്ദേഹത്തതിന്റെ പേരിൽ 124A പ്രകാരം ‘എടുത്ത’ കേസും ‘പുനഃപരിശോധിക്കുകയാണ് ‘ എന്നാണ്. (നേരത്തേ യുഎപിഎ കേസുകൾ മാത്രം പുനഃപരിശോധിക്കുന്നു എന്നായിരുന്നു പറഞ്ഞത്) ഇതുതന്നെ പോലീസ് നടപടികൾ തുടരുന്നുണ്ട് എന്നത് വളച്ചൊടിച്ച് പറയുകയാണ്. ഇതുവരെയുള്ള “പുനഃപരിശോധനകൾ” എങ്ങനെയായിരുന്നു എന്നതും ചേർത്തു വായിക്കുമ്പോൾ വാസ്തവത്തിൽ ആശങ്ക വർദ്ധിപ്പിക്കുന്നതാണ് ഇന്നത്തെ പത്രക്കുറിപ്പ്.

ചിത്രം 2  - ഡിസംബർ 20ന്റെ പത്രക്കുറിപ്പ്

ചിത്രം 2 – ഡിസംബർ 20ന്റെ പത്രക്കുറിപ്പ്

സാമൂഹിക ഇടപെടലുകൾ നടത്തുന്നവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പീഢിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിട്ട് അവക്കെതിരേയുള്ള പ്രതിഷേധങ്ങൾ പൊതു ശ്രദ്ധ നേടുന്നു എന്നു കാണുമ്പോൾ “കേസെടുക്കില്ല”, “പുനഃപരിശോധന” തുടങ്ങിയ പച്ചക്കള്ളങ്ങൾ എഴുന്നള്ളിച്ചു പ്രതിഷേധങ്ങളെ താൽക്കാലികമായി അടക്കിനിർത്തുക, പക്ഷേ അവർക്കെതിരേയുള്ള കള്ളക്കേസുകളുമായി മുന്നോട്ടുതന്നെ പോവുക എന്ന തന്ത്രമാണ് നടപ്പിലാക്കുന്നത്. പോലീസിന്റെ മാത്രമല്ല, പാർട്ടിയുടേയും പിണറായിയുടേയും വാക്കുകളിൽ തന്നെ ഈ തന്ത്രം കാണാം. സംവിധായകൻ കമലിനും എംടിക്കും പിന്തുണകൊടുക്കുന്ന പരിപാടികൾ സംഘടിപ്പിച്ച് പാർട്ടിക്കും പിണറായിക്കും ഭക്തസഖാക്കളെ പറ്റിക്കാൻ മാത്രമല്ല, അവരെക്കൊണ്ടു തങ്ങളുടെ പച്ചക്കള്ളങ്ങൾ ആവർത്തിപ്പിച്ച് ഭരണകൂട ഭീകരത അനുഭവിക്കുന്നവരെ അധിക്ഷേപിക്കാനും സാധിക്കുന്നുണ്ട്. ഇരട്ടച്ചങ്ക് തന്നെ!

 

 

Be the first to comment on "കമൽസി; ഡിജിപി വീണ്ടും കള്ളം പറയുകയാണ്."

Leave a comment

Your email address will not be published.


*