കലം കമിഴ്ത്തി ഡ്രംസ് മുട്ടി ഓണമാഘോഷിക്കാൻ വിനായകൻ ആ വീട്ടിലില്ല

തൃശൂർ ജില്ലയിൽ പങ്കംത്തോട് കോളനിയിലെ ആ കുഞ്ഞിവീട്ടിൽ കൃഷ്ണന്കുട്ടിയും ഓമനയും ഇത്തവണ ഓണം ആഘോഷിക്കില്ല. മുടിനീട്ടിവളർത്തിയെന്നു പറഞ്ഞും വ്യാജാരോപണങ്ങൾ ചുമത്തിയും കേരളാപോലീസ് ക്രൂരമായി മർദ്ധിക്കുകയും ജാതിഅധിക്ഷേപം നടത്തുകയും ചെയ്ത വിനായകനെന്ന ദളിത് യുവാവ് കലം കമിഴ്ത്തി അത് ഡ്രംസാക്കി മുട്ടി സംഗീതം നിറച്ച കുഞ്ഞുവീടാണു അത്. പോലീസ് പീഡനത്തെ തുടർന്ന് സ്വയം ജീവനൊടുക്കുകയായിരുന്നു പത്തൊമ്പതുകാരനായ വിനായകൻ.

കഴിഞ്ഞ ജൂലായ് 17 നു പാവറട്ടി പോലീസ് സ്റ്റേഷനിൽ വെച്ച് ശാരീരികമായും മാനസികമായും ക്രൂരമായ മർദ്ധനങ്ങളാണ് വിനായകൻ അനുഭവിച്ചത്. കള്ളനും പിടിച്ചുപറിക്കാരനുമാക്കി അധിക്ഷേപിച്ചു. നിറവും ജാതിയും പറഞ്ഞു പരിഹസിക്കപ്പെട്ട വിനായകൻ രണ്ടാം നാൾ ആത്മഹത്യ ചെയ്യുകയായിരുന്നു. വീട്ടിലും നാട്ടിലും ഓണനാളുകളിൽ വിനായകനായിരുന്നു താരം. വിനായകന്റെ മരണശേഷം ഇതുവരെയും ‘അമ്മ ശരിക്കു ഭക്ഷണം പോലും കഴിക്കാതെ പായയിൽ തളർന്നിരിപ്പാണ്.

” ദുർബലനെന്ന് തോന്നിപ്പിക്കുമെങ്കിലും പാട്ടിലും ഡാൻസിലും കളിയിലും കേമനായിരുന്നു. വീട്ടിൽ എപ്പോളും കൊഞ്ചലും കുസൃതിയും. കലം കമിഴ്ത്തിവെച്ച് ഡ്രംസാക്കി പാട്ടുപാടി വീട്ടകങ്ങളെ അവൻ സജീവമാക്കി. കോളനികളിലെ മുഴുവൻ കൂട്ടുകാരുമുണ്ടാകും കൂടെ. തറവാട്ടുവീടിനോട് ചേർന്നുള്ള തുഷാരക്ലബ്ബിലായിരുന്നു എപ്പോഴും. നല്ലൊരു ഫുടബോൾ കളിക്കാരനായിരുന്നു. മാച്ചുകളിലെ പ്രധാന സ്‌ട്രൈക്കർ. കൊട്ടിലെ താല്പര്യം പഞ്ചവാദ്യ പഠനത്തിലെത്തിച്ചു. ഉത്സവങ്ങളിൽ കൊട്ടാൻ പോവുമായിരുന്നു.” തന്റെ ഓമനമകൻ വിനായകനെ  അമ്മ ഓമന ഓർക്കുന്നു.

കഴിഞ്ഞ ഓണത്തിന് തുഷാരക്ലബിന്റെയും ലിബർട്ടി ക്ലബ്ബിന്റെയും ഓണാഘോഷങ്ങളിൽ വിനായകൻ മുന്പന്തിയിലുണ്ടായിരുന്നു. വടംവലിയിലും മറ്റുകളികളിലുമൊക്കെ വിനായകൻ സജീവമായിരുന്നുവെന്നു വല്യച്ഛന്റെ മകൻ പ്രജീഷ് ഓർക്കുന്നു.

കടപ്പാട് – മാധ്യമം കുടുംബം സെപ്റ്റംബർ ലക്കം

Be the first to comment on "കലം കമിഴ്ത്തി ഡ്രംസ് മുട്ടി ഓണമാഘോഷിക്കാൻ വിനായകൻ ആ വീട്ടിലില്ല"

Leave a comment

Your email address will not be published.


*