‘സിനിമാസ്‌കോപ്പ്’ :രൂപേഷ് കുമാറിന്റെ നോവൽ പ്രകാശനം ഏപ്രിൽ പതിനാറിന്

ചലച്ചിത്ര പ്രവർത്തകനും ദളിത് അവകാശ പോരാട്ടങ്ങളിലെ സാന്നിധ്യവുമായ രൂപേഷ് കുമാറിന്റെ പ്രഥമ നോവൽ ‘സിനിമാസ്‌കോപ്പ്’ ഏപ്രിൽ പതിനാറിന് പുറത്തിറങ്ങുന്നു. 1980 കൾ മുതലുള്ള സിനിമകളുമായി ബന്ധപ്പെട്ട കാഴ്ച്ചാനുഭവങ്ങളാണ് നോവലിന്റെ ഇതിവൃത്തം. ഏപ്രിൽ പതിനാറിന് കോഴിക്കോട് സ്പോർട്സ് കൗൺസിൽ ഹാളിൽ വെച്ച് പ്രമുഖ ചലച്ചിത്രതാരം മാമുക്കോയ പുതുമുഖ സിനിമാ നടൻ മുരുകൻ മാര്ട്ടിന് നൽകി പുസ്തകം പ്രകാശനം ചെയ്യും.

ആമി ബുക്‌സ് വടകരയാണ് പ്രസാധകർ. ഇവി അനിൽ ചടങ്ങിൽ പുസ്തകം അവതരിപ്പിക്കും. പുസ്തകം വിശകലനം ചെയ്‌ത്‌ സംസാരിക്കുന്നത് ആനന്ദൻ പി ആണ്.

” ആത്മകഥാംശങ്ങൾ ഉള്ള ഒരു നോവല്‍ കൂടിയാണിത് . 1977-ലാണ് ഞാന്‍ ജനിച്ചത്. 1980-കള്‍ മുതലൊക്കെയാണ് ഞാൻ സിനിമ കണ്ട് തുടങ്ങുന്നത്. അവയുമായി ബന്ധപ്പെട്ട എന്റെ സിനിമാനുഭവങ്ങളാണ് നോവലിൽ ചിത്രീകരിച്ചത്. സിനിമ കണ്ട് വളരുകയും , സിനിമയില്‍ ജീവിക്കുകയും ചെയ്‌ത അപരങ്ങളായ സമൂഹങ്ങളുടെ ജീവിതങ്ങള്‍ ചിത്രീകരിക്കപ്പെടുന്ന ഒരു രാഷ്ട്രീയം നോവലിൽ കാണാം ” രൂപേഷ് കുമാർ മക്തൂബ് മീഡിയ പ്രതിനിധിയോട് പറഞ്ഞു.

17884156_10154882705064667_2289760932086250141_n

” ‘സിനിമാസ്‌കോപ്പ്’ എന്ന രൂപേഷ് കുമാറിന്റെ നോവല്‍, ചരിത്രത്തില്‍ അക്ഷരങ്ങള്‍ നിരത്തുകയാണ്. സമാനതകളില്ലാത്ത കാര്‍ഷിക അടിമജീവിതം പേറിയ കണ്ണൂരിലെ സവിശേഷ ദേശഭൂമികയില്‍ നിന്നാണ് ‘സിനിമാസ്‌കോപ്പ്’ പിറവി എടുത്തിരിക്കുന്നത്. അടിമജീവിതത്തിന്റെ ചൂരലും ചാട്ടവാറും ഏറ്റുവാങ്ങി കോശങ്ങള്‍ ചതഞ്ഞു ചോരയും ചലവും നിറച്ച് സ്വയം ചീഞ്ഞളിഞ്ഞവര്‍ രൂപേഷ് കുമാറിന്റെ പൂര്‍വ്വികരായിരുന്നു. അവര്‍ ചുമലില്‍ നുകം വെച്ചു നിലം കീറിയിട്ടു. എക്കല്‍ ചതുപ്പിന്റെ ചളിക്കൊഴുപ്പില്‍ താണൊടുങ്ങി. സ്വന്തം ഭൂതകാലത്തെ രാഷ്ട്രീയമായി തിരിച്ചറിയുന്ന രൂപേഷ് സ്വന്തം തിരക്കഥയെ വേഷംമാറ്റിയെടുക്കുന്ന ഈ നോവല്‍, തിരിച്ചറിവിന്റെ തീപ്പൊള്ളല്‍ തന്നെയാണ്. ആത്മാഖ്യാനത്തിനും ഫിക്ഷനുമിടയിലെ സാമ്പ്രദായിക സങ്കേതങ്ങളെ പോളിച്ചടുക്കിക്കൊണ്ടാണ് രൂപേഷ് എഴുത്തിന്റെ നിലയും നിലപാടും രൂപകല്പന ചെയ്യുന്നത്. ” ആനന്ദൻ പി അവതാരികയിൽ എഴുതുന്നു

ഡോണ്ട് ബീ അവർ ഫാദേഴ്‌സ് എന്ന ഡോക്യുമെന്ററിയുടെ സംവിധായകനായ രൂപേഷ് കുമാർ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങീൽ സ്വദേശിയാണ്. ആനുകാലികങ്ങളിൽ ചലച്ചിത്രരംഗത്തെ ദളിത് കീഴാള സാന്നിധ്യങ്ങളെ കുറിച്ച് നിരന്തരം എഴുതാറുണ്ട്.

300 രൂപയാണ് പുസ്തകത്തിന്റെ മുഖവില. മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് 200 രൂപക്ക് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9020152025

Be the first to comment on "‘സിനിമാസ്‌കോപ്പ്’ :രൂപേഷ് കുമാറിന്റെ നോവൽ പ്രകാശനം ഏപ്രിൽ പതിനാറിന്"

Leave a comment

Your email address will not be published.


*