കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ… (ആലുവ യുസി കോളജിനെ അറിയാവുന്നവർക്ക് വായിക്കാൻ)

നിയാസ് കരീം 

യുസിയിലെ ഏറ്റവും പ്രശസ്തമായ മാവേത്? നാളിതുവരെ യുസിയിൽ പഠിച്ചിറങ്ങിയ ഏതു ‘കുട്ടി’യും ഈ ചോദ്യത്തിന് നിഷ്‌പ്രയാസം ഉത്തരം പറയും; ഗാന്ധി നട്ട മാവ്. കച്ചേരിമാളികയ്‌ക്കു മുന്നിൽ തലമുറകൾക്ക് തണൽവിരിച്ചുനിൽക്കുന്ന ഗാന്ധിമാവ് യുസിയുടെ ചരിത്രത്തിലെ മധുരമുള്ള ഒരേടുകൂടിയാണ്.

1925 മാർച്ചിലാണ് ഗാന്ധിജി യുസി കോളജ് സന്ദർശിച്ചതും കലാലയമുറ്റത്ത് മാവ് നടുന്നതും. കേരളത്തിലെ ഒരു കലാലയത്തിൽ ഗാന്ധിജി മരം നടുന്നത് നടാടെയായിരുന്നു. വെറുതെ മാവൊരെണ്ണം നടുക മാത്രമല്ല, യുസിയിലെ സന്ദര്‍ശകഡയറിയില്‍ ഇങ്ങനെയൊരു വരി കുറിച്ചുവയ്‌ക്കുകയും ചെയ്തു; ‘Delighted with the ideal situation.’ ആ മഹാത്മാവ് യുസിയില്‍ നട്ട മാവിന്റെയും വാക്കുകളുടെയും സുഗന്ധം കലാലയം വിട്ടിറങ്ങിയ ഓരോ വിദ്യാർത്ഥിയും സ്വന്തം ആത്മാവിലേക്കെടുത്തു. കാലമേറെ കഴിഞ്ഞും ആ വാക്കുകളിലെ സത്യം നമ്മെ കോരിത്തരിപ്പിക്കുന്നുണ്ട്.

ചക്കരമാവും മാഞ്ചുവടുമൊക്കെ മലയാളിക്കെന്നും മധുരിക്കുന്ന ഓർമകളാണ്. ഗാന്ധിജി യുസിയിൽ നട്ടത് ചക്കരമാവാണോ എന്ന് നമുക്കിപ്പോഴും തീർച്ചയില്ല. കാരണം, വളർച്ചയുടെ ഒരു ഘട്ടത്തിലും മാമ്പഴമധുരം കൊണ്ട് അത് നമ്മെ വിസ്മയിപ്പിച്ചിട്ടില്ല. എന്നാൽ, ആ മാവിനുചുറ്റുമുള്ള ഓർമകൾ എക്കാലവും നമ്മെ കൊതിപ്പിച്ചിട്ടുണ്ട്. ഇന്നും യുസി സന്ദർശിക്കാനെത്തുന്ന പൂർവവിദ്യാർത്ഥികൾ ഗാന്ധിമാവിനു മുന്നിൽ പോയകാലസ്മൃതികളിൽ സ്വയംമറന്നു നിൽക്കുന്നതു കാണാം.

യുസിയുടെ ചരിത്രത്തിലേക്ക് വേരുകളാഴ്ത്തിയ ഗാന്ധിമാവിനെ നമുക്കെല്ലാമറിയാം. എന്നാൽ, ഗാന്ധിമാവിനൊപ്പമോ ഒരുപക്ഷേ, അതിനേക്കാളേറെയോ പേരുകേട്ട മറ്റൊരു മാവിനെ ഇന്ന് അധികമാർക്കുമറിയില്ല. ഗാന്ധിയെപ്പോലൊരു മഹാത്മാവാണ് ആ മാവ് യുസിയിൽ നട്ടത്. ഗാന്ധിയെ ആദ്യമായി ‘മഹാത്മാ ‘ എന്ന് വിളിച്ചതും അദ്ദേഹം തന്നെയായിരുന്നു. കാളിദാസനു ശേഷം ലോകം കാതോർത്ത ആർഷഭാരത മഹാകവി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബഹുമുഖപ്രതിഭ. അതെ, വളരെപ്പഴയൊരു തലമുറയ്ക്കു മാത്രം എത്തിപ്പിടിക്കാനാവുന്ന ഓർമകളിൽ തളിർത്തു നിൽക്കുന്ന ആ മാവ് നമ്മുടെ യുസിയിൽ നട്ടത് സാക്ഷാൽ രബീന്ദ്രനാഥ ടഗോറായിരുന്നു!

ഗാന്ധിമാവിനേക്കാൾ സീനിയറാണ് ടഗോറിന്റെ മാവ്. കൃത്യമായിപ്പറഞ്ഞാൽ മൂന്നു വർഷം മൂത്തത്. 1922 നവംബറിൽ വിശ്വഭാരതി സർവകലാശാലയുടെ പ്രചരണാർത്ഥം നടത്തിയ കേരള സന്ദർശനത്തിനൊടുവിലാണ് ഗുരുദേവൻ യുസി കോളജിലെത്തിയത്. നവംബർ 18 ന് എറണാകുളം മഹാരാജാസ് കോളജ്, മട്ടാഞ്ചേരിയിലെ ഗുജറാത്തി സ്കൂൾ, തൃപ്പുണിത്തുറ പാലസ്, ആലുവ അദ്വൈതാശ്രമം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം അദ്ദേഹം യുസിയിലേക്കു വന്നു. കോളജ് ഹോസ്റ്റലിന്റെ ഉദ്ഘാടനകർമം നിർവഹിച്ചത് അദ്ദേഹമാണ്. ഇന്നത്തെ സി.പി. ആൻഡ്രൂസ് ബാസ്കറ്റ് ബോൾ കോർട്ടിനുപിന്നിലെ പുതിയ ഓഡിറ്റോറിയം നിൽക്കുന്ന സ്ഥലത്ത് പണ്ടുണ്ടായിരുന്ന ആ ഹോസ്റ്റലിന് sഗോർ ഹോസ്റ്റൽ എന്നായിരുന്നു പേര്. ആ സന്ദർശനത്തിന്റെ സ്മാരകമായി ടഗോർ, ഹോസ്റ്റൽമുറ്റത്ത് ഒരു തേന്മാവിൻതൈ നട്ടു. അതായിരുന്നു യുസി കണ്ട ആദ്യത്തെ സെലിബ്രിറ്റി മരം. മരമായി യുസിക്കു കിട്ടിയ ആദ്യത്തെ മഹാവരം.

ആ തേന്മാവ് പെട്ടെന്നുതന്നെ വളർന്നുപന്തലിച്ച് ഫലസമൃദ്ധമായി എന്ന് 1935-ൽ ശാന്തിനികേതനം സന്ദർശിച്ച യു.സി കോളജ് പ്രിൻസിപ്പാളും വിദ്യാർത്ഥികളും മഹാകവിയോട് പറയുകയുണ്ടായി. ” പിന്നെന്താ നിങ്ങൾ നാലഞ്ച് മാമ്പഴം കൂടി കൊണ്ടുവരാത്തത് ” എന്നദ്ദേഹം തമാശയ്ക്ക് അവരോട് ചോദിച്ചു. അടുത്ത വർഷം അയച്ചുതരാമെന്ന് യുസി സംഘം മറുപടി പറയുകയും ചെയ്തു.

നമുക്ക് നിറഞ്ഞഭിമാനിക്കാം. ഓർത്തോർത്ത് രോമാഞ്ചമണിയാം. രണ്ട് വിശ്വമാനവർ അവശേഷിപ്പിച്ചുപോയ ജീവനുകൾ ഒരേ മണ്ണും പ്രാണവായുവും പങ്കുവച്ചു കഴിഞ്ഞ അപൂർവ സുന്ദരമായൊരു കലാലയമാണ് നമ്മുടെ യുസി. ‘മഹാത്മാ ‘ എന്നും ‘ഗുരുദേവ്’ എന്നും കാറ്റിൽ പരസ്പരം സ്നേഹാദരങ്ങൾ കൈമാറി തലമുറകളോളം അവർ യുസിയിൽ നിലനിന്നു. കേരളത്തിലെ മറ്റേതൊരു കലാലയത്തിനുണ്ട് ഇങ്ങനെയൊരു പെരുമ?

ഗാന്ധിമാവിനെപ്പോലെ പ്രശസ്തികൊണ്ടും ഗാന്ധിമാവിൽനിന്ന് വേറിട്ട് ഫലസമൃദ്ധി കൊണ്ടും ഒരു കാലത്ത് യുസിയെ അനുഗ്രഹിച്ച sഗോർ മാവിന് പിന്നീടെന്തു സംഭവിച്ചു? ടഗോർ ഹോസ്റ്റലിനു വെളിയിൽ വെളിച്ചവും തണലുമായി എത്രകാലം അത് തളിർത്തുനിന്നു? ഗാന്ധിമാവിനെപ്പോലെ എന്തുകൊണ്ട് യുസി ടഗോർ മാവിനെ ആദരിച്ചില്ല? ഗാന്ധിയുടെ പ്രശസ്തമായ ‘Delighted with the ideal situation’ പോലെ ടഗോർ യുസിയെ ആശീർവദിച്ചു പോയ ആ വാചകങ്ങൾ എന്തായിരുന്നു? അറിയില്ല. അറിയാവുന്ന ചിലരെയെങ്കിലും ഈ വരുന്ന വെള്ളിയും ശനിയുമായി നടക്കുന്ന ‘യുസി സ്നേഹതീരം’ പൂർവവിദ്യാർത്ഥിദിനം നമ്മിലേക്കെത്തിച്ചുതരും എന്ന് പ്രത്യാശിക്കാം.

മഹാന്മാർ നട്ടിട്ടുപോയ മരങ്ങൾ ജീവിക്കുന്ന ഒരു മരത്തോട്ടം ഹംഗറിയിലുണ്ട്. അവിടുത്തെ ഒരു മരച്ചുവട്ടിൽ 1926-ൽ ടഗോർ ഇങ്ങനെ കുറിച്ചിട്ടു:
“When I am no longer on this earth, my tree,
Let the ever-renewed leaves of thy spring
Murmur to the way farer;
The poet did love while lived.”

കാലമെടുത്തില്ലായിരുന്നെങ്കിൽ യുസിയിലെ sഗോർ മാവും ഈ വരികൾതന്നെ നിശ്ശബ്ദമായി നമ്മോട് മന്ത്രിക്കുമായിരുന്നു.

(ഡോ. കെ. അയ്യപ്പപ്പണിക്കർ എഡിറ്റ് ചെയ്ത ‘ടാഗൂറും കേരളവും ‘ എന്ന പുസ്തകത്തിൽ കെ.സി പിള്ള എഴുതിയ ‘ടാഗൂർ കേരളക്കരയിൽ ‘ എന്ന കുറിപ്പിന് കടപ്പാട്)

മലയാള മനോരമ പബ്ലിക്കേഷനിൽ പത്രപ്രവർത്തകനായ നിയാസ് കരീം സോഷ്യൽ മീഡിയയിൽ ഏറെ വായിക്കപ്പെടുന്ന എഴുത്തുകാരനാണ് 

Be the first to comment on "കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ… (ആലുവ യുസി കോളജിനെ അറിയാവുന്നവർക്ക് വായിക്കാൻ)"

Leave a comment

Your email address will not be published.


*