എൻഎസ്എസ് മറയാക്കി എസ്എഫ്ഐക്കാരുടെ റാഗിങ്ങ്. മഹാരാജാസ്  വിദ്യാർത്ഥിനി എഴുതുന്നു

 

എൻ എസ് എസ് ക്യാമ്പ് മറയാക്കി കോളേജിലെ എസ് എഫ് ഐ പ്രവർത്തകർ രണ്ടാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്‌തെന്നു എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപിപ്പലിനു വിദ്യാർത്ഥികളുടെ പരാതി. എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിനി ഷഹാന കെ വി തനിക്കു നേരിട്ട അനുഭവങ്ങളെ കുറിച്ച് എഴുതുന്നു.

മഹാരാജാസ് കോളേജിലെ എൻ എസ് എസ് യൂണിറ്റിൽ വിദ്യാർഥികൾ നേരിടേണ്ടി വന്ന ശാരീരികമായ മർദ്ധനങ്ങളെക്കുറിച്ചും മാനസികമായ പീഡനങ്ങളെ കുറിച്ചും കഴിഞ്ഞ ദിവസങ്ങളിൽ ദൃശ്യ മാധ്യമങ്ങളിൽ വന്നിരുന്നു . എൻ എസ് എസ് ന്റെ ഒരു ക്യാമ്പിൽ വെച്ച് നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് മഹാരാജാസിലെ യൂണിറ്റിൽ വർഷങ്ങളായി നടന്നു കൊണ്ടിരിക്കുന്നത് .മുൻ എൻ എസ് എസ് വളണ്ടിയർ ആയിരുന്നതിനാലും എൻ എസ് എസ് എന്താണെന്നും മഹരാജാസിലെ എൻ എസ് എസ് യൂണിറ്റിനെക്കുറിച്ചും വ്യക്തമായി അറിയുന്നതു കൊണ്ടും എൻ എസ് എസും രാഷ്ട്രീയവും രണ്ടായി കാണുന്നു. (രാഷ്ട്രീയത്തേക്കാൾ വലുത് എൻ എസ് എസ് തന്നെയാണ് ) എന്നതിനാലും എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്.

മദ്യപാനവും പുകവലിയും , ജൂനിയർ വിദ്യാർതികളെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിർവ്വഹിക്കാൻ സമ്മതിക്കാതെ മുറിയിൽ അടച്ചിടുകയും പുറത്തിറങ്ങിയപ്പോൾ അസഭ്യം പറയുകയും ചെയ്യൽ , സഹപാഠികളുടെ മതവിശ്വാസത്തെ വൃണപെടുത്തിയുള്ള കമ്യൂണിസം അടിച്ചേൽപ്പിക്കുവാനുള്ള ശ്രമങ്ങൾ , അസഭ്യവർഷം , പുലർച്ചെ ഉറങ്ങികിടന്നിരുന്ന ഒരു ആൺകുട്ടിയെ വിളിച്ചെണീപ്പിച്ച് സാരിയുടുക്കാൻ നിർബന്ധിക്കുകയും അത് നിരസിച്ചപ്പോൾ മർദ്ദിക്കുകയും ചെയ്ത സംഭവങ്ങൾ , റോൾ ഔട്ട് ആയ വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുക്കുകയും രാത്രി 12 മണിക്ക് ശേഷവും ക്യാമ്പിൽ മറ്റുള്ളവർ സന്ദർശനം നടത്തി വിദ്യാർത്ഥികളെ റാഗ് ചെയ്തത്.. .ഇതാണ് പരാതിയിൽ പറയുന്ന കാര്യങ്ങൾ.

സ്വന്തം ശരീരത്തിനു ഹാനികരമാണെന്നറിഞ്ഞിട്ടും മദ്യപാനവും പുകവലിയും നടത്തുന്നത് ഒരു വ്യക്തിയുടെ ഇഷ്ടമാണ്. എന്നാൽ ക്യാമ്പ് അതിനു വേദിയാകുന്നത് തെറ്റ് തന്നെയാണ്. എനിക്കു വിശ്വസിക്കാതിരിക്കാനുള്ള അവകാശം മറ്റൊരാൾക്ക് വിശ്വസിക്കാനും ഉണ്ടെന്നും അടിച്ചേൽപ്പിക്കുന്ന വിശ്വാസം വർഗീയതയാണെന്നു പോലും സഖാക്കൾക്ക് തിരിച്ചറിവില്ലേ ? ജൂനിയേഴ്സിനെ ക്യാമ്പിൽ കൊണ്ടുപോയി മൂന്നു ദിവസം ഭരിക്കുന്നത് അവരെ ” ബോൾഡ് ” ആക്കാൻ വേണ്ടിയാണെന്ന് പറഞ്ഞവരോട് ,കേരളത്തിൽ മഹാരാജാസിലെ എൻ എസ് എസ് യൂണിറ്റുകളല്ലാതെ ഒരു പാട് യൂണിറ്റുകളും ലക്ഷകണക്കിന് വളണ്ടിയേഴ്സും ഉണ്ട്. അവർക്കൊന്നും വ്യക്തിത്വ വികസനം ഉണ്ടായത് ക്യാമ്പിലെ പീഡനങ്ങളിൽ നിന്നല്ല ,മറിച്ച് അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നാണ് .ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത വിദ്യാർതി ധ്വംസന പ്രവർത്തനങ്ങൾ തന്നെയാണ് മഹാരാജാസിന്റെ എൻ എസ് എസ് യൂണിറ്റിൽ വർഷങ്ങളായി നടന്നു കൊണ്ടിരിക്കുന്നത് .

മർദ്ദനമേറ്റ ഫുആദ് മുഹമ്മദ്

മർദ്ദനമേറ്റ ഫുആദ് മുഹമ്മദ്

ക്യാമ്പിൽ വെച്ച് വിദ്യാർത്ഥിയെ മർദ്ദിച്ച വിവരം ഞങ്ങൾ അറിയുന്നത് ഒരു സിനിയർ വിദ്യാർതിയിൽ നിന്നുമാണ് ” ഒരുത്തൻ റോൾ കളിച്ചു ,അവനെ ഞങ്ങൾ പഞ്ഞിക്കിട്ടെടാ ” ഇതായിരുന്നു അവന്റെ വാക്കുകൾ .അടുത്ത ദിവസമാണ് പരാതിക്കാരായ വിദ്യാർഥികൾ ഞങ്ങളുടെ അടുത്ത് ക്യാമ്പിൽ വെച്ച് നടന്ന ഈ കാര്യങ്ങൾ അറിയിക്കുകയും ചെയ്തത് . ക്യാമ്പിലെ വിശദ വിവരങ്ങൾ ആവശ്യപ്പെട്ട് കൊണ്ട് 6-1-17 ന് വിവാരാവകാശം സമർപ്പിക്കുകയും ചെയ്തു. ക്യാമ്പിലെ വിശദവിവരങ്ങൾ ലഭിച്ച ശേഷം തെളിവുകൾ സഹിതം പ്രിൻസിപ്പലിനു പരാതി സമർപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ 18 – 1 – 17 ന് വിവരാവകാശത്തിനു ലഭിക്കുന്നതിനു മുൻപു തന്നെ എസ് എഫ് ഐ കാരുടെ മറുപടി കിട്ടി. ” നീയാരാടാ വിവരാവകാശം കൊടുക്കാൻ ” എന്ന് ചോദിച്ചായിരുന്നു നാല് എസ് എഫ് ഐ പ്രവർത്തകർ ചേർന്ന് രണ്ടാം വർഷ വിദ്യാർത്ഥിയായ ഫുആദ് മുഹമ്മദിനെ മർദ്ദിക്കുകയും ഇതിനെ തടുത്ത എന്നെ അസഭ്യം പറയുകയും ഭീഷണി പെടുത്തുകയും ചെയ്‌തത്‌. ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമത്തിന് കോളേജിലെ എസ് എഫ് ഐ ക്കാരന്റെ അനുവാദം ആവശ്യമുണ്ടോ ?

തുടർന്ന് 19 – 1-17 ന രാവിലെ ഈ വിഷയത്തെ കുറിച്ച് ക്ലാസുകളിൽ കാമ്പയിൻ എടുത്തു. അന്ന് ഉച്ചക്ക് ഇതിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാൻ എസ് എഫ് ഐ ക്കാർ പ്രിൻസിപലിന്റെ കസേര കത്തിച്ചു . ( കസേര കത്തിക്കലിനു ആസ്പദമായ്‌ എസ് എഫ് ഐ പറയുന്ന സംഭവം നടന്നത് 12-11- 17 ന് ആണ് ,അന്നു വൈകുന്നേരം തന്നെ പ്രിൻസിപ്പൽ എഴുതി കൊടുത്ത മാപ്പുമായി ക്യാമ്പസിൽ പ്രകടനം നടത്തിയത് നിങ്ങൾ തന്നെയാണ് ) പിന്നെന്തിനായിരുന്നു 19 – 1-17 ന് ഉച്ചക്ക് കസേര കത്തിച്ചത് ? AKGCTA തലവനായ ആരോപണം നേരിട്ട എൻ എസ് എസ് പ്രോഗ്രാം ഓഫീസറെ രക്ഷിക്കാൻ വേണ്ടി തന്നെയാണ്

ഈ സംഭവത്തിനു ശേഷം 25 – 1 – 17 നാണ് പ്രിൻസിപ്പൾ കോളേജിൽ എത്തുന്നത്. അന്നുതന്നെ ഈ വിദ്യാർതികൾ പരാതി നൽകിയിട്ടുണ്ട്. മർദ്ധനത്തെ തുടർന്ന് ഹോസ്പിറ്റലിലായ ഫുആദിന്റെയും ,എന്റെയുമടുത്ത് വന്ന് ഇന്ന് ഒന്നും അറിഞ്ഞില്ല എന്ന് പറയുന്ന പ്രോഗ്രാം ഓഫീസർ പിന്നെന്തിനാണ് ക്യാമ്പിൽ നടന്ന ഈ കാര്യങ്ങളൊന്നും പരാതിയിൽ എഴുതരുതെന്നും അത് യൂണിറ്റിന്റെ നില നിൽപ്പിനെ ബാധിക്കുമെന്നും പറഞ്ഞ് ഹോസ്പിറ്റലിൽ വെച്ച് അപേക്ഷിച്ചത് ? ജനുവരി ആദ്യ ആഴ്ച ഈ വിഷയത്തെക്കുറിച്ച് ഹിസ്റ്ററി ഡിപ്പാർട്മെന്റിൽ വെച്ച് ഞാൻ ശബ്ദമുയർത്തി സാറിനോട് സംസാരിച്ചപ്പോഴും സർ അറിഞ്ഞില്ലേ ? എന്നാൽ അവിടെയുണ്ടായിരുന്ന മറ്റു അധ്യാപകർ ഇത് അറിഞ്ഞിട്ടുണ്ട് . ക്യാമ്പ് അവലോകനത്തിൽ വെച്ച് മർദ്ധനത്തിനിരയായ വിദ്യാർഥി പറഞ്ഞപ്പോഴും സാറിന് മറവിരോഗം ബാധിച്ചിരുന്നോ ? പ്രോഗ്രാം ഓഫീസർമാർ നിർബന്ധമായും പങ്കെടുക്കേണ്ട ട്രെയിനിങ്ങിൽ പങ്കെട്ടുക്കാതെ ക്യാമ്പ് നടത്തുന്ന സാറിന് ഇതൊന്നും തെറ്റായി കാണാൻ കഴിയില്ലെന്ന് ഞാൻ തിരിച്ചറിയണമായിരുന്നു .അപ്പോൾ സർ ഒന്നും അറിയില്ല .

fb_img_1482304793579

എൻ എസ് എസിന്റെ വീഡിയോയിൽ സംസാരിച്ചിരിക്കുന്നത് AkGCTA സെക്രട്ടറിയായ പ്രോഗ്രാം ഓഫീസറും എസ് എഫ് ഐ പ്രവർത്തകരായ വൊളണ്ടിയർ സെക്രട്ടറിമാരും ആണ് ,ഇതിൽ നിന്നും ആ കുട്ടികൾ പരാതിയിൽ പറയുന്ന എൻ എസ് എസിലെ രാഷ്ട്രീയം വ്യക്തമാണ് . 40 പേർ ചേർന്ന് 4 ആൾക്കെതിരെ പറഞ്ഞാൽ സത്യം കള്ളമാകില്ലെന്ന് ഇവർ മനസ്സിലാക്കിയാൽ നല്ലത് .കുട്ടികൾ ഈ പരാതിയുമായി മുന്നോട്ട് പോയാൽ തെറ്റ് ചെയ്തവർക്ക് ശിക്ഷ ലഭിക്കുക തന്നെ ചെയ്യും .ഇവിടെ ഭൂരിപക്ഷത്തിന്റെ അഭിപ്രായമെടുക്കാൻ ഇത് അഭിപ്രായ സർവ്വേയൊന്നുമല്ല , മറിച്ച് റാഗിംഗ് കേസ് ആണ്.

പിന്നെ എൻ എസ് എസ് എന്താണെന്നറിയാത്ത കുറേ പേരുടെ കുരക്കലിനു യാതൊരു വിധ മറുപടിയും കൊടുത്തിട്ട് കാര്യമില്ല ,നിങ്ങൾ ഒന്നുകിൽ മഹാരാജിസിലെ എൻ എസ് എസിനെ മാറ്റി നിർത്തിയിട്ട് കേരളത്തിലെ മറ്റു എൻ എസ് എസ് യൂണിറ്റുകളെ കുറിച്ച് പഠിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും യഥാർത്ഥ എൻ എസ് എസ് എന്താണെന്ന് . ഈ ക്യാമ്പിൽ ഒരു വിദ്യാർതിയെ മർദ്ദിച്ചു എന്നതൊഴിച്ചാൽ ബാക്കി പറയുന്ന ഓരോ കാര്യങ്ങളും ഞാൻ മഹാരാജാസിലെ ക്യാമ്പിൽ പോയപ്പോൾ അനുഭവിച്ചതാണ് .ഇതിപ്പോൾ മർദ്ധനത്തിൽ വരെ എത്തി നിൽക്കുമ്പോൾ ഇനിയും പ്രതികരിക്കാതെ പറ്റില്ല .എനിക്ക് എൻ എസ് എസ് ക്യാമ്പിലുണ്ടായ അനുഭവങ്ങൾക്കെതിരെ എൻ എസ് എസിലെ ഉന്നതാധികാരികൾക്കു പരാതിയും കൊടുത്തതും പ്രോഗ്രാം ഓഫീസർമാരുടെ മീറ്റിംഗിൽ മിസ്സിന് വാർണിംഗ് കൊടുത്തതുമാണ് .ഇവർ കുറേ തവണ പറയുന്ന ഒരു വാക്കുണ്ട് ; എൻ എസ് എസ് കുടുംബം എന്നതാണത്. എന്നിട്ട് കുടുംബത്തിലുള്ള ഒരു അംഗത്തിനെ മർദ്ദിച്ചിട്ടും നിങ്ങൾ ഇല്ലന്നു പറയുമ്പോൾ നിങ്ങളുടെ കുടുംബസ്നേഹം അതിൽ നിന്നും വ്യക്തമാണ് .

സർ ,രാഷ്ട്രീയക്കാരൻറയും മറ്റും കുപ്പായം അഴിച്ച് വെച്ച് ഒരു യഥാർഥ എൻ എസ് എസ് പ്രോഗ്രാം ഓഫീസറുടേയോ അതുമല്ലെങ്കിൽ ധാർമ്മികതയുള്ള ഒരു അധ്യാപകന്റെയോ കുപ്പായമെത്തിട്ട് സ്വന്തം മനസ്സാക്ഷിയോട് ചോദിക്ക് ഇവിടെയുള്ള യാഥാർഥ്യങ്ങൾ.  ” മഹാരാജിസിലെ എൻ എസ് എസ് യൂണിറ്റ് എസ് എഫ് ഐ യുടെ റിക്രൂട്ട്മെന്റ് ഏജൻസിയാണെന്നുള്ളത് പരസ്യമായ രഹസ്യമാണ്”

Be the first to comment on "എൻഎസ്എസ് മറയാക്കി എസ്എഫ്ഐക്കാരുടെ റാഗിങ്ങ്. മഹാരാജാസ്  വിദ്യാർത്ഥിനി എഴുതുന്നു"

Leave a comment

Your email address will not be published.


*