മലയാളത്തിൽ എത്ര സ്ത്രീപക്ഷ സിനിമകൾ ഇറങ്ങിയിട്ടുണ്ട്?

 Author : Naveen Nalini Mohanan

മലയാളത്തിൽ ഇന്നേവരെ എത്ര സ്ത്രീപക്ഷ സിനിമകൾ ഇറങ്ങിയിട്ടുണ്ട്? വിരലിലെണ്ണാവുന്ന ചിത്രങ്ങളെടുക്കുമ്പോൾ പോലും ചിലരെങ്കിലും ചോദിക്കും ‘അല്ലാ, ഈ സിനിമ എങ്ങനെ സ്ത്രീപക്ഷമാകും, ഇത് കട്ട സ്ത്രീവിരുദ്ധമല്ലേ…?’

അതായത്, എസ്രയിലെ നായിക അടിപ്പാവാടയും ബ്ലൗസും മാത്രം ധരിച്ച് കണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോൾ ചിലർ അതിനെ കാണുന്നത് ‘സ്ത്രീ ശരീരത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപന’മായിട്ടു തന്നെയാണ്. സ്ത്രീക്കെന്താ ഇങ്ങനെയൊക്കെ നിന്നൂടെ എന്നവർ ചോദിക്കും? എന്നാൽ മറ്റു ചിലരുടെ ചോദ്യം അതായിരിക്കില്ല: ‘സിനിമയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനായി ദാ നായികയെ പാവാടയും ബ്ലൗസുമിട്ട് നിർത്തിയിരിക്കുന്നു…’ എന്നാകും. സിനിമയിൽ സാഹചര്യങ്ങൾ ആവശ്യപ്പെടുന്നതാണ് ഇതെല്ലാം എന്ന് അഭിനേതാക്കളും സംവിധായകനും ഉൾപ്പെടെ പറയുന്നതും എത്രയോ തവണ കേട്ടിരിക്കുന്നു.

Image result for movies like rashomon

ക്രൂരയായ നായികയെ നായകൻ കൈവീശിയടിക്കുമ്പോൾ സ്ത്രീകൾ തന്നെ പറയുന്നത് കേട്ടിട്ടുണ്ട്– ‘അവൾക്ക് അതു തന്നെ കിട്ടണമെന്ന്…’ എന്നാൽ അതേ രംഗം കാണുന്ന വേറെ ചിലർ പറയും ‘ആ തല്ല് ആൺമേൽക്കോയ്മയുടെ അധീശത്വത്തെയല്ലേ കാണിക്കുന്നത്..എന്ന്. ബഹുജനം പലവിധം.

പറഞ്ഞത് ഇത്രയേയുള്ളൂ. സ്ത്രീപക്ഷം എന്താണ്, സ്ത്രീ വിരുദ്ധം എന്താണ് എന്ന് ഇന്നേവരെ ലോകസിനിമ തന്നെ define ചെയ്തിട്ടില്ല. ക്യാമറ കട്ട് പോലും പറയാതെ 10 മിനിറ്റ് ഒരു സ്ത്രീയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് ദേഹോപദ്രവമേൽപിക്കുന്ന രംഗമുള്ള ഒരു ഫ്രഞ്ച് സിനിമയുണ്ട്– Irréversible. 2002ലിറങ്ങിയ ഈ ചിത്രത്തെ ഒരു വിഭാഗം നിരൂപകർ വിമർശനത്തിന്റെ പടുകുഴിയിലേക്ക് ചവിട്ടിത്താഴ്ത്തിയതാണ്. പക്ഷേ മറുവിഭാഗം ഉദാത്ത സിനിമകളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയത്. അല്ലെങ്കിൽ സ്റ്റോക്കോം ചലച്ചിത്രമേളയിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെടില്ലായിരുന്നു. കാൻസിന്റെ സ്ക്രീനിങ് പട്ടികയുടെ ഏഴയലത്തു പോലും വരില്ലായിരുന്നു.

കാനിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ‘ബ്ലൂ ഈസ് ദ് വാമസ്റ്റ് കളറും’ ഇതുപോലെ ഒരുവിഭാഗത്തിന് സ്ത്രീശരീരത്തെ വിൽപനച്ചരക്കാക്കിയ ‘എ’ പടമാണ്. പക്ഷേ മറുവിഭാഗത്തിന് സ്ത്രീശാക്തീകരണ ചിത്രങ്ങളുടെ മുൻനിര പട്ടികയിലും. മലയാളത്തിൽ നിന്നുൾപ്പെടെ ഇനിയും കിട്ടും ആയിരക്കണക്കിന് ഉദാഹരണങ്ങൾ. സിനിമയാണിഷ്ടാ, ഒരോരുത്തരുടെയും ഇഷ്ടങ്ങൾ വ്യക്ത്യാധിഷ്ഠിതമാണ്.

‘റാഷമോണി’ലേതു പോലെ ഒരു കാര്യം പലകോണിൽ, പല മനസ്സുകളാൽ, പല കണ്ണുകളാൽ കാണുമ്പോൾ ഒരൊറ്റസീൻ തന്നെ പലവിധ അർഥങ്ങൾ കൈവരിക്കുന്നതു കാണാം.

I have been part of films that celebrated misogyny..I have mouthed lines that vilified regard for your self respect and I have taken a bow to the claps that ensued. NEVER AGAIN..never again will I let disrespect for women be celebrated in my movies!
ഇങ്ങനെയൊക്കെ എഴുതുമ്പോൾ സംഗതി സിനിമയാണെന്നോർക്കുക. ഇരുതലമൂർച്ചയുള്ള വാളാണത്. ഈ എഴുതിയതിന്റെയെല്ലാം പേരിൽ ഒരുപക്ഷേ ഭാവിയിൽ താങ്കൾക്ക് ഫെയ്സ്ബുക്കിൽതന്നെ പലർക്കും ഉത്തരം കൊടുക്കാനേ നേരം കാണൂ.

‘ശ്വാസകോശം സ്പോഞ്ച് പോലെയാണ്’ എന്ന പരസ്യം കൊടുത്തതിന്റെ പേരിൽ പുകവലി ഈ നാട്ടിൽ കുറഞ്ഞോ? കുറയില്ലെന്നത് സിനിമാലോകം ഇപ്പോഴും ആവർത്തിക്കുന്ന കാര്യമാണ്. അതുപോലെ സ്ത്രീവിരുദ്ധ സിനിമകളിൽ പൃഥ്വിരാജ് അഭിനയിക്കാതിരുന്നാൽ അത്തരം നീക്കങ്ങൾ ഇനിയില്ലാതാകുമോ? ഇല്ലാതാകട്ടെ എന്നു തന്നെയാണു പ്രാർഥന.

 

(സിനിമാ നിരൂപകനും മലയാള മനോരമയിലെ മാധ്യമപ്രവർത്തകനുമാണ് ലേഖകൻ.)

(ഫേസ്ബുക്കിലെ പ്രസക്തമായ കുറിപ്പുകൾ കൂടുതൽ ചർച്ചകൾക്കും വായനക്കുമായി എടുത്തു ചേർക്കുന്നതാണ്. അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം.)

Be the first to comment on "മലയാളത്തിൽ എത്ര സ്ത്രീപക്ഷ സിനിമകൾ ഇറങ്ങിയിട്ടുണ്ട്?"

Leave a comment

Your email address will not be published.


*