വരകളുടെ രാജകുമാരന്‍ .ക്ലിന്റിന് മലയാളത്തിന്റെ നിറഞ്ഞ കയ്യടി

അസുഖം ബാധിച്ചുകിടക്കുമ്പോ ആ വരകളുടെ രാജകുമാരന്‍ പറഞ്ഞു: ”അമ്മേ, ഞാൻ മരിക്കുമ്പോൾ നിങ്ങളെന്റെ ചിത്രങ്ങൾ നശിപ്പിക്കരുത്. എല്ലാം സൂക്ഷിച്ചുവെക്കണം.” അത് കേട്ട് പരിഭ്രമിച്ച അവന്റെ ചിന്നമ്മ പറഞ്ഞു. ”നീ നിന്റെ ഭാര്യയോടും മക്കളോടും പറഞ്ഞാൽ മതി. അപ്പോൾ ഞങ്ങളുണ്ടാവില്ല.”

വെറും രണ്ടായിരത്തി അഞ്ഞൂറ്റി ഇരിപത്തിരണ്ടു ദിവസം മാത്രം ഭൂമിയില്‍ ജീവിച്ച് ഇരുപത്തയ്യായിരത്തില്‍പരം ചിത്രങ്ങള്‍ വരച്ച് വര്‍ണങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്ത വര്‍ണങ്ങളുടെ രാജകുമാരന്‍ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ കഥ പറയുന്ന ഹരികുമാര്‍ ചിത്രം ‘ ക്ലിന്റ്’ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റുന്നു.

 

എഡ്മണ്ട് തോമസ് ക്ലിന്റ് ; (1976–1983) കുട്ടിക്കാലത്തു തന്നെ വളരെയധികം ചിത്രങ്ങൾ വരച്ച് ലോകത്തെ അതിശയിപ്പിച്ച ഒരു പ്രതിഭ. സാധാരണ രീതിയിൽ വർഷങ്ങളുടെ തപസ്യകൊണ്ടു മാത്രം വരച്ചുതീർക്കാൻ കഴിയുന്ന മനോഹരമായ അനവധി ചിത്രങ്ങൾ ക്ലിന്റ് തന്റെ ക്ഷണികമായ ജീവിതത്തിനുള്ളിൽ വരച്ചു തീർത്തിരുന്നു. ക്ലിന്റിന് 5 വയസ്സുള്ളപ്പോൾ തന്നെ ചിത്രരചനാ മത്സരങ്ങളിലും മറ്റും സമ്മാനങ്ങൾ ലഭിക്കുകയുണ്ടായി. വൃക്കകൾക്കു സംഭവിച്ച ഗുരുതരമായ രോഗം മൂലം തന്റെ ഏഴാമത്തെ ജന്മദിനത്തിനു മുമ്പായി 1983 ഏപ്രിൽ 15നു വിഷുദിനത്തിൽ ക്ലിന്റ് മരണമടഞ്ഞു.

ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ച് ഹരികുമാറും കെ വി മോഹൻകുമാറും കൂടി തിരക്കഥയെഴുതിയ ചിത്രം ക്ലിന്റിന്റെ ആറാമത്തെ പിറന്നാള്‍ മതല്‍ മരണം വരെയുള്ള ജീവിതമാണ് പറയുന്നത്. തന്റെ ഏഴാമത്തെ പിറന്നാളിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കേയാണ് ക്ലിന്റ് ലോകത്തോട് വിടപറഞ്ഞത്. മാസ്റ്റര്‍ അലോക്ക് ക്ലിന്റായി വേഷമിട്ട് റിമ കല്ലിങ്കലും ഉണ്ണി മുകുന്ദനും ചിന്നമ്മയും ജോസഫുമായാണ് സിനിമ റിലീസാവുന്നത്.

” വളരെയധികം സന്തോഷത്തോടെയും പ്രതീക്ഷയോടെയും ഞാൻ എന്റെ പുതിയ ചിത്രം ക്ലിന്റിന്റെ ട്രൈലെർ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. ഞാൻ ഇമോഷണലി ഏറ്റവും കൂടുതൽ അടുത്ത ഒരു ചിത്രമാണിത്… വെറും ആറ് വയസ്സിൽ മുപ്പതിനായിരത്തോളം ചിത്രങ്ങൾ വരച്ച ക്ലിന്റ് എന്ന ബാലന്റെ കഥയാണിത്. ഹരികുമാർ സാർ സംവിധാനം ചെയ്തിരിക്കുന്ന ക്ലിന്റ് ഈ വെള്ളിയാഴ്ച്ച തിയേറ്ററിൽ എത്തുകയാണ്. നിങ്ങളുടെ ഓരോരുത്തരുടേയും പിന്തുണ പ്രതീക്ഷിക്കുന്നു..” സിനിമയുടെ ട്രെയിലര്‍ ഷെയര്‍ ചെയ്ത് ഉണ്ണിമുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

” ക്ലിന്റ് എന്ന സിനിമാറ്റിക്ക് അനുഭവത്തെ പറ്റി പറഞ്ഞാല്‍ ഒരു ബയോപിക്ക് പാലിക്കേണ്ടതെന്നു പൊതുവെ വിശ്വസിക്കുന്ന സത്യസന്ധത സിനിമയ്ക്കുണ്ട്. ഇടയ്ക്ക് ചെറിയ അളവില്‍ നാടകീയത കയറി വരുന്നുണ്ട്. പക്ഷെ അത് വിശ്വസനീയവും ഇത്ര ദൈര്‍ഘ്യം കുറഞ്ഞ ജീവിതത്തെ പറ്റി പറയുമ്പോള്‍ സിനിമാറ്റിക്ക് ആയി നോക്കുമ്പോള്‍ അനിവാര്യവുമാണ്. അഭിനേതാക്കളുടെ വിശ്വസനീയമായ പ്രകടനവും സിനിമയെ വിശ്വസനീയമാക്കുന്നു. സുദീര്‍ഘമായ റിസര്‍ച്ചിന്റെ കൂടി ബൈ പ്രൊഡക്റ്റ് ആണ് ഈ സിനിമ.” അപര്‍ണ പ്രശാന്തി അഴിമുഖത്തില്‍ എഴുതി.

ക്ലിന്റിന്റെ മാതാപിതാക്കളായ മുല്ലപ്പറമ്പിൽ തോമസ് ജോസഫും ചിന്നമ്മയും സിനിമയുടെ ഒരു ഭാഗത്ത് അവരായി തന്നെ അഭിനയിക്കുണ്ട്.

ഇത്ര മനോഹരമായ ഒരു ചിത്രം സമ്മാനിച്ച സിനിമയുടെ സംവിധായകനായ ഹരികുമാറിനെ സെൻസർ ബോർഡ് അംഗങ്ങൾ നേരിട്ട് വിളിച്ച് അഭിനന്ദനമറിയിച്ചെന്നും റിപ്പോർട്ട് ഉണ്ട്

Be the first to comment on "വരകളുടെ രാജകുമാരന്‍ .ക്ലിന്റിന് മലയാളത്തിന്റെ നിറഞ്ഞ കയ്യടി"

Leave a comment

Your email address will not be published.


*