ഇത് ഉണര്‍ന്നിരിക്കേണ്ട സമയം. ചെഗുവേരയുടെ മകള്‍ ഓര്‍മിപ്പിക്കുന്നു

മാനവരാശിയെ ഒന്നാകെ നശിപ്പിക്കാന്‍ അധികാരശക്തികള്‍ ശ്രമിക്കുകയാണെന്നും ഇത് ഉണര്‍ന്നിരിക്കേണ്ട സമയമാണെന്നും ചെ ഗുവേരയുടെ മകള്‍ ഡോ:അലൈഡ ഗുവേര മാര്‍ച്ച്. ലോകമെങ്ങുമുള്ള വിപ്ലവപോരാട്ടങ്ങളുടെ ഊര്‍ജം ഏണസ്റ്റോ ചെ ഗുവേരയുടെ രക്തസാക്ഷിത്വത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ ദി വീക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അലൈഡ.

” ആ മനുഷ്യന് ഈ മാനവരാശിയെ അപകടത്തിലേക്ക് നയിക്കാന്‍ മാത്രമുള്ള അധികാരം ഇപ്പോഴുണ്ട്. നാമെല്ലാം ഭാഗമായ മാനവരാശിയെ. അയാള്‍ക്ക് അധികാരമേ ഉള്ളൂ.. നല്ല ബുദ്ധി ഇല്ല ‘ ഡോ: അലൈഡ ഗുവേര അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ച് പറയുന്നു.

”ഇത് ഉണര്‍ന്നിരിക്കേണ്ട സമയമാണ്. നാം ഉണര്‍ന്നേ തീരൂ.. നമ്മുടെ അടുക്കല്‍ കളയാന്‍ ഒട്ടും സമയമില്ല.” അലൈഡ കൂട്ടിച്ചേര്‍ത്തു.

” മഹാനായ കമ്മ്യൂണിസ്റ്റായിരുന്നു തന്റെ പിതാവ്. താന്‍ ഉയര്‍ത്തുന്ന കാര്യങ്ങളില്‍ ഏറെ കണിശതയും കൃത്യതയുമുണ്ടായിരുന്നു പിതാവിന്. ഒപ്പം ഏറെ സ്നേഹം പ്രകടിപ്പിക്കുന്ന വ്യക്തിയായിരുന്നു ചെ ഗുവേര. ” അലൈഡ തന്റ പിതാവും ലോകത്തിലെ വിപ്ലവയുവതയുടെ ആവേശവുമായിരുന്ന ചെഗുവേരയെ ഓര്‍ക്കുന്നു.

അതേസമയം തങ്ങളുടെ ധീരനായകന്റെ രക്തസാക്ഷിത്വത്തിന്റെ അമ്പതാം വാര്‍ഷികദിവസം ക്യൂബയില്‍ പതിനായിരങ്ങള്‍ ഒത്തുകൂടി ചെയെ അനുസ്മരിച്ചു. ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ മുഖ്യാതിഥി ആയിരുന്നു.

Be the first to comment on "ഇത് ഉണര്‍ന്നിരിക്കേണ്ട സമയം. ചെഗുവേരയുടെ മകള്‍ ഓര്‍മിപ്പിക്കുന്നു"

Leave a comment

Your email address will not be published.


*