അച്ചടക്കമുള്ള ഇഷ്ടങ്ങളാവാന്‍.. [കവിത]

സദാചാരം

ജിപ്സ പുതുപ്പണം

ഇഷ്ടത്തിന്റെ ഒരു കടൽ വെള്ളം
നെഞ്ചിലുണ്ടായിട്ടും
ഒടുക്കം വരേക്കും
ഒന്നു തൊടാതെ തന്നെ
പെയ്ത് തോരുന്നു
അടുത്തടുത്തുള്ള
രണ്ട് മഴത്തുള്ളികൾ..
നമ്മുടെ കണ്ണിൽ
അച്ചടക്കമുള്ള ഇഷ്ടങ്ങളാവാൻ
നേർത്ത് നേർത്ത
നേർവരകളിൽ
മാത്രം നടക്കാൻ
അവരെത്ര
പണിപ്പെട്ട് കാണണം?
ഒക്കെയും ചിതറിത്തെറിപ്പിക്കാൻ
ഒടുക്കം വന്നൊരു
കാറ്റിന്റെ വെല്ലുവിളി
നമ്മളോടാണെന്നു വല്ലതും
നമ്മളറിയുന്നുണ്ടോ?
ഇഷ്ടത്തിന്റെ ഒരു ചാഞ്ഞു വീശലിൽ
ചിമ്മാനം കൊണ്ടൊരു ചുംബനം
കൈ മാറി
ഇറയത്ത് കയറുന്നു
മഴയെന്ന് പേരിട്ട
ആത്മാവിന്റെ ആകാശക്കുട്ടികൾ….

വടകര പുതുപ്പണം സ്വദേശിയായ ജിപ്സ സോഷ്യല്‍മീഡിയയിലും വിവിധ ആനുകാലികങ്ങളിലും എഴുതാറുണ്ട്

Be the first to comment on "അച്ചടക്കമുള്ള ഇഷ്ടങ്ങളാവാന്‍.. [കവിത]"

Leave a comment

Your email address will not be published.


*