ഗൃഹാതുരതയുണർത്തി ഏദൻതോട്ടത്തിന്റെ ട്രെയിലർ

മലയാളിയുടെ നൊസ്റ്റാൾജിയ തൊട്ടുണർത്തുന്ന ട്രെയിലറുമായി ‘രാമന്റെ ഏദൻതോട്ടം’. ‘‘ലൈഫ്…ഇത്ര എക്സൈറ്റിങ്ങ് ആണോ’’ എന്നു ചോദിച്ചു തുടങ്ങുന്ന ട്രെയിലറിന്റെ കാഴ്ചകളിലേക്ക് പിന്നീട് പ്രണയവും പ്രകൃതിയും ഇഴചേർന്ന് കടന്നു വരുന്നുണ്ട്. ദൃശ്യങ്ങളോട് ചേർന്ന് നിൽക്കുന്ന സംഗീതം ട്രെയിലറിനെ കൂടുതൽ ആകർഷകമാക്കുന്നു. ‘ഈ പ്രകൃതിയിലലിഞ്ഞ് അപ്രത്യക്ഷമാവാൻ സാധിച്ചിരുന്നെങ്കിൽ…’ എന്ന മനോഹമായ വാചകത്തിന്റെ ദൃശ്യാവിഷ്കാരമായി മാറുന്നുണ്ട് ട്രെയിലർ.

പ്രേതത്തിനു ശേഷം രഞ്ജിത്ത് ശങ്കർ ഒരുക്കുന്ന ചിത്രത്തിൽ ഒരു റിസോർട്ട് ഉടമയായുടെ വേഷത്തിലാണ് കുഞ്ചാക്കോ ബോബനെത്തുന്നത്. പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന, മണ്ണിന്റെ മണമുള്ള ആ റിസോർട്ടിലേക്ക് അതിഥിയായി അനു സിതാരയുടെ നായികാ കഥാപാത്രമെത്തുന്നതും തുടർന്ന് അവർക്കിടയിൽ വളരുന്ന പ്രണയവുമാണ് സിനിമയുടെ പ്രമേയം. മനസ്സിനെ തൊട്ടുണർത്തുന്ന റൊമാന്റിക് കാഴ്ചകളോടൊപ്പം തന്നെ നർമവും ആകാംക്ഷയും ട്രെയിലർ കരുതിവയ്ക്കുന്നുണ്ട്. കുഞ്ചാക്കോ ബോബന്റെയും അനു സിതാരയുടെയും വസ്ത്രങ്ങളുടെ തെരഞ്ഞെടുപ്പ് പോലും ശ്രദ്ധേയമാണ്. അജു വർഗീസ്, രമേശ് പിഷാരടി, ജോജു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം ബിജിബാൽ, ഛായാഗ്രഹണം മധു നീലകണ്ഠൻ.

പ്രകൃതിയുടെ കാൽപനികതയും പ്രണയത്തിന്റെ അനുഭൂതിയും മനോഹരമായ വാചകങ്ങളുമുള്ള ട്രെയിലർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയിലർ കാണാം…

Be the first to comment on "ഗൃഹാതുരതയുണർത്തി ഏദൻതോട്ടത്തിന്റെ ട്രെയിലർ"

Leave a comment

Your email address will not be published.


*