എസ്എഫ്ഐക്കാരോട്; നിങ്ങളെന്തിനാണീ പെണ്‍കുട്ടിയെ വേട്ടയാടുന്നത്?

കോളേജിലെ എസ്എഫ്ഐ കമ്മിറ്റി തന്നെ നിരന്തരമായി വേട്ടയാടുന്നുവെന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിനി സൂര്യഗായത്രി. സൈര്വമായി പഠിക്കാനുള്ള സ്വാതന്ത്യം തനിക്ക് നിഷേധിക്കപ്പെട്ടെന്ന് പറയുന്ന സൂര്യഗായത്രി എസ്എഫ്ഐ കമ്മിറ്റിയംഗങ്ങള്‍ തന്നെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നീലച്ചുവയുള്ള കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും ആരോപിക്കുന്നു. ധൈര്യമുണ്ടങ്കില്‍ തന്നെ സാക്ഷി നിര്‍ത്തി അത്തരം കഥകള്‍ പ്രചരിപ്പിക്കുമോ എന്ന് സൂര്യഗായത്രി എസ്എഫ്ഐ ഭാരവാഹികളെ വെല്ലുവിളിക്കുന്നു.

ക്ലാസ്സ്റൂമില്‍ കമ്പിപ്പാരയും വടികളുമാണെന്നും ഭയമാണ് അവിടെ വിദ്യാര്‍ത്ഥികളെ ഭരിക്കുന്നതെന്നും സൂര്യഗായത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തുന്നു. നേരത്തെ അകാരണമായി യൂണിവേഴ്സിറ്റി കോളേജിനുള്ളില്‍ വെച്ച് സൂര്യഗായത്രിയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു.

സൂര്യഗായത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

” എന്തിനാണ് നിങ്ങൾ ഇങ്ങനെ മാനസികമായി പീഢിപ്പിക്കുന്നത് ? “യൂണിവേഴ്സിറ്റി കോളേജിലെ യൂണിയൻ മാറി കഥയും മാറി” എന്നു പറഞ്ഞുനടക്കുന്ന പ്രിയ സഖാക്കൾ മറുപടി തരണം.

എന്തിനാണ് ക്ലാസുകൾ തോറും കയറിയിറങ്ങി നീലചുവയുള്ള കഥകൾ പടച്ചുവിടുന്നത് ?

നിങ്ങളുടെ ഭാഷയിൽ ഒന്നുമല്ലാത്ത വെറും “രണ്ടു പെണ്ണുങ്ങളെ ” പേടിയാണോ ?

ജാനകി കോളേജിൽ നിന്നും മറ്റൊരു കോളേജിലേക്ക് പോയപ്പോഴും. നിങ്ങൾ എന്നെ പരമാവധി ഒറ്റപ്പെടുത്തിയപ്പോഴും എങ്ങനെയെങ്കിലും ഫിലോസഫിയിൽ ഡിഗ്രിയെടുത്ത് ഈ കോളേജിൽ നിന്നും പോയാൽ മതി എന്ന അവസ്ഥയായിരുന്നു.

പക്ഷേ ജനാധിപത്യത്തെ, സ്വാതന്ത്ര്യത്തെ നിങ്ങൾ പലയിടങ്ങളിലും വെല്ലുവിളിക്കുമ്പോൾ ഒന്നു ചെറുതായെങ്കിലും വിരലനക്കിയില്ലെങ്കിൽ എൻറ ഉള്ളിലെ കമ്മ്യൂണിസ്റ്റും ചോദിക്കില്ലേ പോയി ചത്തൂടെ എന്ന്.

മൂത്രമൊഴിക്കണമെങ്കിൽ ലൈബ്രറിയിൽ പോകണമെങ്കിൽ ക്ലാസ് കഴിഞ്ഞ് വീട്ടിൽ പോകണമെങ്കിൽ ക്ലാസിലെ എസ് എഫ് ഐ ഏമാൻമാരോട് അനുവാദം ചോദിക്കണം.

കോളേജ് ഇലക്ഷന് ഇടതുസംഘടനകൾ ആണെങ്കിൽ കൂടി നിർത്തില്ല. നോമിനേഷൻ കീറും. സ്ഥാനാർത്ഥികളെ തല്ലും. ചില ജനാധിപത്യവിരുദ്ധരായ അധ്യാപകരെ സ്വാധീനിച്ച് പ്രൊപ്പോസ് ചെയ്യുന്നവരെ നേരത്തെ അറിഞ്ഞ് ഭീക്ഷണിപ്പെടുത്തും. ഇതാണോ ജനാധിപത്യ മര്യാദ ? ഇലക്ഷനെ ഭയമാണോ ?

പെൺഗുണ്ടകളും ഉണ്ട് എന്ന് പറയാതിരിക്കാനാവില്ല. വായിൽ നിന്നും വീഴുന്ന പദങ്ങൾ കേട്ടാൽ ചിലപ്പോൾ കഴിച്ചതു വരെ പുറത്തേക്കുവരും .

നിർബന്ധിച്ച് പണപിരിവ് നടത്തുന്നു. രാത്രികളിൽ കോളേജിൽ അന്തിയുറങ്ങുന്നവർ(വിദ്യാർത്ഥികൾ) പിറ്റേന്ന് ലഹരിവസ്തുക്കളുടെ അവശേഷിപ്പുകൾ വരെ കാണാൻ കഴിയും.

ക്ലാസ്മുറിയിൽ കമ്പിപാരയും വടിയും കുപ്പികളും.

ഭയവും തന്ത്രവുമാണ് അവിടം ഭരിക്കുന്നത് അതുകൊണ്ട് ആരും മിണ്ടില്ല. സഹിക്കെട്ട് പലരും മാറിപോകും.

ഇന്ന് പിജി ഫസ്റ്റ് ഇയർ ആദ്യമായി വന്ന ദിവസം എല്ലാവരെയും വിളിച്ചുകൂട്ടി നിങ്ങൾ കമ്മറ്റിയെടുത്തപ്പോൾ ഞാൻ ഉണ്ടായിരുന്നില്ല.
ഉണ്ടായിരുന്നെങ്കിൽ പ്രിയപ്പെട്ട കഥാകാരൻമാരായ എസ് എഫ് ഐ ക്കാരേ എനിക്കും കേൾക്കാമായിരുന്നല്ലോ നിങ്ങളുടെ അശ്ലീല കഥകൾ !!

ഞാൻ ഇല്ലാത്തപ്പോൾ മറ്റുള്ളവരോട് എന്നെ കുറിച്ച് അനാവശ്യം പറയുകയും എന്നെ കാണുമ്പോൾ കവിത നന്നായിട്ടുണ്ട്. സുഖമാണോ എന്നൊക്കെ ചോദിക്കുന്ന വെറും തരംതാഴ്ന്ന പ്രവർത്തിചെയ്യുന്നോരെ സഖാവേ എന്നു വിളിക്കാനാവില്ല.

പലയിടത്തും പലകഥകൾ പറഞ്ഞു നടക്കുന്ന നിങ്ങളെ കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്.

“#ഞാൻ_വെല്ലുവിളിക്കുകയാണ്. നിങ്ങൾക്ക് ധൈര്യമുണ്ടോ നിങ്ങൾ ഇന്ന് വിളിച്ചുകൂട്ടിയ അതേ കമ്മറ്റിയിൽ ..അതേ വിദ്യാർത്ഥികളുടെ മുൻപിൽ എന്നെയിരുത്തി ഇതു പറയാൻ ? തിരിച്ച് എൻറ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ? അസഭ്യം പറയാതെ.. ചോദ്യങ്ങൾ ചോദിക്കുന്ന കുട്ടികളെ തന്തയ്ക്കും തള്ളയ്ക്കും വിളിക്കാതെ മറുപടി പറയാൻ ? ”

അതിനുപോലും കഴിവില്ലെങ്കിൽ വാകൊണ്ട് ബിരിയാണി വച്ചോളൂ.. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് , എസ് എഫ് ഐ ക്ക് അപമാനമാണ് നിങ്ങൾ.

ഫ്രഷേഴ്സിനോട് ഇവളോടൊക്കെ മിണ്ടരുതെന്നും ഒറ്റുകാരിയാണെന്നും മറ്റതാണെന്നും മറിച്ചതാണെന്നും നിങ്ങൾക്ക് ഉദ്ധരിക്കാൻ നിങ്ങളെഴുതിയ കഥകളും പറഞ്ഞുകൊടുക്കുന്ന നിങ്ങളുടെ നാവുകൾ അത്രമേൽ എന്നെ വേദനിപ്പിച്ചപ്പോഴും പിടിച്ചുനിന്നു.

ഈ കോളേജ് ഉപേക്ഷിച്ച് ഇനി മറ്റൊരിടത്ത് പോയി പഠിക്കാനുള്ള സാമ്പത്തികമോ അവസ്ഥയോ എൻറെ കുടുംബത്തിനില്ല.

ഇവിടെ പഠിച്ചേതീരൂ. അതിനു നിങ്ങൾ സമ്മതിക്കില്ല എന്നാണെങ്കിൽ ………….. 🙁

മരിച്ചുപോയ ലക്ഷ്മിയെ കുറിച്ചുവരെ നിങ്ങൾ മുറിപ്പെടുത്തുന്ന കഥകളുണ്ടാക്കി.

ഒറ്റപ്പെടുത്തി.

മാവോയിസ്റ്റാണെന്നും ഭ്രാന്തിയാണെന്നും നിങ്ങൾ കൊട്ടിഘോഷിച്ചു.

ഞങ്ങളില്ലാത്ത നേരങ്ങളിൽ നിങ്ങൾക്കറിയുന്ന റേഡിയോ ജോക്കികളെ കൊണ്ട് വന്ന് കവലപ്രസംഗം നടത്തി.. വിദ്യാർത്ഥികളിൽ വിഷം കുത്തിവച്ചു.

എൻറയൊപ്പം നടന്നതിൻറ പേരിൽ ചില സുഹൃത്തുക്കളെ ശാരീരികമായും മാനസികമായും നിങ്ങൾ അക്രമിച്ചു.

സോഷ്യൽമീഡിയകളിൽ അപവാദപ്രചരണം നടത്തി.

വീട്ടുകാരെ ഭീക്ഷണിപ്പെടുത്തി.

അധ്യാപകരെ പോലും നിങ്ങൾ അകറ്റിനിർത്തി

ലൈംഗികചുവയുള്ള സംഭാഷണങ്ങളും തെറിവിളികളും തുറിച്ചുനോട്ടങ്ങളും അസഭ്യങ്ങളും നിങ്ങളെറിഞ്ഞു.

ഇനി വയ്യ. ”

Be the first to comment on "എസ്എഫ്ഐക്കാരോട്; നിങ്ങളെന്തിനാണീ പെണ്‍കുട്ടിയെ വേട്ടയാടുന്നത്?"

Leave a comment

Your email address will not be published.


*