നജീബിനെ മറവിക്ക് വിട്ടുകൊടുക്കുന്നുവോ? ജെഎന്‍യുവില്‍ സ്റ്റുഡന്‍സ് യൂണിയന്‍ ഇലക്ഷന്‍ സെപ്റ്റംബറില്‍

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ എബിവിപി പ്രവർത്തകരുടെ സംഘടിതമായ ആക്രമണത്തിന് ശേഷം കാണാതാകപെട്ട നജീബ് അഹമ്മദിനെ കണ്ടെത്താൻ കഴിയാതെ 318 നാളുകള്‍ പിന്നിടുന്ന സാഹചര്യത്തിലെ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ഇലക്ഷന്‍ ഏറെ രാഷ്ട്രീയചോദ്യങ്ങളുയര്‍ത്തുന്നു. കഴിഞ്ഞ ഒക്ടോബർ 15 നാണ് നജീബിനെ കാണാതാവുന്നത്. ‘ ഫാസിസ്റ്റ് വിരുദ്ധപോരാട്ടത്തിന്റെ ഉജ്വല മാതൃകകളെന്ന് ‘ രാജ്യം ജെഎന്‍യുവിനെ പുകഴ്ത്തുമ്പോഴും നജീബിന്റെ നീതിക്കായി ജെഎന്‍യു എത്രത്തോളം ശബ്ദിച്ചു എന്ന് വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു.

” നജീബിനെ മറക്കാന്‍ എളുപ്പമല്ല , ഫാസിസ്റ്റ് വിരുദ്ധകാമ്പയിന്റെ ചെലവില്‍ ജസ്റ്റിസ് ഫോര്‍ നജീബ് സമരങ്ങളെ ഇല്ലാതാക്കാന്‍ ഇത്തവണ സമ്മതിപ്പിക്കില്ല ” ജെഎന്‍യു ഗവേഷകവിദ്യാര്‍ത്ഥി വസീം ആര്‍ എസ് ഫേസ്ബുക്കിലെഴുതി. ‘ നജീബിനോട് ജെഎന്‍യു അനീതി കാണിച്ചിരിക്കുന്നു. വിദ്യാര്‍ത്ഥിയൂണിയന്‍ നജീബ് വിഷയത്തില്‍ മാസ്സ് മൂവ്മെന്റ്സ് നടത്തി എന്ന് കാമ്പസില്‍ കള്ളപ്രചരണം നടത്തുകയാണ്. വിദ്യാര്‍ത്ഥിസംഘടനകള്‍ നജീബിനെ അവരുടെ രാഷ്ട്രീയനേട്ടങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുകയാണ്. ഏറെ നാള്‍ മിണ്ടാതിരുന്നിട്ട് ഈ ഇലക്ഷന്‍കാലത്ത് അവര്‍ വീണ്ടും ജസ്റ്റിസ് ഫോര്‍ നജീബ് പറയുന്നു ” ഗവേഷകവിദ്യാര്‍ത്ഥി ഹെബ അഹമദ് പറയുന്നു.

‘ നജീബ് വിഷയത്തില്‍ എബിവിപിയും എസ്എഫ്ഐ-ഐസ ലെഫ്റ്റ് യൂണിറ്റിയും കുറ്റക്കാരാണ്. സംഘ്പരിവാര്‍ എബിവിപി പ്രവര്‍ത്തകര്‍ നജീബിനെ ആക്രമിച്ചപ്പോള്‍ യൂണിയന്‍ പ്രസിഡന്റ് മോഹിത് പാഢെയും നജീബിന്റെ റൂംമേറ്റും ഐസ കൗണ്‍സിലറുമായ കാസിമും നജീബ് കുറ്റവാളിയാണെന്ന പരാതിയില്‍ ഒപ്പിടുകയായിരുന്നു. മുസ്ലിം വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരല്ല ഈ കാമ്പസില്‍ എന്ന യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ ഈ ഇലക്ഷന്‍ പ്രചാരണങ്ങള്‍ക്ക് കഴിയുമോ എന്നതാണ് ചോദ്യം’ ജെഎന്‍യുവിലെ റിസര്‍ച്ച് സ്കോളര്‍ ഹിശാമുല്‍ വഹാബ് മക്തൂബ് മീഡിയയോട് പ്രതികരിച്ചു

കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് നജീബ് തിരോധാനകേസ് സിബിഐയാണ് നിലവില്‍ അന്വേഷിക്കുന്നത്.

തന്റെ മകനെ നിങ്ങളെന്താണ് ചെയ്തത് എന്ന് രാജ്യത്തെ ഭരണകൂടത്തോട് നിരന്തരം ചോദിച്ചുകൊണ്ടിരിക്കുകയാണ് ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ എബിവിപി പ്രവർത്തകരുടെ സംഘടിതമായ ആക്രമണത്തിന് ശേഷം കാണാതാകപെട്ട നജീബ് അഹമ്മദിനെ മാതാവ് ഫാതിമ നഫീസ്.നജീബിനെ കണ്ടെത്താനുള്ള നിയമപോരാട്ടത്തിലും നജീബിനെ കാണാതാക്കിയ സംഘ്പരിവാര്‍ ഹിംസക്കെതിരായ രാഷ്ടീയ പോരാട്ടത്തിലും ഫാതിമ നഫീസ് സജീവമാണ് ഇപ്പോള്‍.

നജീബിനെ ഹോസ്റ്റൽ മുറിയിൽ വെച്ച് മർദ്ദിച്ച എബിവിപി പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ ദൽഹി പൊലീസോ യൂണിവേയ്സിറ്റി അധികൃതരോ ഇതുവരെ തയ്യാറായിട്ടില്ല. ” എന്റെ മകനെ തല്ലിയവരെ അറസ്റ് ചെയ്യൂ.. അവരെ ചോദ്യം ചെയ്താൽ മനസ്സിലാവും അവൻ എവിടെയാണെന്ന് ” എന്ന് നിരവധി വേദികളിൽ ഫാത്തിമ നഫീസ് ആവർത്തിച്ചു പറഞ്ഞു. രാജ്യത്തെ ഏറ്റവും ഉയർന്ന സർവ്വകലാശാലയെന്നു കെട്ടിഘോഷിക്കപെട്ട ജെ എൻ യു വീലുള്ള വിശ്വാസം തനിക്കു നഷ്ടപ്പെട്ടെന്ന് നജീബിന്റെ മാതാവ് ഒരിക്കൽ പറയുകയുണ്ടായി.
മാനവികവിരുദ്ധമായ നിലപാടുകളാണ് തങ്ങളോട് സ്വീകരിക്കുന്നത്. നിങ്ങളുടെ മകനോ മകളോ ആണ് ഒരുദിവസത്തേക്കു കാണാതാകപ്പെട്ടതെങ്കിൽ താങ്കൾ എത്രത്തോളം അസ്വസ്ഥനാവും എന്നാണു തനിക്കു വി സിയോട് ചോദിക്കാനുള്ളതെന്നു അവർ പറഞ്ഞു.

ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ നജീബിനെ ഐഎസ് അനുഭാവിയെന്ന് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്റെ മകൻ നജീബ് അഹമ്മദിനെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആളായി ചിത്രീകരിച്ചു വാർത്തകൾ കൊടുത്ത മാധ്യമങ്ങൾ പരസ്യമായി മാപ്പു പറയണമെന്നും അല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഫാത്തിമ നഫീസ് പ്രതികരിച്ചിരുന്നു.

മുസ്ലിമും ദാരിദ്ര്യമനുഭവിക്കുന്ന കുടുംബത്തിലെ അംഗവും ആയതുകൊണ്ടാണ് കേന്ദ്ര ഗവണ്മെന്റ് എന്റെ മകന്റെ നീതിക്കായുള്ള എന്റെ ശബ്ദത്തെ അവഗണിക്കുന്നതെന്നു അവര്‍ പാറ്റ്നയിൽ സിപിഐഎംഎൽ (ലിബറേഷൻ) സംഘടിപ്പിച്ച അധികാർ റാലിയിൽ സംസാരിച്ചുകൊണ്ട് ഒരിക്കല്‍ പറഞ്ഞു.

എനിക്ക് രാത്രി ഉറങ്ങാനാവുന്നില്ല. ഉറക്കം ഞെട്ടിയുണരുന്നു ഇടയ്ക്കിടയ്ക്ക്. അപ്പോഴൊക്കെ ഞാൻ എന്റെ മകൻ ഇപ്പോൾ എവിടെയാണെന്ന് ആലോചിക്കും” .എന്റെ മകനെ തിരിച്ചുലഭിക്കാൻ വേണ്ടി എവിടെയും പോയി സമരം ചെയ്യാൻ താൻ തയ്യാറാണെന്ന് ഫാത്തിമ നഫീസ് പറയുന്നു

Be the first to comment on "നജീബിനെ മറവിക്ക് വിട്ടുകൊടുക്കുന്നുവോ? ജെഎന്‍യുവില്‍ സ്റ്റുഡന്‍സ് യൂണിയന്‍ ഇലക്ഷന്‍ സെപ്റ്റംബറില്‍"

Leave a comment

Your email address will not be published.


*