ഗെയില്‍: അതിജീവനസമരത്തെ ലാത്തികൊണ്ട് നേരിടുന്ന ‘ജനപക്ഷ’സര്‍ക്കാര്‍

നസീല്‍ വോയ്സി

ഗെയിൽ സമരം കൂടുതൽ രൂക്ഷമാവുകയാണ്. വഴിയിലുടനീളം ചോര തെറിച്ചു കിടക്കുന്നുണ്ട്. ഒരുപാടു പേര് മുറിവേറ്റു കിടക്കുന്നുണ്ട്. എന്ത് ചെയ്യണമെന്നറിയാതെ നിസഹായരായി നിൽക്കുന്ന ഒരു വലിയ കൂട്ടം ജനം ഈ സർക്കാരിനോട്, ഇടതുപക്ഷ നിലപാടുകളോട്, മിസ്റ്റർ മുഖ്യമന്ത്രിയോട് ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്; അവർക്കത് കേൾക്കാൻ സൗകര്യമില്ലെങ്കിലും.

കൊച്ചിയിൽ നിന്ന് മംഗലാപുരത്തേക്ക് പ്രകൃതി വാതകം കൊണ്ട് പോകുന്ന പൈപ്പ് ലൈൻ; അതാണ് ഗെയിൽ പൈപ്പ് ലൈൻ പദ്ധതി. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. നമ്മുടെ നാട്ടിൽ അത് കടന്നു പോകുന്നത് ഒരുപാട് ഗ്രാമങ്ങളെ കീറിമുറിച്ച് കൊണ്ടാണ്. അവിടെ തന്നെയാണ് ജനകീയ സമരങ്ങൾ ഉയരുന്നതും. രാഷ്ട്രീയ കക്ഷി ഭേദമന്യേ, വീടും കൃഷിയിടവും കച്ചവടവുമെല്ലാം നഷ്ടപെടുന്ന ഇരകൾ ഒരുമിച്ചു നിൽക്കുന്നു. സമരം ചെയ്യുന്നു. പദ്ധതിക്കെതിരെയല്ല, മറിച്, ജനവാസ മേഖലകളിൽ നിന്ന് പദ്ധതിയുടെ റൂട്ട് മാറ്റാൻ. നടപടികളിൽ സുതാര്യത വേണമെന്ന് ആവശ്യപ്പെട്ട്.

ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ പ്രതിരോധം. നാളുകൾ ഒരുപാടായി. ”വെള്ളം കൊണ്ട് പോകുന്ന പൈപ്പ്” എന്ന് പറഞ്ഞു സർവ്വേ നടത്തിയപ്പോൾ സർവേക്കാർക്കു ചായയും ചോറും വിളമ്പിയ ജനങ്ങൾക്ക് പോകുന്നത് പ്രകൃതിവാതക പൈപ്പ് ലൈൻ ആണെന്ന് മനസ്സിലായത് വൈകിയാണ്. അതറിഞ്ഞപ്പോഴും “ഗെയിൽ പൈപ്പ് ലൈൻ വേണ്ട” എന്ന് പറഞ്ഞു പദ്ധതിയെ എതിർക്കാനല്ല അവർ സമരം തുടങ്ങിയത്. മറിച്ച്, ജനവാസ മേഖലയിലൂടെ ഇത് കടന്നു പോകുമ്പോൾ ഉണ്ടാകുന്ന അ പകടത്തെക്കുറിച്ചും, വീടും തൊടിയും നഷ്ടമാവുന്നവർ എന്ത് ചെയ്യും എന്നൊക്കെ ചോദിച്ചാണ്. അവരുടെ ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം കൊടുക്കാൻ ഇത് വരെ അധികാരികൾ തയാറായിട്ടില്ല.

വീഡിയോ – ആര്‍ടി മീഡിയ

ഇതുപോലെ രാജ്യത്തിൻറെ മറ്റു ഭാഗങ്ങളിൽ നടപ്പാക്കിയ പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതികളിൽ ചിലയിടങ്ങളിൽ അപകടം ഉണ്ടായിട്ടുണ്ട്. ജീവൻ പൊലിഞ്ഞിട്ടുണ്ട്. അങ്ങനെ നടന്നാലോ എന്ന ഞങ്ങളുടെ ചോദ്യത്തിന് “സാധ്യത കുറവാണു” എന്ന് മറുപടി. ഉറപ്പു കൊടുക്കാൻ സർക്കാറുമില്ല ഗെയ്‌ലുമില്ല. ജനവാസ മേഖലയിലൂടെ ഇത്തരം പൈപ്പ് ലൈൻ പദ്ധതികൾ കടത്തി വിടരുതെന്ന നിയമം തന്നെയുണ്ട്. അതിവിടെ വ്യക്തമായി ലംഘിക്കപ്പെടുന്നു. വീടുകൾ നഷ്ടപ്പെടുന്നു. ഭൂമി ഏറ്റെടുക്കുന്നിടത്തു കൃത്യമായ രേഖകളോ ധാരണകളോ ഉണ്ടാകുന്നില്ല. ഇങ്ങനെ ഒരു ഗ്രാമത്തിന്റെ, നാടിന്റെ നിലനിൽപ്പും അതിജീവനും തന്നെ ചോദ്യം ചെയ്തു ഒരു പദ്ധതി മുന്നോട്ടു പോകുമ്പോഴും ഇരകളായ മനുഷ്യരുടെ ചോദ്യങ്ങൾക്കു ഉത്തരമില്ല.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ചർച്ചകളെങ്കിലും നടന്നിരുന്നു. മുഖ്യമന്ത്രിയും വ്യവസായമന്ത്രിയുമെല്ലാം ഇരകൾക്കു പറയാനുള്ളത് കേട്ടിരുന്നു.തത്കാലം പണി നിർത്തിവെച്ചിരുന്നു. ഇപ്പോൾ അതൊന്നുമില്ല. ഇവരെ കേൾക്കാൻ പോലും സർക്കാർ തയ്യാറാവുന്നില്ല. എന്ത് വിലകൊടുത്തും നിശ്ചയിച്ച പ്രകാരം തന്നെ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറയുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായതിനാലാവണം, സമരം ചെയ്യുന്നവർ “തീവ്രവാദികൾ” ആണെന്ന് എളമരം കരീമും മറ്റു ഇടതു നേതാക്കളും. കമ്മ്യൂണിസ്റുകാരായ മനുഷ്യരും സമരപ്പന്തലിലുണ്ടെന്നു അവർക്കറിയാഞ്ഞിട്ടല്ല; അതിനേക്കാൾ വലുതാണ് പദ്ധതി. ഗെയിൽ കരാർ. സമര സമിതിയുടെ നേതാക്കളായുണ്ടായിരുന്ന പലരും ഇപ്പൊ പദ്ധതിയുടെ വക്താക്കളായതും ഇങ്ങനെയൊക്കെയാണ്. തുരുമ്പെടുത്ത പൈപ്പുകളും ലംഘിക്കപ്പെടുന്ന നിയമങ്ങളും കാണാതെ പോകുന്നതും ഈ വ്യഗ്രതയിലാണ്‌.

ഒരു മാസത്തിലേറെ ആയി സമരപ്പന്തലും കെട്ടി ഒരുപാട് മനുഷ്യർ അവിടെ പ്രതിരോധം തീർക്കുന്നു. പ്രതിരോധം കുറഞ്ഞ പലയിടങ്ങളിലും പൈപ്പ് ഇടാൻ തൊടികൾ ജെസിബി കീറിമുറിക്കുന്നുണ്ട്. സമരം ശക്തമായിടത്തു നിർമാണം തത്കാലം നിർത്തിവെക്കപ്പെട്ടിരുന്നു.

അങ്ങനെ നിർത്തിവെക്കപ്പെട്ടിടത്തേക്കാണ് ഇന്ന് പോലീസ് അകമ്പടിയോടെ ഗെയിൽ അധികൃതർ എത്തിയത്. നാട്ടുകാർ സംഘടിച്ചു അവരുടെ പ്രവർത്തനം തടഞ്ഞു. തുടർന്ന് പോലീസ് സമരപ്പന്തൽ പൊളിച്ചു നീക്കി. നാട്ടുകാർ പലയിടങ്ങളിലായി കൂട്ടം കൂടി നിൽക്കുന്നുണ്ടായിരുന്നു. പിന്നീടവിടെ നടന്നത് പറഞ്ഞു കേട്ട അടിയന്തരാവസ്ഥ കാലത്തെ ഓർമിപ്പിക്കുന്ന പോലീസ് ഭരണമാണ്. ചീറിപ്പാഞ്ഞെടുത്തിയ ബസ്സുകളിൽ നിന്ന് ചാടിയിറങ്ങി ആൾക്കൂട്ടത്തിനു നേരെ ആക്രോശിക്കുന്നു പോലീസ്. ഓടിച്ചിട്ട് ലാത്തി വീശി. റോഡിനു വശങ്ങളിൽ നിർത്തിയിട്ട ബൈക്കുകൾ ചവിട്ടി നിലത്തിട്ടു. പലതായി ചിതറിയോടി നാട്ടുകാരിൽ ചിലർ കല്ലെടുത്തു തിരിച്ചറിയാൻ തുടങ്ങി. പക്ഷെ പോലീസ് സംഘത്തിന് മുന്നിൽ പിടിച്ചു നില്ക്കാൻ പാകത്തിലൊന്നുമില്ല. റോഡ് ഉപരോധിച്ചു. അപ്പോഴേക്കും കണ്ണീർവാതകവും ലാത്തിയും റോഡിൽ നിന്ന് സമീപത്തെ വീടുകളിലേക്കും തൊടികളിലേക്കും ഓടിയിറങ്ങിത്തുടങ്ങിയിരുന്നു. സ്ത്രീകളോടൊക്കെ പോലീസ് ഉപയോഗിച്ച ഭാഷയുടെ മഹത്വം! കണ്ണിൽ കണ്ടവരെയെല്ലാം അടിച്ചു. കടമുറികൾക്കു മുൻപിൽ നിർത്തിയിട്ട വാഹനങ്ങൾ പോലും ചവിട്ടി പൊളിച്ചു സ്റ്റേഷനിലേക്ക് നീക്കി. (‘പത്രപ്രവർത്തകൻ’ എന്ന ടാഗിന്റെ ബലത്തിൽ മാത്രമാണ് അവിടെ നിൽക്കാൻ കഴിഞ്ഞത്). രാവിലെയോടെ തുടങ്ങിയ നായാട്ടു വൈകുന്നേരം മൂന്നോടെയാണ് ഏകദേശം അവസാനിച്ചത്.

പോലീസിന്റെ പാച്ചിലിനിടെ അകപ്പെട്ട കുറച്ചു പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു മുക്കം സ്റ്റേഷനിലെത്തിച്ചു. അവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അവിടെ ഉപരോധം അരങ്ങേറി. രാത്രിയോടെ അവർക്കു നേരെയും പോലീസ് ലാത്തി വീശി. ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു. അവരുടെ ഭാഷയിൽ പറഞ്ഞാൽ “ക്‌ളിയറൻസ്”. മുന്നിൽ വരുന്നവരെയെല്ലാം തല്ലിയൊടിച്ചു, ചോര തുപ്പിച്ചു പരിസരം വൃത്തിയാക്കൽ! അരക്കു താഴെയൊന്നുമല്ല, കൃത്യം തല നോക്കി വീശുന്നുണ്ട് പിണറായിയുടെ പോലീസ്. ഓടിയകലുന്നവർക്കു പിന്നാലെ ലാത്തിയെറിഞ്ഞു വീഴ്ത്തുന്നു. കൂട്ടം കൂടി തല്ലുന്നു. മാധ്യമ പ്രവർത്തകരടക്കം ഒരുപാട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ആരെയാണ് ഈ തല്ലിയൊടിക്കുന്നത് എന്നോർക്കണം! സ്വന്തം വീടും തൊടിയും നഷ്ടപ്പെടുന്ന, അതിനെക്കുറിച്ചുള്ള സംശയങ്ങൾ ആരോട് ചോദിക്കും, ആര് മറുപടി തരുമെന്നറിയാതെ നിസ്സഹായരായി സമരം ചെയ്യുന്ന ഒരു കൂട്ടം മനുഷ്യരെ. അവരോടൊപ്പം നിൽക്കുന്നവരെ. പോലീസിന്റെ കയ്യിൽ നിന്ന് ഇടതടവില്ലാതെ അടി കിട്ടുന്നതിനിടെ ഒരു സമരക്കാരൻ പറയുന്നുണ്ടായിരുന്നു – ഞാൻ ഇടതുപക്ഷക്കാരാണെന്ന്. കമ്മ്യൂണിസ്റ്റാണെന്ന്!. ‘തന്റെ ശവത്തിനു മുകളിലൂടെ മാത്രമേ ഈ പദ്ധതി നടപ്പിലാകൂ’ എന്ന് പ്രസംഗിച്ചു ജയിച്ച സ്വന്തം എം.എൽ.എ ജോർജ് എം തോമസ്, ”പോലീസ് അവരുടെ ജോലിയാണ് ചെയ്തത്. അതിൽ ഒരു തെറ്റുമില്ല.” എന്ന് പറഞ്ഞ്, സമരത്തിലേക്കൊന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ ‘വികസന നായകനാവുന്നത്’ കണ്ടപ്പോൾ ആ മനുഷ്യന്റെ ചങ്കു പൊട്ടിക്കാണും. പാവം, അയാൾക്ക് നേതാവിനെ പോലെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കാൻ ഇരട്ടചങ്കില്ലല്ലോ!

Be the first to comment on "ഗെയില്‍: അതിജീവനസമരത്തെ ലാത്തികൊണ്ട് നേരിടുന്ന ‘ജനപക്ഷ’സര്‍ക്കാര്‍"

Leave a comment

Your email address will not be published.


*