കേരളം എന്നും ഫലസ്തീന്റെ കൂടെയുണ്ടായിരുന്നു: മഫാസ് യൂസുഫ്

ഫലസ്തീന്‍ ജനതയുടെ ഇസ്രായേലിനെതിരായ ചെറുത്തുനില്‍പ്പുകളെ കേരളം എന്നും പിന്തുണച്ചിരുന്നുവെന്ന് ഫലസ്തീന്‍ ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ മഫാസ് യൂസുഫ് സലാഹ്. കേരളത്തില്‍ നിന്നുമുള്ള ഫലസ്തീന്‍ ഐക്യദാര്‍ഢ പരിപാടികളുടെ വാര്‍ത്തകള്‍ നിരന്തരമായി ശ്രദ്ധിക്കാറുണ്ടെന്ന് പറഞ്ഞ മഫാസ് പിന്തുണയ്ക്ക് കേരളജനതയോട് നന്ദി രേഖപ്പെടുത്തി. സോളിഡാരിറ്റി കോഴിക്കോട് സംഘടിപ്പിച്ച ഖുദ്സ് ഐക്യദാര്‍ഢ്യസംഗമത്തില്‍ സംസാരിക്കുകയായിരുന്നു മഫാസ് യൂസുഫ്. അല്‍ജസീറയുടെ കോളമിസ്റ്റ് കൂടിയായ മഫാസ് യൂസുഫ് സലാഹ് ഫലസ്തീന്‍ ജേണലിസ്റ്റ് സ്റ്റുഡന്‍സ് യൂണിയന്റെ പ്രസിഡന്റ് ആണ്.

‘ ഫലസ്തീന്റെ സംസ്കാരത്തെ കൂടി ഇല്ലാതാക്കാനാണ് സയണിസത്തിന്റെ അജണ്ട. മീഡിയകളും അതിന് നല്ല സംഭാവന നല്‍കുന്നുണ്ട്. ഇന്ത്യയിലെ മാധ്യമങ്ങള്‍ പോലും അത്തരം വാര്‍ത്തകള്‍ നല്‍കുന്നു. ഫലസ്തീനില്‍ നിന്നുമുള്ള വാര്‍ത്തകള്‍ ഇനിയും വ്യാപകമായി ജനങ്ങളിലേക്ക് എത്തേണ്ടതുണ്ട്’ മഫാസ് പറഞ്ഞു.

ഫലസ്തീനീകള്‍ എന്ന് പറയുമ്പോളും സ്വന്തം ദേശത്ത് സ്വന്തം ആളുകളോട് ബന്ധപ്പെടാനാവാത്ത വിധം ബന്ധിതരാണ് തങ്ങളെന്ന് മഫാസ് പറഞ്ഞു. ‘ നിരവധി തവണ അഖ്സാ പള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഞാന്‍ തടയപ്പെട്ടിട്ടുണ്ട്. എന്റെ സഹോദരി ഞാന്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും നിന്നും അരമണിക്കൂര്‍ മാത്രം യാത്രാദൈര്‍ഘ്യമുള്ള സ്ഥലത്താണ്. അരമണിക്കൂര്‍ മാത്രം യാത്ര ചെയ്താലെത്താവുന്ന ഇടത്തായിട്ടും അവളെ നേരില്‍ കാണാന്‍ പതിനേഴ് വര്‍ഷമെടുത്തു. ഇന്ന് അവള്‍ ജീവനോടെയില്ല. മരണപ്പെട്ടപ്പോള്‍ അവസാനമായി അവളെ ഒന്നുകാണാനുള്ള സ്വാതന്തം പോലും അവളുടെ ഉമ്മയ്ക്കും എനിക്കും നിഷേധിക്കപ്പെട്ടു. ഇതാണ് ഫലസ്തീനീലെ ജനങ്ങള്‍ അനുഭവിക്കുന്ന അവസ്ഥ” ഏറെ വികാരഭരിതമായി മഫാസ് പറഞ്ഞു.

‘ നാല് മണിക്കൂര്‍ മാത്രമാണ് ഫലസ്തീനില്‍ വൈദ്യുതിസംവിധാനമുള്ളത്. സ്വന്തം കുടുംബാഗങ്ങള്‍ പരിക്കേല്‍ക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് ടിവി ചാനലുകളില്‍ കാണേണ്ടിവരുന്ന അവസ്ഥ ഭീകരമാണ്. എന്നാലും പ്രതീക്ഷകളേറെയാണ്. ഫലസ്തീന്‍ സ്വതന്ത്രമാവും. അഖ്സയുടെ വാതില്‍ എല്ലാവര്‍ക്കുമായി തുറക്കപ്പെടും. നമ്മള്‍ അവിടെ നിന്ന് കണ്ടുമുട്ടും.’ മഫാസ് തന്റെ സ്വപ്നം സദസ്സുമായി പങ്കുവെച്ചു.

ഇന്ത്യ എല്ലാകാലത്തും ഫലസ്തീന്‍ അനുകൂലനിലപാട് എടുത്തതാണെങ്കിലും ഇപ്പോഴുള്ള മോഡിയുടെ ഇസ്രായേല്‍ ബാന്ധവം നിരാശപ്പെടുത്തുന്നുവെന്ന് മഫാസ് പറഞ്ഞു.

Be the first to comment on "കേരളം എന്നും ഫലസ്തീന്റെ കൂടെയുണ്ടായിരുന്നു: മഫാസ് യൂസുഫ്"

Leave a comment

Your email address will not be published.


*