ബുഹാരിസലൂണ്‍ ആരെയൊക്കെയാണ് അസ്വസ്ഥപ്പെടുത്തുന്നത്?

ജിയാദ് ഹുസൈന്‍

ഒരു മലബാര്‍ ബാര്‍ബറായ ബാവുക്കാന്‍റെ മുസ്ലിം സ്വത്വത്തെ കേന്ദ്രികരിച്ചാണ് “ബുഹാരി സലൂണ്‍” എന്ന ഹ്രസ ചിത്രം യുവ സംവിധായകന്‍ പ്രഭുല്ലാസ് ചിത്രീകരിച്ചിരുക്കുന്നത്. മുസ്‌ലിം വിരുദ്ധ പൊതുബോധങ്ങളെയും ഭരണകൂട ഭീകരതയെയും ആസ്പദമാകി ഒരുപാട് ഹ്രസ ചിത്രങ്ങള്‍ പല ഭാഷകളിലും വന്നിട്ടുണ്ട്. അതില്‍ പലതും ഭരണകൂടമോ മാധ്യമങ്ങളോ ‘നിര്‍മ്മിച്ച’ തീവ്രവാദികളെക്കുറിച്ചായിരുന്നു. അതില്‍നിന്നും വ്യത്യസ്തമായി, തീവ്രവാദിയെന്ന്‍ മുദ്രകുത്തിയവന്‍റെ അതുവരെയുള്ള ‘ജീവിതചരിത്രത്തില്‍’ അറിയാതെ ഭാഗമായ ഒരുവനുപോലും അവന്‍റെ ഇച്ഛക്കനുസൃതമായ സ്വത്വ സ്വാതന്ത്ര്യങ്ങളെ അകല്‍ച്ചപെടുത്തി ജീവിക്കേണ്ടി വരുന്ന യാഥാര്‍ത്ഥ്യത്തെയാണ് ബുഹാരി സലൂണ്‍ എന്ന ചിത്രം ഓര്‍മപ്പെടുത്തുന്നത്.

ഏതൊരു മുസ്ലിമിന്‍റെയും ജീവിത സത്യങ്ങളെ രേഖപെടുത്തുന്ന ഒന്നായി തോന്നിയതുക്കൊണ്ടും, ബുഹാരി സലൂണിനെക്കുറിച്ച് അഴിമുഖം പ്രസിദ്ധീകരിച്ച അഖില്‍ കെ എമ്മിന്‍റെ ആര്‍ട്ടികിളില്‍ വന്ന വിമര്‍ശനങ്ങളില്‍ മറുപടി അര്‍ഹിക്കുന്നതിനോടുള്ള ഇടപെടലുമായിട്ടാണ് ഈ കുറിപ്പ്.

ഗുലാം അലിയുടെയും, എ.ആര്‍.റഹ്മാനിന്‍റെയും, മുഹമ്മദ്‌ റഫിയുടേയുമൊക്കെ പാട്ട് കേള്‍ക്കുന്ന അവരുടെ ഫോട്ടോകള്‍ കടയുടെ ചുവരില്‍ സൂക്ഷിക്കുകയും ചെയ്യുന്ന ഒരു സാധരണ മനുഷ്യന്‍. വേഗത്തില്‍ കത്രിക ചലിപ്പിച് തന്‍റെ പണിയെടുത്തു ജീവിക്കുന്ന മര്യാദക്കാരന്‍. ജമാഅത്ത് നമസ്ക്കരത്തിന് പള്ളിയില്‍ പോവുന്ന ‘കട്ട’ വിശ്വാസി. കെണിയില്‍ അകപ്പെട്ട, ഭീകരന്‍!! എന്ന് മൂപര്‍ വിളിക്കുന്ന എലിക്കും, തന്‍റെ കടയുടെ താഴേക്ക് നിരന്തരം വിപ്ലവ-ബീഡിക്കുറ്റി വലിച്ചെറിയുന്ന കമ്മ്യൂണിസ്റ്റ്ക്കാരനും വരെ പൊരുത്തപെട്ടുകൊടുക്കുന്ന ഒരു നിഷ്ക്കളങ്കനായ ബാര്‍ബര്‍; നാട്ടുകാരുടെ ബാബുക്ക.

ഈ സിനിമയില്‍ ‘മുസ്ലിംമായതുക്കൊണ്ട്’ ബാബുക്ക അനുഭവിക്കുന്ന രണ്ടുതരത്തിലുള്ള സോഷ്യല്‍ എക്സ്ക്ലൂഷനുകളെ കാണാന്‍ സാധിക്കുന്നു. അമുസ്ലിംകളും മുസ്ലിംകളും വസിക്കുന്ന ഒരു സമൂഹത്തില്‍ മുസ്ലികള്‍ ‘നിര്‍മ്മിച്ചതല്ലാത്ത’ മുസ്ലിം വിരുദ്ധ പോതുബോധങ്ങള്‍ കാരണം തുല്ല്യര്‍ഥത്തില്‍ സ്വൈര്യ വിഹാരം സാധിക്കുന്നില്ല എന്നതാണ് ഒന്നാമത്തെ സോഷ്യല്‍ എക്സ്ക്ലൂഷന്‍.

ഈ സിനിമ ചര്‍ച്ച ചെയ്യപ്പെടുന്നത് ബാര്‍ബറായ ഒരു മുസ്ലിം മറ്റു മുസ്ലിമീങ്ങളില്‍ നിന്ന് അനുഭവിക്കുന്ന പ്രശ്നങ്ങളെകുറിച്ചല്ല, കൃത്യമായി പറഞ്ഞാല്‍, ബാര്‍ബര്‍ തൊഴില്‍ ചെയ്യുന്ന ഒരു ‘തൊഴിലാളിയെ’ (വര്‍ഗത്തെ) കേന്ദ്രീകരിച്ചല്ല, മറിച്ച് മുസ്ലിം എന്ന ഐഡന്റിറ്റിയുള്ള ഒരു ചെറുപ്പക്കാരന്‍റെ ജീവിതത്തെ കുറിച്ചാണ്. വര്‍ഗ പ്രശ്നത്തെക്കാള്‍ ബാബുക്ക (മുസ്ലിം) അനുഭവിക്കുന്നത് സ്വത്വ പ്രശ്നമാണെന്നു കൂടി ബുഹാരി സലൂണ്‍ വരച്ചിടുന്നു. ചിത്രത്തിന്‍റെ അവസാനം, തന്‍റെ ബാര്‍ബര്‍ തൊഴില്‍ തുടരുകയും, മുസ്ലിം സ്വതത്തെ പ്രതിനിധീകരിക്കുന്ന അടയാളങ്ങളെ ബാബുക്ക(നിര്‍ബന്ധിതമായി ) സ്വയം മറ/മായ്ക്കേണ്ടിവന്നതും അത്കൊണ്ടാണ്.

തീവ്രവാദിയെ വാര്‍ത്തയിലൂടെ പ്രഖ്യാപിക്കപ്പെടുന്നത് മുതല്‍ കൂട്ടുകാരടങ്ങുന്ന എല്ലാവരുടെയും ഉത്തരമില്ലാ ചോദ്യങ്ങളുടെ ‘ഉത്തരം പറയല്‍’ ബാബുക്കയുടെ ഉത്തരവാദിത്തമായി മാറുന്നു. മുസ്ളിം തീവ്രവാദിയുമായി ബന്ധപെട്ടവനെ പിടിക്കാന്‍ സ്റ്റേറ്റ് ഇന്‍സ്ടിറ്റിയൂഷനുകളുടെ വരവും, മീഡിയകളുടെ അകമ്പടിയും, അവര്‍ നേരത്തെ നിര്‍മ്മിച്ച മുസ്ലിം ഭീതിയും അതിന് കിട്ടുന്ന ജനശ്രദ്ധയും, മുസ്ലിമായ ബാബുക്കയെ തന്‍റെ സ്വാതന്ത്ര്യങ്ങളെ കൊന്നുകളയാന്‍ നിര്‍ബന്ധിക്കുക മാത്രമല്ല, പൊതുബോധത്തിന് അനുകൂലമായ മറ്റൊന്ന്‍ സ്വീകരിക്കണം എന്ന ഭീഷണിയെയും പറയാതെ പറയുന്നു ഈ ചിത്രം.

മുസ്ലിംകളെ അടിച്ചുക്കൊല്ലുമ്പോളുള്ള അക്ക്രോശങ്ങളില്‍ വര്‍ഗ സംബന്ധമായ ഒന്നല്ല നമ്മള്‍ അധികവും കേള്‍ക്കാര്‍, മറിച്ച് തൊപ്പി, താടി, പര്‍ദ്ദ മറ്റ് മുസ്ലിമുമായി ബന്ധപെട്ടവയാണ്; “താടിയുള്ള തൊപ്പിയുള്ള മുസ്ലിം” അപകടകാരിയാണ് അല്ലെങ്കില്‍ മര്‍ദ്ദിക്കേണ്ടവനാണ് അതുമല്ലെങ്കില്‍ കൊല്ലേണ്ടാവനാണ്/ പര്‍ദ്ദ ധരിച്ചവള്‍ ഭീതി ജനിപ്പിക്കുന്നു/ അപരിഷ്കൃതയാണ് എന്ന പൊതുബോധം നിര്‍മ്മിച്ചത്‌ ഓരോ മുസ്ലിമിന്‍റെയും സ്വത്വത്തില്‍ തന്നെയാണ്. ‘അറവുകാരന്‍’ എന്നത് ഒരു തൊഴില്‍ വര്‍ഗമാണെങ്കിലും, അക്ക്രമിക്കപെടുന്ന അറവുകാരന്‍ നേരെത്തെ പറഞ്ഞ മുസ്ലിം സ്വത്വ അടയാളങ്ങളുള്ള ആളാകുന്നു എന്നത് യാദൃശ്ഛികമായി സംഭവിക്കുന്ന ഒന്നല്ല.

പ്രഭുല്ലാസ്

ഇന്നത്തെ സാഹചര്യത്തില്‍ ഒരു മുസ്ലിമിന് ‘ജിഹാദ്’ എന്ന പേരിടാന്‍ പലവട്ടം ആലോചിക്കേണ്ടിവരുന്നതും, പേരുള്ളവര്‍ നിരന്തരം സംശയങ്ങള്‍ക്ക് വിധേയമാവുന്നതും( എന്നാല്‍ ശ്രീരാമസേന, ശിവസേന എന്ന പദങ്ങളിലുള്ള ‘രാമന്‍’ ‘ശിവന്‍’ എന്ന പേരുകള്‍ പൊതുസ്വീകാര്യമാവുന്നതും(ഇനി പൊതു സ്വീകാര്യമല്ലെങ്കില്‍ പോലും പേര് കൊണ്ട് പ്രശ്നങ്ങളില്ലതിരിക്കുന്ന അവസ്ഥ)), കേവലം മുസ്ലിം വിരുദ്ധ വികാരം കൊണ്ട് മാത്രമല്ല മറ്റൊരു മതത്തിനനുകൂലമാക്കികൊടുക്കുന്ന പൊതുബോധം നിലനിര്‍നിര്‍ത്തുന്നത് കൊണ്ട് കൂടിയാണ്.

താന്‍ ഇഷ്ടപ്രകാരം സ്വന്തം ബാര്‍ബര്‍ ഷോപ്പിന് നല്‍കിയ പേരായ “ബുഹാരി-സലൂണില്‍’ നിന്ന് “ഭാരത്-സലൂണിലേക്കുള്ള” മാറ്റവും, തന്‍റെ ഇഷ്ട സംഗീതങ്ങള്‍ മാറ്റി ദേശീയത തുളുബുന്ന ദേശഭക്തി ഗാനങ്ങള്‍ പ്ലേ ചെയ്യേണ്ട ഗതിയും ബാബുക്കക്കുണ്ടാവുന്നത്‌ സംഘപരിവാര്‍ ശക്തികളുടെ ഇടപെടലാണെന്ന് മനസ്സിലാക്കാന്‍ ഇനിയും കാവി കൊടി ‘കാണിക്കപെടണമെന്നില്ല’, മറിച്ച് ബാബുക്കക്കുണ്ടായ (മുസ്ലിമിന് സംഭവിക്കുന്ന പ്രശ്നങ്ങളിലേക്ക് നോക്കൂ) മാറ്റങ്ങള്‍ മനസ്സിലാക്കിയാല്‍ മതിയെന്നു പറയുന്നു ഈ ചിത്രം. സിനിമയില്‍(യാഥാര്‍ത്ഥ്യത്തിലും) ചോദ്യം ചെയ്യാന്‍ വരുന്ന ‘സ്റ്റേറ്റിന്‍റെ ആളുകള്‍ക്ക്’ യൂണിഫോം ഇല്ലാത്തത്‌ കൊണ്ട് പോലീസോ/സ്റ്റേറ്റോ ഇല്ലാതവുന്നിലല്ലോ. അല്ലെങ്കിലും ജുനൈദും, ആഖ്ലാക്കും, പെഹലുഖാനുമൊക്കെ കൊല്ലപ്പെട്ടപ്പോള്‍ കൊടിയുണ്ടായിരുന്നോ?.
ടീം ബുഹാരി സലൂണ്‍ അങ്ങനെ സംഘപരിവാറിന്‍റെ മാത്രം മുസ്ലിം വിരുദ്ധത കണ്ടെത്തി കേസ് ക്ലോസ് ചെയ്യുകയല്ല ചെയ്തത് മറിച്ച് നിസംഗത പാലിച്ചു നില്‍കുന്ന സംഘടനകളെയും ചേര്‍ത്ത് വെച്ച് ഈ കേസ് റി-ഓപണ്‍ ചെയ്തിരിക്കുകയാണ്. ബുഹാരി സലൂണ്‍ കണ്ടിട്ട് ചില പക്ഷങ്ങള്‍ക്കുണ്ടായിരിക്കുന്ന അസ്വസ്ഥത തന്നെയാണ് സിനമയുടെ നേട്ടം. ചിത്രം സംഘപരിവാറിന് നേരെ കണ്ണടയ്ക്കുകയായിരുന്നില്ല പകരം മുസ്ലിം വിരുദ്ധതയുടെ കണ്ണട വെച്ചവര്‍ക്ക് നേരെ വിരല്‍ ചൂണ്ടുകയായിരുന്നു.

കൊണ്ടുപോയതില്‍ നിന്ന് വ്യത്യസ്തമായി ജയിലില്‍ നിന്ന് തിരിച്ചുവരുന്ന ബാബുക്ക ഒറ്റക്കായിരുന്നു. മലബാറിലെ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ അപ്പോഴും മതേതര മത്സരവും, ഫാസിസവുമായിരുന്നു. ‘മുസ്ളിംങ്ങള്‍ ഒറ്റക്കല്ല’ ഞങ്ങളുണ്ടെന്നു പാരായണം ചെയ്തു പതിയെ പായുന്ന തെരഞ്ഞെടുപ്പ് വാഹനങ്ങളുടെയും, തന്‍റെ കടയുടെ ഷട്ടറില്‍ പോലും ഒട്ടിച്ച തെരഞ്ഞെടുപ്പ് പോസ്റ്ററുകളുടെയും വോട്ട് നാടകം ഗ്രഹിക്കുന്ന ബാബുക്കയിലൂടെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയേയും, യു-ഡി-എഫിനേയും, മുസ്‌ലിം ലീഗിനെയും, മറ്റ് നവ-മുസ്ലിം രാഷ്ട്രീയ പാര്‍ട്ടിക്കാരെയും ആരോഗ്യകരമായി വിമര്‍ശിക്കുന്നുണ്ട്.

എന്നാല്‍ ഏതു വിഷയങ്ങളെയും വര്‍ഗങ്ങളായി മാത്രം കണ്ടാലെ പരിഹാര സിദ്ധാന്തങ്ങള്‍ നിര്‍മിക്കാനൊക്കൂ എന്നും മുസ്ലിം സ്വത്വ പ്രശ്നങ്ങളില്‍ ഇടപെടേണ്ടതില്ലെന്ന/കാണേണ്ടത്തില്ലെന്ന കമ്മ്യുണിസ്റ്റ് പിടിവാശിയെ ബാബുക്കയുടെ കടയ്ക്ക് മുകളിലുള്ള (ബാബുക്കയെ നന്നായി അറിയുന്ന) പാര്‍ട്ടിക്കാരെ നിസംഗതയിലും മൗനത്തിലും നിര്‍ത്തിയതിലൂടെ മുസ്ലിം വിരുദ്ധതയില്‍ ചുവപ്പ് കൊടിയുടെ ഓഹരിയെക്കൂടി പ്രകാശിപ്പിക്കുന്നു ബുഹാരി-സലൂണ്‍.

മുസ്ലിം സ്വത്വത്തതിന്‍റെ ക്ലാസ്സ്‌, സ്പേസ്, ജെന്ധര്‍, എന്ന വിശകലനം ചെയ്യുന്നതിന് മുമ്പ് ഒരാള്‍ ‘മുസ്ലിമാവുക’ എന്നത് തന്നെ അക്ക്രമിക്കപ്പെടാന്‍ കാരണമാവുന്നു എന്നതാണ് പ്രധാന പ്രശ്നം. ഉദാഹരണത്തിനായി ഹാദിയ കേസ് തന്നെ എടുക്കാം; അവരുടെ ക്ലാസ് വിദ്യാഭ്യാസപരമായി/തൊഴില്‍പരമായി ഡോക്ട്ടറാണ്, സ്പേസ് കമ്മ്യൂണിസ്റ്റ് ഭരിക്കുന്ന കേരളമാണ്, ജെന്ധര്‍ സ്ത്രീയാണ്, എന്നാല്‍ ഈ കേസില്‍ ഇവര്‍ക്കുമേല്‍ അന്യായം നടപ്പിലാക്കിയതിന്‍റെ കാരണം ‘മുസ്ലിമായി’ എന്നതല്ലാതെ മറ്റെന്താണ്. മുസ്ലിം സ്വത്വത്തിന്‍റെ വ്യതിയാനങ്ങള്‍ക്കു ബാധകമാവേണ്ടിയിരുന്ന ഘടകങ്ങള്‍ എന്ത് വ്യത്യസ്ത അനുഭവമാണ് ഹാദിയക്ക് സമ്മാനിച്ചത്. ഇത്തരം മുസ്ലിം വിരുദ്ധ പ്രശ്നങ്ങളില്‍ ഇടത് പുരോഗമന മതേതര ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ പാലിചുകൊണ്ടിരിക്കുന്ന മൗനവും വേട്ടക്കാരന്‍റേതാണ് എന്ന് കൂടിയാണ് ബുഹാരി സലൂണ്‍ പറഞ്ഞ് വെക്കുന്നത്‌.

ബാബുക്കാക്ക് സംഭവിക്കുന്ന മാറ്റങ്ങളാണ് രണ്ടാമത്തെ സോഷ്യല്‍ എക്സ്ക്ലൂഷനായി ഞാന്‍ കാണുന്നത്. അതില്‍ എക്സ്ക്ലൂഷന്‍ സംഭവിക്കുന്നത് ബാബുവിന്‍റെ അതൃപ്തികരമായ ഇങ്ക്ളൂഷനിലൂടെയാണ് (unfavourable inclusion). ബാബുക്ക വരുത്തിയ മാറ്റങ്ങള്‍ കേവലമായ ഒരു മാറ്റമായിരുന്നില്ല, മറിച്ച് മുസ്ളിംമായ ഒരുവന് തന്‍റെ സ്വാതന്ത്ര്യങ്ങളില്‍ നിന്ന് സ്റ്റേറ്റിനും, ഭൂരിപക്ഷ മതത്തിന് അനുകൂലമായതും, തനിക്കെതിരെ ഉന്നയിക്കപ്പെട്ട സംശയങ്ങള്‍ക്ക് പ്രതികൂലമായതുമായ ഒരു ജീവിതത്തിലേക്ക് ‘നിര്‍ബന്ധിതമായി’ മാറേണ്ടി വരുന്നു. അങ്ങനെ ബാബുക്കയില്‍ നിന്നു ബാബുക്ക സ്വയം ഇല്ലാതാവുന്നു/ തന്‍റെ സ്വൈര്യം നിയന്ത്രിക്കപ്പെടുന്നവരുടെ സൗകാര്യത്തിന്നായി അവസാനം ജീവിക്കേണ്ടി വരുന്നു.

ബാബുക്കയെ മാറ്റിയത് പോലെയോ, അല്ലാതയോ നമ്മളുടെയൊക്കെ ജീവിതത്തിലും (രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സ്നേഹ ഉപദേശങ്ങളിലും മറ്റും) കടന്നു വരാറുണ്ട്; “ഹൈദ്രബാദിലൊക്കെ പഠിക്കുമ്പോള്‍ ഇയ്യ് താടിയും തോപ്പിയൊന്നും വെക്കണ്ട, അന്നെ തീവ്രവാദിയാക്കും ഓല്”, ഇത്തരത്തില്‍ അതൃപ്തികരമായിട്ടുള്ള ഉള്‍ക്കൊള്ളലിന് മുസ്ലിം സദാ വിധേയമാവുന്നു എന്നതിനെ വിമര്‍ശനാത്മകമായി ബുഹാരി-സലൂണിലൂടെ അവതരിപ്പിച്ചിരിക്കുന്നു. അങ്ങനെ അനിഷ്ടകരമായി പല തരം ഉള്‍ക്കൊള്ളലുകള്‍ക്ക് വിധേയമായ മുസ്ലിം (ബാബുക്ക) വീണ്ടും വീണ്ടും വേട്ടയാടപെടുമെന്ന്‍ മുടിവെട്ടികൊടുക്കുന്നവരുടെ പേര് വിവരങ്ങള്‍ സൂക്ഷിക്കുന്ന ബാബുക്കയിലൂടെ 20 മിനുട്ടുള്ള ബുഹാരി സലൂണ്‍ എന്ന ഹ്രസ ചിത്രം അവസാനിക്കുന്നു.

ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ ഗവേഷണവിദ്യാര്‍ത്ഥിയാണ് ലേഖകന്‍

Be the first to comment on "ബുഹാരിസലൂണ്‍ ആരെയൊക്കെയാണ് അസ്വസ്ഥപ്പെടുത്തുന്നത്?"

Leave a comment

Your email address will not be published.


*