വാഷിങ്ടണ്ണിന്റെ ‘കമ്മ്യൂണിസ്റ്റ് സ്വപ്‌നഭൂമി’ അഥവാ അമര്‍ത്യാസെന്‍ കൊടുത്ത എട്ടിന്റെ പണി

ഷഫീഖ് സുബൈദ ഹക്കീം

അല്‍പം തിരക്കിനിടയിലാണ് നാരദയിലെ സുഹൃത്തുക്കള്‍ വാഷിങ്ടണ്‍ പോസ്റ്റ് കേരളത്തെ പുകഴ്ത്തുന്ന ലേഖനം മലയാളത്തില്‍ വിവര്‍ത്തനം ചെയ്യാന്‍ ആവശ്യപ്പെട്ടത്. സത്യത്തില്‍ അപ്പോഴാണ് ലേഖനം ശ്രദ്ധയില്‍പ്പെടുന്നതും വാഷ്ങ്ടണ്‍ പോസ്റ്റുകാര്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകളെ തേടി ഇവിടെ വന്ന കഥയൊക്കെ അറിഞ്ഞതും. കുറേ നാളായി എല്ലാത്തില്‍ നിന്നും മാറി നില്‍ക്കുന്നതുകൊണ്ടും, ഓണ്‍ലൈനില്‍ സജീവമാകാത്തതുകൊണ്ടും ഇത്തരം വിഷയങ്ങളൊന്നും അറിയാറില്ല. വാഷിങ്ടണ്‍ പോസ്റ്റില്‍ നിന്നുള്ള ആ ‘വരയന്‍ പുലിയെ’ അങ്ങനെയാണ് കാണാന്‍ സാധിച്ചത്. ”കേട്ടറിവിനേക്കാള്‍ വലുതാണല്ലോ വാഷിങ്ടണ്‍ പോസ്റ്റ് ലേഖനമെന്ന ആ സത്യം” എന്ന് മനസില്‍ ‘മൂപ്പനെ’ ധ്യാനിച്ച് വായിക്കാനും ഒപ്പം വിവര്‍ത്തിക്കാനും ഇരുന്നു. സത്യം പറയാമല്ലോ വിവര്‍ത്തനം ചെയ്ത് തീര്‍ന്നതു തന്നെ അറിഞ്ഞില്ല. അത്രക്കും ചിരിക്കാന്‍ വക തരുന്നുണ്ട് ഈ ലേഖനം.

സത്യത്തില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകളെ ഒന്ന് ട്രോളിയതല്ലേ വാഷിങ്ടണ്‍ പോസ്റ്റ് എന്നാണ് ഇപ്പോഴത്തെ എന്റെ ചിന്ത. ‘ഭൂമിയിലെ സത്യവിശ്വാസി’കളായ കമ്മ്യൂണിസ്റ്റുകളുള്ള ഈ ‘അപൂര്‍വ്വ ഇടത്തെ’ പറ്റിയുള്ള സ്റ്റോറി സാക്ഷാല്‍ അമര്‍ത്യാസെന്നിന്റെ ഗൈഡന്‍സിലാണ് എഴുതപ്പെട്ടതെന്നൊക്കെ വായിച്ചറിഞ്ഞു. (സത്യത്തില്‍ ഈ അമര്‍ത്യാസെന്നിനെന്താ കേരളത്തിലെ കമ്മ്യൂണിസ്റ്റുകളോട് ഇത്ര വിരോധമെന്ന് ഒന്ന് ചിന്തിക്കാതിരുന്നില്ല. ഈ ഊള പോസ്റ്റ് എഴുത്തുകാരെയൊക്കെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചരിത്രം എഴുതാന്‍ അല്ലെങ്കില്‍ അങ്ങേര് പറഞ്ഞുവിടുമായുരുന്നോ? )

ഈ വാര്‍ത്ത കണ്ടതിനു ശേഷം നടത്തിയ ഒരു സെര്‍ച്ചില്‍ വാഷിങ്ടണ്‍ പോസ്റ്റ് ലേഖകര്‍ കേരളത്തില്‍ കാലുകുത്തിയത് തന്നെ വലിയ സംഭവമായിരുന്നുവെന്ന് വാര്‍ത്തകളും വിളിച്ചു പറയുന്നുണ്ട്. പക്ഷെ ഒക്ടോബര്‍വിപ്ലവത്തിന്റെ നൂറാം വാര്‍ഷികാനുസ്മരണാര്‍ത്ഥം അവര്‍ മുന്നോട്ട് വെച്ച ഈ ലേഖനം വായിക്കുകയാണെങ്കില്‍ (റിപ്പോര്‍ട്ട് വായിക്കുകയാണെങ്കില്‍) മാധ്യമലോകം ലജ്ജിച്ചുപോവില്ലേ എന്നൊരു തോന്നല്‍. പക്കാ മസാല ഭാഷയില്‍ രചിക്കപ്പെട്ട യൂളോജിയും (പാടിപ്പുകഴ്ത്തല്‍) പിന്നെ വലിയേട്ടന്‍മനോഭാവത്തില്‍ വിരിയിച്ചെടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധതയും ആദ്യാന്തം നിലനിര്‍ത്തുന്ന വാഷിങ്ടണ്‍ പോസ്റ്റിന്റെ പ്രസ്തുത ‘പ്രോഡക്ട്’ ഒന്ന് ഗൂഗിള്‍ സെര്‍ച്ചുപോലും ചെയ്യാതെഴുതിയ ഒന്നാണെന്നേ തോന്നിയിട്ടുള്ളു. മാധ്യമപ്രവര്‍ത്തകരാണ് ഈ റിപ്പോര്‍ട്ട് എഴുതിയത് എന്ന് പോലും തോന്നുന്നില്ല. മറിച്ച് രണ്ട് ഭാഷാ രുചികളാണ് തോന്നിയത്. ഒന്ന് ചില സിനിമാ മാസികകളില്‍ പണം കൊടുത്ത് സിനിമകളെയും നായകരെയും പുകഴ്ത്തുന്ന ഭാഷ. മറ്റൊന്ന് യാഥാസ്ഥിതികത്വം കൈമുതലാക്കിയ ഒരു പൗരോഹിത്യ ഭാഷ. തോമസ് ഐസക്കിനെ തന്നെ ട്രോളുന്നതുപോലെയാണ് എനിക്ക് തോന്നിയത്. അത് അദ്ദേഹത്തിന് മനസിലായോ എന്തോ. അദ്ദേഹത്തിന്റെ കുടുംബസ്വകാര്യതകളെ വരെ വെച്ചലക്കുന്നുണ്ട്, സെന്റി ടോണിലാണെന്ന് മാത്രം. അദ്ദേഹത്തിന്റെ അനുവാദം അതിനുള്ളതുകൊണ്ട് നമ്മുക്കതില്‍ അഭിപ്രായം പറയാനൊന്നുമില്ല. എന്നാല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സ്വപ്‌നങ്ങളെ കുറിച്ചു പറയുമ്പോള്‍ അദ്ദേഹത്തിന്റെ സ്വകാര്യകുടുംബവിശേഷങ്ങള്‍ക്ക് എന്ത് പ്രസക്തി എന്ന് ചോദിക്കരുത്, പ്ലീസ്.

Photo – WP

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സ്പീഷീസിനോട് നാഷണല്‍ ജിയോഗ്രഫിക് ചാനല്‍ കാണിക്കുന്ന ആ ദയയുണ്ടല്ലോ, അതുണ്ട് ആ ലേഖനത്തില്‍ ഹോള്‍സെയില്‍ ആയിത്തന്നെ. ഇത് വിവര്‍ത്തനം ചെയ്യുന്ന സമയമത്രയും ഞാനും ദിവ്യയും (@Divya D V) ഇതിലെ ഓരോ വരികളും പറഞ്ഞ് നന്നായി ചിരിച്ചു. ഏറെ ചിരിച്ചത് ഇതില്‍ ഒരു ധനവാന്റെ ബംഗ്ലാവിലേയ്ക്ക് ആനയിക്കുന്ന രംഗമാണ്. ടെയില്‍സും സ്വിമ്മിങ് പൂളും ആഡംഭര ലൈറ്റുകളും ഒക്കെ വിവരിക്കുന്ന കൂട്ടത്തില്‍ പ്രസ്തുത ധനവാന്റെ അമ്മായി വക ഒരു ഡയലോഗും; ”ഇതെല്ലാം ദുബായിയില്‍ നിന്നും കൊണ്ടുവന്നതാണ്.” ഹഹഹ. സത്യത്തില്‍ ഈ രംഗം വന്നപ്പോള്‍ ചിരിച്ചു ചിരിച്ചു ചത്തു. എന്തിനാണ് ഇതൊക്കെ പറയുന്നത് എന്ന് ആലോചിച്ചിരിക്കുമ്പോള്‍ ദാ വരണു അതിനുള്ള കാരണം. അദ്ദേഹം പിണറായിയിലെ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്റെ മകനാണത്രേ. ക്യൂബയിലെ കമ്മ്യൂണിസത്തെ പുരാവസ്തുവെന്നാണ് ഈ ലേഖനം വിശേഷിപ്പിക്കുന്നത്. എന്നിട്ട് ക്യൂബയെയും ക്യൂബന്‍ കമ്മ്യൂണിസ്റ്റുകളെയും എപ്പോഴും ഉയര്‍ത്തിക്കാട്ടാറുള്ള, നെഞ്ചോടു ചേര്‍ത്തുപിടിക്കാറുള്ള കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ വേറിട്ട ‘കമ്മ്യൂണിസ്റ്റ് സത്യവിശ്വാസി’-കളുമാകുന്നു. ഈ റിപ്പോര്‍ട്ടര്‍മാര്‍ക്ക് അല്പം കൂടി ഔചിത്യബോധമാവാമായിരുന്നു. ഈ വേര്‍തിരിയല്‍ വെറും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ പുല്‍കുന്നതുകൊണ്ട് മാത്രമല്ല, മറിച്ച് ഉല്‍പാദന ഉപാധികെ പിടിച്ചെടുക്കാന്‍ തയ്യാറാകാത്തതുകൊണ്ടുകൂടിയാണെന്ന് ഉറപ്പിക്കുന്നു. അതായത് കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ മുതലാളിത്തപാതയിലാണെന്നും അതാണ് ഭാവിയെന്നും ആണല്ലോ ലേഖനം തറപ്പിച്ചുപറയുന്നത്. അല്ലേല്‍ കാണായിരുന്നു, കേരളത്തിലെ കമ്മ്യൂണിസം ഒരു ക്യാബയായേനെ എന്ന്. (അഥവാ പുരാവസ്തുവായേനേന്ന് 😛 )

ഇക്കാലമത്രയും സ്വകാര്യ ഉല്‍പാദന ഉപാധികള്‍ക്കുപകരും പൊതു ഉല്‍പ്പാദന ഉപാധികളിലേയ്ക്ക് (സമാധാനപരമായ പാതയിലൂടെ) ഞങ്ങള്‍ ചേക്കേറുകയാണ് എന്ന് പറഞ്ഞു നടന്ന സി.പി.ഐ.എം പാര്‍ട്ടി പരിപാടികള്‍ തന്നെ (അതുപോലെ എത്രയെത്ര ലേഖനങ്ങള്‍, സിദ്ധാന്തങ്ങള്‍ എല്ലാം) എന്തായി? എന്നാലതേസമയം ‘സണ്ടേസ്‌കൂളിന്റെ കമ്മ്യൂണിസ്റ്റ് വെര്‍ഷനാ’യ പാര്‍ട്ടി ക്ലാസില്‍ മുതലാളിത്തത്തെ തകര്‍ക്കാതെ നമ്മുടെ സ്വപ്‌നം കൈവരില്ല എന്ന് പറഞ്ഞ ഒരു പ്രാദേശിക നേതാവിനെ സങ്കിചുതമായി ചിന്തിക്കുന്ന ആളാണ് എന്നാണ് പരോക്ഷമായി വിശേഷിപ്പിക്കുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ കൂടുതലും പരോക്യലായ രീതികളിലൂടെയാണത്രേ അതിജീവിക്കുന്നത്. ഹഹഹ. ഇങ്ങനെ പരസ്യമായി തന്നെ വെച്ചലക്കുന്ന, താഴേത്തട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകരെ സങ്കുചിതവാദികളും ധനമോഹികളുമാക്കുകയും മുകള്‍തട്ടില്‍, അതായത് തോമസ് ഐസക്ക് പോലുള്ള നേതാക്കളെയും അവരുടെ നയങ്ങളെയും ശുദ്ധകമ്മ്യൂണിസമെന്ന് വിശേഷിപ്പിച്ചും അവരാലാണ് ഈ പാര്‍ട്ടി നിര്‍മ്മിക്കപ്പട്ടിരിക്കുന്നതെന്ന് വിവരിച്ചും ഈ ലേഖനം ചെയ്യുന്നത് എന്താണെന്ന് ചിന്തിച്ചാല്‍ സത്യത്തില്‍ പണ്ട് സി.ഐ.എ (അമല്‍ നീരദിന്റെ സി.ഐ.എ അല്ല : മറിച്ച് സാക്ഷാല്‍ സി.ഐ.എ) ലോകകമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ചെയ്ത കഥകളുമായി നല്ല ചേര്‍ച്ചയും ചാര്‍ച്ചയും തോന്നുന്നില്ലേ എന്ന് ആലോചിക്കുന്നത് നല്ലതായിരിക്കും.

മറ്റൊരു രസകരമായ രംഗം അമല്‍നീരദിന്റെ അല്‍പ്പത്തരമാണ്. തന്റെ സി.ഐ.എ കഥാപാത്രം (തനി ആണത്ത പ്രകടനപരതയുള്ള ആ ഊള കഥാപാത്രം) ഒരു ‘നഷ്ടമനുഷ്യന’ല്ല മറിച്ച് ‘നഷ്ടവിശ്വാസി’യായിരുന്നത്രെ. (പറഞ്ഞ ടോണ്‍ എന്താന്ന് വെച്ചാല്‍ കമ്മ്യൂണിസം നഷ്ടപ്പെട്ട ആ അതേ കമ്മ്യൂണിസ്റ്റ് വിശ്വാസി തന്നെ. അപ്പോള്‍ ‘അമേരിക്കയെ തിരഞ്ഞെടുത്ത ആ കഥാനായിക ആരായി എന്ന് ചോയിച്ചേക്കരുത് 😛 )

പിന്നെ തുടക്കം തൊട്ട് ഐസക്ക് എന്നല്ലാതെ മറ്റൊരു പേരുപറയാന്‍ ഈ റിപ്പോര്‍ട്ട് എഴുതിയ ജേര്‍ണോകള്‍ക്ക് കഴിയാത്തതെന്ത് എന്നായിരുന്നു ഞാന്‍ ആലോചിച്ചത്. അല്ല പിണറായി വിജയന്‍ മുഖ്യമന്ത്രികസേരയില്‍ തന്നെ ഇല്ലേ? അതുപോലെ അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ കസേരയിലും ഉണ്ടായിരുന്നില്ലേ? (മറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ തല്‍ക്കാലത്തേക്ക് ഒഴിവാക്കാം.) അതുമല്ല കേരളത്തിലെ കമ്മ്യൂണിസത്തിന്റെ മേന്മയൊത്ത മുഖം ഐസക്ക് ആയി വാഷിങ്ടണ്‍പോസ്റ്റിന് തോന്നാന്‍ കാരണമെന്തായിരിക്കും? അതോ അദ്ദേഹം ഒരു നവഉദാരീകരണങ്ങളുടെ വക്താവും ജി.എസ്.ടി ഉള്‍പ്പെടെയുള്ളവയോട് അനുഭാവം പുലര്‍ത്തുന്ന ഒരാളുമാണെന്നുള്ള തോന്നലുകളോ? ഒന്നുണ്ട് സണ്ടേസ്‌കൂളുകളോട് പ്രിയമുള്ള, സത്യവിശ്വാസികളായ വാഷിങ്ടണ്‍ പോസ്റ്റിന് തോമസ് ഐസക്ക് ഒരു ക്രിസ്ത്യാനിയായി തോന്നിയതുകൊണ്ടുകൂടിയായിക്കൂടേ എന്ന് ചിന്തിക്കാതിരുന്നില്ല.

ഇതിനിടയ്ക്ക് ചിരിപ്പിച്ച സംഗതി മറ്റൊന്നാണ്. ഒരു സംഭാഷണം. ഐസക്കിനെ കുറിച്ച് ലേഖകര്‍ തകര്‍ത്തുപിടിച്ച് പുകഴ്ത്തുകയാണ്. പുകഴ്ത്തുന്നതിനിടയ്ക്ക് അതിഭാവുകത്വം നിറഞ്ഞ ഭാഷയില്‍…

”പെട്ടെന്ന് ഐസക്കിന്റെ ഐഫോണ്‍ ബെല്ലടിച്ചു. ”യെസ് കോമ്രേഡ്” ഐസക്ക് മറുപടി പറഞ്ഞു.” ഫോണ്‍ റിങ് ചെയ്താല്‍ പോരാ, ഐഫോണ്‍ തന്നെ റിങ് ചെയ്യണം. ഹി ഹി. വേറൊരു രംഗം അദ്ദേഹത്തിന്റെ കാറ് കടന്നു പോകുന്ന രണ്ടുപേരെ വര്‍ണിക്കുന്നതാണ്. ചെഗുവേരയെയും അതുപോലെ മ്മട കെ.എഫ്.സി റസ്റ്ററന്റ് കമ്പനിയുടെ ആ സായിപ്പില്ലെ അയാളെയും. ഒരേ സന്ദര്‍ഭത്തില്‍. ഒരേ ഭാഷ്യത്തില്‍. അതും എയ്ജ്‌ലെസ് ആയി… പ്ലിങ്.

എന്തായാലും വാങ്ടണ്‍ പോസ്റ്റിന്റെ ‘സ്വപ്‌നഭൂമി’ ലേഖനത്തെ കിടുവാണ്, സൂപ്രാണ് എന്നൊക്കെ വെച്ച് വാനോളം പുകഴ്ത്തുന്നവര്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതായിരിക്കും. കാരണം കേട്ടറിവിനേക്കാള്‍ വലുതാണ് അമേരിക്കയെന്ന സത്യം.

അല്ലാ ഒരു സംശയം. ഇനി കേരളത്തിലെ മഹാനായ കമ്മ്യൂണിസ്റ്റായി ഐസക്കിനെ അവതരിപ്പിക്കേണ്ട താല്‍പര്യം ആര്‍ക്കായിരിക്കും? ഇങ്ങ് കേരളത്തില്‍?

എന്‍.ബി: ഞാന്‍ വായിച്ച ഏറ്റവും മോശം അഥവാ ഒരു ഊള ലേഖനമായിരുന്നു വാഷ്ങ്ടണ്ണിന്റെ ‘കമ്മ്യൂണിസ്റ്റ് സ്വപ്‌നഭൂമി’

Be the first to comment on "വാഷിങ്ടണ്ണിന്റെ ‘കമ്മ്യൂണിസ്റ്റ് സ്വപ്‌നഭൂമി’ അഥവാ അമര്‍ത്യാസെന്‍ കൊടുത്ത എട്ടിന്റെ പണി"

Leave a comment

Your email address will not be published.


*