സത്യത്തില്‍ ‘മോഡിയുടെ ഇന്ത്യയില്‍’ GDP വളർച്ചാനിരക്ക് കൂടുന്നുണ്ടോ?

ഇന്ത്യയില്‍ മോഡി ഭരണകാലത്ത് ജിഡിപി വളര്‍ച്ചാനിരക്ക് ഉയരുന്നുണ്ടോ? ബിജെപി പ്രചാരകരുടെ വാദങ്ങളെ മുനയൊടിക്കുന്ന സരിത കച്ചപ്പിള്ളി എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം. സോഷ്യല്‍ മീഡിയയിലെ സജീവസാന്നിധ്യമാണ് സരിത

ഈ ചോദ്യത്തിന് ലളിതമായ ഒരുത്തരം പറയാൻ സാധിക്കില്ല. അതുകൊണ്ട് ഈ കാലയളവിൽ രാജ്യത്തെ സമ്പത്ത് വ്യവസ്ഥയിൽ സംഭവിച്ച മാറ്റങ്ങൾ എന്തൊക്കെയാണ് എന്നതിന്റെ അടിസ്ഥാനത്തിൽ യുക്തിസഹമായ ഒരു ‘താത്വിക അവലോകനം’ നടത്താൻ ശ്രമിക്കുകയാണ് .

അതിനു മുൻപ് അറിഞ്ഞിരിക്കേണ്ട ചില സംഗതികൾ :

GDP അഥവാ ആഭ്യന്തരമൊത്തവരുമാനം എന്നാൽ ഒരു നിശ്ചിത കാലയളവിൽ ഒരു രാജ്യത്തിൽ നിർമ്മിക്കപ്പെടുന്ന എല്ലാ ചരക്കുസേവനങ്ങളുടെയും (finished goods & services) മൊത്തം മൂല്ല്യം സൂചിപ്പിക്കുന്ന ഒരു ഒറ്റ സംഖ്യ ആണ് . GDP വളർച്ചാനിരക്ക് എന്നാൽ രണ്ടു കാലഘട്ടത്തിലെ GDP തമ്മിലുള്ള വ്യത്യാസമാണ്, ഒരു രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ വളരുകയാണോ ക്ഷയിക്കുകയാണോ മനസിലാക്കാനുള്ള ഏറ്റവും നല്ല അളവുകോൽ ആണിത്. വിവിധ രാജ്യങ്ങൾക്ക് അവരുടെ GDP കണക്കുകൂട്ടുന്നതിന് വ്യത്യസ്ത രീതികളുണ്ട്. ഇന്ത്യയിൽ കേന്ദ്ര സ്ഥിതിവിവര-പദ്ധതി നിർവഹണ വകുപ്പിന്റെ കീഴിലുള്ള കേന്ദ്ര സ്ഥിതിവിവരക്കണക്ക് ഓഫീസിനാണ്(Central Statistics Office-CSO) ഇത്തരം ബൃഹത്ത് സാമ്പത്തിക വിവരശേഖരണത്തിനും അതിൻ്റെ സൂക്ഷിപ്പിനുമുള്ള ചുമതല. GDP നിർണയിക്കുന്ന പ്രക്രിയ സങ്കീർണവും ദീർഘവുമാണ്. പക്ഷെ നയങ്ങളും വാർഷിക ബജറ്റും രൂപപ്പെടുത്തുന്നതിനായി ഗവെർന്മേന്റിനു സമ്പത്ത് വ്യവസ്ഥയുടെ മൊത്തത്തിലുള്ള ചിത്രം കാലാകാലങ്ങളിൽ ലഭ്യമാകേണ്ടതുണ്ട്. അതുകൊണ്ട് ഈ ഉദ്ദേശത്തിൽ CSO ഇടക്കാല GDP കണക്കുകൾ പുറത്തിറക്കാറുണ്ട്. കാലാകാലങ്ങളിൽ, വിവിധ മേഖലകളിൽ നിന്നുള്ള യഥാർഥ ഡാറ്റ ലഭ്യമാകുന്നതിനനുസരിച്ചു ഇടക്കാല GDP പരിഷ്കരിച്ചുകൊണ്ടിരിക്കും.ഇതിനെയാണ് GDP റിവിഷൻ സൈക്കൾ എന്ന് പറയുന്നത് . റിവിഷൻ സൈക്കിൾ നോക്കിയാൽ സമ്പദ്ഘടന ഏതു ദിശയിലേക്കാണ് പുരോഗമിക്കുന്നത് എന്ന സൂചന കിട്ടും. ഒരു സാമ്പത്തികവർഷത്തിലെ GDP മൂന്നു തവണയാണ് സാധാരണ ഇങ്ങനെ പരിഷ്കരിക്കുന്നത്. അത് കൂടാതെ അടിസ്ഥാന വർഷം മാറുമ്പോഴും ഡാറ്റയുടെ സോഴ്സ് മാറുമ്പോഴും നിർണയ രീതി മാറുമ്പോഴും പരിഷ്ക്കരണം നടത്താറുണ്ട് .

2015ൽ ഇന്ത്യയിലെ GDP നിർണയത്തിൽ മൂന്ന് മാറ്റങ്ങളാണ് കൊണ്ടുവന്നത് :

1. ഇതിൽ ആദ്യത്തേത് കണക്കുകൂട്ടുന്ന രീതിശാസ്ത്രത്തിലുള്ള മാറ്റമാണ്. ‘factor cost’ എന്ന രീതിയിൽ നിന്ന് എന്ന ‘market price’ രീതിയിലേക്ക് മാറി എന്നതാണ് ഇത്.

പുതിയ രീതിയിലുള്ള GDP(GDP at producer or market prices) = GDP at factor cost (പഴയ രീതിയിലുള്ള GDP) + Indirect taxes – subsidies

സാമ്പത്തിക വിദഗ്ധർ ഇതിനെ ഒരു നല്ല നീക്കം എന്ന നിലയിലാണ് കാണുന്നത്. പല വികസിത രാജ്യങ്ങളുടെയും International Monetary Fundന്റെയും മറ്റും GDP നിർണയ രീതികളോട് കിടപിടിക്കുന്ന ഒന്നാണ് ഇത് എന്നാണ് പലരും വിലയിരുത്തിയത്.

2. രണ്ടാമത്തെത് അടിസ്ഥാന വർഷത്തിലുള്ള (base year) മാറ്റമാണ്. അടിസ്ഥാന വർഷം 2004-05എന്നുള്ളത് 2011-12 എന്നാക്കി. ഒരു ചരക്ക് ഇനത്തിന്റെ ഒരു വർഷത്തെ മൊത്തവരുമാനമൂല്യം എന്നാൽ ആ വസ്തു അതേ വർഷം ഉൽപാദിക്കപ്പെട്ട അളവ് ഗുണം അതിന്റെ അടിസ്ഥാന വർഷത്തിലെ വില ആണ്.അതായത്,

ഒരു ചരക്കിനത്തിന്റെ ഒരു വർഷത്തെ മൊത്തവരുമാനമൂല്യം = ആ വർഷത്തെ മൊത്തം ഉല്പാദന അളവ് X അതിൻറെ അടിസ്ഥാന വർഷത്തിലെ വില

ഇങ്ങനെ ചെയ്യുന്നത് നാണയപ്പെരുപ്പം മൂലമുള്ള വില വർദ്ധന കണക്കിലെടുക്കാതെ ഉല്പാദനത്തിലെ യഥാർത്ഥ വളർച്ച മാത്രം വിലയിരുത്താനാണ്. അടിസ്ഥാന വർഷ പരിഷ്ക്കരണം സാധാരണയായി ഓരോ അഞ്ചു വർഷം കൂടുമ്പോഴും നടത്തുന്നു. ഇതിലും അസ്വാഭാവികത ഒന്നുമില്ല.

3. മൂന്നാമത്തെ മാറ്റം നിർമ്മാണ മേഖലയുടെ മൊത്തമൂല്യം കണക്കാക്കുന്ന രീതിയിലാണ്. മുൻകാലങ്ങളിൽ വ്യവസായ ഉല്പാദന സൂചികയും(IIP) വാർഷിക വ്യവസായ സർവെയും(ASI) അടിസ്ഥാനപ്പെടുത്തിയാണ് നിർമ്മാണ മേഖലയുടെ മൊത്തമൂല്യം കണക്കാക്കിയിരുന്നത്, എന്നാൽ പുതിയ രീതിശാസ്ത്രം അവലംബിച്ച ശേഷം കമ്പനികാര്യ മന്ത്രാലയത്തെ (Ministry of Corporate Affairs) ആശ്രയിച്ചാണ് ജിഡിപി നിർണയിക്കപ്പെടുന്നത്. GDP നിർണയത്തിന്റെ കൃത്യതയും വിശ്വാസ്യതയും നിർണയിക്കുന്നത് source dataയുടെ ഗുണനിലവാരമാണ്. കോർപറേറ്റുകൾ നല്കുന്ന വിവരങ്ങളുടെ വസ്തുത പരിശോധിക്കാൻ കമ്പനികാര്യ മന്ത്രാലയത്തിന് മതിയായ സംവിധാനങ്ങളില്ല എന്നിരിക്കെ ദേശീയ വരുമാനം നിർണയിക്കാൻ ഇത്തരം കണക്കുകളെ ആശ്രയിക്കുന്നതിൽ വലിയ അനൗചിത്യം ഉണ്ട് . സ്വകാര്യ കോർപറേറ്റ് മേഖലയുടെ ഈ കണക്കുകൾ ഒരു സബ് കമ്മിറ്റിയുടെ റിപ്പോർട്ടിനെ ആധാരപ്പെടുത്തിയാണ് എടുക്കുന്നത്. രീതിശാസ്ത്ര പരിഷ്കരണത്തിന് ശേഷം 2015-ൽ CSO പ്രസിദ്ധീകരിച്ച 2012-13ലെ അന്തിമ റിപ്പോർട്ടിലെ സംഖ്യകൾ 2014ലെ റിപ്പോർട്ടിലേതുമായി യാതൊരു പൊരുത്തവുമില്ല. ഉദാഹരണത്തിന് CSO റിപ്പോർട്ടിന്റെ രണ്ട് പതിപ്പുകൾ തമ്മിലുള്ള നോൺ-ഫൈനാൻഷ്യൽ സ്വകാര്യ കോർപറേറ്റ് മേഖലയുടെ മൊത്തമൂല്യത്തിലുള്ള വ്യത്യാസം 257 ശതമാനത്തിൽ കൂടുതലാണ്. റിവിഷിനുകൾ തമ്മിലുള്ള വൈരുദ്ധ്യം ജി.ഡി.പി. ഡാറ്റയിലെ വിശ്വാസ്യതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു. മറ്റൊരു ആക്ഷേപം അന്താരാഷ്ട്ര GDP രീതിശാസ്ത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ CSOയുടെ റിവിഷൻ നയത്തിൽ സുതാര്യതയില്ല എന്നാണ്.

വേറൊന്ന് പുതിയ രീതിയനുസരിച്ചു 2014-15ലെ GDP വളർച്ച 7.2 ശതമാനവും 2015-16ലെ വളർച്ച 7.9 ശതമാനവും 2016-17ലെ വളർച്ച 7.1 ശതമാനവുമായി. പക്ഷെ BJP സർക്കാർ അവകാശപ്പെടുന്ന ഈ കുതിപ്പ് രാജ്യത്ത് നിലനിൽക്കുന്ന സാമ്പത്തിക യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. താഴ്ന്ന പണപ്പെരുപ്പനിരക്ക്, ബാങ്ക് വായ്പാ വളർച്ചയിലുള്ള ഇടിവ് , ലിസ്റ്റഡ് കമ്പനികളുടെ ആദായത്തിലുള്ള ഇടിവ് എന്നിവയൊന്നും പുതിയ വളർച്ചാ നിരക്കുകളിൽ പ്രതിഫലിക്കുന്നില്ല. കേന്ദ്ര ഗവണ്മെന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യവും റിസർവ്ബാങ്ക് മുൻ ഗവർണർ രഘുറാം രാജനും ഉൾപ്പെടെ പല സാമ്പത്തികവിദഗ്ധരെയും ഈ കണക്കുകൾ അമ്പരപ്പിച്ചതായി പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതുമാത്രമല്ല അന്താരാഷ്ട്രതലത്തിലും ഇന്ത്യയുടെ GDP വളർച്ചയിലുള്ള വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുണ്ട്. US State Department പുറത്തുവിട്ട ‘Investment Climate Statements for 2016’ എന്ന റിപ്പോർട്ടിൽ ഇന്ത്യയുടെ വളർച്ചാനിരക്ക് ഊതിപെരുപ്പിച്ചതാണ് എന്ന് പറയുന്നുണ്ട്. വിദേശത്തു നിന്നുള്ള സ്വകാര്യ നിക്ഷേപങ്ങൾ കാംക്ഷിക്കുന്ന ഒരു സമ്പദ്ഘടനയ്ക്ക് ഇത് തീരെ നല്ല ലക്ഷണമല്ല.

പക്ഷെ സാമ്പത്തിക വളർച്ചാനിരക്ക് കണക്കുകളിൽ BJP ഗവൺമെൻറ് നേരിടുന്ന ഏറ്റവും ഗുരുതരമായ വിമർശനം ഇതൊന്നുമല്ല. ഗവണ്മെന്റ് കണക്കുകളിൽ കൃതൃമം കാണിച്ചു എന്ന ആരോപണമാണ് അത്. വിശ്വാസയോഗ്യമായ പല റിപ്പോർട്ടുകളും പരിശോധിക്കുമ്പോൾ ഈ ആരോപണം ശരിവക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് ലഭിക്കുന്നത്. വാർഷിക സാമ്പത്തിക വളർച്ചാനിരക്ക് കൂടാതെ ഓരോ പാദത്തിലെയും(quarter) സാമ്പത്തിക വളർച്ചാനിരക്ക് കൂടി CSO പ്രസിദ്ധീകരിക്കാറുണ്ട്. ഏതെങ്കിലുമൊരു പാദത്തിലെ GDP വളർച്ചാനിരക്ക് കണക്കുകൂട്ടുന്നത് മുൻ വർഷത്തെ അതേ പാദത്തിലെ GDPയുമായി താരതമ്യപ്പെടുത്തിയാണ്. ഉദാഹരണത്തിന് ഒക്ടോബർ-ഡിസംബർ (മൂന്നാം പാദം) 2016-17ലെ വളർച്ചാ നിരക്ക് താരതമ്യം ചെയ്യുന്നത് 2015-16 ഒക്ടോബർ-ഡിസംബറിലെ ജിഡിപിയോടാണ്.

Q3 2016-17ലെ GDP വളർച്ചാനിരക്ക് = (Q3 2016-17ലെ GDP – Q3 2015-16ലെ GDP)/ Q3 2015-16ലെ GDP)

അപ്പോൾ ഈ സമവാക്യം വച്ച് ജിഡിപി വളർച്ചാ നിരക്ക് ഉയർത്താനുള്ള ഏറ്റവും എളുപ്പമാർഗ്ഗം ഹാരകം (Q3 2015-16ലെ GDP) കുറക്കുക എന്നതാണ്. അവർ കൃത്യമായി അതുതന്നെ ചെയ്തു. 2015-16 മൂന്നാം പാദത്തിലെ (ഒക്ടോബർ-ഡിസംബർ) ജിഡിപി രണ്ടാമത്തെ റിവിഷനിൽ(ഫെബ്രുവരി 2017ൽ), 28 52,000 കോടി രൂപയിൽ നിന്ന് 28,30,760 കോടി രൂപ ആയി കുറച്ചു. അപ്പോൾ സ്വാഭാവികമായും ഒക്ടോബർ-ഡിസംബർ 2016-17ലെ വളർച്ചാ നിരക്ക് ഒറ്റയടിക്ക് 6.2%യിൽ നിന്ന് 7.0% ആയി വർദ്ധിച്ചു! മോദി നോട്ട് നിരോധനം കൊണ്ടുവന്നത് നവംബർ 2016ലാണ് എന്ന് കൂടി ചേർത്തുവായിച്ചാലേ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാകൂ. ഈ സംഖ്യകൾ സൂചിപ്പിക്കുന്നത് നോട്ട് നിരോധനം രാജ്യത്തെ സമ്പത്ത് വ്യവസ്ഥയിൽ യാതൊരു വിധ പ്രതികൂല മാറ്റവും ഉണ്ടാക്കിയില്ല എന്നാണ്. എന്നാൽ വിവിധ സാമ്പത്തീക മേഖലകളിൽ നിന്ന് ലഭിക്കുന്ന കണക്കുകൾ വച്ച് ഗ്രൗണ്ട് റിയാലിറ്റി ഇതൊന്നുമല്ല എന്ന് നമുക്കറിയാം.

ചുരുക്കത്തിൽ പോസ്റ്റിന്റെ തുടക്കത്തിൽ ഉയർത്തിയ ചോദ്യത്തിനുള്ള ഉത്തരം “ഇല്ല” എന്നാണ്. മോദിയുടെ ഭരണത്തിൽ രാജ്യത്തിന്റെ സാമ്പത്തികവളർച്ച മൻമോഹൻ സിങ്ങിന്റെ ഭരണത്തിലുള്ള വർഷങ്ങളെക്കാൾ പുറകിലാണ് എന്നുമാത്രമല്ല നോട്ട് നിരോധനത്തിന് ശേഷം സാമ്പത്തിക വളർച്ച കൂപ്പു കുത്തുകയാണ് ഉണ്ടായത് എന്ന് വ്യാപാരം, നിർമ്മാണം, റിയൽ എസ്റ്റേറ്റ്, അസംഘടിത തൊഴിൽ മേഖലകൾ, പരമ്പരാഗത തൊഴിൽ മേഖലകൾ എന്നിവിടങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ ബോധ്യമാകും. ജിഡിപി നിർണയത്തിന്റെ രീതിശാസ്ത്രം മാറിയത് കൊണ്ടാണ് വളർച്ചാനിരക്ക് ഉയരുന്നു എന്ന പ്രതീതി ഉണ്ടാകുന്നത്. അത് മനസിലാക്കാൻ പടത്തിൽ കാണിച്ചിരിക്കുന്നത് പോലെ പഴയതും പുതിയതുമായ രീതിയിൽ ഒരേ വർഷത്തിലെ GDP കണക്കുകൂട്ടി താരതമ്യം ചെയ്താൽ മതിയാവും !

Be the first to comment on "സത്യത്തില്‍ ‘മോഡിയുടെ ഇന്ത്യയില്‍’ GDP വളർച്ചാനിരക്ക് കൂടുന്നുണ്ടോ?"

Leave a comment

Your email address will not be published.


*