വിപി സത്യന്‍ അഭ്രപാളിയിലേക്ക്. സിനിമയെ കുറിച്ച് സംവിധായകന്‍ പറയുന്നു

മലയാള കായിക ചരിത്രത്തിലെ ഒഴിച്ചുകൂടാനാവാത്ത അധ്യായമാണ് വിപി സത്യന്‍ എന്ന ഫുട്ബോള്‍ ഹീറോയുടെ ജീവിതകഥ. വിപി സത്യന്റെ ജീവിതാനുഭവങ്ങള്‍ വെള്ളിത്തിരയിലേക്ക് വരാന്‍ പോവുകയാണ്. ജയസൂര്യ നായകനാവുന്ന ‘ക്യാപ്റ്റന്‍’ എന്ന ആ ചലചിത്രത്തിന്റെ സംവിധായകന്‍ പ്രജേഷ്സെന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം. ചിത്രം ഒക്ടോബറില്‍ റിലീസാവും

” 2006 July 18
നല്ല മഴയായിരുന്നു. തണുത്ത കാറ്റിനൊപ്പം ഇരുണ്ടുകൂടിയ പകലായിരുന്നു അന്ന്. വാർത്താ ശേഖരണത്തിന്റെ ഓട്ടത്തിനിടയിലാണ് ഫോണിൽ ഒരു മെസേജ് വന്നത്, വി.പി.സത്യൻ മരണപ്പെട്ടു എന്ന് … കാൽപ്പന്ത് കളിയുടെ ഹരം തലക്ക് പിടിച്ച കൗമാരകാലത്ത് റേഡിയോയും പത്ര താളുകളിലും ആരാധനയോടെ കണ്ടും കേട്ടും അറിഞ്ഞ കളിക്കാരൻ സത്യനും ചാക്കോയും ഷറഫലിയും പാപ്പച്ചനും മനസിൽ വേലി കെട്ടിയ കാലം. ഐ.എം വിജയനും തോബിയാസും കുരികേശ് മാത്യുവും ഗോൾവലകളിൽ കൊടും കാറ്റ് സൃഷ്ടിച്ച കാലം. അന്നത്തെ നായകനായിരുന്നു സത്യേട്ടൻ. ഗോളിക്ക് മുന്നിൽ പ്രതിരോധത്തിന്റെ പർവതമായി നിൽക്കുന്ന എക്കാലത്തെയും മികച്ച ഡിഫന്റർ… അദ്ദേഹം ഇനി ഓർമ്മയുടെ മൈതാനത്ത് ഒറ്റയ്ക്ക് പന്തുരുട്ടും. മെസേജ് പിന്നെയും പിന്നെയും വായിക്കാൻ മനസ് വന്നില്ല. 2007ന്റെ തുടക്കത്തിൽ കോഴിക്കോട്ടേക്ക് ട്രാൻസ്ഫർ കിട്ടി വന്നപ്പോൾ സത്യേട്ടന്റെ കുടുംബത്തെ കാണണമെന്ന ആഗ്രഹത്തിൽ അനിത ചേച്ചിയെ കാണാൻ പോയി. “പത്രപ്രവർത്തരോട് എനിക്ക് സംസാരിക്കാൻ ഒന്നുമില്ല” എന്നു പറഞ്ഞാണ് അവർ എന്നെ വരവേറ്റത്. എങ്കിലും സ്പോർട്സ് കൗൺസിൽ ഓഫീസിലെ മേശയുടെ ഇരുവശത്തും ഇരുന്ന് സത്യേട്ടന്റെ ജീവിതത്തിലെ ചില നിമിഷങ്ങളെക്കുറിച്ച് ചേച്ചി ഏതാനും കാര്യങ്ങൾ പറഞ്ഞു.

2008 ലെ മാധ്യമം വാർഷിക പതിപ്പിൽ “ലാസ്റ്റ് വിസിൽ” എന്ന പേരിൽ ആ അഭിമുഖം അച്ചടിച്ചു വന്നു. മികച്ച പ്രതികരണം ലഭിച്ച ആ ലേഖനം വായിച്ച് ഡി.സി ബുക്സിലെ ഒരു സുഹൃത്ത് “സത്യേട്ടനെ കുറിച്ച് ഒരു പുസ്തകം ചെയ്യൂ” എന്ന് നിർദ്ദേശിച്ചു. ഞാനാ കാര്യം അനിതച്ചേച്ചിയെ അറിയിച്ചു. എനിക്കും കുറച്ച് പറയാനുണ്ട് എന്ന് അങ്ങനെ 2009ൽ വി.പി സത്യന്റെ ജീവിതകഥ എഴുതാൻ തുടങ്ങി. എഴുതി എഴുതി ആ സംഭവബഹുല ജീവിതത്തിലേക്ക് ഇറങ്ങി ചെന്നു. അപ്പോഴാണ് എനിക്കൊരു കാര്യം ബോധ്യമായത്; ഒരു പുസ്തകത്തിന്റെ അക്ഷര ക്കൂട്ടത്തിനുളളിൽ ഒളിപ്പിക്കാവുന്നതല്ല ആ ജീവിതത്തിലെ സംഘർഷങ്ങൾ.

അങ്ങനെ 2010ൽ സത്യേട്ടന്റെ ജീവിതം ആധാരമാക്കി ഒരു സിനിമയ്ക്ക് തിരക്കഥ എഴുതാൻ തീരുമാനിച്ചു. അനിത ചേച്ചിയുടെ അനുമതിയോടെ എഴുത്തും അന്വേഷണവും തുടങ്ങി… തിരക്കഥ പൂർത്തിയാക്കി സംവിധായകർക്ക് പിന്നാലെ നടന്നു. കുറേക്കാലം ചിലർ കഥ കേട്ട് പ്രോൽസാഹിപ്പിച്ചു. ചിലർ തോറ്റു പോയ നായകന്റെ കഥയ്ക്ക് പ്രേക്ഷകരെ കിട്ടില്ല എന്നു പറഞ്ഞു. എന്നിട്ടും നടന്നു, 7 കൊല്ലം… സത്യേട്ടൻ സഞ്ചരിച്ച വഴികളിലൂടെ… ആ യാത്ര അദ്ദേഹത്തിന്റെ പതിനൊന്നാം ഓർമ്മ ദിവസത്തിൽ എത്തുമ്പോൾ “ക്യാപ്റ്റൻ” എന്ന ആഘോഷിക്കപ്പെടാത്ത നായകന്റെ സിനിമയ്ക്ക് ജീവൻ വെച്ചു… ഒരു പാട് പേരുടെ കൂട്ടായ്മയിൽ സിനിമ രൂപമെടുക്കാൻ തുടങ്ങിയപ്പോൾ ഒപ്പം നിന്ന് ക്യാപ്റ്റൻ യാഥാർഥ്യമാക്കുവാൻ മുന്നിട്ടിറങ്ങിയ ഗുഡ് വിൽ എന്റർടെയ്ൻമെന്റിന്റെ സാരഥി ടി.എൽ. ജോർജ്… പ്രിയങ്കരനായ ജോബി ജോർജ് ചേട്ടൻ, ജയസൂര്യ, അനു സിത്താര പിന്നെ എണ്ണമറ്റ സുഹൃത്തുക്കൾ… എല്ലാ പേർക്കും നന്ദി മനസിൽ സൂക്ഷിച്ചു കൊണ്ട് സത്യേട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണമിക്കുന്നു…”

Be the first to comment on "വിപി സത്യന്‍ അഭ്രപാളിയിലേക്ക്. സിനിമയെ കുറിച്ച് സംവിധായകന്‍ പറയുന്നു"

Leave a comment

Your email address will not be published.


*