മഹല്ലുകള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍. ചില പ്രതികരണങ്ങള്‍ വായിക്കാം

മിശ്രവിവാഹത്തോട് സഹകരിക്കില്ലെന്ന ഒരു മഹല്ലിന്റെ തീരുമാനം സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയാവുകയാണ്. ഈ സാഹചര്യത്തില്‍ ഫേസ്ബുക്കില്‍ ചര്‍ച്ച ചെയ്യപ്പെട്ട വ്യതസ്തമായ ചില പ്രതികരണങ്ങള്‍ വായിക്കാം.

അനൂപ് വി ആര്‍ | ഇവിടത്തെ ഇസ്ലാമിക വിശ്വാസികളുടെ എന്തെങ്കിലും പ്രശ്നത്തെക്കുറിച്ച് പറഞ്ഞാൽ, ഉടൻ വരുന്ന ചോദ്യം സൗദിയിലെ ഇസ്ളാമിക ഭരണത്തെ കുറിച്ച് നിങ്ങൾ എന്ത് പറയുന്നു എന്നതാണ്. അതിന്റെ അതേ ആവർത്തനം തന്നെയാണ്, ഹാദിയയയെ കുറിച്ച് സംസാരിക്കുമ്പോൾ, മഹല്ല് പ്രശ്നത്തിൽ എന്തു പറയുന്നു എന്ന ചോദ്യം. ചോദ്യം പ്രകോപനകരമായത് കൊണ്ട തന്നെ, അതിന്റെ ഉത്തരവും പ്രകോപകരം തന്നെയായിരിയ്ക്കും. ഒന്നും പറയാൻ സൗകര്യമില്ല, ഒന്ന് പോ മാഷേ.. എന്ന്. ചോദ്യം കേട്ടാൽ തോന്നും, ഈ മഹല്ല് വിഷയം വരുന്നതിന് മുൻപേ, നിങ്ങൾ മതേതരർ മൊത്തം ഹാദിയയുടെ കൂടെ ആയിരുന്നുവെന്ന്.
അല്ല.പിന്നെ.

ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക്, ഇനി മഹല്ല് പ്രശ്നത്തിൽ എന്റെ നിലപാട് പറയാം.( അതിന് മുൻപായി നേരത്തേ പറഞ്ഞ അത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ, എനിയ്ക്ക് ഒരു സമാധാനം ഉണ്ടാവില്ല, അതാ ) എന്നെ സംബന്ധിച്ച് ഇസ്ലാം എന്ന് പറയുന്നത് സ്നേഹത്തിന്റെ ഗതികോർജമാണ്. അത് പൗരോഹിത്യത്തെ അംഗീകരിയ്ക്കുന്നില്ല എന്നതാണ്, അതിനെ എനിയ്ക്ക് ഏറ്റവും സ്വീകാര്യമാക്കുന്ന ഘടകം.ഏത് മതത്തിലായും അതിനകത്തെ അധികാര ഘടനകൾക്ക് ഞാൻ എതിരാണ്. മഹല്ലിനെ ഞാൻ മനസ്സിലാക്കുന്നത്, വിശ്വാസികളുടെ ഒരു കൂട്ടായ്മ എന്ന നിലയിൽ ആണ്. വിശ്വാസിയല്ലാത്ത ആൾ, അതിൽ നിന്ന് പുറത്ത് പോകുന്നതോ,പുറത്താക്കുന്നതോ സ്വാഭാവികം മാത്രം ആയാണ് .അതേസമയം, ഒരു കുടുംബത്തെ ഒരാൾ വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ചതിന്റെ പേരിൽ, ആ കുടുംബത്തെ മൊത്തത്തിൽ, ആ വിശ്വാസി സമൂഹത്തിൽ നിന്ന് വിലക്കുന്നത്, ആശാസ്യമല്ല എന്ന് തന്നെയാണ് ഞാൻ കരുതുന്നത്.

വിശ്വാസത്തെ കൂടുതൽ ആളുകളെ അതിലേയ്ക്ക് ഉൾചേർക്കുന്ന ഒന്നായാണ്, അല്ലാതെ ഉള്ള ആളുകളെ അതിൽ നിന്ന് ഒഴിവാക്കുന്ന ഒന്നായിട്ടല്ല ഞാൻ കാണുന്നത്. പിന്നെ ഇതിന്റെ പേരും പറഞ്ഞ്, മൊത്തത്തിലുള്ള മുസ്ലിം വിശ്വാസത്തെ… അതിന്റെ ചര്യകളൊയൊക്കെ ആരെങ്കിലും അപഹസിയ്ക്കുന്നുണ്ടെങ്കിൽ, അതിനെ പ്രതിരോധിക്കുക തന്നെ ചെയ്യും.

കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകളെ, ഊര് വിലക്കിയിട്ടുള്ളത് ആരാണെന്ന് ചോദിച്ചാൽ, അത് ഏതെങ്കിലും പള്ളികമ്മിറ്റിയല്ല, പക്ഷേ ഒരു പാർട്ടിയുടെ കമ്മിറ്റികളാണെന്ന് കാണാൻ പ്രയാസമില്ല.അതിൽ ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ, അത് തീരാൻ എം വി രാഘവന്റെ ആത്മകഥ ഒരു വട്ടം വായിച്ചാൽ, തീരാവുന്നത് മാത്രം ആണ്.അതിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയ രാഘവന് ചായകൊടുത്തതിന്റെ പേരിൽ മാത്രം, പയ്യന്നൂരിൽ ഒരാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ പാർട്ടിയെ ക്കുറിച്ച് പറയുന്നുണ്ട്. അത്രയ്ക്കൊന്നും ചെയ്തിട്ടില്ല കേരളത്തിലെ ഒരു മഹല്ലും. ചെയ്യുകയുമില്ല.

അപ്പോൾ പോലും, മഹല്ലുകളിൽ നിന്ന്, അതിനെ സ്നേഹിക്കുന്ന ഒരാൾ എന്ന നിലയിൽ ,നേരിയ അപഭ്രംശം പോലും ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം അത് പ്രവർത്തിക്കുന്നത് / പ്രവർത്തിക്കേണ്ടത് ലെനിനിസ്റ്റ് സംഘടനാ സംവിധാനം അനുസരിച്ചല്ലല്ലോ, മുത്ത് നബി പഠിപ്പിച്ച സ്നേഹത്തിന്റെ മഹത്തായ നൈതിക മൂല്യങ്ങൾ അനുസരിച്ചാണല്ലോ.

നാസിറുദ്ദീന്‍ ചേന്ദമംഗല്ലൂര്‍ |മുസ്ലിം സമുദായത്തിലെ “മഹല്ല്” എന്ന സംവിധാനത്തിന്റെ അടിസ്ഥാനം പള്ളിയാണ്. അഥവാ ഒരു പള്ളിയുടെ സൗകര്യങ്ങളും സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നവരാണ് മഹല്ലിന് കീഴിൽ വരുന്നത്. അതിന്റെ വ്യവഹാരങ്ങൾ നിയന്ത്രിക്കാനാണ് മഹല്ല് കമ്മറ്റികൾ അഥവാ പള്ളി കമ്മിറ്റികൾ. സ്വാഭാവികമായും ഖുർആനും പ്രവാചക മാതൃകയുമാണ് പള്ളി കമ്മിറ്റികൾക്ക് അടിസ്ഥാനമാവേണ്ടത്. അതിന് വിരുദ്ധമായ ഒന്നിനും പള്ളി കമ്മിറ്റിയിൽ സ്ഥാനമുണ്ടാവരുത്.

പ്രേരണകൾക്കും സമ്മർദങ്ങൾക്കുമപ്പുറം വ്യക്തിയുടെ മനസ്സിലുണ്ടാവേണ്ട വിശ്വസത്തെ പറ്റിയാണ് ഖുർആൻ എപ്പോഴും പറയുന്നത്. മതത്തിന്റെ കാര്യത്തിൽ ഏതെങ്കിലും രീതിയിൽ ബലപ്രയോഗം നടത്തുന്നതിനെതിരിൽ ഖുർആൻ ശക്തമായ ഭാഷയിലാണ് പ്രതികരിക്കുന്നതും. വിവാഹത്തിലും ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ഖുർആന്റെയും പ്രവാചകന്റെയും സമീപനം ഉദാരമാണെന്നും കാണാം. ഇതുമായി ബന്ധപ്പെട്ട പ്രമാണങ്ങളെ ചരിത്ര പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തിൽ സൂക്ഷ്മമായി വായിക്കുമ്പോൾ മനസ്സിലാവുന്നത്
മുസ്ലിമായ ഒരു വ്യക്തിക്ക് തന്റെ വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്രം നഷ്ടപ്പെടരുത് എന്നതാണ് അടിസ്ഥാനമായി സ്വീകരിച്ചതെന്നാണ്. ഇസ്ലാമിന്റെയും അല്ലാഹുവിന്റെയും ഏറ്റവും വലിയ ശത്രുവായി ഖുർആൻ തന്നെ വിശേഷിപ്പിക്കുന്ന ഫിർഔന്റെ ഭാര്യയെ ഏറ്റവും മികച്ച വിശ്വാസിയായിട്ടാണ് ഖുർആൻ അവതരിപ്പിക്കുന്നത്. അതേ സമയം മികച്ച വിശ്വാസികളായി ഖുർആൻ വിശേഷിപ്പിക്കുന്ന പലരുടേയും ജീവിത പങ്കാളികൾ അവിശ്വാസികളും കടുത്ത സത്യനിഷേധികളും ആയിരുന്ന കഥകൾ ഖുർആൻ തന്നെ പറയുന്നുണ്ട്. നബിയുടെ കാലത്ത് നിലവിലുണ്ടായിരുന്ന ഇതര മതസ്ഥരിൽ ഇസ്ലാമിനോടും മുസ്ലിങ്ങളോടും തുറന്ന യുദ്ധത്തിലായിരുന്ന ബഹുദൈവ ആരാധകരോടുള്ള വിവാഹം അനുവദിച്ചിരുന്നില്ല. അതേ സമയം ജൂതൻമാർ കൃസ്ത്യാനികൾ തുടങ്ങിയ വിഭാഗങ്ങളുമായുള്ള വിവാഹ ബന്ധം അനുവദിച്ചിരുന്നു. പക്ഷേ, അതിൽ തന്നെ മുസ്ലിം സ്ത്രീകളെ ജൂത, കൃസ്ത്യൻ വിഭാഗത്തിലെ പുരുഷൻമാരുമായുള്ള ബന്ധത്തിന് അനുവദിച്ചിരുന്നില്ല. തീർത്തും പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തിൽ വിവാഹത്തോട് കൂടി ഒരു (മുസ്ലിം) സ്ത്രീക്ക് വിശ്വാസ സ്വാതന്ത്രം നഷ്ടപ്പെടാനുള്ള സാധ്യത പരിഗണിച്ചാണിതെന്നും വിലയിരുത്താം.(ഇതേ കാരണം കൊണ്ട് തന്നെ മുസ്ലിം പുരുഷൻമാരെ ജൂത, കൃസ്ത്യൻ വിഭാഗങ്ങളിലെ സ്ത്രീകളെ കല്യാണം കഴിക്കാനനുവദിച്ചു.) ശ്രദ്ധേയമായ കാര്യം ഇങ്ങനെ ഇതര മതസ്ഥരുമായുള്ള വിവാഹ ബന്ധത്തിലെവിടെയും അവരെ മതം മാറ്റാൻ ആവശ്യപ്പെടുന്നേ ഇല്ലെന്നതാണ്.

പള്ളികളുടെ കാര്യത്തിൽ നബി പുലർത്തിയിരുന്ന ഉദാരവും വിശാലവുമായ സമീപനം ഇന്ന് കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നും. എല്ലാ വിഭാഗം ജനങ്ങൾക്കും സർവത്ര സ്വാതന്ത്രം നൽകിയിരുന്ന നബിയുടെ പള്ളിയിൽ ആഴ്ചകളോളം താമസിച്ച നജ്റാനിലെ കൃസ്ത്യൻ സംഘത്തിന്റെ ചരിത്രമൊക്കെ പുസ്തകത്തിൽ (മാത്രം) ഇപ്പോഴും കാണാം. ഇവർ നബിയുടെ പള്ളിയിൽ താമസിച്ചിരുന്ന സമയത്ത് അവരുടെ മത പ്രകാരമുള്ള ആരാധന നടത്താനുള്ള സൗകര്യം കൂടി ചെയ്തു കൊടുത്തിരുന്നു ! ദരിദ്രർക്കും വീടില്ലാത്തവർക്കും വകയില്ലാത്തവർക്കും പള്ളിയുടെ ഒരു ഭാഗത്ത് പ്രത്യേക സൗകര്യമൊരുക്കി(‘അസ്ഹാബുൽ സുഫ’ എന്നാണ് ഈ ഭാഗം അറിയപ്പെട്ടിരുന്നത്). കുട്ടികൾ പള്ളിയിലെ സജീവ സാന്നിധ്യമായിരുന്നു.
നിലവിലുള്ള ഏതെങ്കിലും ഒരു വിഭാഗത്തിനോടോ ഗോത്രത്തിനോടോ പ്രത്യേക ആഭിമുഖ്യം കാണിക്കാതിരിക്കാൻ വേണ്ടി ഇവരുടെ മേഖലകളിൽ നിന്നും കൃത്യമായ അകലമുള്ള സ്ഥലമാണ് മദീനയിലെ പള്ളിക്ക് തിരഞ്ഞെടുത്തിരുന്നത് തന്നെ. പിന്നീട് മദീന എന്ന പട്ടണത്തിന്റെ വികസനവും അവിടെയുള്ള ജന ജീവിതവും രൂപപ്പെട്ട് വരുന്നത് തന്നെ ഈ പള്ളിയെ കേന്ദ്ര സ്ഥാനത്ത് നിർത്തി അതിന് ചുറ്റും വൃത്താകൃതിയിൽ ആണെന്ന് കാണാം. ഇത് പ്രവാചകന്റെ പള്ളിയുടെ കാര്യത്തിൽ മാത്രമായി ഒതുങ്ങി നിൽകുന്ന കാര്യവുമല്ല. ഇസ്ലാമിക ചരിത്രത്തിലെ പ്രധാന നഗരങ്ങളുടെ ചരിത്രം നോക്കുമ്പോൾ ന്യൂക്ലിയസ് പോലെ കേന്ദ്രമായി നിൽക്കുന്ന ഒരു പള്ളിയും അതിനോട് ചുറ്റും വികസിക്കുന്ന നഗരങ്ങളും കാണാം. പേർഷ്യൻ, ഒട്ടോമൻ, സഫാവിദ് സാമ്രാജ്യങ്ങളുടെ ചരിത്രം പറയുന്ന ഇങ്ങനെയുള്ള പള്ളികൾ ഇസ്ലാമിക രാജ്യങ്ങളിലെ നഗരങ്ങളിൽ ഇപ്പോഴും പ്രധാന കാഴ്ച തന്നെ. ഈ പള്ളികൾ കേന്ദ്രീകരിച്ചുള്ള വൈജ്ഞാനിക മുന്നേറ്റങ്ങളാണ് ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും തിളങ്ങുന്ന ഏടുകൾ. ഈയടുത്ത് ഇസ്ലാമിക ചരിത്രത്തിലെ വനിതാ ഹദീസ് പണ്ഡിതകളെ കുറിച്ച് ഗവേഷണം നടത്തിയ മുഹമ്മദ്‌ അക്രം നദ്വി തന്റെ പുസ്തകത്തിൽ പറയുന്നത് തനിക്ക് 8000 ഓളം വനിതകളെ ഇങ്ങനെ ചരിത്രത്തിൽ കണ്ടെത്താൻ സാധിച്ചെന്നാണ്. ഇസ്ലാമിക ചരിത്രത്തിലെ ആദ്യ കാലഘട്ടങ്ങളിൽ പള്ളികൾ കേന്ദ്രീകരിച്ച് നടന്ന സംവാദങ്ങളുടെയും ചർച്ചകളുടെയും ആഴവും വിശാലതയും മനസ്സിലാക്കണമെങ്കിൽ ആയിഷയും അലിയും ഇരു പക്ഷത്തായി നിന്ന് നയിച്ച ജമൽ യുദ്ധങ്ങളെ കുറിച്ചുള്ള ഹദീസ്/ചരിത്ര പുസ്തകങ്ങൾ നോക്കിയാൽ മതി. ഇരുപക്ഷത്തിന്റെയും പള്ളികൾ കേന്ദ്രീകരിച്ചുള്ള കാമ്പയിനിങ്ങിൽ തല നാരിഴ കീറിയുള്ള ചർച്ചകളും വിമർശനങ്ങളുമാണ് വന്നത്. ഒരവസരത്തിൽ ഖുറൈശികളിൽ മാത്രമായി അധികാരം ഒതുങ്ങിയതിനെ കുറിച്ചുള്ള ശക്തമായ വിമർശനങ്ങൾ ഉയർന്നു വന്നതിനെ കുറിച്ച് ഇമാം തബ്റിയുടെ പുസ്തകങ്ങളിൽ കാണാം.

ഇനി കേരളത്തിലേക്ക് വന്നാലും ആദ്യ കാലത്ത് സംഗതി ഇതിനോടടുത്ത് നിൽക്കുന്നതായി കാണാം. മലബാർ കലാപങ്ങളിൽ പഠനം നടത്തിയ ഇംഗ്ലീഷ് ചരിത്രകാരന്മാരെല്ലാം മാപ്പിളമാർക്കിടയിൽ നിന്ന് (മാത്രമായി) അക്കാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തിനും അവരുടെ മൂട് താങ്ങികളായിരുന്ന ജന്മിമാർക്കുമെതിരെ പ്രക്ഷോഭം ഉയർന്നുവന്നതിന്റെ കാരണങ്ങൾ അന്വേഷിച്ചിട്ടുണ്ട്. മാപ്പിളമാരുടെ സാമൂഹിക, രാഷ്ട്രീയ വ്യവഹാരങ്ങളും ചിന്തകളും രൂപപ്പെടുത്തിയെടുക്കുന്നതിൽ പള്ളികൾ വഹിച്ച നിർണായക പങ്കാണ് അവരൊക്കെ എടുത്തു പറയുന്ന ഒരു കാര്യം.

അപ്പോൾ ഇതാണ് പള്ളികളുടെ അതി വിശാലമായ മാനവികതയുടേയും സാമൂഹിക വീക്ഷണത്തിന്റെയും ചരിത്രം. ആരെയും മാറ്റി നിർത്താതെ എല്ലാ സമയത്തും എല്ലാവർക്കും കയറി വരാൻ പറ്റുന്ന സാമൂഹിക, സാംസ്കാരിക കേന്ദ്രങ്ങളായിരുന്നു നബിയുടെ പള്ളികൾ. അവിടെ മതവും സാഹിത്യവും കലയും ആഘോഷവുമെല്ലാം ഉണ്ടായിരുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ ഹദീസുകളിൽ കാണാം. അതിൽ നിന്ന് ഇന്നിവിടെയുള്ള പള്ളികളിലേക്കുള്ള ദൂരം വളരെ കൂടുതലാണ്. ഇതിനേറ്റവും വലിയ ഉദാഹരണമാണ് സാക്ഷരതയിലും സമ്പന്നതയിലുമെല്ലാം മുൻ പന്തിയിൽ നിൽക്കുന്ന കേരളത്തിലെ മുസ്ലിങ്ങളുടെ പള്ളികൾ. ഊരുവിലക്ക് എന്ന അങ്ങേയറ്റം ഖുർആൻ വിരുദ്ധവും പ്രവാചക മാതൃകയെ പരിഹസിക്കുന്നതുമായ തോന്ന്യാസം ഒരു യാഥാർത്ഥ്യമാണ്. അതിലൽഭുതമില്ല. ജനാധിപത്യം തൊട്ടു തീണ്ടാത്ത, ഫ്യൂഡൽ-പൌരോഹിത്യ സ്ഥാപനങ്ങളാണ് ഈ പള്ളികൾ. ഇസ്ലാമിന്റെ വിശാല മാനവികതയും ജൈവികതയും പരിചയപ്പെടുത്തേണ്ട പള്ളികൾ ഇന്ന് ആഡംബരത്തിന്റെയും സങ്കുചിത ചിന്തകളുടേയും വിളനിലമാണ്. അപവാദങ്ങൾ ഇല്ലെന്നല്ല. സ്ത്രീകൾക്ക് വരെ പ്രാതിനിധ്യം നൽകിയ മഹല്ല് കമ്മിറ്റികൾ ഉള്ള സ്ഥലങ്ങളുണ്ട്. പക്ഷേ അവയെല്ലാം വിരലിലെണ്ണാവുന്നവ മാത്രമാണ്. ജമാഅത്ത്, മുജാഹിദ് വിഭാഗങ്ങൾ താത്വികമായി പള്ളി കമ്മിറ്റിയുടെ ജനാധിപത്യ, സ്ത്രീ പങ്കാളിത്ത നീക്കങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപ്പിലാക്കിയത് നാമമാത്രമായ ഇടങ്ങളിൽ മാത്രം, അതും വളരെ പരിമിതമായ തോതിൽ. കേരളത്തിലെ മഹാ ഭൂരിപക്ഷം പള്ളികളേയും നിയന്ത്രിക്കുന്ന സുന്നി വിഭാഗങ്ങൾ ഇങ്ങനെയുള്ള ആശയങ്ങളെ അടിസ്ഥാനപരമായി തന്നെ എതിർത്ത് പോരുന്നു. തീവ്ര ആശയങ്ങളുടെ പേരിൽ മാതൃ പ്രസ്ഥാനത്തിൽ നിന്ന് വിട്ട് പോയ നവ സലഫി/മുജാഹിദ് വിഭാഗങ്ങൾക്കും ഇങ്ങനെയുള്ള ആശയങ്ങളോടൊന്നും താൽപര്യമില്ല. സുന്നികൾക്ക് ‘ഗുഡ് മുസ്ലിം’ സർട്ടിഫിക്കറ്റ് ഉള്ളത് കൊണ്ട് അവരൊരിക്കലും ഇതിന്റെ പേരിൽ ഓഡിറ്റ് ചെയ്യപ്പെടുകയുമില്ല. ഇപ്പോൾ ഇതര മതത്തിലുള്ള ആളെ വിവാഹം കഴിച്ചതിന്റെ പേരിൽ കുടുംബത്തിന് ഊരു വിലക്ക് പ്രഖ്യാപിച്ച മഹല്ല് സുന്നി മഹല്ലാണെന്നാണ് അറിയുന്നത്. എസ് ഡി പി ഐ ആണെങ്കിൽ പള്ളികളുമായി ഇതര മതസ്ഥർ സഹകരിക്കുന്നതിലെ അപകടം മനസ്സിലാക്കി എതിർക്കുന്നു. പള്ളികൾ സാംസ്കാരിക കേന്ദ്രങ്ങളാവുകയും എല്ലാ മതക്കാരും അതിന്റെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്തു തുടങ്ങിയാൽ പിന്നെ തങ്ങളുടെ ‘സാധ്യതകൾ’ മങ്ങുമെന്ന തിരിച്ചറിവാണ് ഇതിന് പിന്നിൽ. ഇതര മതസ്ഥരുമായുള്ള ബന്ധത്തോട് “ഇൻകമിംഗ് ഫ്രീ ഔട്ട് ഗോയിംഗ് വിൽ ബീ ചാർജ്ഡ്” എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയും അതിനായി ഹിംസാത്മകമായ ഇടപെെടലുകൾ നടത്തുുകയും ചെയ്യുക എന്നതാണ് ഇവരുടെ സമീപനം. ഇന്ന് മഹല്ല് കമ്മറ്റികളുടെ ഭാഗത്ത് നിന്നും പല രീതിയിലും സ്വഭാവത്തിലുമുള്ള ഊരുവിലക്കുകളും ബഹിഷ്കരണവുമൊക്കെ കേരളത്തിലെ യാഥാർത്ഥ്യമാണ്. അതില്ലെന്ന് പറയുന്നവരുടെ ലക്ഷ്യം ഈ സമുദായം കാലാ കാലവും ഇങ്ങിനെയുള്ള പുഴുക്കുത്തുകളുമായി തുടരണമെന്നും അത് വഴി തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യഷ്യങ്ങൾ വികസിപ്പിക്കണമെന്നുമുള്ള കുടില ബുദ്ധിയാണ്. ചളിയിലേ ‘താമര’ വിരിയൂ എന്ന് പറയുന്നത് പോലെ ഫ്യൂഡൽ-പൗരോഹിത്യ ഘടനയും അതിന്റെ പുഴുക്കുത്തുകളുമാണ് ഇവരുടെ വളർച്ചക്കനിവാര്യം.

ഇപ്പോൾ വിവാദമായ കൊണ്ടിപറമ്പ് മഹല്ല് കമ്മിറ്റിയുടെ നോട്ടീസിലെ വരികൾ തന്നെ ഇതിലെ ഭീകരത വ്യക്തമാക്കുന്നുണ്ട്. മുഴുവൻ കുടുംബവുമായി “മഹല്ല് സംബന്ധമായതും അല്ലാത്തതുമായ വിഷയങ്ങളിൽ” സഹകരിക്കരുത് എന്നതാണ് തിട്ടൂരം. പതിവ് പോലെ ഇതിനെ വളച്ചൊടിച്ചും തെറ്റായി വ്യാഖ്യാനിച്ചും ന്യായീകരിക്കാനുള്ള പരിഹാസ്യ ശ്രമം നടക്കുന്നുുണ്ട്. ഇന്നലെ വരെ മനുഷ്യാവകാശങ്ങൾക്കും സഹിഷ്ണുതക്കും വേണ്ടി വാദിച്ചവർ തന്നെ അതിന് കടകവിരുുദ്ധമായ രീതിയിൽ കൊടിയ മനുഷ്യാവകാശ ലംഘനം നടത്തിയവരെ ന്യായീകരിക്കാൻ നോക്കുന്നതിലെ അശ്ലീലം വേറെെ( സ്ത്രീ പീഡനക്കേസിലോ അഴിമതി കേസിലോ ശിക്ഷിക്കപ്പെട്ടവർക്കൊന്നും ഊരു വിലക്കോ സാമൂഹിക ഭ്രഷ്ടോ നേരിടേണ്ടി വരില്ല എന്നത് കൂട്ടത്തിൽ പറയേണ്ട മറ്റൊരു കാര്യം)

ചുരുക്കത്തിൽ ഖുർആൻ മുന്നോട്ട് വെക്കുന്ന ലോക വീക്ഷണവും അതിൽ പള്ളി എന്ന ഇസ്ലാമിലെ ഏറ്റവും അടിസ്ഥാന സ്ഥാപനത്തിനുള്ള റോളും മനസ്സിലാക്കുന്നതിലെ ദയനീയ പരാജയമാണ് യഥാർത്ഥ പ്രശ്നം. ഊരു വിലക്കൊക്കെ ഈ രോഗത്തിന്റെ ഭാഗമായ സങ്കുചിത മനസ്സിന്റെ സ്വാഭാവിക ലക്ഷണങ്ങൾ മാത്രമാണ്. രോഗത്തെ ചികിൽസിച്ച് പള്ളികളെ ഫ്യൂഡൽ, പൌരോഹിത്യ ഘടനയിൽ നിന്ന് മോചിപ്പിച്ചില്ലെങ്കിൽ ഊരുവിലക്കുകളും അതിനപ്പുറവും തുടരും. മുസ്ലിങ്ങൾക്ക് ദിശാബോധം നൽകാനും സമൂഹത്തിന് മുഴുവൻ ഉപകാരപ്പെടുന്ന രീതിയിലുള്ള സാംസ്കാരിക കേന്ദ്രങ്ങളാവേണ്ട പള്ളികൾ ആളൊഴിഞ്ഞ നമസ്കാര മുറികളായി തുടരുകയും ചെയ്യും.

അമീന്‍ ഹസ്സന്‍ | ആ മഹല്ല് കമ്മിറ്റിയുടെ നിലപാടിനെ കുറിച്ച് ഒന്നു രണ്ട് ഇസ്ലാമിസ്റ്റ് പണ്ഡിതൻമാരുടെ അഭിപ്രായം ചോദിച്ചു.നടപടി ഖുർആൻ വിരുദ്ധമാണ് എന്നാണ് അവർ പറയുന്നത്.പൊതുവെ ഇസ്ലാമിസ്റ്റുകളുടെ നിലപാട് അങ്ങനെ തന്നെയായിരിക്കും.ആ നിലപാടിനോട് സുന്നി പണ്ഡിതൻമാർക്കും സംഘടകൾക്കും യോജിപ്പുണ്ടാകുമോ എന്നതും അറിയില്ല.

അത് വെച്ച് ഹാദിയയോട് ഭരണകൂടം തുടരുന്ന മനുഷ്യാവകാശ ലംഘനത്തെ സമീകരിക്കാൻ ശ്രമിക്കുന്ന സൈബർ സഖാക്കളോടുള്ള ചോദ്യമിതാണ്.ആ മഹല്ല് സംവിധാനത്തിന്റെ നിലപാടിന്റെ ബാധ്യതയും ഇസ്ലാമിസ്റ്റുകൾക്കും കേരളത്തിൽ സ്വന്തമായി മഹല്ലു സംവിധാനങ്ങളുടെ നിയന്ത്രണം പോലുമില്ലാത്ത സുഡാപ്പികൾക്കുമായിരിക്കുമോ?.അതോ മൊത്തം മുസ്ലീം സമുദായവും പ്രതികൂട്ടിലാവുമോ?.ആ മഹല്ല് സംവിധാനത്തെ നിയന്ത്രിക്കുന്നവരുടെ സംഘടനകൾക്കായിരിക്കുമോ?.

സൈബർ സഖാക്കളുടെ കാര്യം ബഹുരസമാണ്.അവർ പറയുന്നത് മുസ്ലീം സമുദായത്തിലെ സകല കുഴപ്പങ്ങളുടെയും കാരണം ഇസ്ലാമിസ്റ്റുകളാണ് എന്നാണ്.കേരളത്തിൽ ഞങ്ങൾ ഇസ്ലാമിസ്റ്റുകളാണ് എന്ന് പറയുന്ന എത്ര സംഘടനകൾ ഉണ്ട്?.പ്രമുഖ മുസ്ലീം സംഘടനകളിൽ ജമാഅത്തെ ഇസ്ലാമി മാത്രം.അപ്പോൾ ഇസ്ലാമിസ്റ്റ് എന്നതുകൊണ്ട് സഖാക്കൾ അർഥമാക്കുന്നത് എന്താണ്?.ജമാഅത്തെ ഇസ്ലാമിയാണോ?.എങ്കിൽ ഈ വിഷയങ്ങളിലെ അവരുടെ നിലപാട് എന്താണെന്ന് സഖാക്കൾ പരിശോധിക്കാറുണ്ടോ?.അല്ലെങ്കിൽ പിന്നെ നിങ്ങളീ പറയുന്ന ഇസ്ലാമിസ്റ്റുകൾ ആരാണ്?നിർവചിക്കാമോ?.

സുന്നികളോട് ഞങ്ങൾക്ക് പ്രശ്‌നമില്ല എന്നാണല്ലോ അവർ പറയുന്നത്.ഇടതുപക്ഷത്തെ പിന്തുണക്കുന്ന സുന്നി വിഭാഗമാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന സമസ്ത.സ്ത്രീകളുടെ പള്ളി പ്രവേശം,പൊതുരംഗത്തെ ഇടപെടലുകൾ,മുത്വലാഖ് തുടങ്ങി ഈ കല്ല്യാണ പ്രശ്‌നം വരെയുള്ള കാര്യങ്ങളിൽ കാന്തപുരത്തിന്റെ നിലപാട് സൈബർ സഖാക്കൾക്ക് ഒരു പ്രശ്‌നമല്ല.മറിച്ച് അതിന്റെയെല്ലാം കാരണം ഇസ്ലാമിസ്റ്റുകളാണ് എന്നാണ് പറയുക.മഹല്ലുകളിൽ നിന്ന് ഇപ്പറഞ്ഞ ഇസ്ലാമിസ്റ്റുകളെ വരെ പുറത്താക്കപെടാറുണ്ട്.അപ്പോൾ പിന്നെ സഖാക്കളുടെ നിലപാടിനെ നമ്മൾ എങ്ങനെയാണ് മനസ്സിലാക്കുക?.അതോ കാന്തപുരം ഉസ്താദും ഇസ്ലാമിസ്റ്റുകളുടെ ഗണത്തിൽ വരുമോ?

ഈ നിലപാടുകളെ കുറിച്ചൊക്കെ മുസ്ലീം സമുദായത്തിനകത്ത് നടക്കുന്ന ദൈവശാസ്ത്രപരമായ സംവാദത്തിലെ എല്ലാ അഭിപ്രായങ്ങളെയും ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ.സൈബർ സഖാക്കളുടെ മുസ്ലീം വിരുദ്ധ രാഷ്ട്രീയത്തെ ഒളിച്ചു കടത്താൻ സ്വീകരിക്കുന്ന രീതിയെ കുറിച്ച് പറയാൻ വേണ്ടി മാത്രമാണ് ഇത്രയും പറഞ്ഞത്.മഹല്ലിന്റെ നോട്ടീസും കോടതി വിധിയും ഒരുപോലെ കണക്കാക്കുന്ന,അല്ല കോടതി വിധിക്കുന്ന വീട്ടുതടങ്കലിനെ ന്യായീകരിക്കാൻ മഹല്ലിന്റെ നോട്ടീസ് എടുത്ത് കാണിക്കുന്ന സൈബർ സഖാക്കളോട് അക്കാര്യത്തിലൊന്നും ഒരു സംവാദം പ്രസക്തമാണെന്ന് തോന്നുന്നില്ല.

ഇഎസ്എം അസ്ലം | മഹല്ല് ഓഫീസുകളിലെ ചെയറിൽ നിന്ന് ‘പരമ്പരാഗത തറവാടുകളെ’ പുറത്താക്കിയാൽ കുറച്ച് കൂടി ജനാധിപത്യ നിലപാടുകൾ പ്രതീക്ഷിക്കാം.

Be the first to comment on "മഹല്ലുകള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍. ചില പ്രതികരണങ്ങള്‍ വായിക്കാം"

Leave a comment

Your email address will not be published.


*