ആധാര്‍ നിങ്ങളുടെ ജീവിതത്തെ നിശ്ചലമാക്കുന്നതെങ്ങനെ…?

അബ്ദുല്‍കരീം ഉത്തല്‍ക്കണ്ടിയില്‍

സ്വകാര്യത സംബന്ധിച്ച വിധിയെക്കുറിച്ച് മലയാളം ചാനലുകളിൽ നടക്കുന്ന ചർച്ചകൾ കണ്ടാലറിയാം സ്വകാര്യതയെക്കുറിച്ച് മാത്രമല്ല എത്രയോ കാലമായി ഇവരൊക്കെ ഇരുന്ന് ചർച്ച ചെയ്യുന്ന ആധാറിനെ കുറിച്ചും അവതാരകർക്കോ ചർച്ചക്കിരിക്കുന്ന ഐ ടി വിദഗ്ദ്ധന്മാർക്കോ ധാരണയില്ലെന്ന്.

ആധാറിന്റെ പ്രധാന പ്രശ്നം പൗരന്റെ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമല്ലാത്ത രീതിയിൽ സൂക്ഷിക്കപ്പെടുന്നതോ കോർപറേറ്റുകൾക്ക് അവ ഏതെങ്കിലും രീതിയിൽ പ്രാപ്യമാവുമോ എന്നൊന്നുമല്ല. അതൊക്കെ സാങ്കേതികകൊണ്ട് പരിഹരിച്ചതായി തെളിയിക്കാൻ സർക്കാരിന് സാധിക്കും. വാസ്തവത്തിൽ ആധാർ ഡാറ്റ എത്രയും സുരക്ഷിതമാക്കാനാണ് ഭരണകൂടം ശ്രമിക്കുക.

ആധാറുപയോഗിച്ച് ഓരോ പൗരനേയും നിരീക്ഷിക്കുന്നതൊക്കെ ഒരു പരിധിവരെ മാത്രമേ സാധിക്കൂ. 130 കോടി ജനങ്ങളെ നിരീക്ഷിക്കാനൊന്നും സാധിക്കില്ല. ഉദ്ദേശിക്കുന്ന ചില വ്യക്തികളെ നിരീക്ഷിക്കാം. അതിപ്പോഴും അല്ലെങ്കിലും നടക്കുന്നുണ്ട്. പക്ഷെ അങ്ങനെയൊരു നിരീക്ഷണം എല്ലാവരുടെ മുകളിലും ഉണ്ടെന്ന തോന്നൽ ഉണ്ടാക്കാൻ ആധാറിന്‌ സാധിക്കും എന്നേയുള്ളൂ.

ആധാറിന്റെ ഏറ്റവും വലിയ അപകടം അതുപയോഗിച്ച് പൗരന്റെ ജീവിതം നിയന്ത്രിക്കാം എന്നുള്ളതാണ്. ഒരു സേവനം ലഭിക്കാൻ ഒരു ഐഡി കാർഡ് കാണിച്ച് നിങ്ങളാരെന്ന് തെളിയിക്കുന്നതുപോലെ അല്ല. ഓരോ സേവനത്തിനേയും ആധാറുമായി “ബന്ധിപ്പിക്കുക”യാണ് ചെയ്യുന്നത്. എന്നുവച്ചാൽ, ബന്ധിക്കപ്പെട്ടിരിക്കുന്ന ഓരോ സർവീസും നിങ്ങളുടെ ആധാർ സാധുവായിരിക്കുന്നിടത്തോളം (Valid) മാത്രമായിരിക്കും നിങ്ങൾക്ക് ലഭിക്കുന്നത്. ഉദാഹരണത്തിന് നിങ്ങൾ ഓരോ തവണ ബാങ്ക് ട്രാൻസാക്ഷൻ നടത്തുമ്പോഴും നിങ്ങളുടെ ആധാർ വാലിഡാണോ എന്ന് പരിശോധിക്കപ്പെടും. എങ്കിലേ ആ ട്രാൻസാക്ഷൻ നടത്താൻ സാധിക്കൂ. ബന്ധിപ്പിച്ച സേവനങ്ങൾ എല്ലാം ഈ നിയന്ത്രണത്തിലേക്ക് ഇന്നല്ലെങ്കിൽ നാളെ കൊണ്ടുവരും.

ആധാറിന്റെ നിയന്ത്രണം കേന്ദ്രീകൃതമാണ്. നിങ്ങളുടെ ആധാറിനെ ഭരണകൂടത്തിന് എപ്പോൾ വേണമെങ്കിലും അസാധുവാക്കാനോ സസ്‌പെൻഡ് ചെയ്യാനോ സാധിക്കുന്ന സംവിധാനം വരും. അതോടെ ഒരു പൗരനെ അക്ഷരാർത്ഥത്തിൽ തടവിലാക്കാൻ സാധിക്കും. നിങ്ങളുടെ പാസ്പോർട്ട് ഭരണകൂടം നിർജ്ജീവമാക്കിയാൽ ഇന്ത്യയ്ക്ക് പുറത്ത് യാത്ര ചെയ്യാൻ സാധിക്കില്ല എന്നേ ഉള്ളൂ. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചാൽ പണമെടുക്കാൻ സാധിക്കില്ല എന്നേയുള്ളൂ. ആധാർ അസാധുവാക്കിയാൽ മൊത്തം ജീവിതം നിൽക്കും. വേണമെന്ന് വെച്ചാൽ ഒരു കൂട്ടം ആളുകളെ ഒരുമിച്ച് നിശ്ചലമാക്കാൻ സാധിക്കും.

നിങ്ങളെ ആധാറിന്‌ “ആശ്രിതരാ”ക്കുകയാണ് ചെയ്യുന്നത്. ഇന്റർനെറ്റിന് നമ്മൾ സ്വയമേവയും അല്ലാതേയും ആശ്രിതരായത് പോലെ. ഒരു മണിക്കൂർ ഇന്റർനെറ്റ് ഇല്ലാതാവുമ്പോൾ എന്തു സംഭവിക്കുന്നു എന്ന് നമുക്കറിയാം. കാശ്മീരിനെ ഇടയ്ക്കിടെ ഇന്റർനെറ്റ് ഓഫ് ചെയ്താണ് ഭരണകൂടം നിശ്ചലമാക്കുന്നത്. ഗുര്‍മിത് റാം റഹീം സിങ്ങിന്റെ വിധി നാളെ വരാനിരിക്കെ പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ നാളെ മുതൽ മൂന്നു ദിവസത്തേക്ക് ഇന്റർനെറ്റ് ഓഫ് ചെയ്താണ് ജനങ്ങളെ അടക്കിയിരുത്തുന്നത്.

ഒരാളെയോ ഒരു പ്രദേശത്തെ മുഴുവൻ ആളുകളുയുമോ അവരുടെ ആധാർ താൽകാലികമായി സസ്പെൻഡ് ചെയ്ത് നിശ്ചലമാക്കാൻ സാധിക്കുമെങ്കിൽ ഭരണകൂടം അത് ചെയ്യാതിരിക്കുമോ? വെറുതെയല്ല ആധാറിന്റെ കൂടെ ഇപ്പോൾ നാഷണൽ സെക്യൂരിറ്റി എന്ന് പറഞ്ഞോണ്ടിരിക്കുന്നത്.

ആധാർ ഡാറ്റ സൂക്ഷിക്കുന്ന സെർവറുകൾ സുരക്ഷിതമല്ലാതിരിക്കുന്നതാണ് നല്ലത്. ഒരാപത്തിൽ സഹായിക്കാൻ ഹാക്കർമാർക്കെങ്കിലും സാധിക്കും!

Be the first to comment on "ആധാര്‍ നിങ്ങളുടെ ജീവിതത്തെ നിശ്ചലമാക്കുന്നതെങ്ങനെ…?"

Leave a comment

Your email address will not be published.


*