എട്ടാമത് കേരള ക്വിയർ പ്രൈഡ് ആഗസ്ററ് 12 ന് കൊച്ചിയില്‍

വ്യത്യസ്ത ലിംഗ-ലൈംഗിക വൈവിധ്യങ്ങളെ ആഘോഷിച്ചുകൊണ്ട് എട്ടാമത് കേരള ക്വിയർ പ്രൈഡ് , 2017 ആഗസ്ററ് 12ന് കൊച്ചിയിൽ വെച്ചു സംഘടിപ്പിക്കപ്പെടുന്നു.

ക്വിയര്‍പ്രൈഡ് സംഘാടകര്‍ എഴുതിയ കുറിപ്പ് വായിക്കാം.

ലൈംഗികന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങള്‍ക്കായും വിമതലൈംഗികതയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചും കൊണ്ട് എട്ടാമത് കേരള ലൈംഗിക സ്വാഭിമാന ഘോഷയാത്രയും അനുബന്ധ പൊതുസേമ്മേളനവും 2017 ആഗസ്ററ് 12ന് കൊച്ചിയിൽ വെച്ച് ആഘോഷപൂർവം സംഘടിപ്പിക്കപ്പെടുകയാണ്. 2009 ജൂലൈ മാസത്തിൽ ഇന്ത്യൻ ശിക്ഷാ നിയമം 377ആം വകുപ്പിന് ഡൽഹി ഹൈക്കോടതി നടത്തിയ ചരിത്രപരമായ പുനർവായനയുടെ ഓർമ്മ പുതുക്കാനും, ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾക്കും (Gender-Sexuality Minorities) പൊതു സമൂഹത്തിനും ഒന്നിച്ചു വരാനും, നമ്മുടെ സാന്നിദ്ധ്യം രാഷ്ട്രീയപരമായി തന്നെ അറിയിക്കാനും വേണ്ടിയാണ് കേരളത്തിലും ലൈംഗിക സ്വാഭിമാന ഘോഷയാത്രയും അനുബന്ധ രാഷ്ട്രീയ പ്രവർത്തനങ്ങളും സാംസ്കാരിക അടയാളപ്പെടുത്തലുകളും 2010 മുതല്‍ തുടങ്ങിവച്ചത്. കേരളത്തില്‍ വിമതലൈംഗികതയുടെ രാഷ്ട്രീയം സജീവമായും മൂര്‍ത്തമായും നിലനിര്‍ത്താനും LGBTIQ വിഭാഗത്തില്‍ പെട്ട ലൈംഗികന്യൂനപക്ഷങ്ങളുടെ ദൃശ്യത കൈവരിക്കുന്നതിലും കുറഞ്ഞ കാലഘട്ടത്തിനുള്ളിൽ ക്വിയര്‍ പ്രൈഡ് കേരളത്തിന്‍റെ പ്രവർത്തനങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്.

സംസ്ഥാന സർക്കാർ ട്രാന്‍സ്­ജന്‍റര്‍ വ്യക്തികള്‍ക്ക് വേണ്ടി ഒരു നയം തന്നെ രൂപപ്പെടുത്തിയതും പ്രസ്തുത നയം വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കാൻ ശ്രമിക്കുന്നതും നമ്മെ സംബന്ധിച്ച്‌ വളരെ സന്തോഷം നല്കുന്ന കാര്യമാണ്. എന്നാൽ ഈ നയം നിലനിൽക്കുമ്പോൾ തന്നെ പൊതുസ്ഥലങ്ങളില്‍ ട്രാൻസ്-സ്ത്രീകൾക്ക് നേരെ നടക്കുന്ന പോലീസിന്‍റെ അക്രമങ്ങൾ അത്യന്തം അപലപനീയമാണ്. വിഷയത്തിൽ ഗുണപരമായ മുന്നോട്ടു പോക്കിന് പോലീസ് മേധാവികൾ , മാധ്യമപ്രവർത്തകർ മുതലായവക്കർക്കു വിഷയസംബന്ധിയായ ബോധവൽക്കരണം അത്യന്താപേക്ഷിതമാണ്. അതിനോടൊപ്പം തന്നെ, വർഷങ്ങളുടെ പ്രയത്നത്താൽ ഇന്ന് കേരളത്തിൽ നാം നേടിയെടുത്ത മുഴുവൻ അവകാശങ്ങളും ദൃശ്യതയും ലെസ്ബിയൻ , ഗേ , ബൈസെക്ഷ്വൽ , ക്വിയര്‍ , ഇന്റർസെക്സ് വിഭാഗങ്ങളിൽപ്പെടുന്നവർക്കും കൂടി ലഭ്യമാകുന്നതിനും ക്വിയർ പ്രൈഡ് കേരളം നിലകൊള്ളുന്നു. ഇത്തരം ഇടപെടലുകളിലൂടെ സ്വന്തം ലിംഗ/ലൈംഗിക സ്വത്വം തുറന്നു പറയാൻ കഴിയാതെ പോകുന്ന അനേകമാളുകൾക്ക് ആത്മധൈര്യം പകരാൻ കഴിയുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി സ്വന്തം അവകാശങ്ങള്‍ക്കും തുല്യ സാമൂഹിക പദവിയ്ക്കുമായി ഒരു ജനത നടത്തുന്ന അതിജീവന സമരത്തെ ഇനിയും അവഗണിക്കുന്നത് പുരോഗമനവാദികളെന്നും അഭ്യസ്ഥവിദ്യരെന്നും അവകാശപ്പെടുന്ന നമ്മുടേതുപോലെയുള്ള ഒരു സമൂഹത്തിനു ഭൂഷണമല്ല. സ്വവര്‍ഗപ്രണയവുമായി ബന്ധപ്പെട്ട് രാജ്യത്തിനു പുറത്തു വിവിധ നാടുകളിലെ നിയമനിർമ്മാണ നിർവ്വഹണ വിഭാഗങ്ങൾ കഴിഞ്ഞ കാലങ്ങളിൽ കൈക്കൊണ്ട പല പുരോഗമനപരമായ ആശയങ്ങളും പുരുഷമേധാവിത്വ സമൂഹത്തിന്‍റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി കണ്ടില്ലെന്നു നടിക്കുന്നത് പൗരാവകാശങ്ങൾ നിഷേധിക്കുന്നതിന് തുല്യമാണ്. മറ്റ് രാജ്യങ്ങളിൽ സ്വവര്‍ഗപ്രേമികൾക്കും ലിംഗന്യൂനപക്ഷങ്ങളിൽപെട്ടവർക്കും നല്കുന്ന പ്രത്യേക പരിഗണനയും സ്നേഹവും കരുതലും എന്തുകൊണ്ടാണ് നമ്മുടെ സഹോദരങ്ങൾക്കും സുഹ്രുത്തുക്കൾക്കും നമ്മുക്ക് നല്കാൻ കഴിയാത്തത്? സമൂഹം പുരുഷകേന്ദ്രീകൃതമായി നിർമ്മിച്ച സംവിധാനങ്ങൾക്കുള്ളിൽ നിൽക്കാത്ത, ഭിന്നവർഗലൈംഗികതാ കേന്ദ്രീകൃത കുടുംബമാതൃകകളിൽ ഒതുങ്ങാത്ത മനസ്സുകളേയും ശരീരങ്ങളേയും മറ്റ് എന്തിനേയും അസ്വാഭാവികവും അശ്ലീലവും പ്രകൃതി വിരുദ്ധവുമായി മുദ്രകുത്തി ജയിലിലും മാനസികാരോഗ്യാലയങ്ങളിലും തളയ്ക്കാൻ ശ്രമിയ്ക്കുന്നത് മനുഷ്യാവകാശങ്ങൾക്കെതിരായ കടന്നു കയറ്റം തന്നെയല്ലേ? സ്വവർഗപ്രണയം എന്നത് വളരെ ജൈവീകവും സ്വാഭാവികവുമായ ഒന്നാണെന്നും ലൈംഗികന്യൂനപക്ഷങ്ങളിൽപെട്ടവരോടുള്ള അകാരണമായ പേടിയും അവഗണനയുമാണ് മനുഷ്യാവകാശനിഷേധം എന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഞങ്ങൾ സ്വപ്നം കാണുന്നത് നമ്മുടെ ലിംഗഭേദത്തിന്‍റെയും ലൈംഗികതയുടെയും സ്വാഭാവികതയെ ചുറ്റുമുള്ളവർ സാധാരണമായി കാണുന്ന ഒരു നാളെയാണ്. പ്രണയിക്കുന്നതിൽ, പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ തുടങ്ങി എല്ലാ കാര്യങ്ങളിലും സാമൂഹിക സമ്മർദ്ദത്തിന് വഴങ്ങാതെ വ്യക്തി സ്വാതന്ത്ര്യം അനുഭവിക്കാൻ സാധ്യമായ, പരമ്പരാഗതരീതിയിലുള്ള ആൺ-പെൺ വിവാഹബന്ധങ്ങൾ ആരുടേയും മേൽ അടിച്ചേൽപ്പിക്കാത്ത, സുന്ദരമായൊരു നാളെ. അതിന് നിയമനിർമ്മാണം മാത്രം മതിയാവില്ല, മറിച്ച്, നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ സൗഹാർദ്ദപരമായ ഒരന്തരീക്ഷം ഉണ്ടാവേണ്ടതും, നിയമങ്ങൾ വേണ്ടവിധം പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ടതും ഒരുപോലെ ആവശ്യമാണ്. ലൈംഗികചായ്­വിലും (Sexual Orientation ) ലിംഗതന്മയിലും (Gender Identity) ഉള്ള വൈവിദ്ധ്യങ്ങളെ രോഗമായി കണ്ട്, ചികിത്സയും മരുന്നും നല്കി അത് ‘ മാറ്റിയെടുക്കാൻ’ ശ്രമിക്കുന്ന പ്രാകൃത ചിന്തകളെയും രീതികളെയും തടയാനും ചെറുക്കാനും നമുക്കേവർക്കും ഒറ്റക്കെട്ടായി നിൽക്കാം. സ്വവര്‍ഗരതി കുറ്റകൃത്യമാക്കുന്ന ഐ.പി.സി 377 സംസ്ഥാനതലത്തിൽ ഭേദഗതി ചെയ്യാനുള്ള സാധ്യതയെ പ്രയോജനപ്പെടുത്താൻ ജനപ്രധിനിതികളെ സമീപിക്കേണ്ടതും കൂടെയുണ്ട്.

എട്ടാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്രയിലേക്കും അനുബന്ധ പ്രചാരണപരിപാടികളിലേക്കും എല്ലാ സുഹൃത്തുക്കളേയും സുസ്വാഗതം ചെയ്യുന്നു. ഓഗസ്റ്റ് 12 നു ഉച്ച തിരിഞ്ഞു മൂന്നു മണിക്ക്‌ എറണാകുളം മേനകഭാഗത്തുള്ള വഞ്ചി സ്‌ക്വയർ പരിസരത്തു നിന്നുമാരംഭിച്ചു ഷൺമുഖം റോഡ്-മഹാരാജാസ് കോളേജ്-രാജേന്ദ്ര മൈതാനം വഴി ചുറ്റിത്തിരിഞ്ഞു തിരിച്ചു മഹാരാജാസ് കോളേജ് ഓഡിറ്റോറിയം വരെയാണ് ഘോഷയാത്ര തീരുമാനിച്ചിരിക്കുന്നത്. പ്രചാരണപരിപാടികളുടെ ഭാഗമായുള്ള സെമിനാറുകൾ, ചലച്ചിത്ര പ്രദർശനങ്ങൾ, ചർച്ചകൾ, അനുഭവസാക്ഷ്യങ്ങൾ, കലാ സാംസ്കാരിക പരിപാടികൾ, പൊതുസമ്മേളനം എന്നിവയെക്കുറിച്ചുള്ള വിശദശാംശങ്ങൾ വരും ദിനങ്ങളിൽ പങ്കുവെക്കുന്നതായിരിക്കും. പരിപാടികളിലേക്ക് ലൈംഗികന്യൂനപക്ഷവിഭാഗങ്ങളിൽപെട്ടവരെയും, സുഹൃത്തുക്കളേയും, മാതാപിതാക്കളേയും, മനുഷ്യാവകാശങ്ങളെപിന്തുണക്കുന്നവരേയും, എല്ലാവരെയും സുസ്വാഗതം ചെയ്യുന്നു. ഇന്ത്യയിൽ ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ടുനടക്കുന്ന പ്രശ്നങ്ങളും, മുസ്ലിം സഹോദരങ്ങൾക്ക് നേരെ നടക്കുന്ന ആക്രമങ്ങളും, ദളിത് മനുഷ്യാവകാശ ധ്വംസനങ്ങളും മറ്റും കൂടി അഭിസംബോധനചെയ്യുതുകൊണ്ടു തന്നെയായിരിക്കും ക്വിയർപ്രൈഡിന്‍റെ ഇടപെടലുകൾ.

ഫോട്ടോ – കെഎസ് പ്രവീണ്‍കുമാര്‍

പ്രണയവും സന്തോഷവും നിറഞ്ഞ അന്തസ്സുള്ളൊരു ജീവിതത്തിനുവേണ്ടി പൊരുതുന്ന, അനേകായിരം ആളുകളുടെകൂടെ കൈ കോർക്കാൻ ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. ഞങ്ങളുടെ ജീവിതങ്ങളെ കെട്ടുകഥകളിലുംഊഹാപോഹങ്ങളിലും കെട്ടിയിടാതെ, ഞങ്ങളുടെ പ്രശ്നങ്ങളെ നിസ്സാരവല്‍ക്കരിക്കാതെ, പ്രായോഗിക ഇടപെടലുകൾ വഴിയായി ഞങ്ങളുടെ ജീവിതങ്ങളെ സമീപിക്കുവാനും മുന്‍വിധികളില്ലാതെ ഞങ്ങളുടെ കഥകള്‍ കേള്‍ക്കുവാനും കാണുവാനും എഴുതുവാനും മാധ്യമങ്ങളോട് ഞങ്ങള്‍ വിനയപൂർവം ആവശ്യപ്പെടുന്നു

ആണും പെണ്ണും പോലെ, ആണും ആണും, പെണ്ണും പെണ്ണും, ട്രാൻസ്ജെൻഡേഴ്സും പ്രേമിക്കട്ടെ, വ്യത്യസ്തങ്ങളായ ലിംഗ-ലൈംഗിക സ്വത്വങ്ങൾ പുറംതോടു പൊട്ടിച്ചു വർണ്ണ ചിറകുകളുമായി പറക്കട്ടെ. മനുഷ്യാവകാശ ഇടപെടലുകളുടെ പുതിയ സമവാക്യങ്ങൾ മനുഷ്യർക്കിടയിൽ ഇതളിടട്ടെ.

പങ്കെടുക്കുക, സാഭിമാനം.
ഇത് നിലനില്‍പ്പിന്‍റെ , ചെറുത്തുനിൽപ്പിന്റെ ശരീരങ്ങളുടെ, ജീവിതങ്ങളുടെ ആഘോഷമാണ്…
സുഹ്രുത്തുക്കളോടൊപ്പം പങ്കുചേരുമല്ലോ.
നന്ദി
|ക്വിയർ പ്രൈഡ് കേരളം പ്രവർത്തകർ

Be the first to comment on "എട്ടാമത് കേരള ക്വിയർ പ്രൈഡ് ആഗസ്ററ് 12 ന് കൊച്ചിയില്‍"

Leave a comment

Your email address will not be published.


*