നെറ്റ് പരീക്ഷയും അധ്യാപകനിയമനവും : ഒളിഞ്ഞുകിടക്കുന്ന ജാതീയതകൾ

ഒപി രവീന്ദ്രൻ

യു.ജി.സി, NET പരീക്ഷ യോഗ്യത നേടുന്നതിന് പിന്നോക്ക, SCST, ഭിന്നശേഷി വിഭാഗങ്ങൾക്ക് നൽകിവന്നിരുന്ന റിലാക്സേഷൻ നിർത്തലാക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ, ഇത്തരം ഒരു നടപടിയക്ക് യു.ജി.സി -യെ നിർബന്ധിക്കാനിടയായ കേരള ഹൈക്കോടി വിധിയും അതിന് കാരണക്കാരായ NSS ( നായർ സർവ്വീസ് സൊസൈറ്റി ) ന്റെ വാദങ്ങളും യാഥാർത്ഥ്യവും എന്തെന്ന് പരിശോധിക്കുന്നത് എന്തുകൊണ്ടും ഉചിതമായിരിക്കും.

2017 ജനുവരിയിലാണ് കേരള ഹൈക്കോടതിയിൽ നിന്നും യു.ജി.സി.യുടെ പുതിയ നിയമത്തിനാധാരമായ വിധി സംഘടിപ്പിച്ചത്. റിട്ട് നൽകി ചുരുങ്ങിയ കാലയളവിനുള്ളിൽ വിധി സമ്പാദിച്ച ഈ കേസിൽ പിന്നോക്ക പട്ടികജാതി/വർഗ്ഗ ഭിന്നശേഷി വിഭാഗങ്ങളിൽ പെട്ടവർക്ക് NET കോളിഫൈ ചെയ്യുന്നതിന് റിലാക്സേഷൻ നൽകുന്നത് ഭരണഘടനാവിരുദ്ധവും ജനറൽ വിഭാഗത്തിനെതിരെയുള്ള നീക്കമാണെന്ന വാദവും, പിന്നോക്ക വിഭാഗങ്ങളിൽ നിന്ന് കൂടുതൽ പേർ NET പാസാകുന്നത് നിമിത്തം മുന്നോക്കക്കാർക്ക് അസിസ്റ്റൻറ് പ്രൊഫസർഷിപ്പിന് സാധ്യത കുറയുന്നു എന്നുമായിരുന്നു വാദം.

മേൽ പറഞ്ഞ രണ്ട് വാദങ്ങളും അടിസ്ഥാന രഹിതമാണ് എന്നതാണ് യാഥാർത്ഥ്യം. സാമൂഹികമോ ശാരീരികമോ ആയി പിന്നോക്കാവസ്ഥയിലുള്ള വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന ഭരണഘടനാ വിരുദ്ധമല്ല.

നിലവിലുള്ള കണക്കുകൾ പരിശോധിച്ചാൽ തന്നെ ഇന്ത്യൻ സർവ്വകലാശാലകൾക്ക് കീഴിലെ കോളജുകളിൽ 50% സംവരണ സീറ്റുകളിൽ തന്നെ സംവരണീയവിഭാഗങ്ങൾക്ക് എത്തിച്ചേരാനായിട്ടില്ല എന്ന് ബോധ്യപ്പെടും. മാത്രമല്ല സംവരണേതര സീറ്റുകളിൽ സംവരണീയരെ പ്രവേശിപ്പിക്കാൻ നാളിതുവരെ ആരും തയ്യാറായിട്ടുമില്ല. ഈ കാര്യങ്ങളാൽ NSS ന്റെ വാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് നിസ്തർക്കമാണ്.
NSS ന്റെ വാദത്തിലെ സുപ്രധാന വൈരുദ്ധ്യം എന്നത്, സംവരണ വിഭാഗങ്ങളിൽ നിന്ന് കൂടുതൽ പേർ NET പാസാകുന്നതുകൊണ്ട് ജനറൽ വിഭാഗത്തിന് അസിസ്റ്റന്റ് പ്രൊഫസർഷിപ്പിന് അവസരം കിട്ടുന്നില്ല എന്നതാണ്.NET പാസായാൽ തന്നെ സംവരണ വിഭാഗങ്ങൾക്ക് മുഴുവൻ പേർക്കും കോളജദ്ധ്യാപകരാകാൻ കഴിയില്ല എന്നതാണ് വസ്തുത. ഒരു വാദത്തിന് വേണ്ടി ജനറൽ കാറ്റഗറിയെക്കാൾ കൂടുതൽ സംവരണീയർ NET നേടിയാലും അവർ മുഴുവനും കോളജദ്ധ്യാപകരാകില്ല. NET എന്നത് കോളജ് അദ്ധ്യാപനത്തിന് അപേക്ഷിക്കാനുള്ള ഒരു അടിസ്ഥാന യോഗ്യത മാത്രമാണ്. KPSC പോലെ ഓരോ സംസ്ഥാനത്തെയും പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തുന്ന പരീക്ഷ പാസായി ലിസ്റ്റിൽ വന്നവർക്ക് മാത്രമേ കോളജദ്ധ്യാപകനാകാനൊക്കൂ. അതിനകത്ത് തന്നെ സംവരണ മാനദണ്ഡപ്രകാരം മാത്രമായിരിക്കും നിയമനം ലഭിക്കുന്നത്. ലിസ്റ്റിൽ എത്ര സംവരണീയരുണ്ടെങ്കിലും 50% പേരെ മാത്രമേ സംവരണ ക്വോട്ടയിൽ നിയമിക്കാനാകൂ.

വസ്തുത ഇതായിരിക്കെ NET എന്ന അടിസ്ഥാന യോഗ്യത നേടുന്നതിൽ നിന്ന് പോലും സംവരണീയവിഭാഗങ്ങളെ, അവരുടെ ഭരണഘടനാവകാശങ്ങളെ തടഞ്ഞു നിർത്തുന്നതിന്റെ, അട്ടിമറിക്കുന്നതിന്റെ യുക്തി എന്തായിരിക്കും?ആരെയാണ് ഇവർ ടാർഗറ്റ് ചെയ്യുന്നത്?
കേരള ഹൈക്കോടതി 2015-മെയ് 25 ന് പുറപ്പെടുവിച്ച ഒരു വിധി ഇതിന് ചില ഉത്തരങ്ങളാകുന്നുണ്ട് എന്ന് കാണാം. എയ്ഡഡ് കോളജദ്ധ്യാപക നിയമനങ്ങളിൽ യു.ജി.സി നിയമപ്രകാരം SCST സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 2010-ൽ 12- SC ST ഉദ്യോഗാർത്ഥികൾ (എയ്ഡഡ് മേഖല സംവരണ പ്രക്ഷോഭ സമിതി / ഡി.എസ്. എം) നൽകിയ കേസിലാണ് മേൽ സൂചിപ്പിച്ച വിധി വന്നത്.ഈ വിധി പ്രകാരം 6 മാസത്തിനകം എയ്ഡഡ് കോളജദ്ധ്യാപക-അനദ്ധ്യാപക നിയമനങ്ങളിൽ സംവരണം നടപ്പാക്കാൻ സർവ്വകലാശാലകൾ നടപടി സ്വീകരിക്കേണ്ടതാണ്.ഈ വിധി നടപ്പായാൽ ന്യൂനപക്ഷ സ്ഥാപനങ്ങളൊഴിച്ചുള്ള കോളജുകളിൽ നാല് പതിറ്റാണ്ടായി നിഷേധിക്കപ്പെട്ട സംവരണം നടപ്പാക്കേണ്ടി വരും. NSS ന്റെ കീഴിലുള്ള 20 കോളജ്കളിലും NSS ന് മൃഗീയ മുൻതൂക്കമുള്ള 7 ദേവസ്വം ബോർഡ് കോളജ്കളിലും സംവരണം നടപ്പാക്കേണ്ടി വരും എന്നതുകൊണ്ട് വിധി നടപ്പാക്കുന്നതിനെതിരെ NSS സ്റ്റേ സമ്പാദിച്ചു.( സ്റ്റേ നീക്കിവിധി നടപ്പാക്കാനായി ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ട് രണ്ടു വർഷമായി.ഏതാനും മാസങ്ങൾ കൊണ്ടാണ് NET വിഷയത്തിൽ NSS അനുകൂല വിധി തരപ്പെടുത്തിയതെന്നോർക്കണം!!)

സ്റ്റേ നീങ്ങി സംവരണം നടപ്പിലാക്കണമെന്ന ഡിവിഷൻ ബെഞ്ച് വിധി നടപ്പാക്കേണ്ടി വന്നാൽ ഉണ്ടാകാവുന്ന ‘നഷ്ടക്കണക്കാണ്’ യഥാർത്ഥത്തിൽ NET കോളിഫൈ ചെയ്യുന്നതിൽ നിന്നു പോലും സംവരണീയരെ തടയിടുന്നതിന്റെ യുക്തി എന്ന് വ്യക്തമാകും.തങ്ങൾ അനുഭവിക്കുന്ന അനൽപമായ പ്രാതിനിധ്യത്തിൽ അൽപം ഇടിവ് വന്നേക്കും എന്ന ഭയമാണ് NSS നെ ഇങ്ങനെ ഒരു ദീർഘദർശനത്തിന് പ്രേരിപ്പിക്കുന്നത്. NSS അനുഭവിക്കുന്ന പ്രതിനിധ്യം പരിശോധിച്ചാൽ ഇത് വ്യക്തമാകും.

കേരളത്തിലെ 232 കോളജുകളിൽ 52 എണ്ണം മാത്രമേ സർക്കാർ മേഖലയിലുള്ളൂ ബാക്കി 180 എണ്ണം എയ്ഡഡ് മേഖലയിലാണ്. 52 സർക്കാർ കോളജുകളിൽ മാത്രമേ സംവരണ പ്രകാരം നിയമനം നടക്കുന്നുള്ളൂ. സർക്കാർ ശമ്പളം നൽകുന്ന മൂന്നിരട്ടിയിലധികം വരുന്ന എയ്ഡഡ് കോളജുകളിൽ സംവരണമില്ല.52 സർക്കാർ കോളജുകളിലെ ജനറൽ പോസ്റ്റുകൾക്ക് പുറമെ NSS മാനേജ്മെൻറിന്റെ കീഴിലുള്ള 20 കോളജ്യകളിലെ 99% പോസ്റ്റുകളും നായർ സമുദായത്തിന് സ്വന്തമായുണ്ട്.ഇതിന് പുറമെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 4 കോളജുകളിലെ 185-ൽ 132 അദ്ധ്യാപകരും (74%) നായർ സമുദായമാണ്. കൊച്ചിൻ – ഗുരുവായൂർ ദേവസ്വം ബോർഡുകളിലെ 3 കോളജുകളിൽ 64% വും ഇവർ തന്നെ. തങ്ങളുടെ മാത്രം കുത്തകയായ ഇത്രയേറെ അവസരങ്ങളിലേക്ക് ഒരു കാലത്തും മറ്റ് സമുദായങ്ങൾ കടന്നു വരരുതെന്ന നിർബന്ധബുദ്ധിയാണ് കേസിന് പുറകിലെന്ന് വ്യക്തമാണ്. അധികാരവും സമ്പത്തും പദവിയും അവസരങ്ങളും കൈമുതലായുള്ള ഒരു സമുദായമാണ് നിസ്വരും, കോളജദ്ധ്വാപക നിയമനവുമായി ബന്ധപ്പെട്ട് ഭരണഘടനാവകാശങ്ങൾ പോലും നാളിതുവരെ പൂർണമായും ലഭ്യമായിട്ടില്ലാത്ത സമുദായങ്ങളുടെ അവകാശങ്ങൾക്കെതിരെ നലയുറപ്പിക്കുന്നത് എന്നത് സാമൂഹ്യനീതിയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവരെ ആശങ്കാകുലരാക്കേണ്ടതാണ്.

ലേഖകന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് കുറിപ്പ്

Be the first to comment on "നെറ്റ് പരീക്ഷയും അധ്യാപകനിയമനവും : ഒളിഞ്ഞുകിടക്കുന്ന ജാതീയതകൾ"

Leave a comment

Your email address will not be published.


*