ഹാദിയയെ ഭയക്കുന്ന ഭീരുക്കള്‍ ചോദ്യം ചെയ്യപ്പെടണം

അമീന്‍ ഹസ്സന്‍

സുപ്രീംകോടതിയിലെ ഇന്നത്തെ സംഭാഷണങ്ങൾ ഏറെ സങ്കടത്തോടെയാണ് വായിച്ചത്. ദയവായി മനസ്സിലാക്കൂ എന്ന് പറഞ്ഞ് ചീഫ് ജസ്റ്റിസ് പറഞ്ഞ കാര്യങ്ങൾ സമാന്യ നിയമ ജ്ഞാനമുള്ള ഒരാൾക്കും അറിയാത്ത കാര്യങ്ങളല്ല. എന്നിട്ടും ദയവായി മനസ്സിലാക്കൂ എന്ന് പറഞ്ഞ് കോടതി അത് ആവർത്തിക്കുന്നു. സൈബർ സഖാക്കളും സംഘികളും മഹിളാ അസോസിയേഷനും എം സി ജോസഫൈനും പിണറായി വിജയനും എല്ലാം ഇനിയെങ്കിലും ദയവായി മനസ്സിലാക്കൂ എന്നാണല്ലോ അതിന്റെ അർഥം. നിയമ വിദ്യാർഥി എന്ന നിലയിൽ എന്നെ സങ്കടപെടുത്തുന്നത് അത് മനസ്സിലാവാതിരിക്കുന്നതിന്റെ കാരണം ഹാദിയ ഇസ്ലാം സ്വീകരിച്ചതാണ് എന്ന ബോധ്യമാണ്. അപ്പോൾ പിന്നെ നിയമവും ഭരണഘടനയുമൊന്നും പ്രസക്തമല്ലാതാവുന്നതിന്റെ കാരണം എന്താണ് എന്ന തിരിച്ചറിവിലും കണ്ണടച്ചു പിടിക്കേണ്ടി വരുന്നതിനാലാണ് സങ്കടം തോന്നുന്നത്. എന്നാലും ചോദിച്ചു കൊണ്ടിരിക്കാം.

1)സംസ്ഥാന സർക്കാർ ഹാദിയക്ക് സംരക്ഷണം നൽകണം എന്ന് ഇന്ന് സുപ്രീം കോടതി പറഞ്ഞിരിക്കുന്നു. ഈ സംരക്ഷണവും ഹൈക്കോടതി പറഞ്ഞ സംരക്ഷണവും തമ്മിലെന്തേലും വ്യത്യാസമുണ്ടോ? കോടതി പറയാതെ തന്നെ ആ ബാധ്യത സംസ്ഥാന സർക്കാറിന് ഉണ്ടായിരുന്നില്ലേ? ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്ന തടസ്സമാണ് സംസ്ഥാന സർക്കാറിനും വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഉള്ളത് എങ്കിൽ അക്കാര്യത്തിൽ ഒരു വ്യക്തത വരുത്താൻ എ ജി യുടെ നിയമോപദേശം തേടാമായിരുന്നില്ലേ? ഹാദിയ അവിടെ കിടക്കട്ടെ എന്നത്‌ ഇടതുപക്ഷ സർക്കാറിന്റെ പൊളിറ്റിക്കൽ ഡിസിഷൻ ആയിരുന്നു എന്നതല്ലേ സത്യം?ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ എടുത്ത നിലപാട്,എൻ ഐ എ അന്വേഷണത്തിന്റെ കാര്യത്തിൽ സർക്കാർ സ്വീകരിച്ച നിലപാട് എല്ലാം അത് വെളിപ്പെടുത്തുന്നു. കേരളത്തിലെ ഇടതുപക്ഷ സർക്കാറിന്റെ,സിപിഎമ്മിന്റെ രാഷ്ട്രീയം തെളിഞ്ഞു കാണുന്നുണ്ട് ഇവിടെ. അത് പൊറുക്കാനാവാത്ത കാര്യമാണ്.

2)സൈക്കോളജിക്കൽ കിഡ്‌നാപ്പിംഗ് എന്നൊക്കെ പറഞ്ഞാൽ എന്താണ്?എന്തൊരു യുക്തിയാണത്? ഏതായാലും അത് നിയമപരമായ ഒഫൻസ് അല്ല. നിയമപരമായ ഒഫൻസ് അല്ലാത്ത കാര്യത്തിൽ എൻ ഐ എ ക്ക് എന്താണ് കാര്യം? അത്തരമൊരു എക്‌സ്‌പേർട്ട് ഒപീനിയൻ പറയാൻ എൻ ഐ എക്ക് സാധിക്കുമോ? അത്തരം നിയമപരമായി വാലിഡ് അല്ലത്തൊരു വാദം ഉയർത്തുന്നത് കോടതിയെ സൈക്കോളജിക്കലി സ്വാധീനിക്കാനുള്ള ശ്രമമല്ലേ?

3)ക്രിമിനലിനെ വിവാഹം കഴിക്കരുത് എന്ന് നിയമമുണ്ടോ എന്ന ചോദ്യം കോടതി ചോദിച്ചതിന്റെ മറവിൽ ഷെഫിനൊരു ക്രിമനലാണ് എന്ന് സ്ഥാപിക്കാൻ ചിലർ ശ്രമിക്കുന്നത് കാണാൻ നല്ല രസമുണ്ട്.

4) എൻ ഐ എ പറയുന്നു.കേരളത്തിൽ ഈ പാറ്റേണിൽ 89 കേസ് കണ്ടെത്തിയിരിക്കുന്നു. അതിൽ 9 എണ്ണം സത്യസരണിയും പോപുലർ ഫ്രണ്ടും വഴിയാണ്. കള്ളമാണ് ആ പറയുന്നത് എന്നുറപ്പാണ്. നിർബന്ധിത മതപരിവർത്തനം നടത്തുന്ന ഒരു കേന്ദ്രമാണ് സത്യസരണി എന്നത് ഒരു നുണ പ്രചാരണമാണ്. കേരളത്തിലെ മുസ്ലീം സംഘടനകൾ ഇസ്ലാമിക പ്രബോധനം നടത്തുന്നുണ്ട്.ഇസ്ലാം സ്വീകരിക്കുന്നവരെ അതിന് സഹായിക്കാറുണ്ട്. അതിന് ശേഷവും സഹായിക്കാറുണ്ട്. അതിലൊരു തെറ്റുമില്ല. ഇസ്ലാമികമായി അവരുടെ ബാധ്യതയാണത്. ഇസ്ലാം സ്വീകരിച്ച 89 പേരെ എൻ ഐ എ വേട്ടയാടാൻ തുടങ്ങിയിരിക്കുന്നു എന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത്. പോപുലർ ഫ്രണ്ടല്ലേ കിടക്കട്ടേ എന്ന് കരുതുന്ന മുസ്ലീം സംഘടനകൾ ഈ അപകട സൂചന മനസ്സിലാക്കുമെന്ന്‌ കരുതുന്നു. അവരുടെ പേരിൽ എണ്ണം മാത്രമേ ആരോപിക്കുന്നുള്ളൂ. ബാക്കി കിടക്കുകയാണ്. പോപുലർ ഫ്രണ്ട് നിർബന്ധിത മതപരിവർത്തനം നടത്തുന്ന സംഘടനയല്ല. ആ ആരോപണം മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ടാണ്. ലൗ ജിഹാദിന് ശേഷം ദഅ്‌വാ സ്‌ക്വാഡ് എന്ന പ്രചാരണം ആരംഭിച്ചപ്പോൾ പോലും മൗനം പാലിച്ചതിന്റെ അബദ്ധം ഇനിയെങ്കിലും മനസ്സിലാക്കണം. വണങ്ങി വണങ്ങി നമുക്ക് ജീവിക്കാനാവില്ല.

5) ഒരു കൂട്ടർ ഘർ വാപ്പസി എന്നൊക്കെ പറഞ്ഞ് വരും മറ്റൊരു കൂട്ടർ ലൗ ജിഹാദ് എന്നൊക്കെ പറഞ്ഞ് വരും. ഇതെല്ലാം പൊതു സമൂഹത്തിന് അപകടമാണ് എന്നാണ് സിപിഎമ്മിന്റെ നിലപാട്.  ഞാനിനി വിശദീകരിക്കുന്നില്ല.

6)കേരള ഹൈക്കോടതിയുടെ ആ കെട്ടുകഥ നിയമപരമായി ചോദ്യം ചെയ്യപെടുകയാണ്. വിധി പുറപ്പെടുവിപ്പിച്ച ഹൈക്കോടതി ന്യായാധിപൻമാർക്ക് ഇമ്മ്യൂണിറ്റിയുണ്ട്. അവരത് ആസ്വദിക്കട്ടെ. ഷാഹിന നഫീസ മുതൽ കെ ജെ ജേക്കബ് വരെ ഹൈക്കോടതി വിധിയെ ന്യായീകരിച്ച പറഞ്ഞ ന്യായങ്ങളെല്ലാം പൊളിഞ്ഞ് പാളീസാവുകയാണ്. കിരൺ തോമസിന്റെയൊക്കെ ന്യായവാദങ്ങൾ അപഹാസ്യമാവുകയാണ്. അവർക്കതൊന്നും വിശദീകരിക്കാൻ ബാധ്യതയില്ലാത്ത പ്രിവിലേജ്ഡായ ആളുകളാണല്ലോ. അവരും അത് ആസ്വദിക്കട്ടെ. ഹാദിയ അഖിലയായാലും സന്തോഷം എന്നൊക്കെ തൊള്ളയിടുന്ന ബാസുരേന്ദ്ര ബാബുവിനും എന്തും പറയാം. പറയട്ടെ. കേന്ദ്ര സർക്കാറിന്റെ അന്വേഷണ ഏജൻസിയുടെ മെഗാ ഫോണുകളാണിപ്പോൾ സൈബർ സഖാക്കൾ.

7)ജീവന് ഭീഷണിയുണ്ട് എന്ന ഹാദിയയുടെ പരാതിയിൽ കേസ് എടുക്കാൻ , ജീവന്റെ സംരക്ഷണം ഉറപ്പാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കെ, സംസ്ഥാന സർക്കാർ തയ്യാറാവുമോ?

8)അശോകൻ കള്ളം പറയുകയാണ്. ഹാദിയക്ക് രജിസ്റ്റേർഡ് കത്തുകൾ പോലും അനുവദിച്ചില്ല.കാണാൻ ചെന്ന സംഘികൾ അല്ലാത്ത എല്ലാവരെയും മടക്കി അയച്ചു. കള്ളമാണ് അയാൾ പറയുന്നത്. അദ്ധേഹം നിയമപരമായ കുറ്റങ്ങൾ ചെയ്യുന്നുണ്ട്. ഇനിയും അത് പറയാതിരിക്കാനാവില്ല. അദ്ധേഹം ശിക്ഷിക്കപെടണം. നിയമപരമായ വലിയ കുറ്റങ്ങൾ കണ്ണടച്ച് കൊടുക്കുന്നത് നിയമവാഴ്ച്ച നിൽക്കുന്ന ഒരു സമൂഹത്തിന് ഭൂഷണമാണോ?

9)പൊതുവെ മാധ്യമ ചർച്ചകൾ ഇന്ന് നീതിപൂർവ്വകമാണ്. സാമൂഹിക പ്രക്ഷോഭങ്ങൾ വിജയിച്ചിരിക്കുന്നു എന്നത് തന്നെയാണ് കാര്യം. പക്ഷെ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കാം. ഒന്ന്, രാഹുൽ ഈശ്വറെന്ന കാളകൂടവിഷം തുപ്പുന്ന ഹിന്ദുത്വ വർഗീയവാദിയുടെ പ്രതികരണമാണ്. സോ കോൾഡ് ലൗ ജിഹാദ് എന്നാണ് ഇന്ന് ലൗ ജിഹാദ് വ്യാജ പ്രചാരണത്തിന്റെ ദേശീയ പ്രചാരകൻ ഇന്ന് ഉപയോഗിക്കുന്നത്. അതിന്റെ കള്ളത്തരം തുറന്ന് കാണിച്ചെ പറ്റൂ. ആ വിഡിയോ ഒളിച്ചു വെച്ചതിന് അയാൾ ശിക്ഷിക്കപെടണം.

രണ്ട്, ഖുർആൻ സൊസൈറ്റിയുടെ ജാമിദ ടീച്ചറുടെ സാന്നിധ്യമാണ്.മാതൃഭൂമി ചർച്ചയിൽ അവർ ക്ഷണിക്കപെടുന്നു. അവർ ഹാദിയ കേസിൽ ഏതേലും തരത്തിൽ നിലപാട് പറഞ്ഞിട്ടുണ്ടോ? തൃപ്പൂണിത്തറയിലെ ഘർവാപ്പസി പീഡന കേന്ദ്രത്തെ കുറിച്ച് എന്തേലും പറഞ്ഞിട്ടുണ്ടോ? അവർ ക്ഷണിക്കപെടുന്നതിന്റെ രാഷ്ട്രീയം കൃത്യമാണ്. അത് മുസ്ലീം സമുദായത്തിനെതിരായ ഒരു രാഷ്ട്രീയ പ്രയോഗത്തിന്റെ ഭാഗമാണ്. പരോക്ഷമായി ഇപ്പോഴത്തെ സാഹചര്യത്തിൽ സമാനമായ രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന ചില പോസ്റ്ററുകളും പ്രതീക്ഷിക്കാത്ത സ്ഥലത്ത് ഇന്ന് കാണാനിട വന്നു.

10)കാര്യങ്ങൾ ഒന്നും ഇപ്പോഴും സുരക്ഷിതമല്ല. ഇതെല്ലാം ഒരു വലിയ പദ്ധതിയുടെ ഭാഗമാണ്. ആ പ്രാചരണത്തിന്റെ രാഷ്ട്രീയത്തെ ഒരോ അണുവിലും പ്രതിരോധിക്കുക മാത്രമാണ് നമ്മുടെ മുന്നിലുള്ള വഴി. കള്ളം പറഞ്ഞ് തൂക്കമൊപ്പിക്കുന്നത് ആരായാലും ചോദ്യം ചെയ്യണം. ആരായാലും.

കല്ല്യാണം കഴിക്കാതെയും ഹാദിയക്ക് ആരുടെയും കൂടെ ജീവിക്കാൻ നിയമപരമായി സ്വാതന്ത്രമുണ്ട്. അപ്പോൾ കല്യാണം വാലിഡ് ആണോ എന്നതൊന്നും ഒരു ചോദ്യമെ അല്ല. എന്റെ സമ്മതം തീരുമാനിക്കാൻ നിങ്ങളൊക്കെ ആരാണ് എന്ന് ഹാദിയ ചോദിക്കുന്നത് വരെ കാത്തിരിക്കാം.

Be the first to comment on "ഹാദിയയെ ഭയക്കുന്ന ഭീരുക്കള്‍ ചോദ്യം ചെയ്യപ്പെടണം"

Leave a comment

Your email address will not be published.


*