ചിലപ്പോൾ എന്റെ മുറിയിൽ ഡിപ്രഷൻ പൂക്കുന്നത്‌ ഇങ്ങനെയാണ് 

അനഘ എംഎ

കയ്യിലുള്ള സിനിമകളോരോന്നും
കണ്ടു തീരുകയും
പാടിയ പാട്ടുകൾ
വീണ്ടും വീണ്ടും പാടി
തൊണ്ടപൊട്ടാറായെന്ന്
ഫോൺ മുറു മുറുക്കുകയും
വായിക്കാൻ ഒരു തരിമ്പും
മനസ്സില്ലാതിരിക്കുകയും
മടുപ്പു പോലും മടുപ്പിനെ
മടുക്കുകയും ചെയ്യുന്ന നിമിഷം
ചിന്തിക്കാതിരിക്കാൻ
ഇനി ഒരു വഴിയുമില്ലെന്ന്
ബൊധ്യപ്പെടുന്നു

മുറിയിലെ മങ്ങിയ വെളിച്ചത്തിൽ
മലർന്ന് കിടന്ന്,
വളരെ മൃദുവായി
കത്തിയാഴ്‌ന്നിറങ്ങുന്ന
കൈത്തണ്ടയേയും
അതിൽ നിന്ന് പതിഞ്ഞൊഴുകുന്ന
ചുവന്ന കൊഴുത്ത നീരിനേയും
പിന്നെ,
പച്ച നിറഞ്ഞൊരു കുന്നിന്റെ
ഉച്ഛിയിൽ നിന്നും
താഴേക്ക്‌ താഴേക്ക്‌
പറക്കുന്ന എന്നെയും
മാറി മാറി ഇരുട്ടിൽ കാണുന്നു
എഴുതാനിടയുള്ള ഒരാത്മഹത്യാ കുറിപ്പ്‌
മനസ്സിൽ നൂറാവർത്തി
തിരുത്തിയെഴുതുന്നു

നെഞ്ചിൽ താങ്ങാനാവാത്ത
വേദനയും
ശ്രമപ്പെട്ടിട്ടും
ഉള്ളിൽ കുടുങ്ങിപ്പോകുന്ന
ശ്വാസവും..

രക്ഷപ്പെടാനുള്ള
അവാസാന ശ്രമമായാൺ
ആരോടെങ്കിലും
മിണ്ടാൻ തീരുമാനിക്കുന്നത്‌

നീണ്ട കോണ്ടാക്റ്റ്‌ നമ്പറുകളുടെ നിരയിൽ നിന്ന് ഏറ്റവും പ്രിയപ്പെട്ടവരെ
ഓരോരുത്തരെയായി വിളിക്കാൻ ശ്രമിച്ച്‌ പരാജയപ്പെടുമ്പോൾ
ഈ ലോകത്തെല്ലാവരും
നിന്നെ ഉപേക്ഷിച്ചുകഴിഞ്ഞെന്ന്
ഉള്ളിലൊരാൾ പുഛിച്ച്‌ ചിരിക്കുന്നു

അല്ല,
ചിന്തകൾക്കിടയിൽ
ഞാൻ എപ്പഴോ
മരിച്ചു പോയതാകാമെന്നും,
ഞാൻ എന്നൊരാൾ എന്റെ മാത്രം
തോന്നലാകാമെന്നും
ഞാനയാളെ തിരുത്താൻ ശ്രമിക്കുന്നു
പരാജയപ്പെടുന്നു

ഒടുവിൽ,
തീരാത്ത തിരക്കുകൾക്ക്‌ നടുവിൽ
കാൾ അറ്റന്റ്‌ ചെയ്ത
സുഹൃത്തിനോട്‌
മിണ്ടാൻ പറ്റാതെ
നെഞ്ച്‌ കനം വയ്ക്കുകയും
പുറത്തേക്ക്‌ ചാടുമെന്ന് പേടിച്ചൊരു
കരച്ചിലിനെ കടിച്ചു പിടിച്ച്‌
ഒന്നുമില്ല
പിന്നെ വിളിക്കാമെന്ന്
മാത്രം പറഞ്ഞ്‌
ഫോൺ കട്ടു ചെയ്യുകയും ചെയ്ത്‌
ആ കിടപ്പിൽ കിടന്ന്
ഉച്ച്ത്തിലുച്ചത്തിൽ
എങ്ങലടിച്ച്‌ പൊട്ടി കരയുന്നു

കരഞ്ഞു കരഞ്ഞ്‌
തളർന്നു മതിയായപ്പോൾ
നഖം വെട്ടിയില്ലെന്ന്
ഓർമ്മ വരികയും
മുഖം തുടച്ച്‌
നഖംവെട്ടി അന്വേഷിച്ച്‌
കിടക്കയിൽ നിന്ന് എഴുന്നേൽക്കുകയും ചെയ്യുന്നു

അതെ,
എന്റെ മുറിയിൽ
ഡിപ്രഷൻ പൂക്കുന്നത്‌
ഇങ്ങനെയൊക്കെയാണ്.

Be the first to comment on "ചിലപ്പോൾ എന്റെ മുറിയിൽ ഡിപ്രഷൻ പൂക്കുന്നത്‌ ഇങ്ങനെയാണ് "

Leave a comment

Your email address will not be published.


*