‘ഞാന്‍ ഒന്നുമില്ലായ്മയില്‍ നിന്നും വന്നവന്‍’. ഡാനിയുടെ ജീവിതകഥ

ബ്രസീലിയന്‍ ഫുട്ബോള്‍ താരം ഡാനി ആല്‍വെസിന്റെ ജീവിതകഥയിലെ തീക്ഷ്ണവും വായനക്കാരെ കണ്ണീരണിയിക്കുന്നതുമായ അനുഭവങ്ങള്‍. തന്റെ ജീവിതാനുഭവങ്ങള്‍ ഡാനി പങ്കുവെക്കുന്നു. ഫേസ്ബുക്കില്‍ Cules of Kerala എന്ന പേജില്‍ പബ്ലിഷ് ചെയ്തത് പുനപ്രസിദ്ധീകരിക്കുന്നു

” ഓരോ മത്സരങ്ങൾക്കും തൊട്ടുമുൻപ്, ഞാൻ സ്ഥിരമായി ചെയ്യുന്ന ഒരു കാര്യമുണ്ട്. ഞാൻ ഒരു കണ്ണാടിക്ക് മുൻപിൽ നിൽക്കും. എന്റെ മനസ്സിൽ നിന്നും മറ്റെല്ലാം മായ്ച്ചു കളയും . പിന്നെ എന്റെ മനസ്സിൽ പതിയെ ഒരു ചലച്ചിത്രം ആരംഭിക്കും. എന്റെ ജീവിതത്തിന്റെ സിനിമ.

” ആദ്യ സീനിൽ എനിക്ക് പത്തു വയസാണ് . ബ്രസീലിലെ വാസെയ്‌റോയിലെ എന്റെ വീട്ടിലെ കോൺക്രീറ്റ് കട്ടിലിൽ കിടക്കുകയാണ് ഞാൻ. നനഞ്ഞ മണ്ണിന്റെ ഗന്ധമാണ് ആ വീടിന് . പുറത്തു അപ്പോഴും ഇരുട്ടാണ്, നേരം അഞ്ചു മണി കഴിഞ്ഞു, സൂര്യൻ ഉദിച്ചിട്ടില്ല, പക്ഷെ എനിക്ക് എഴുന്നേൽക്കണം. സ്‌കൂളിൽ പോകുന്നതിനു മുൻപ് എനിക്ക് അച്ഛനെ കൃഷിയിൽ സഹായിക്കണം.

ഞാനും എന്റെ സഹോദരനും കൃഷിയിടത്തിൽ എത്തുമ്പോൾ അച്ഛൻ അവിടെ പണിയെടുക്കുന്നുണ്ടാകും. അദ്ദേഹത്തിന്റെ പുറത്തു ഒരു വലിയ ടാങ്കിൽ കൃഷിയിടത്തിൽ തളിക്കേണ്ട കീടനാശിനിയുണ്ടാകും. അത് തളിച്ചു കീടങ്ങളെ തുരത്തുകയാണ് അദ്ദേഹം. അത് കൈകാര്യം ചെയ്യാൻ പക്വതയില്ലാത്തതു കൊണ്ടാകണം, അത് ഉപയോഗിക്കാൻ ഞങ്ങൾക്ക് അനുമതി ഉണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹത്തെ ഞങ്ങൾ സഹായിച്ചിരുന്നു. ഫാമിൽ മണിക്കൂറുകളോളം ഞാനും എന്റെ സഹോദരനും മത്സരിച്ചു പണിയെടുക്കും. കാരണം ആരാണോ ഏറ്റവും അധികം പണിയെടുക്കുന്നത് അവർക്കാണ് അന്ന് അച്ഛന്റെ സൈക്കിളിൽ സ്‌കൂളിൽ പോകാൻ അർഹതയുള്ളത്. എനിക്ക് ഒരു ദിവസം സൈക്കിൾ ലഭിച്ചില്ലെങ്കിൽ വളരെ ബുദ്ധിമുട്ടാണ്, 12 മൈലുകൾക്ക് അപ്പുറത്തുള്ള സ്‌കൂളിലേക്ക് നടന്ന് പോകേണ്ടി വരും. തിരികെ വരുന്നതാണ് ഏറ്റവും കഷ്ട്ടം, എന്റെ അയൽവക്കങ്ങളിലെ കൂട്ടുകാർ ഞാനെത്തും മുൻപ് കളി തുടങ്ങിയിട്ടുണ്ടാകും. അതില്ലാതിരിക്കാൻ 12 മൈൽ എനിക്ക് ഓടണം. ഓടി നേരെ കളിക്കാനും കയറണം. ഇനി സൈക്കിൾ ലഭിച്ചാലോ, സുഖമായി പോയി വരാം . പോകുമ്പോൽ ഏതെങ്കിലും ഒരു പെൺകുട്ടിയെ കയറ്റി കൊണ്ടുപോവുകയും ചെയ്യാം.

സ്‌കൂളിൽ പോകുമ്പോൾ ഞാൻ എന്റെ അച്ഛനെ നോക്കും. അപ്പോഴും അദ്ദേഹത്തിന്റെ പുറത്തു ആ വലിയ ടാങ്ക് ഉണ്ടാകും.ആ ദിവസം മുഴുവൻ അദ്ദേഹത്തിന് ആ ജോലി ചെയ്യണം. രാത്രി അദ്ദേഹം നടത്തുന്ന ബാറിൽ പോകണം. അത് വഴി കുറച്ചു പൈസ സമ്പാദിക്കാം. ചെറുപ്പത്തിൽ അച്ഛൻ മികച്ച ഒരു കളിക്കാരനായിരുന്നു. പക്ഷെ ദാരിദ്ര്യം മൂലം അദ്ദേഹത്തിന് അതിൽ മുന്നേറാനായില്ല. പക്ഷെ എന്നെ ഒരു കളിക്കാരനാക്കണമെന്ന് അദ്ദേഹത്തിന് വലിയ ആഗ്രഹമായിരുന്നു. അത് ഇനി മരിച്ചിട്ടാണെങ്കിലും.

ഇപ്പോൾ എന്റെ അച്ഛൻ എന്നെ കാറിൽ ടൗണിലേക്ക് കൊണ്ടുപോവുകയാണ്, അകത്തു പുകമണം അടിക്കുന്ന വളരെ പതിയെ ഓടുന്ന രണ്ട് ഗിയർ മാത്രം ഉള്ള കാർ. എനിക്ക് ഇപ്പോൾ 13 വയസ്സ്. വീട്ടിൽ നിന്നും അകലെ, നൂറുകണക്കിന് കുട്ടികൾ തിങ്ങി പാർക്കുന്ന ഒരു അക്കാദമിയിലാണ് ഞാൻ. ഒരു ജയിൽ പോലെ. ഇങ്ങോട്ട് വരുന്നതിനു മുൻപ് എനിക്കായി ഒരു പുതിയ ട്രെയിനിങ് കിറ്റ് അച്ഛൻ വാങ്ങിച്ചിരുന്നു . കാരണം എന്റെ കയ്യിൽ അത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യ ദിവസത്തെ പരിശീലനത്തിന് ശേഷം ഉണക്കാനിട്ട ജേഴ്‌സി, പിറ്റേ ദിവസത്തെ പ്രഭാതത്തിൽ അപ്രത്യക്ഷമായിരിക്കുന്നു. ആരോ മോഷ്ടിച്ചു. ഞാൻ എന്റെ പഴയ ഫാം ഹൗസിൽ അല്ല എന്ന് എനിക്ക് അപ്പോഴാണ് മനസിലായത്. ഇതാണ് ലോകം, യഥാർത്ഥ ലോകം, കാരണം യഥാർത്ഥ ലോകം പലപ്പോഴും മ്ലേച്ചമാണ്‌. വല്ലാതെ വിശക്കുന്നുമുണ്ട്. കഠിനമായ പരിശീലനം, പക്ഷെ ഇത്രയും കുട്ടികൾക്ക് ആവിശ്യമായ ഭക്ഷണം അവിടെ ലഭ്യമായിരുന്നില്ല.

വിശപ്പ്, വീട്ടിൽ നിന്നും അകന്നു നിൽക്കുന്ന വിഷമം, മോഷണം പോയ വസ്ത്രം, അത്ര മെച്ചമില്ലാത്ത കളി , ഞാൻ ആകെ തളർന്നു പോയിരുന്നു. പക്ഷെ ഞാൻ ഉറച്ച ഒരു തീരുമാനം എടുത്തു. ഞാൻ എന്നോട് പറഞ്ഞു, ” എന്റെ അച്ഛൻ എന്നെക്കുറിച്ചു ഓർത്തു അഭിമാനിക്കുന്ന നിമിഷം വരെ ഞാൻ തിരികെ പോകില്ല. ഒരു പക്ഷെ മികവിൽ 100 ൽ 51 ആയിരിക്കാം എന്റെ സ്ഥാനം. പക്ഷെ ഞാൻ ഒന്നാം നമ്പർ തന്നെയാകും. ഞാൻ ഒരു പോരാളിയാകും. ഞാൻ തിരികെ വീട്ടിലേക്കില്ല. എന്തൊക്കെ സംഭവിച്ചാലും.”

സ്‌ക്രീനിൽ സിനിമ തുടരുന്നു.

എനിക്ക് ഇപ്പോൾ 18 വയസ്സ് . ബ്രസീലിയൻ ലീഗിൽ ഞാൻ ബാഹിയക്ക് വേണ്ടി കളിക്കുന്നു. ഒരു വലിയ സ്‌കൗട്ട് എന്റെ അടുക്കൽ വന്നു പറഞ്ഞു, സെവിയ്യക്ക് നിങ്ങളെ സൈൻ ചെയ്താൽ കൊള്ളാമെന്നുണ്ട്. ഞാൻ പറഞ്ഞു , സെവിയ്യ ?അമേസിംഗ് .. സ്‌കൗട്ട് ചോദിച്ചു, നിങ്ങൾക്കറിയാമോ അത് എവിടെയാണെന്ന്.? ഞാൻ പറഞ്ഞു, തീർച്ചയായും, എനിക്കറിയാം സെവിയ്യ, എനിക്ക് വളരെ ഇഷ്ട്ടമാണ്.

സത്യത്തിൽ എനിക്കറിയില്ല അതെവിടെയാണെന്നു. പക്ഷെ ആ സ്‌കൗട്ടിനു വന്നയാളുടെ മുഖഭാവത്തിൽ നിന്നും അതൊരു വലിയ കാര്യമാണെന്ന് എനിക്ക് തോന്നിയിരുന്നു.അത് കൊണ്ട് ഞാൻ കള്ളം പറഞ്ഞു. അൽപ്പ ദിവസങ്ങൾക്ക് ശേഷം ഞാൻ പതിയെ സെവിയ്യയെ കുറിച്ച് അന്വേഷിച്ചു. അങ്ങനെയാണ് അറിഞ്ഞത് അവർ ബാഴ്‍സക്കെതിരെയും റയൽ മാഡ്രിഡിനെതിരെയും ഒക്കെ കളിക്കുന്ന ടീം ആണെന്ന്. ഞാൻ പറഞ്ഞു ” അഗോറ ” പോർച്ചുഗീസിലുള്ള ആ വാക്കിന്റെ അർഥം, ” എന്നാൽ അങ്ങോട്ട് തുടങ്ങാം. ”

ഞാനിപ്പോൾ സെവിയ്യയിലാണ് എന്റെ ജീവിതത്തിൽ വളരെ ബുദ്ധിമുട്ടിയ കുറച്ചു ദിവസങ്ങൾ. എനിക്ക് ഭാഷയറിയില്ല, ശൈലിയറിയില്ല, കോച് എന്നെ കളിപ്പിക്കുന്നുമില്ല . തിരികെ പോയാലോ എന്ന് ആദ്യമായി ചിന്തിച്ച ദിവസങ്ങൾ. പക്ഷെ ഞാൻ എന്റെ അച്ഛനെ ഓർത്തു, അദ്ദേഹത്തിന്റെ പിന്നിൽ ഉള്ള ഭാരമേറിയ ടാങ്കിനെ കുറിച്ച് ഓർത്തു, അദ്ദേഹം എനിക്ക് വാങ്ങിച്ചു തന്ന കിറ്റിനെ കുറിച്ച് ഓർത്തു. അപ്പോൾ ഞാൻ തീരുമാനിച്ചു, ഞാൻ ഇവിടെ തന്നെ തുടരും, ഭാഷ ഞാൻ പഠിക്കും, കുറച്ചു സുഹൃത്തുക്കളെ ഞാൻ ഉണ്ടാകും, ഒന്നുമില്ലെങ്കിലും എങ്ങാനും തിരികെ ബ്രസീലിൽ പോയാൽ, എനിക്ക് പങ്കുവെക്കാൻ ചില കഥകൾ ഉണ്ടാകുമല്ലോ.

സീസൺ തുടങ്ങിയപ്പോൾ കോച് നിർദേശം തന്നു .” ഇവിടെ സെവിയ്യയിൽ ഡിഫൻഡേഴ്‌സ് ആരും തന്നെ മൈതാനത്തിന്റെ പാതിക്കപ്പുറം പോകരുത്. ഒരിക്കലും”. ആദ്യ മത്സരങ്ങളിൽ ഞാൻ ഒരു ഐഡിയയും ഇല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും പന്ത് തട്ടുകയായിരുന്നു. ആ മൈതാന മധ്യത്തെ വര നോക്കിക്കൊണ്ട്. പക്ഷെ ഒരു മത്സരത്തിൽ ഞാൻ വീണ്ടും ഞാനായി മാറാൻ നോക്കി. ഞാൻ പറഞ്ഞു ” അഘോറാ ” അറ്റാക്ക് അറ്റാക്ക് അറ്റാക്ക്. ഒരു മാജിക് പോലെയായിരുന്നു അത്. അതോടെ കോച് പറഞ്ഞു, ഓക്കേ ഡാനി, പുതിയ ഒരു പ്ലാൻ. സെവിയ്യയിൽ നിനക്ക് അറ്റാക്ക് ചെയ്തു കളിക്കാം. കേവലം കുറച്ചു സീസണുകൾക്കൊടുവിൽ തരംതാഴ്ത്തൽ ഭീഷണിയിൽ നിന്നിരുന്ന ഞങ്ങൾ രണ്ടു വട്ടം യുവേഫ ചാമ്പ്യന്മാരായി.

എന്റെ ഫോൺ ബെല്ലടിക്കുന്നു. എന്റെ ഏജന്റാണ്. അയാൾ പറഞ്ഞു, : ഡാനി, ബാഴ്‌സക്ക് നിന്നിൽ താല്പര്യം ഉണ്ട്. ഇക്കുറി എനിക്ക് കള്ളം പറയേണ്ടി വന്നില്ല. ബാഴ്‌സ എവിടെയാണെന്ന് എനിക്ക് അറിയാമായിരുന്നു. ”

ഇതാണ് എന്റെ മനസ്സിൽ ഓരോ മത്സരത്തിന് മുൻപും തെളിയുന്ന ചലച്ചിത്രം. അവസാനം ഞാൻ തിരികെ ഡ്രസിങ് റൂമിലേക്ക് നടക്കും. അപ്പോൾ ഞാൻ എന്നോട് തന്നെ പറയും, ” ഞാൻ ഒന്നുമില്ലായ്മയിൽ നിന്നും വന്നവനാണ്, ഇപ്പോൾ ഞാൻ ഇവിടെയാണ്. യാഥാർഥ്യമല്ലെന്നു തോന്നാം, എനിക്ക് പതിനെട്ട് വയസ്സുള്ളപ്പോൾ ബാഴ്‍സക്കെതിരെ കളിക്കുന്ന ടീമിന് വേണ്ടി കളിക്കാൻ കടൽ കടന്നവനാണ് ഞാൻ. പിന്നെ ബാഴ്‌സക്ക് വേണ്ടിയും. അത്ഭുദം തന്നെയാണത്.

നിങ്ങൾ ഓർക്കുന്നുണ്ടോ ബ്രസീലിലെ ആ അക്കാദമിയിൽ വെച്ച് ഞാൻ എന്നോട് തന്നെ പറഞ്ഞ വാക്കുകൾ. ? എന്റെ അച്ഛൻ എന്നെ കുറിച്ച ഓർത്തു അഭിമാനിക്കും വരെ ഞാൻ വിട്ടു കൊടുക്കില്ല എന്ന് പറഞ്ഞത്. ? എന്റെ അച്ഛൻ അത്ര ഇമോഷണൽ ആയ വ്യക്തിയല്ല. ഞാൻ എപ്പോഴെങ്കിലും അദ്ദേഹത്തെ സംതൃപ്തനാക്കിയിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ കരിയറിലെ ഒട്ടു മിക്ക സമയത്തും അദ്ദേഹം ബ്രസീലിലെ വീട്ടിലായിരുന്നു. പക്ഷെ 2015 ൽ ബെർലിനിലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം കാണാൻ അദ്ദേഹം ആദ്യമായി വന്നു. മത്സരശേഷം ബാഴ്‌സ , കളിക്കാർക്കും കുടുംബാംഗങ്ങൾക്കും വേണ്ടി ഒരു സ്‌പെഷൽ പാർട്ടി നടത്തിയിരുന്നു. നമ്മളെ ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്തിയവർക്ക് , ആ കൈകളിലേക്ക് നമുക്ക് ട്രോഫി നൽകാൻ അവസരം തന്നു. അച്ഛന്റെ കൈകളിലേക്ക് ആ ട്രോഫി നൽകി ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ അദ്ദേഹം പറഞ്ഞു ” എന്റെ മകൻ ഒരു ആണാണ് ” അതും പറഞ്ഞു അദ്ദേഹം ഒരു കൊച്ചു കുഞ്ഞിനെ പോലെ കരയുകയായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായിരുന്നു അത്. ”

Be the first to comment on "‘ഞാന്‍ ഒന്നുമില്ലായ്മയില്‍ നിന്നും വന്നവന്‍’. ഡാനിയുടെ ജീവിതകഥ"

Leave a comment

Your email address will not be published.


*