ആദം ജോണ്‍; മലയാള സിനിമയിലെ പുതിയ കച്ചവട ചേരുവ!

ജംഷിദ് മുഹമ്മദ്

മിസ്റ്ററികളിൽ നിന്ന് കഥ ചമഞ്ഞ് ഹിറ്റുകൾ തീർക്കുന്ന കാര്യത്തിൽ വിദേശ സിനിമകളെ അപേക്ഷിച്ച് ഇന്ത്യൻ സിനിമ പിറകിലാണ്. കൂട്ടത്തിൽ അല്പമെങ്കിലും ശ്രമങ്ങൾ നടത്തിയിട്ടുള്ളത് മലയാള സിനിമയാണ്. പ്രേതം, ബാധ, ഉച്ഛാടന-ആവാഹനങ്ങൾ തുടങ്ങി ഹിന്ദു വിശ്വാസ-ആചാരങ്ങളെ കേന്ദ്രീകരിച്ചാണ് ഈ വിഭാഗത്തിലുള്ള സിനിമകളത്രയും മലയാളത്തിൽ വന്നിട്ടുള്ളത്. അത്തരം സാധ്യതകളുടെ അങ്ങേയറ്റമായിരുന്നു ‘മണിച്ചിത്രത്താഴ്’ പോലുള്ള സിനിമകൾ.  ആ അർത്ഥത്തിൽ അടുത്ത കാലത്ത് പുറത്തിറങ്ങിയ എസ്ര ഒരു പുതിയ കാൽവെപ്പായിരുന്നു, അവതരണവും കഥയുമൊക്കെ മോശമായിരുന്നെങ്കിലും.!

ക്രിസ്റ്യാനിറ്റിക്കകത്തും ക്രൈസ്തവ സമൂഹത്തിനകത്തുമുള്ള മിസ്റ്ററികളും കെട്ടുകഥകളും ഉപയോഗപ്പെടുത്തുന്ന ബൃഹത്തായ മികച്ച നോവലായിരുന്നു ടി.ഡി രാമകൃഷ്ണന്റെ ‘ഫ്രാൻസിസ് ഇട്ടികോര’. ഈ നോവലിനോട് യാദൃശ്ചികമല്ലാത്ത സാദൃശ്യങ്ങൾ പുലർത്തുന്ന മിസ്റ്റീരിയസ് സിനിമയാണ് പൃഥ്വിരാജ് നായകനായ, ജിനു വി എബ്രഹാം ചിത്രം ‘ആദം ജോൺ’. കഥ നടക്കുന്നത് ഏതാണ്ട് പൂർണമായും സ്‌കോട്ട്ലാന്റിലാണ്. സ്‌കോട്ട്‌ലൻഡ് പോലൊരു മിസ്ററിക് പ്രദേശത്തു നിന്ന് ജെ.കെ റോളിംഗ് ഹാരി പോട്ടർ എഴുതിയതിൽ വലിയ അത്ഭുതമൊന്നുമില്ല  എന്ന നരേൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ ഡയലോഗ് പോലെ തന്നെ സിനിമയിൽ ഉടനീളം ദുരൂഹതകൾ നിറഞ്ഞ് നിൽക്കുന്നുണ്ട്. സ്കോറ്റ്ലാന്റിന്റെ ഭംഗി പകർത്തിയെടുക്കാൻ ഛായാഗ്രാഹകൻ ജിത്തു ദാമോദറിന് നന്നായി കഴിഞ്ഞിട്ടുമുണ്ട്. കേരളത്തിൽ തന്നെ നടക്കാവുന്ന ഒരു കഥയെ യൂറോപ്പിലേക്ക് പറിച്ചുനട്ടത് വെറുതെയായില്ല എന്നർത്ഥം.

സ്‌കോട്ടലാന്റിൽ സെറ്റിൽഡ് ആയ മലയാളി കുടുംബത്തിൽ നിന്നുമുള്ള ബാലികയുടെ തിരോധാനവും തുടർന്ന് ദുരൂഹതകളുടെ ചുരുളഴിക്കുന്ന അന്വേഷണവുമാണ് സിനിമയുടെ പ്രമേയം. പൃഥ്വിരാജ് ഒഴികെയുള്ളവർക്ക് വലിയ അഭിനയ സാധ്യതകളൊന്നും സിനിമയിലില്ല. ആരും അത്ര മികച്ച പ്രകടനവും നടത്തിയിട്ടില്ല. ലെനയുടെയും ഭാവനയുടെയും കെ.പി.എ.സി ലളിതയുടെയും കയ്യിൽ അവരുടെ വേഷങ്ങൾ ഭദ്രമായിരുന്നു എന്ന് മാത്രം.

ഹൈറേഞ്ചിൽ കൃഷി ചെയ്യുന്ന സമ്പന്നനായ ക്രിസ്ത്യാനിയാണ് ആദം(പൃഥ്വിരാജ്). കൊച്ചിക്കാരിയായ ഒരു ജൂത പെൺകുട്ടിയെയാണ് അയാൾ വിവാഹം കഴിക്കുന്നത്. അങ്ങേയറ്റം പൈങ്കിളിയും പഴഞ്ചനുമായ രംഗങ്ങളാണ് പ്രണയത്തിന് വേണ്ടി ഉപയോഗിച്ചിട്ടുള്ളത്. സ്കോട്ട്ലാൻഡിലെ ഇരുട്ടിൽ നിന്നും തണുപ്പിൽ നിന്നും ആശ്വാസം എന്ന നിലക്കാണെന്ന് തോന്നുന്നു ഇങ്ങനെയൊരു ഫ്ലാഷ് ബാക്ക് കൊച്ചിയിൽ വെച്ച് എടുത്തിട്ടുള്ളത്.!

മിസ്റ്ററി-പ്രേത സിനിമകൾ ആവുമ്പോൾ ഹോളിവുഡ് നിലവാരം തോന്നിക്കണമെങ്കിൽ രംഗങ്ങൾ ഇരുട്ടിൽ ചിത്രീകരിക്കുക എന്നൊരു അന്ധവിശ്വസമുണ്ട്. എസ്രയിലും ആ പ്രശ്നമുണ്ടായിരുന്നു. ആദം ജോണിന്റെ രണ്ടാം പകുതി ഏതാണ്ട് മുഴുവനായും ഇരുട്ടത്താണ്. പ്രിത്വിരാജിന്റെയും നരേന്റെയും വില്ലൻ കഥാപാത്രങ്ങളുടെയും ഒതുക്കമുള്ള പ്രകടനം കാരണം, ഇരുട്ടും കഥാപാത്രങ്ങളുടെ ശ്വാസമടക്കി പിടിച്ച തണുപ്പൻ സംഭാഷണങ്ങളും ഹാരി പോട്ടർ സിനിമകളെ ഓർമിപ്പിക്കുന്ന ചെകുത്താൻ കോട്ടകളുമൊന്നും മലയാളി പ്രേക്ഷകനെ ബോറടിപ്പിച്ചിട്ടില്ല എന്നാണ് തിയേറ്ററിലെ ആരവങ്ങൾ പറയുന്നത്.

ആവശ്യത്തിലധികം പശ്ചാത്തല സംഗീതവും ഹോളിവുഡ് ‘ലുക്ക്’ കിട്ടാനുള്ള ഇരുട്ടുമൊക്കെയുണ്ടെങ്കിലും കഥയിലെ പുതുമ കൊണ്ടും, വേറെ നിലവാരമുള്ള മാസ് സിനിമകളൊന്നും ഇപ്പോൾ തിയേറ്ററുകളിൽ ഇല്ലാത്തതിനാലും ഓണം റീലീസുകളിൽ കളക്ഷൻ വാരാൻ പോകുന്നത് ആദം തന്നെ. മാത്രമല്ല, എസ്രക്കു പിറകെ ആദം കൂടിയായതോടെ മലയാളം കൊമേഴ്‌സ്യൽ സിനിമകൾക്ക് പുതിയൊരു നല്ല ചേരുവ കൂടി ലഭിച്ചിരിക്കുന്നു. നിർമാതാവ് രഞ്ജി പണിക്കരും സംഘവും അതിൽ വിജയിച്ചിരിക്കുന്നു. ക്രിസ്തു-ജൂത വിശ്വാസങ്ങളെയും മിസ്റ്ററികളെയും ബന്ധപ്പെടുത്തി ഒരുപാട് സിനിമകൾ മലയാളത്തിൽ ഇനി പുറത്തിറങ്ങും എന്നുറപ്പ്.

Be the first to comment on "ആദം ജോണ്‍; മലയാള സിനിമയിലെ പുതിയ കച്ചവട ചേരുവ!"

Leave a comment

Your email address will not be published.


*