മഅ്ദനിയുടെ നീതിയെ കുറിച്ച് എന്നോടാദ്യം സംസാരിക്കുന്നത്

എഴുത്തുകാരനും ദലിത് അവകാശപ്രവര്‍ത്തകനുമായ പ്രശാന്ത് കൊളിയൂര്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ്.

വേടർ ഗോത്രത്തിന്റെ സമരം സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന സമയം. കുടിൽകെട്ടി സമരം കഴിഞ്ഞിട്ടായിരുന്നു അത്. ക്ലാസ് കഴിഞ്ഞ് വരുമ്പോൾ സമരപന്തലിൽ ഇടയ്ക്ക് കയറുമായിരുന്നു. അവിടെ പന്തലിൽ സമരാവശ്യങ്ങൾ എഴുതിയ ചെറിയ പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു. വേടർ ഗോത്രത്തെ പട്ടികവർഗ്ഗ ലിസ്റ്റിൽ ഉൾപ്പെടുത്തുക, വേടർ സമൂഹത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക… എന്നിങ്ങനെ. അതിനിടയിൽ വ്യത്യസ്ഥമായൊരു പോസ്റ്ററും ഉണ്ടായിരുന്നു ‘അന്യായ തടങ്കലിൽ നിന്നും അബ്ദുൾ നാസർ മഅദനിയെ ഉടൻ മോചിപ്പിക്കുക’ എന്നായിരുന്നു ആ പോസ്റ്റർ. (ആശയം ഇതായിരുന്നു. വരികൾ കൃത്യമാണോന്നറിയില്ല.)

ഒരു ദിവസം അവിടെ നിന്ന ആരോടോ ‘നമ്മൾ’ ഈ പോസ്റ്റർ വച്ചിരിക്കുന്നത് എന്തിനാണെന്ന് ചോദിച്ചു. അര മുക്കാൽ മണിക്കൂറെടുത്താണ് അയാളത് എനിക്ക് വിശദീകരിച്ചു തന്നത് (കാഞ്ഞിരംകുളത്തെ അശോകൻ അണ്ണൻ ആണെന്നാ അവ്യക്തമായ ഓർമ്മ). മഅദനിയെക്കുറിച്ച് മനുഷ്യാവകാശങ്ങളെക്കുറിച്ച് സാമൂഹ്യനീതിയെക്കുറിച്ചൊക്കെ ഇങ്ങനെയൊക്കെയാണ് അറിഞ്ഞത്.

മഅദനിയ്ക്ക് നീതി ലഭിക്കാത്തതിനെക്കുറിച്ച് ആശങ്കയില്ലാത്ത ദലിതരെ കാണുമ്പോൾ അത്ഭുതമൊന്നുമില്ല. സ്വന്തം അവകാശ പോരാട്ടങ്ങൾക്കിടയിൽ ദലിതർക്കും ബോധ്യം ഉണ്ടാകട്ടെ ‘മറ്റുള്ളവർക്കും’ നഷ്ടപ്പെടുന്ന നീതിയെക്കുറിച്ചും അതിനൊപ്പം നിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും.

Be the first to comment on "മഅ്ദനിയുടെ നീതിയെ കുറിച്ച് എന്നോടാദ്യം സംസാരിക്കുന്നത്"

Leave a comment

Your email address will not be published.


*