ആ സിനിമ നമുക്ക് ആസ്വദിക്കാൻ കഴിയാത്തതിന് കാരണങ്ങളുണ്ട്

ദിലീഷ് പോത്തന്റെ ‘ തൊണ്ടിമുതലും ദൃക്സാക്ഷിയും’ തിയേറ്ററുകളില്‍ ഗംഭീരവിജയം നേടുകയാണ്. കാസര്‍ഗോട്ടെ ഒരു പോലീസ് സ്റ്റേഷനില്‍ ഒരു ദിവസം കള്ളനും പരാതിക്കാരനും പോലീസുകാരുമായുള്ള ഇടപെടലുകളാണ് സിനിമയുടെ തീം. പതിവില്‍ നിന്ന് വ്യത്യസ്തമായി സിനിമയില്‍ പോലീസ് വേഷമിട്ട 24 പേരില്‍ അലന്‍സിയര്‍ ഒഴികെ 23 പേരും യഥാര്‍ത്ഥ പോലീസുകാരാണ്. പോലീസ് സ്റ്റേഷനുകളിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന സിനിമയെന്ന നിരൂപകശ്രദ്ധ നേടിയ ചിത്രത്തിലെ ‘റൈറ്റര്‍ ശിവദാസന്‍ ‘ ആയ കണ്ണൂര്‍ സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്പി പി ശിവദാസനുമായുള്ള ഒരു അനുഭവം പങ്കുവെയ്ക്കുകയാണ് ചലചിത്രപ്രവര്‍ത്തകനായ ഹാഷിര്‍ കെ മുഹമ്മദ്.

ഹാഷിര്‍ പറയുന്നു :

” 2017 ആദ്യവാരത്തില്‍ കണ്ണൂരില്‍ വെച്ച് കശ്മീരില്‍ നടക്കുന്ന സൈനിക അതിക്രമങ്ങള്‍ക്കെതിരെ ഒരു പ്രതിഷേധ സംഗമം നടന്നിരുന്നു. അതില്‍ പങ്കെടുത്ത എന്റെ രണ്ട് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തത് സിനിമയില്‍ എ.എസ്‌ഐ ആയി അഭിനയിച്ച പി ശിവദാസന്‍ ആണ്. യു.എ.പി.എ ചുമത്തട്ടെ എന്നാണ് അയാള്‍ അന്ന് അവരോട് ചോദിച്ചത്. അയാളാണ് സിനിമക്കുള്ളില്‍ വന്നിട്ട് ഒരു പോലീസ് വേഷം ചെയ്ത് പോകുന്നത്. വളരെ കൃത്യമായി ഐഡന്റിറ്റി നോക്കിത്തന്നെയാണ് അയാള്‍ അവരോട് പെരുമാറിയിട്ടുള്ളത്. ഇങ്ങനെ മുസ് ലിമിനെ കാണുമ്പോഴേക്ക് യു.എ.പി.എ ചുമത്തട്ടെ എന്നൊക്കെ ചോദിക്കുന്ന പോലീസുകാരാണ് പോലീസ് വയലന്‍സിനെതിരെയുള്ള ഒരു സിനിമയില്‍ അഭിനയിക്കുന്നത് എന്നതാണ് രസകരമായ വസ്തുത.

അപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട എന്റെ സുഹൃത്തുക്കള്‍ തിയറ്ററിലിരുന്ന് സിനിമ കാണുമ്പോള്‍ അവര്‍ക്കൊരിക്കലും അവരനുഭവിച്ച വയലന്‍സിനെ മറന്ന് കൊണ്ട് ആ സിനിമ ആസ്വദിക്കാന്‍ കഴിയില്ല. ഇപ്പോഴുമവര്‍ ആ കേസിന്റെ പേരില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇങ്ങനെ എല്ലാ തരത്തിലുമുള്ള വയലന്‍സും മുസ് ലിംകളുടെ മേല്‍ നടപ്പിലാക്കുന്ന ഒരു പോലീസുകാരന്‍ ഈ സിനിമയുടെ ഭാഗമാകുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രശ്‌നം. സിനിമ അങ്ങനെ നിഷ്‌കളങ്കമായി സംഭവിക്കുന്നതൊന്നുമല്ലല്ലോ.

അത്‌പോലെ അറസ്റ്റ് ചെയ്യപ്പെട്ട എന്റെ സുഹൃത്തിനെ പ്രേമലേഖനം എന്ന സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ വിളിച്ച സമയത്തും പോലീസ് ഇടപെട്ട് അത് തടയുകയുണ്ടായി. അവന്‍ എറണാകുളത്തേക്ക് പോകാനിരിക്കുമ്പോഴാണ് പോലീസ് സ്‌റ്റേഷനില്‍ നിന്ന് വിളി വരുന്നത്. പോലീസ് പറഞ്ഞത് നീ എറണാകുളത്തേക്ക് പോവുകയാണെങ്കില്‍ ഞങ്ങള്‍ നിന്റെ വീട്ടിലേക്ക് പൊയ്‌ക്കോളാം എന്നാണ്. ഇങ്ങനെ എല്ലാ തരത്തിലും പോലീസ് അവനെ വേട്ടയാടുകയാണ് ചെയ്യുന്നത്. അതേസമയം പോലീസിന്റെ മനുഷ്യാവകാശ ലംഘനത്തിനെതിരെ അവന്‍ മനുഷ്യാവകാശ കമ്മീഷനില്‍ കേസ് കൊടുത്തെങ്കിലും പോലീസ് കോടതിയില്‍ ഹാജരാകാത്തതിനാല്‍ കേസ് നീണ്ടുപോവുകയാണ് ചെയ്യുന്നത്.

ഇങ്ങനെയുള്ള അനുഭവങ്ങളും വായനകളും കൂടി ഉള്‍ക്കൊള്ളുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ സിനിമ പൂര്‍ണ്ണമാകുന്നത്. കാരണം നമ്മുടെ മേല്‍ വയലന്‍സ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരാള്‍ സിനിമയില്‍ വന്ന് നില്‍ക്കുമ്പോള്‍ സിനിമ ആസ്വദിക്കാന്‍ നമുക്കൊരിക്കലും കഴിയുകയില്ല. അപ്പോള്‍ സിനിമയെ ഒരു ആസ്വാദന കലയായി എങ്ങനെയാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുക?’

Be the first to comment on "ആ സിനിമ നമുക്ക് ആസ്വദിക്കാൻ കഴിയാത്തതിന് കാരണങ്ങളുണ്ട്"

Leave a comment

Your email address will not be published.


*