ഗോവിന്ദപുരത്തെ അയിത്തം . ഇന്നാട്ടിൽ ജാതിയില്ലെന്നു ഉദ്‌ഘോഷിക്കുന്നവരോട്..

രൂപേഷ് കുമാർ

പാലക്കാട്‌ ജില്ലയിലെ മുതലമട പഞ്ചായത്തിലെ ഗോവിന്ദപുരം കോളനിയിലെ ചക്ളിയ വിഭാഗം നേരിട്ട ജാതി അയിത്തം വലിയ വാർത്ത എന്ന രീതിയിലാണ് ഓണലൈന്‍/പരമ്പര മാധ്യമങ്ങള്‍ എഴുതി ഞെട്ടിയത്. ചില ഓൺലൈൻ സൈറ്റുകള്‍ “കേരളത്തിലും ജാതി” എന്ന യെമാണ്ടന്‍ ടൈറ്റിലുകളും എഴുതി. ചില മുഖ്യധാര മാധ്യമ പ്രവര്ത്തകരുടെ ഫെസ്ബൂക് സ്റ്റാറ്റസുകളിലൊക്കെ ജാതി എന്നത് ബി ജെ പി ക്കാരുടെ മാത്രം ഓപ്പറേഷന്‍ ആണെന്ന് സ്വയം എഴുതി ഒരു പുരോഗമനവാദരക്ഷപ്പെടലുകളും നടത്തി. ഇതൊന്നും കേരളത്തില്‍ നടക്കില്ല, ആ കോളനി തമിഴ്‌നാടോ തമിഴ്‌നാടന്‍ അതിർത്തിയോ ആയതു കൊണ്ടാണ് ഈ ജാതി അയിത്തം നില നിൽക്കുന്നതെന്ന തിയറികള്‍ വരെ ഉണ്ടായി. കേരളം അങ്ങനെ കേരളത്തില്‍ ഒരു സമൂഹത്തിനെ വേർതിരിച്ച സാമൂഹിക വിപത്തില്‍ തങ്ങളൊന്നുമറിഞ്ഞിരുന്നില്ലേ , ഇത് ഞങ്ങളുടെ കേരളം അല്ലേ എന്ന് കൈ കഴുകി.  ഒട്ടും തന്നെ ജാതി വിമുക്തമല്ല കേരളം.

നാഴികക്ക് നാൽപത് വട്ടം നവോഥാന കേരളം , നവോഥാന കേരളം എന്ന് ഗീർവാണമടിക്കുന്ന കേരളത്തില്‍ തന്നെ ആണ് ചിത്രലേഖ എന്ന ഒരു ഓട്ടോ ഡ്രൈവര്‍ ഒരു പുലയ യുവതി ആയതു കൊണ്ട് കഴിഞ്ഞ പതിനഞ്ചു വർഷത്തോളം ആയി കണ്ണൂരില്‍ സി പി എം എന്ന ഒരു പാർട്ടിയുടെ അക്രമങ്ങൾക്കും ജാതീയ അധിക്ഷേപങ്ങൾക്കുമെതിരെ പോരടിക്കാന്‍ തുടങ്ങിയിട്ട്. ഇതേ കേരളത്തില്‍ തന്നെ ആണ് പേരാമ്പ്ര എന്ന സ്ഥലത്ത് ഒരു പൊതു വിദ്യാലയത്തില്‍ ദളിത്‌ കുട്ടികള്‍ പഠിക്കുന്നിടത്തേക്ക് ‘ഉയർന്ന ’ ജാതി മാഷമ്മാര്‍ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാതിരിക്കുന്നത്. ഇതേ കേരളത്തിലാണ് മലപ്പുറത്ത് മഞ്ചേരിക്കടുത്തുള്ള ഊതാലക്കാണ്ടി എന്ന ഒരു സ്ഥലത്തെ അംഗനവാടിയില്‍ പ്ലസ് ടു അധ്യാപകനായ ഒരാള്‍ തന്റെ കുട്ടിയെ ദളിത്‌ പിഞ്ചു കുഞ്ഞുങ്ങളുടെ കൂടെ പെരുമാറുന്നത് കൊണ്ട് വിടാത്തത്‌. അന്ന് ഒരു ഡോക്യൂമെന്ററിയുമായി ബന്ധപ്പെട്ടു അവിടത്തെ ഇടതു പക്ഷ രാഷ്ട്രീയക്കാരോടക്കം അതിനെ പറ്റി ചോദിച്ചപ്പോള്‍ ‘അത് ഇംഗ്ലീഷ് മീഡിയയത്തിന്റെ അതി പ്രസരം ആണെന്നാണ് ‘ പറഞ്ഞത്.

ഇതേ കേരളത്തില്‍ ആണ് ജിഷ എന്നാ ദളിത്‌ പെൺകുട്ടി ക്രൂരയായി കൊല്ലപ്പെട്ടപ്പോള്‍ അവരുടെ അമ്മയുടെ ജാര ബന്ധം കേരളം അന്വേഷിച്ചത്. ഇതേ കേരളത്തിലാണ് ജിഷക്ക് വേണ്ടി ദളിത്‌ സംഘടനകള്‍ ഒരു ഹര്ത്താല്‍ നടത്തിയപ്പോള്‍ “ഊര് പേരും ഇല്ലാത്തവർ ഹർത്താൽ നടത്തിയാല്‍ പിന്തുണക്കാൻ വയ്യ ” എന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി ഉരിയാടിയത്‌. അതെ പാർട്ടി സെക്രട്ടറി ആയ കോടിയേരി കേരളത്തിന്റെ ആഭ്യന്തര മന്ത്രി ആയപ്പോളാണ് ഡി എച് ആര്‍ എം എന്ന സാമൂഹിക സംഘടനയെ തീവ്രവാദ സംഘടന ആയി തീരുമാനിക്കപ്പെട്ടത്. ഇതേ കേരളത്തിലാണ് നാഴികക്ക് നാല്പതു വട്ടം വിപ്ലവം വിളിച്ചു പറയുന്ന ജോയ് മാത്യു സിനിമക്കാരനെതിരെ ഡോക്ടര്‍ ബിജു തന്നെ ജാതി വിളിച്ചാക്ഷേപിയ്ച്ചൂ എന്ന പരാതി നൽകിയത് . അങ്ങനെ കേരളത്തിലെ ജാതിയുടെ ലിസ്റ്റ് എടുത്താല്‍ പണ്ട് മമ്മൂട്ടി ഒരു സിനിമയില്‍ പറഞ്ഞ പോലെ, ‘ഇനിയും അങ്ങോട്ട്‌ ഓരോരുത്തരും പറഞ്ഞു തുടങ്ങിയാല്‍ നാവു പോലും പുഴുക്കും’. സൊ …ലെറ്റ് സ് ഡോണ്‍ ഡെൽവ് ഇൻടു ദി ഡീറ്റെയിൽസ് ”…

ഗോവിന്ദപുരം കോളനിയിലെ അയിത്തം, അതിനു ശേഷമുള്ള വാർത്ത ‍, കേരളത്തിന്റെ പ്രതികരണങ്ങള്‍ ..എങ്ങനെയാണെന്ന് പരിശോധിച്ചാല്‍ വളരെ രസകരമായ ചില സംഗതികള്‍ തിരിച്ചറിയാന്‍ കഴിയും. കേരളം വളരെ സുഖകരമായി , അതിനെ അങ്ങോട്ട്‌ തള്ളി മാറ്റി. കേരളത്തില്‍ ഇതൊന്നും നടക്കില്ല എന്ന് പറയുമ്പോള്‍ ആ പറച്ചിലില്‍ തന്നെ വളരെ കൃത്യമായ ചില അടിവരയിടലുകള്‍ ഉണ്ട്. ഇവിടെ ആരൊക്കെയോ ചേർന്ന് ഒരു പുരോഗമന കേരളം സൃഷ്ടിച്ചിട്ടുണ്ടെന്നും അവിടെ നിരന്തരം ജാതി പറഞ്ഞു ആലോസരപ്പെടുത്തരുത് എന്ന ഒരു ടോണ്‍. ആ ടോണിനോട് കേരളത്തില്‍ നിരന്തരം ജാതി അധിക്ഷേപം നേരിടുന്ന വിവിധ ദളിത്‌ ആദിവാസി സമൂഹങ്ങൾക്ക് പച്ചക്ക് ഇങ്ങനെയേ പറയാനുള്ളൂ.”ഒന്ന് പോയെപ്പ…ഇങ്ങളെ ഒരു ഓഞ്ഞ കേരളം”. നിങ്ങളുടെ ഈ കേരള ദേശീയത ഒന്നും ഇവിടെ അടിച്ചമർത്തപ്പെട്ട വിവിധ ജാതി സമൂഹങ്ങൾക്ക് പ്രശ്നമല്ല. അതൊരു കളവായത് കൊണ്ട് തന്നെ ദേശ രാഷ്ട്രീയത്തില്‍ ഈ കേരളത്തില്‍ ഒതുങ്ങുന്നതല്ല, കേരളം അയിത്തം കല്പിച്ച വിവിധ സമൂഹങ്ങള്‍. അതോണ്ട് കേരളം എന്ന കിരീടവും ചെങ്കോലും.. അത് നിങ്ങടെ മാത്രം പുരപ്പുരത്തെ കോണകം ആയാല്‍ മതി.

കഴിഞ്ഞ മാസം ഒരു ഈഴവ യുവാവ് ചക്ലിയ യുവതിയെ വിവാഹം ചെയ്തതുമായ ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. സി പി എം എന്ന പാർട്ടിയിൽ തങ്ങൾക്കു നീതി കിട്ടില്ലെന്ന് മനസ്സിലായ ചക്ലിയ സമുദായത്തില്‍ പെട്ട സെന്തില്‍ എന്ന യുവാവ് പാർട്ടി വിട്ടു. തുടർന്ന് സെന്തിളിനോട് പാർട്ടിയും ഭരണകൂടവും പക വീട്ടിയത്. കഞ്ചാവ് വേട്ട എന്ന രീതിയില്‍ സെന്തിലിന്റെ വീട് എക്‌സൈസുകാരെ ക്കൊണ്ട് റെയിഡ് ചെയ്യിപ്പിച്ചിരുന്നു. . ഇനി തങ്ങളുടെ വീട്ടില്‍ കഞ്ചാവ് ഒളിപ്പിച്ചു വെച്ചു റെയിഡ് നടത്തി തങ്ങളെ കുടുക്കാനും സാധ്യതയുണ്ടെന്ന് സെന്തിലും കുടുംബവും പറയുന്നു. അത് പോലെ സ്ഥലം സി പി എം എം എൽ എ ഗൗണ്ടർമാർക്കിടയിൽ ചക്ലിയ സമുധായത്തെ വംശീയമായി അധിക്ഷേപിച്ചു കൊണ്ട് തന്നെ ആണ് പ്രസംഗം നടത്തിയത്. അതിനു ഗൗണ്ടർ വിഭാഗത്തിലെ കേൾവിക്കാർ നല്ലോണം കൈ അടിക്കുന്നുമുണ്ടായിരുന്നു.. ഇതേ ഗൗണ്ടർമാരാണ് മുമ്പൊരിക്കൽ ഒരു പൊങ്കൽ കാലത്ത് പണി പിടിച്ചു കിടന്ന ചക്ലിയ സമുദായത്തിലെ പഴനി എന്ന യുവാവിനെ അപ്പനെ , ജോലിക്കു പോകാത്തതിനാൽ തല്ലിക്കൊന്നത്. വളരെ അശ്ലീല രീതിയില്‍ ഒരു സമുദായത്തെ അടിചാക്ഷേപിച്ച് ഇവിടെ സോഷ്യലിസ വിപ്ലവം നടത്താനിറങ്ങിയ ഇടതു പക്ഷം. ബാബു ഒക്കെ കേരളത്തില്‍ സെക്കുലര്‍ ആയി അങ്ങ് നീണാള്‍ വാഴും. ബാബുവിന്റെ മൂത്ത സെക്രട്ടറിക്ക് അടി കിടുമ്പോ അപ്പോഴും ദളിതരടക്കം ഫാസിസത്തിനെതിരെ ഉള്ള യുദ്ധത്തിന് അടി കിട്ടി എന്ന് പ്രതികരിക്കണം എന്ന ഇടതു പക്ഷത്തിന്റെ തിട്ടൂരം വേറെ. ബാബുവിന്റെ ഒക്കെ പ്രസംഗം കേട്ടാൽ മനസ്സിലാകും ഈ നാട് കണ്ട ഏറ്റവും വലിയ അശ്ലീലതയാണ് അതെന്ന് . പക്ഷെ കേരളം കോമാളി എന്ന് കൂവി തെറി വിളിച്ച സന്തോഷ്‌ പണ്ഡിറ്റും തീവ്രവാദികള്‍ എന്ന് ഓമനപ്പേരിട്ട ഡി എച്ച് ആര്‍ എമ്മും അവിടത്തെ യാഥാർഥ്യം മനസ്സിലാക്കി അവിടെ എത്തിചേർന്നു എന്നത് വേറെ ഒരു കാര്യം. ഇനിയും സി പി എമ്മുകാരും സെക്യൂലറിസ്റ്റുകളും മനുഷ്യ സംഗമ ലോജിക്കുകാരും ഒക്കെ പറയണം ജാതി അങ്ങ് ഉത്തർപ്രദേശിലാണെന്ന് .

ഈ നാട് നന്നാക്കാന്‍ സോഷ്യലിസ്റ്റ് കൊട്ടേഷന്‍ ഏറ്റെടുത്ത സി പി എമ്മിനു ചിലപ്പോള്‍ അരിശും മൂട്ടില്‍ അപ്പൂട്ടന്റെ സ്വഭാവമാണ്. ജാതി എന്നൊരു ഭീകര വിഷയം ഇവിടത്തെ രാഷ്ട്രീയ സമൂഹത്തില്‍ ഓരോ സംഭവങ്ങളിലൂടെ നില നിൽക്കുമ്പോഴും അവിടൊക്കെ ഇടപെട്ടു “അയ്യോ ഞങ്ങള്ക്ക് ജാതിയില്ലേ…” എന്ന് ഓരിയിട്ടു നോക്കും. . എന്നിട്ട് അടുത്ത ജാതി പ്രശ്നം വരുമ്പോ കാണിച്ചു തരാമെന്നു പറയും. അതെ സമയം നിങ്ങളെ വഴി നടത്തിച്ചതും കിണറ്റിൽ നിന്ന് വെള്ളം കുടിപ്പിച്ചതും ഞങ്ങളാണെന്ന് പറയും. അങ്ങനെ കേരളത്തില്‍ വെള്ളം കുടിപ്പിച്ച സി പി എം നാട് ഭരിക്കുന്ന പുരോഗമന കേരളത്തിലാണ്, ഗോവിന്ദപുരത്തെ പൈപ്പില്‍ ചക്ലിയ സമുദായക്കാര്‍ ‘വേറെ വെള്ളം’ പൈപ്പില്‍ നിന്ന് പിടിക്കേണ്ടി വരുന്നത്.

പറ്റുവെങ്കില്‍ നിങ്ങളീ ഫ്‌ളക്‌സ് വെക്കുന്ന സമയത്ത് അംബേദ്ക്കറെ വായിക്കണം എന്നൊന്നും പറയില്ല, പകരം എ കെ ബാലനോടെങ്കിലും ജാതി എന്താന്നു ചോദിച്ചു മനസ്സിലാക്ക്. അതെങ്ങനെ പ്രവർത്തിക്കുന്നുവെന്നും . അതുമല്ലെങ്കിൽ ചരിത്രം നോക്കുവാണെങ്കിൽ പത്രോസ് എന്ന പഴ സഖാവിനെ കുറിച്ച് അറിഞ്ഞാലും മതി.

Be the first to comment on "ഗോവിന്ദപുരത്തെ അയിത്തം . ഇന്നാട്ടിൽ ജാതിയില്ലെന്നു ഉദ്‌ഘോഷിക്കുന്നവരോട്.."

Leave a comment

Your email address will not be published.


*