നീയെന്റെ തലമുറയെ തിന്നു തീർത്തു; സികെ ജാനുവിന്റെ കവിത

‘ആദിവാസിനേതാവും ജനാധിപത്യരാഷ്ട്രീയസഭയുടെ സ്ഥാപകയുമായ സികെ ജാനു എഴുതിയ കവിത. മാതൃഭൂമി ആഴ്ചപ്പതിപ്പിനുവേണ്ടി താഹ മാടായിയുമായി നടന്ന അഭിമുഖത്തിലാണ് സികെ ജാനു തന്റെ കവിത ചൊല്ലുന്നത്. താൻ സ്ത്രീകളെയും കാടുകളെയും കുറിച്ചുള്ള കവിതകൾ നോട്ടുബുക്കിൽ എഴുതിവെക്കാറുണ്ടെന്നു സികെ ജാനു പറയുന്നു.

കവിത വായിക്കാം :

കാട്ടരുവി ചോലയിലെ നീരുറവ പാടുന്നു

പ്രകൃതി
പ്രപഞ്ചത്തിൽ
പുഷ്‌പിക്കും സുഗന്ധത്തിൽ
കരളെരിയും കാടിന്റെ
കൗതുകങ്ങൾ
കാട്ടരുവി ചോലയിലെ
നീരുറവ പറയുന്നു
കാട്ടാറിൻ പതനത്തിൻ
കദനകഥ.

അരുവികൾ
പൂഞ്ചോല
നീരുറവ വറ്റുന്നു
മണ്ണിന്റെ രക്തഞ്ഞരമ്പുകൾ
പിടയുന്നു

ഭൂഗർഭ ഊഷ്മാവ്
ഉദരത്തിൽ അടയുന്നു
മലനിരകൾ മായുന്നു
മരങ്ങൾ മരിക്കുന്നു

മനുഷ്യാ ,
നീയെന്നും അര്ഥശൂന്യൻ
അർത്ഥങ്ങളില്ലാത്ത
ആദർശമില്ലാത്ത
ആയുസ്സിലാത്ത
ചാവുപിള്ള.

വന്മരച്ചില്ലകൾ ആടിയുലയുന്നു
മണ്ണിന്റെ മാറിടം
പൊട്ടിപ്പിളരുന്നു അടിവേര് വെട്ടുന്ന അന്ധത
നീ നിന്റെ അസ്ഥിവാരത്തിന്റെ
അകക്കുഴി തോണ്ടുന്നു

കൂരിരുൾ കോട്ടകൾ
കീറി മുറിക്കുന്ന
മുനയമ്പ് ആകുന്നു നിന്റെ കണ്ണ്
നീയെന്റെ പ്രകൃതിയെ
ഭസ്മമാക്കി.

പക്ഷികൾ ചിലയ്ക്കുന്നു
പട്ടണം കാട്ടുന്നു
പക്ഷിസങ്കേതങ്ങൾ സങ്കല്പമായി.

ജീവജാലങ്ങളാം
നിശ്ചലദൃശ്യത്തിൽ
അസ്ഥിപഞ്ചരത്തിൻ
ആഴിക്കൂട്ടം.

ആരതിഭ്രാന്തിന്റെ
അണിയറക്കുള്ളിലെ
കഠിനഹൃദയനാം രക്തദാഹി,
നീയെന്റെ തലമുറയെ
തിന്നു തീർത്തു.

Be the first to comment on "നീയെന്റെ തലമുറയെ തിന്നു തീർത്തു; സികെ ജാനുവിന്റെ കവിത"

Leave a comment

Your email address will not be published.


*