ജെഎൻയു: ‘ഇടത് വിജയ’വും സവര്‍ണഗൃഹാതുരതകളും

അമീന്‍ ഹസ്സന്‍

രോഹിത്തിന്റെ രക്തസാക്ഷിത്വത്തിന് ശേഷം ശക്തിയാർജിച്ച അംബേദ്കറൈറ്റ് വിദ്യാർഥി പ്രസ്ഥാനങ്ങളോട് ഒരു ഘട്ടത്തിലും ഐക്യപെടാതെ, പാർട്ടി താൽപര്യങ്ങൾ സംരക്ഷിക്കുകയാണ് ഇടത് വിദ്യാർഥി പ്രസ്ഥാനങ്ങൾ ചെയ്തിട്ടുള്ളത്.ഒബിസി സമൂഹത്തിലെയും ദലിത് സമൂഹത്തിലെയും ഉപജാതി ഭിന്നതകളെയും സംഘർഷങ്ങളെയും മുതലെടുക്കാനാണ് എല്ലാ കാലത്തും ഇടതുപാർട്ടികൾ ശ്രമിച്ചിട്ടുള്ളത്.തങ്ങളുടെ സംഘടനാ താൽപര്യം സംരക്ഷിക്കാൻ വേണ്ടി മാത്രം ആദിവാസി,ദലിത് രാഷ്ട്രീയം പറയുന്ന ഇരട്ടത്താപ്പ് കാണിക്കാറുണ്ട് എന്നത് ശരിയാണ്.രോഹിത്തിന്റെ രക്തസാക്ഷിത്വത്തിന് ശേഷം ആദ്യ യൂണിയൻ തെരഞ്ഞെടുപ്പിൽ,കഴിഞ്ഞ വർഷം, ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിൽ തന്നെ രോഹിത്തിന്റെ പ്രസ്ഥാനത്തെ പരാജയപെടുത്തുകയാണ് എസ് എഫ് ഐ ചെയ്തത്.അതേ രാഷ്ട്രീയമാണ് ജെൻ എൻ യുവിൽ ഇടതു ഐക്യമെന്ന പേരിൽ ഇപ്പോൾ വിജയിക്കുന്നത്.

നജീബ് അഹമ്മദിനെതിരെ തെളിവുണ്ടാക്കുന്ന രേഖയിൽ ഒപ്പു വെച്ച ഐസയാണ് ജെ എൻ യുവിൽ ചെയർമാൻ സീറ്റിൽ വിജയിച്ചിരിക്കുന്നത്.കേവല രാഷ്ട്രീയ വിശകലനം നടത്തി ജെ എൻ യുവിൽ ഇടതുസഖ്യം വിജയിച്ചു എന്ന പാരമ്പരാഗത തലക്കെട്ടിൽ ജെ എൻ യു ഇലക്ഷനെ വിശകലനം ചെയ്യരുത്.ജാതി, മതം,സമുദായം,ഇടതുരാഷ്ട്രീയത്തിന്റെ സവർണത തുടങ്ങിയ നിരവധി വിഷയങ്ങൾ ചർച്ചയാക്കിയ, ചോദ്യം ചെയ്ത ബാപ്‌സയുടെ മതേതരാനന്തര രാഷ്ട്രീയത്തിന് വിജയ സമാനമായ മുന്നേറ്റം സമ്മാനിച്ച തെരഞ്ഞെടുപ്പ് ഫലത്തെ കാണാതെ എബിവിപിക്കെതിരെ ഇടതുസഖ്യത്തിന് വിജയം എന്ന കേവല വിശകലനം അർഥശൂന്യമാണ്.

തീർത്തും അവസരവാദപരമായ ഇടതുഐക്യമാണിത്.എ ഐ എസ് എഫ് ആ ഐക്യത്തിൽ ഇല്ലാത്തത് മാത്രം മതി അത് ബോധ്യപെടാൻ.അവിടെ ഇടത് ഐക്യമില്ലായിരുന്നുവെങ്കിൽ എബിവിപി അല്ല ജയിക്കുക,ബാപ്‌സയാണ്. എബിവിപി ഫിയറിൽ ഇടതു ഐക്യത്തിന് ലഭിച്ച വോട്ടുകൾ ഐസയും എസ്എഫ്‌ഐയും ഒറ്റക്ക് മത്സരിച്ചാൽ ബാപ്‌സക്കാണ് ലഭിക്കുക.അതിനാൽ ബാപ്‌സയെ ഭയന്നാണ് ഒറ്റക്ക് പരസ്പരം മത്സരിച്ച് ജയിച്ചിരുന്ന ഐസയും എസ് എഫ് ഐ യും ഐക്യപെടുന്നത്.വലിയ ശക്തികളായിരുന്ന, വൈരികളായ രണ്ട് ഇടത് പാർട്ടികളെ ഐക്യപെടുത്തിയതിന്റെ ക്രഡിറ്റും ബാപ്‌സക്കാണ്.

കേവല അർഥത്തിലുള്ള സംഘപരിവാർ വിരുദ്ധത പ്രചരിപ്പിക്കുകയും ഇടതു രാഷ്ട്രീയത്തിന്റെ സവർണതയെ ചോദ്യം ചെയ്ത മുസ്ലീം പിന്നാക്ക രാഷ്ട്രീയ ഉയിർപ്പുകളെ എബിവിപിയോട് സമീകരിക്കുകയും ചെയ്ത പരമ്പരാഗത ഇടത് സവർണ രാഷ്ട്രീയത്തിന്റെ താൽക്കാലിക ഇലക്ട്രൽ വിജയമാണിത്.എബിവിപിയെ കാണിച്ച് മുസ്ലീം വോട്ടുകൾ മുഴുവൻ പെട്ടിയിലാക്കിയിരുന്ന പരമ്പരാഗത ഇടത് രാഷ്ട്രീയത്തെ കൂടി ബാപ്‌സ വെല്ലുവിളിച്ചിരിക്കുന്നു. ഇടതുരാഷ്ട്രീയം ഒരു ഘട്ടത്തിലും അഡ്രസ് ചെയ്തിട്ടില്ലാത്ത മുസ്ലീങ്ങൾ,ദലിതുകൾ,പിന്നാക്ക വിഭാഗങ്ങളുടെ പ്രാധിനിത്യ രാഷ്ട്രീയത്തെ അഡ്രസ് ചെയ്യാൻ ബാപ്‌സക്ക് സാധിച്ചിട്ടുണ്ട്.അവരുടെ വലിയ തോതിലുള്ള പിന്തുണ ബാപ്‌സക്ക് ലഭിച്ചുവെന്നാണ് ഒറ്റനോട്ടത്തിൽ നടത്താവുന്ന ആദ്യഘട്ട വിശകലനത്തിൽ മനസ്സിലാവുന്നത്‌.വരും വർഷങ്ങളിൽ ബാപ്‌സയടക്കമുള്ള പ്രസ്ഥാനങ്ങൾ ആ രാഷ്ട്രീയത്തെ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കാം.

അടിസ്ഥാനപരമായി രാഷ്ട്രീയമാറ്റത്തിന് ജെ എൻ യു സാക്ഷ്യം വഹിക്കുന്നുണ്ട്.ബാപ്‌സയുടെ സ്ഥാനാർഥികൾ തന്നെ അവരുടെ രാഷ്ട്രീയത്തെ പ്രതിനിധീകരിച്ചു.ശബാന അലിയെന്ന മുസ്ലീം പെൺകുട്ടിയായിരുന്നു ബാപ്സയുടെ ചെയർപേഴ്‌സൺ സ്ഥാനാർഥി. കരൺ നോർത്ത് ഈസ്റ്റ് വിദ്യാർഥികളുടെ പ്രതിനിധിയാണ്.കേവല അർഥത്തിലുള്ള ദലിത് രാഷ്ട്രീയമല്ല ബാപ്‌സ മുന്നോട്ട് വെക്കുന്നത്.ദലിത് ലെഫ്റ്റ് യൂണിറ്റി എന്ന പേരിൽ ബാപ്‌സ പോലുള്ള പ്രസ്ഥാനങ്ങൾ മുന്നോട്ട് വെക്കുന്ന ദലിത് മുസ്ലീം ഒബിസി വിഭാഗങ്ങളുടെയും വിവിധ ഉപദേശീയ വിഭാഗങ്ങളുടെയും രാഷ്ട്രീയത്തെ പരാജപെടുത്താനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.ആ രാഷ്ട്രീയത്തെയും രാഷ്ട്രീയ മാറ്റത്തെയും സൂക്ഷമമായി വിലയിരുത്താൻ നമുക്ക് സാധിക്കേണ്ടതുണ്ട്.

ഇടത് സവർണ രാഷ്ട്രീയത്തിനെതിരായി ഉയർന്ന വിമർശങ്ങളായിരുന്നു ജെ എൻ യു തെരഞ്ഞെടുപ്പിന്റെ വലിയ
സവിശേഷത, അതൊന്നും കാണാതെ ‘ഇടതുവിജയം’ എന്ന ആഘോഷ രാഷ്ട്രീയത്തിൽ വീണുപോകാതിരിക്കാൻ രാഷ്ട്രീയത്തെ സൂക്ഷ്മ വിശകലനം ചെയ്യുന്നവർക്ക് ബാധ്യതയുണ്ട്.ജെ എൻ യു വിനെ ചുറ്റിപറ്റിയുള്ള ഗൃഹാതുര രാഷ്ട്രീയം അസ്തമിച്ചിരിക്കുന്നുവെന്ന യഥാർത്ഥ്യത്തെ അഭിമുഖീകിരിക്കാനുള്ള സത്യസന്ധതയാണ് കാണിക്കേണ്ടത്.

Be the first to comment on "ജെഎൻയു: ‘ഇടത് വിജയ’വും സവര്‍ണഗൃഹാതുരതകളും"

Leave a comment

Your email address will not be published.


*