സ്നേഹത്തിന്റെ ഇഫ്താറൊരുക്കി പ്രവാസി ബാലൻ

ഒരു വര്‍ഷം മുന്‍പ് , തന്റെ പത്താം ജന്മദിനത്തില്‍ പ്രവാസി ബാലനായ സഹല്‍ തന്റെ പിതാവിനോട് ആവശ്യപ്പെട്ടത് വിലയേറിയ കളിപ്പാട്ടമോ വിനോദ യാത്രയോ ആയിരുന്നില്ല, പകരം മരുഭൂമിയിൽ കഷ്ടപ്പെടുന്ന മനുഷ്യർക്ക് ഒരു നേരം ഭക്ഷണം കൊടുക്കണമെന്നായിരുന്നു. ചെറിയ പ്രായത്തിന്റെ വലിയ ആവശ്യത്തിന് രക്ഷിതാക്കള്‍ പൂര്‍ണ പിന്തുണയുമായി കൂടെ നിന്നു. അങ്ങനെയാണ് അജ്മാന്‍ ഹാബിറ്റാറ്റ് സ്കൂള്‍ വിദ്യാര്‍ഥിയായ സഹലും സുഹൃത്തുക്കളും സജ ലേബര്‍ ക്യാമ്പിലെത്തിയത്. എല്ലാത്തിനും മുന്നില്‍ നിന്ന്, ചിരികളികളുമായി മുന്നൂറു പേര്‍ക്ക് വിരുന്നൊരുക്കി.

ഒരു വര്‍ഷത്തിനു ശേഷം, തന്റെ പതിനൊന്നാം ജന്മദിനത്തില്‍ സഹല്‍ വീണ്ടും സജ ക്യാംപിലെത്തി. കൂട്ടിന് സുഹൃത്ത് ലഹനും രക്ഷിതാക്കളുമുണ്ടായിരുന്നു. ഇത്തവണ 1000 പേര്‍ക്കുള്ള വിരുന്നുമായിട്ടായിരുന്നു സഹലിന്റെ വരവ്. റമദാനിന്റെ നന്മ ചേര്‍ത്തുവച്ച് ആയിരം പേര്‍ക്കുള്ള നോമ്പ് തുറ. കഴിഞ്ഞ വര്‍ഷത്തെ തന്റെ ആഗ്രഹം വെറുമൊരു കൗതുകത്തിനു വേണ്ടിയുള്ളതായിരുന്നില്ലെന്ന് സഹല്‍ ജീവിച്ചു കാണിക്കുകയായിരുന്നു.

രണ്ടു വർഷം മുൻപ് വളണ്ടിയർ ആയിട്ടാണ് സഹൽ ആദ്യമായി സജ കാമ്പിലെത്തിയത്. വീടും നാടും വിട്ട്, പ്രിയപ്പെട്ടവരിൽ നിന്ന് ഒരുപാട് ദൂരെ താമസിക്കുന്ന മനുഷ്യരെ കണ്ടപ്പോൾ, ഇങ്ങനെയും ആൾക്കാറുണ്ടെന്ന് മനസ്സിലായപ്പോൾ അവന്റെ കുഞ്ഞു മനസ്സ് വേദനിച്ചു. ഒരു ദിവസം പോലും ഉപ്പയെ വിട്ട് നിൽക്കാൻ കഴിയാത്ത അവൻ കുടുംബത്തിനായി പ്രവാസിയായ മനുഷ്യരെ കുറിച്ച് ആലോചിക്കാൻ തുടങ്ങി. അങ്ങനെയാണ് ഈയൊരു മോഹം മനസ്സിൽ ഉദിച്ചത്.

കുട്ടികള്‍, പ്രത്യേകിച്ചും പ്രവാസി കുട്ടികള്‍, വീടിന്റെ അകത്തളങ്ങളിലെ ഗെയിമിങ്ങ് ലോകത്തു മാത്രമൊതുങ്ങി ജീവിക്കുന്ന കാലത്ത് മാതൃകയാവുകയാണ് സഹല്‍. പുതിയ ഗാഡ്ജറ്റുകളും വിനോദയാത്രകളും ജന്മദിന മോഹങ്ങളാവുന്ന കാലത്ത്, തന്റെ ചുറ്റുമുള്ള ലോകത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് ഈ ബാലന്‍ ഹൃദയം തുറന്നു വയ്ക്കുന്നു. വെറുതേ ഭക്ഷണം വിതരണം ചെയ്തുപോവുകയല്ല, വളന്റിയര്‍മാരോടൊപ്പം വയ്ക്കാനും വിളമ്പാനും സൗഹൃദം പങ്കിടാനുമൊക്കെ സഹല്‍ കൂടെക്കൂടും. നാം നല്ല നിലക്ക് ജീവിക്കുമ്പോൾ തന്നെ കഴിയുന്നത്ര നാം പാവപ്പെട്ടവരെയും ഓർക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടതുണ്ട് എന്നാണു സഹലിന്റെ പക്ഷം. ” നമുക്ക് കിട്ടിയ അനുഗ്രഹങ്ങള്‍ മറന്നുപോകരുതല്ലോ. കഴിവിന്റെ പരമാവധി മറ്റുള്ളവരുടെ ജീവിതത്തെ സഹായിക്കണം. കൂടെ നില്‍ക്കാനാവണം. അതൊരു ഒദാര്യമൊന്നുമല്ല. നമ്മുടെ കടമയാണ്. നോക്കൂ ഇവിടെ തന്നെ എത്ര പേരാണ് ഇവർക് ഭക്ഷണവുമായി വിവിധ ഭാഗങ്ങളിൽ നിന്നെ സ്വയം സന്നദ്ധരായി ത്തിയിട്ടുള്ളത് ” – സഹല്‍ പറയുന്നു.

Sahal

കാരുണ്യം എല്ലാവരിലേക്കുമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം യു.എ.ഇ കാരുണ്യവര്‍ഷമായി ആചരിക്കുകയാണ്. അതിനോടും ചേര്‍ന്നു നില്‍ക്കുന്നതാണ് സഹലിന്റെ നന്മയുടെ മാതൃക. കാരുണ്യവര്‍ഷമായി ആചരിക്കുന്ന സമയത്ത്, റമദാന്‍ മാസത്തിന്റെ പുണ്യത്തിന്റെ തണലില്‍ ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ അനഗ്രഹിച്ചതില്‍ സര്‍വശക്തനെ സഹല്‍ സ്തുതിക്കുന്നു.

ആരും നിര്‍ബന്ധിച്ചിട്ടോ പറഞ്ഞിട്ടോ അല്ല ഇങ്ങനെയൊരു വഴി സഹല്‍ തിരഞ്ഞെടുത്തത് എന്ന് അഭിമാനപൂര്‍വം രക്ഷിതാക്കളായ സി.ടി ഷംസുവും ജസീലയും പറയുന്നു. ” അവന്റെ സ്വന്തം ചോയിസാണ്. ഇങ്ങനെയൊരാവശ്യം അവന്‍ പറഞ്ഞതു കേട്ടപ്പോള്‍ കണ്ണും മനസ്സും നിറഞ്ഞു. ഇതിനപ്പുറം മറ്റെന്തു സന്തോഷമാണുള്ളത്” സി.ടി. ഷംസു പറഞ്ഞു. കോഴിക്കോട് മുക്കത്തിനടുത്ത് ചേന്ദമംഗല്ലൂര്‍ സ്വദേശിയാണ് ഷംസു.

Be the first to comment on "സ്നേഹത്തിന്റെ ഇഫ്താറൊരുക്കി പ്രവാസി ബാലൻ"

Leave a comment

Your email address will not be published.


*