പുറത്തിറങ്ങിയാല്‍ വെച്ചേക്കില്ല. ആ കുഞ്ഞിനെ കുറിച്ച് പോസ്റ്റിട്ട യുവാവിന് ഭീഷണി

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച ഘോഷയാത്രയില്‍ പിഞ്ചു കുഞ്ഞിനെ മണിക്കൂറുകളോളം കെട്ടിയിട്ട സംഭവം സാമൂഹ്യമാധ്യമത്തിലൂടെ പുറംലോകത്തെ അറിയിച്ച യുവാവിന് ഭീഷണി. കാസര്‍ഗോഡ് സ്വദേശിയായ ശ്രീകാന്ത് പ്രഭാകരന് നേരെയാണ് ഭീഷണി ഉയര്‍ന്നിരിക്കുന്നത്. ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് ഭീഷണി മുഴക്കി ഫോണ്‍ കോളുകള്‍ വന്നതെന്ന് ശ്രീകാന്ത് പറയുന്നു.

കഴിഞ്ഞ ദിവസം ഇന്നലെ രാത്രി എട്ടിന് ശേഷമാണ് +3146041 എന്ന നമ്പറില്‍ നിന്നും ഫോണ്‍ കോള്‍ വന്നതെന്ന് ശ്രീകാന്ത് പറയുന്നു. അതിന് ശേഷം നിരവധി കോളുകള്‍ വന്നു. പലരും പച്ചക്ക് തെറി വിളിച്ചു. കുട്ടിയുടെ അച്ഛനും അമ്മയ്ക്കുമില്ലാത്ത വിഷയം നിനക്കെന്തിനാണെന്നും പുറത്തിറങ്ങാന്‍ സമ്മതിക്കില്ലെന്നും അവര്‍ പറഞ്ഞതായി ശ്രീകാന്ത് പറയുന്നു.

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയിലാണ് മൂന്ന് വയസ് പ്രായം വരുന്ന കുട്ടിയെ ടാബ്ലോ ടെന്റില്‍ കെട്ടിയിട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട ശ്രീകാന്ത് കുട്ടിയുടെ ചിത്രം പകര്‍ത്തുകയും സംഭവം വിവരിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയുമായിരുന്നു. വെയില്‍ കത്തിനിന്ന സമയത്തായിരുന്നു മണിക്കൂറുകളോളം നേരം ഈ കുഞ്ഞിനെ അണിനിരത്തിയുള്ള ഘോഷയാത്ര.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

”ഇന്ന് പയ്യന്നൂരിൽ കണ്ട ശോഭായാത്രയിൽ നിന്നുള്ള ഒരു കാഴ്ച്ചയാണിത്‌.

ഉച്ചയ്ക്ക്‌ പയ്യന്നൂർ പുതിയ ബസ്റ്റാന്റ്‌ പരിസരത്ത്‌ നിന്നും ആരംഭിച്ച വിവേകാനന്ദ സേവാ സമിതിയുടെ നേതൃത്വത്തിൽ നടന്ന ഈ പരിപാടിയിൽ 3 മണിയോടെ വിവിധ കോലങ്ങൾ കെട്ടിച്ചുള്ള കുട്ടികളെയും വഹിച്ചുള്ള വാഹനങ്ങൾ എത്തിച്ചേരുകയുണ്ടായി. ആ വാഹനങ്ങളിൽ ഒന്നിൽ കണ്ട ആലിലയിൽ ഉറങ്ങുന്ന കൃഷ്ണ കഥാപാത്രത്തിന്റെ ഒരു നിശ്ചലദൃശ്യമാണു ചിത്രത്തിൽ.

നല്ല വെയിൽ ഉണ്ടായിരുന്ന ഈ സമയത്ത്‌ മണിക്കൂറോളം ഈ വേഷങ്ങൾ കെട്ടേണ്ടിവന്ന കുട്ടികൾ വെയിലിൽ നിൽക്കേണ്ടതായി വന്നു.

ആലിലയിൽ കണ്ണും പൂട്ടി തളർന്നിരുന്ന കുട്ടിയെ ആദ്യം കണ്ടപ്പോൾ ഞാൻ കരുതി വല്ല പ്രതിമയുമായിരിക്കുമെന്ന്. പിന്നീടാണു കുട്ടി കൈ കാലുകൾ ചലിപ്പിക്കുന്നതായി കണ്ടത്‌. കുട്ടിയുടെ അരഭാഗം ഇലയിൽ ബന്ധിപ്പിച്ചിരിക്കുന്നതായി തോന്നുന്നു.

കുട്ടി വെയിൽ ഏൽക്കാതിരിക്കാൻ കണ്ണും അടച്ച്‌ തലചെരിച്ചു കിടക്കുന്ന രൂപം ക്രൂശിതനായ യേശുവിന്റെ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നതാണു.

3 വയസ്സിൽ കൂടുതൽ പ്രായം തോന്നിക്കാത്ത ഈ കുരുന്നിന്റെ അവസ്ഥ കണ്ട്‌ ഞാൻ ചെയിൽഡ്‌ ലൈന്റെ സഹായ നമ്പറായ 1098 ൽ വിളിച്ചു.ആദ്യം സംസാരിച്ച വ്യക്തി പറഞ്ഞത്‌ – ” കുട്ടിക്കു വല്ല കംപ്ലയിന്റും ഉണ്ടോ ?
രക്ഷിതാവിനു കംപ്ലയിന്റുണ്ടോ ?
അനുമതി വാങ്ങിയാണു ആൾക്കാർ പരിപാടികൾ നടത്തുന്നത്‌ എന്നിങ്ങനെയാണു.

തുടർന്ന് കുറേ സംസാരങ്ങൾക്കു ശേഷം കണ്ണൂർ ചെയിൽഡ്‌ ലൈനിൽ കാൾ ട്രാൻസ്ഫർ ചെയ്തു തന്നു.തുടർന്ന് മൂന്നോളം ഫോൺ കൈമാറ്റത്തിനു ശേഷം പയ്യന്നൂരിൽ ഉള്ള ചെയിൽഡ്‌ ലൈൻ ചുമതലയുള്ള ഉദ്ദ്യോഗസ്ഥയോട്‌ സംസാരിക്കാൻ പറ്റി.
അവരോട്‌ സ്ഥലം സന്ദർശിക്കാൻ പറഞ്ഞപ്പോൾ അവർ പറഞ്ഞത്‌ അത്‌ ഞങ്ങളുടെ കടമയല്ല,ബന്ധപ്പെട്ടവരെ അറീക്കുകമാത്രമാണു ഞങ്ങൾ ചെയ്യുന്നത്‌ എന്നാണു.എങ്കിൽ ശരി നല്ല നമസ്കാരം എന്നു പറഞ്ഞ്‌ ഞാൻ ഫോണും കട്ട്‌ ചെയ്തു.
കുറച്ച്‌ കഴിഞ്ഞ്‌ ഒരു മഹാൻ വിളിച്ച്‌ എന്റെ പരാതി പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നറീച്ചു.
…പയ്യന്നൂർ എസ്‌ ഐ അടക്കമുള്ളവർ സ്ഥലത്തു തന്നെ ഉണ്ടായിരുന്നു…

ബ്രാഹ്മണിക്കൽ ഹിന്ദുത്വബോധം നമ്മുടെ രക്ഷിതാക്കളെ അന്ധരാക്കുന്നു.കുട്ടികളുടെ പീഡകയാണവർ.ഫാസിസത്തിന്റെ എക്കാലത്തെയും വലിയ ഇരകൾ കുട്ടികൾ…
രണ്ടോ മൂന്നോ വയസ്സു പ്രായമുള്ള കുട്ടികളെ കൊണ്ട്‌ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ എന്തൊക്കെ തോന്ന്യവാസങ്ങളാണു ഈ കഴുതകൾ കാട്ടുന്നത്‌.എത്ര മനുഷ്യത്വ വിരുദ്ധമായാണു നമ്മുടെ കുഞ്ഞുങ്ങളോട്‌ ഈ രക്തദാഹികൾ പെരുമാറുന്നത്‌.

കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുണ്ടാക്കിയ സംവിധാനങ്ങൾ പേടിച്ച്‌ ഓച്ചാനിച്ചു നിൽക്കെണ്ടതായി വരുന്നു. ഇതാണു മനുഷ്യാവകാശം. ഇതാണു ജനാധിപത്യം..”

വധഭീഷണിയെക്കുറിച്ച് ശ്രീകാന്ത് ഫേസ്ബുക്കില്‍ എഴുതിയത് :

+31ൽ തുടങ്ങിയ ആറക്ക നമ്പറുകളിൽ നിന്നും പേരോ ഊരോ പറയാതെ ചിലർ ഫോൺ വിളിച്ച്‌ തെറിപ്പാട്ടു പാടുകയും പുറത്തിറക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്‌. അത്തരം ചങ്ങായിമാർക്കു വേണ്ടിയാണു ഈ ചിത്രം.ഇങ്ങനെയാണു ഇപ്പോഴത്തെ രൂപം.ആളുമാറി പോകരുതല്ലൊ..

തെറ്റും ശരിയും തിരിച്ചറിയാൻ പോയിട്ട്‌ ഒറ്റയ്ക്ക്‌ നടക്കാൻ പോലും പഠിച്ചിട്ടില്ലാത്ത പിഞ്ചുകുഞ്ഞുങ്ങളെ വച്ച്‌ പ്രകടനങ്ങൾ സംഘടിപ്പിച്ച്‌ സംഘടന വളർത്താൻ ശ്രമിക്കുകയും ആ കുട്ടികളെ മനുഷ്യത്വത്തിനു നിരക്കാത്തരീതിയിൽ പീഡനങ്ങൾക്ക്‌ വിധേയമാക്കുകയും ചെയ്തതിനെ ചോദ്യം ചെയ്തതിനാണു നിങ്ങളുടെ ഈ ഭീഷണികളെങ്കിൽ ചങ്ങായിമാരെ നിങ്ങൾക്ക്‌ ആളുമാറിപ്പോയി.

ശോഭായാത്രയുടെ രാഷ്ട്രീയം എന്താണെന്നും സംഘപരിവാർ ശക്തികളാണു അതിനു പിന്നിൽ രഹസ്യ അജണ്ടയുമായി നിലകൊള്ളുന്നതെന്നും നമുക്കെല്ലാം അറിയുന്നതാണു.

ഒരു നബിദിന ഘോഷയാത്രയിലെ ദൃശ്യത്തെ കുറിച്ചാണു ഞാൻ ബന്ധപ്പെട്ട അധികാരികൾക്ക്‌ പരാതി നൽകിയിരുന്നത്‌ എങ്കിൽ ഇവിടെ എന്തു സംഭവിക്കുമായിരുന്നുവെന്നതും നമുക്ക്‌ ഊഹിക്കാവുന്നതാണു.

ചെയിൽഡ്‌ ലൈനിൽ പരാതി എഴിതി നൽകേണ്ടതില്ല എന്നാണു ഞാൻ മനസ്സിലാക്കുന്നത്‌.പോലീസിനു കൈമാറിയിട്ടുണ്ട്‌ എന്നു പറഞ്ഞതിനപ്പുറം ഔദ്യോഗികമായി പരാതി സംബന്ധിച്ച്‌ എന്നോട്‌ ഇതുവരെ ആരും ഒരു അന്വേഷണവും നടത്തിയിട്ടില്ല.ഒന്നും നടക്കാനും പോകുന്നില്ല എന്നത്‌ ഇന്നലെ ഉദ്യോഗസ്ഥരോട്‌ പരാതി പറഞ്ഞപ്പോൾ ലഭിച്ച മറുപടിയിൽ നിന്നും തന്നെ മനസ്സിലാക്കിയതാണു.

നഗ്നമായ ശിശു പീഡനമാണു ഇന്നലെ നടന്നിട്ടുള്ളത്‌.അത്‌ അറീക്കേണ്ടുന്നവരെ അറീച്ചിട്ടും ഇത്രയധികം ചർച്ച ചെയ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ല എന്നുള്ളത്‌ നമ്മുടെ നിയമ സംവിധാനങ്ങളും അധികാര കേന്ദ്രങ്ങളും എത്രത്തോളം ഹിന്ദുത്വശക്തികൾക്ക്‌ കീഴ്പ്പെട്ടാണു അല്ലെങ്കിൽ ഭയന്നാണു പ്രവർത്തിക്കുന്നതെന്ന് തെളിയിക്കുന്നതാണു.

ഈ രാജ്യത്ത്‌ എക്കാലത്തും ഇരട്ട നീതിയാണു നിലനിന്നു പോന്നിട്ടുള്ളത്‌.ഇന്ന് ഇറങ്ങിയ ആംനസ്റ്റിയുടെ റിപ്പോർട്ടിൽ വിചാരണ തടവുകാരിൽ ഭൂരിഭാഗവും മുസ്ലീം- ദളിത്‌- ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്നു പറയുന്നു.ഈ രാജ്യത്തെ നിയമ സംവിധാനങ്ങൾ ഹൈന്ദവശക്തികളെ ഉന്നത ജാതികളെ എങ്ങനെ സംരക്ഷിച്ച്‌ പോരുന്നുവെന്നതിന്റെ ഉദാഹരണമാണിത്‌.അവരാരും കുറ്റകൃത്യങ്ങൾ ചെയ്യാത്തതുകൊണ്ടല്ല..

ഹൈന്ദുത്വഫാസിസ്റ്റു ശക്തികളുടെ അവസാനം വരെയും അതിനെതിരെ എന്നെകൊണ്ട്‌ ചെയ്യാൻ കഴിയുന്നതെന്തും ചെയ്യുകതന്നെ ചെയ്യും.അതുകൊണ്ട്‌ സംഘിച്ചേട്ടന്മാർ കഷ്ട്റ്റപ്പെട്ട്‌ നെറ്റ്‌ കോളൊക്കെ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്താൻ വിളിക്കേണ്ടതില്ല.ഒരുകാലത്തും മരണത്തെ ഭയന്ന് ഞങ്ങളാരും നിങ്ങൾക്കെതിരായ സമരത്തിൽ നിന്നും അണുവിട വ്യതിചലിക്കാൻ പോകുന്നില്ല.”

Be the first to comment on "പുറത്തിറങ്ങിയാല്‍ വെച്ചേക്കില്ല. ആ കുഞ്ഞിനെ കുറിച്ച് പോസ്റ്റിട്ട യുവാവിന് ഭീഷണി"

Leave a comment

Your email address will not be published.


*