ഡൽഹി യൂണിവേഴ്‌സിറ്റിയില്‍ സംഭവിക്കുന്നതെന്ത് ?

ഡൽഹി യൂണിവേഴ്‌സിറ്റിലെ രാംജാസ് കോളജ് ഇംഗ്ലീഷ് ഡിപ്പാർട്ടമെന്റ്, ഫെബ്രുവരി 21 ,22 തിയ്യതികളിലായി സംഘടിപ്പിച്ച ‘Cultures of Protest’ എന്ന അക്കാദമിക് സെമിനാറിന് നേരെയാണ് എബിവിപി അക്രമം അഴിച്ച് വിട്ടത്.

ജെഎന്‍യു വിദ്യാർത്ഥിനേതാവ് ഉമർ ഖാലിദിനെ സെമിനാറിൽ തന്റെ പിഎച്ച്ഡി ഗവേഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസാരിക്കാൻ ക്ഷണിച്ചതാണ് എബിവിപി യെ ചൊടിപ്പിച്ചത്. സംഘപരിവാരത്തിന്റെ ബ്രാഹ്മണിക്കൽ_ഹിന്ദുത്വ ദേശീയതക്കും അഖണ്ഡ ഭാരത സങ്കല്പങ്ങൾക്കും പുറത്തുള്ളവരെല്ലാം, തീവ്രവാദികളും മാവോയിസ്റ്റുകളും ആകുന്ന മോഡികാലത്ത് ഏത് അക്കാദമിക് സെമിനാറായാലും തങ്ങളുടെ സെന്‍ര്‍ഷിപ്പിന് ശേഷം മാത്രമേ സാധ്യമാകൂ എന്ന് തന്നെയാണ് നാഗ്പൂരിൽ നിന്ന് നേരിട്ട് നടപ്പാക്കുന്ന ശാസനകൾ പറയുന്നത്..

ഇരുപത്തൊന്നാം തീയ്യതി എബിവിപി ഭീഷണി ക്ക് വഴങ്ങി ഉമർ ഖാലിദിന്റെ സെഷന്‍ കാൻസൽ ചെയ്യേണ്ടി വന്നു സംഘാടകർക്ക്.എന്നിട്ടും മറ്റ് പാനലിസ്റ്റുകള്‍ സംസാരിച്ച് കൊണ്ടിരിക്കെ സെമിനാർ ഹാളിലേക്ക് കല്ലേറഭിഷേകം നടത്തി എബിവിപി പരിപാടി പൂർണമായും അലങ്കോലമാക്കി. തുടർന്ന് പോലീസ് സെമിനാർ ഹാൾ പുറത്ത് നിന്ന് പൂട്ടുകയും വിദ്യാർത്ഥികളെയും അധ്യാപകരെയും ബന്ധികളാക്കുകയും ചെയ്തു. ശേഷം പോലീസ് വലയത്തിൽ പുറത്തേക്ക് വന്ന വിദ്യാർത്ഥികൾക്ക് നേരെ കല്ലേറും ഹോക്കി സ്റ്റിക്കും കുറുവടികളും കൊണ്ടുള്ള മർദ്ദനങ്ങളും തുടർന്നു.

പിറ്റേ ദിവസം (22 ഫെബ്രുവരി ) ആക്രമണങ്ങൾക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാൻ എത്തിയ വിദ്യാർത്ഥികളെയും അധ്യാപകരെയും ഇതേ നാണയത്തിൽ തന്നെ എബിവിപി നേരിട്ടു. രാംജാസ് കോളേജിൽ നിന്ന് മോറിസ് നഗർ പോലീസ് സ്റ്റേഷൻ വരെ മാർച്ച് ചെയ്ത സമരക്കാർക്കെതിരെ അത്രയും ദൂരം അക്രമം തുടർന്നു. അധ്യാപകരയും, വിദ്യാർത്ഥികളെയും മാധ്യമ പ്രവർത്തകരെയും ഒരുപോലെ മര്‍ദ്ദിച്ചവശരാക്കി. കശ്മീരി വിദ്യാർത്ഥിയായ ബുർഹാൻ ഖുറേഷി, ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് അധ്യാപകനായ പ്രശാന്ത് ചക്രവർത്തി എന്നിവർ ഉൾപ്പെടെ പലർക്കും സാരമായി പരിക്കേറ്റു.

എന്നാൽ എബിവിപി ഭീകരതക്കെതിരെ എഫ്ഐആര്‍ രേഖപ്പെടുത്താൻ പോലീസ് തയ്യാറാകാത്തത് കൊണ്ട് വിദ്യാർത്ഥികൾ പോലീസ് സ്റ്റേഷന് മുന്നിൽ സമരം തുടർന്നു. വൈകീട്ട് അഞ്ച് മണിയോട് കൂടി വിദ്യാർത്ഥികൾക്ക് നേരെ പോലീസും എബിവിപിയും ചേർന്ന് ലാത്തിചാർജ്ജ് നടത്തി. വിദ്യാർത്ഥികളെ രണ്ട് ബസ്സുകളിലായി പിടിച്ചു നീക്കി.

രണ്ട് ദിവസമായി വല്ലാത്തൊരു ഭീകരാന്തരീക്ഷത്തിലാണ് യൂണിവേഴ്സിറ്റിയും പരിസരങ്ങളും. സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ഫോട്ടോകളും വീഡിയോകളും പകർത്തിയ എബിവിപി പ്രവർത്തകർ ഓരോരുത്തരെ ആയി ആക്രമിക്കും എന്ന തരത്തിലുള്ള സന്ദേശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.

എബിവിപി അക്രമണ പരമ്പരകൾക്കും, എഫ്ഐആര്‍ രേഖപ്പെടുത്താൻ തയ്യാറാവാത്ത പോലീസ് നടപടിക്കും എതിരെ DUTA (ഡൽഹി യൂണിവേഴ്സിറ്റി ടീച്ചേർഴ്‌സ് അസോസിയേഷൻ) ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് ഇന്ന് (23 feb) ജനകീയ പ്രതിഷേധ മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

റിപ്പോര്‍ട്ട് – കോയാലി
ജാമിഅ മില്ലിയ ഇസ്ലാമിയ നൃൂഡല്‍ഹി ബിരുദവിദൃാര്‍ത്ഥിയാണ് റിപ്പോര്‍ടര്‍

Be the first to comment on "ഡൽഹി യൂണിവേഴ്‌സിറ്റിയില്‍ സംഭവിക്കുന്നതെന്ത് ?"

Leave a comment

Your email address will not be published.


*