ദലിതെന്ന് വിളിക്കല്‍ നാണക്കേട്. ദലിത് മുസ്ലിം രാഷ്ട്രീയം രാജ്യദ്രോഹം. മഹാരാജാസിലെ എസ്എഫ്ഐ അപാരതകള്‍

എറണാകുളം മഹാരാജാസ് കോളേജിന്റെ എഴുപതിറ്റാണ്ടിന്റെ ചരിത്രത്തിലെ ദലിത് സമുദായത്തില്‍ നിന്നുള്ള ആദ്യ വനിതാചെയര്‍പേഴ്സണായ എസ്എഫ്ഐ നേതാവ് മൃദുലാഗോപിയെ ‘ദലിത്’ എന്ന് വിളിക്കുന്നത് പാര്‍ട്ടി സംസ്കാരത്തിന് ചേര്‍ന്നതല്ലെന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍. സോഷ്യല്‍മീഡിയയില്‍ വ്യത്യസ്തയിടങ്ങളിലാണ് മൃദുലയെ ‘ദലിത്’ എന്ന് വിളിക്കുന്നതിനെതിരെ സഖാക്കളുടെ രോഷം. മക്തൂബ് മീഡിയ അടക്കമുള്ള മാധ്യമങ്ങള്‍ മൃദുലയുടെ വിജയത്തെ ദലിത് പ്രാതിനിധ്യമായി അവതരിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ‘ജാതി പറയരുതെന്നും’ തങ്ങളുടേത് മനുഷ്യരുടെ പാര്‍ട്ടിയാണെന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഓടിനടന്ന് വിശദീകരിക്കുന്നത്.

”അവൾ ദലിത്‌ വിദ്യാർത്ഥിനി മൃദുല അല്ല, ഞങ്ങളുടെ മഹാരാജാസിന്റെ അമരക്കാരി ‘സഖാവ് മൃദുല ഗോപി ‘ ആണ്.” എസ്എഫ്ഐ നേതാവും മഹാരാജാസിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും യൂണിയന്‍ മുന്‍ വൈസ്ചെയര്‍പേഴ്സണുമായ സൂര്യദാസ് ഫേസ്ബുക്കിലെഴുതി.

മൃദുല ഗോപി

മൃദുലക്കെതിരെ 763 വോട്ട് നേടി യൂണിയന്‍ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ രണ്ടാമതായ ഫ്രറ്റേണിറ്റി പ്രതിനിധി ഫുആദ് മുഹമ്മദിനോടുമുണ്ട് എസ്എഫ്ഐ വക ഉപദേശം. മഹാരാജാസിലെ ചരിത്രത്തിലെ ആദ്യ ദലിത് വിദ്യാര്‍ത്ഥിനിയായ ചെയര്‍പേഴ്സണ് അഭിവാദ്യമര്‍പ്പിച്ച ഫുആദിനുള്ള മറുപടികളില്‍ ഒന്ന് ഇങ്ങനെയായിരുന്നു ; ” ഈ പെൺകുട്ടിയെ” ദളിത് പെൺകുട്ടി “എന്ന് വിശേഷിപ്പിച്ചതിലൂടെ നിങ്ങൾ തോല്ക്കേണ്ടയാളാണെന്ന് തെളിയിച്ചിരിക്കുന്നു.” ”ദലിതെന്ന് വിളിക്കാതെ സഖാവെന്ന് വിളിക്കൂ” , ”കാമ്പസിലൊക്കെയെന്ത് ജാതി..” എന്നിങ്ങനെ പോവുന്നു കമന്റുകള്‍.

ദലിതെന്ന വാക്കിനോടും രാഷ്ട്രീയത്തോടും മഹാരാജാസിലെ എസ്എഫ്ഐ പ്രവര്‍ത്തകരുടെ അരിശം കഴിഞ്ഞ മൂന്നുവര്‍ഷമായി ഉള്ളതാണെന്നും പുതിയതല്ലെന്നും കോളേജിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നു. ദലിത് മുസ്ലിം കീഴാളരുടെ ഐക്യം സാധ്യമാവണമെന്ന് പറയുന്നവരെല്ലാം തീവ്രവാദികളും വര്‍ഗീയവാദികളുമാണെന്നായിരുന്നു ഇലക്ഷന്‍ കാമ്പയിലുടനീളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചത്. ഫ്രറ്റേണിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ഫുആദ് മുഹമ്മദ് സിമി ബന്ധമുള്ളവനാണെന്ന കള്ളപ്രചരണം നടത്തുകയും രാജ്യദ്രോഹിയെന്ന് മുദ്ര കുത്തുകയും ചെയ്തു. മീറ്റ് ദി കാന്‍ഡിഡേറ്റില്‍ എസ്എഫ്ഐ സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ എതിരെ മത്സരിക്കുന്നവരെ വിശേഷിപ്പിച്ചത് വര്‍ഗീയവാദികള്‍ എന്നായിരുന്നു. മൂരി , സുഡാപ്പി ,.ജിഹാദി , തുടങ്ങിയ ഇസ്ലാമോഫോബിക്കായ വാക്കുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു.

ഫുആദ് മുഹമ്മദ്

ദലിത് ബഹുജന്‍ രാഷ്ട്രീയമുയര്‍ത്തിപ്പിടിക്കുന്ന മഹാരാജാസിലെ ‘വില്ലുവണ്ടി’ ദലിത് കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്നവരെയും വര്‍ഗീയവാദികള്‍ എന്നായിരുന്നു എസ്എഫ്ഐ ഭാരവാഹികള്‍ വിശേഷിപ്പിച്ചിരുന്നത്.

ഈ വര്‍ഷം ജനുവരി 18 ന്
രോഹിത്ത് വെമുല അനുസ്മരണം നടത്തിയതിന് ഫുആദ് മുഹമ്മദിനെ എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചിരുന്നു. ഏസ് എഫ് ഐ ക്ക് ആധിപതൃമുള്ള കാമ്പസില്‍ മറ്റു വിദൃാര്‍ത്ഥിസംഘടകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു എസ് എഫ് ഐ പ്രവര്‍ത്തകര്‍. കഴിഞ്ഞ വര്‍ഷം ജസ്റ്റിസ് ഫോര്‍ രോഹിത് വെമുല സമരം നടത്തിയപ്പോള്‍ ഇങ്കിലാബ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. രോഹിത് വെമുലയുടെ അമ്മ രാധികവെമുല തന്നെ ഇതിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.

Be the first to comment on "ദലിതെന്ന് വിളിക്കല്‍ നാണക്കേട്. ദലിത് മുസ്ലിം രാഷ്ട്രീയം രാജ്യദ്രോഹം. മഹാരാജാസിലെ എസ്എഫ്ഐ അപാരതകള്‍"

Leave a comment

Your email address will not be published.


*