അള്ളാ ബിലാലിക്ക.. ബിഗ്ബിയുടെ തിരിച്ചുവരവിനെ ആഘോഷിച്ചു സിനിമാലോകം

മലയാളസിനിമയിൽ പുതിയ സ്റ്റൈലുകൾക്ക് തുടക്കം കുറിച്ച മമ്മൂട്ടി-അമല്‍ നീരദ് കോമ്പിനേഷൻ സൂപ്പർ ഹിറ്റായ ബിഗ്ബിയുടെ രണ്ടാം വരവിനെ ആഘോഷിച്ചു സോഷ്യൽ മീഡിയ. ബിഗ്ബിയുടെ രണ്ടാം ഭാഗം ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രമായ ‘ബിലാല്‍’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യപോസ്റ്റര്‍ അമല്‍ നീരദ് പുറത്തുവിട്ടു. അടുത്ത വര്‍ഷം ചിത്രം പുറത്തിറങ്ങും.

ബിലാലിന്റെ തിരിച്ചുവരവ് അറിഞ്ഞ ത്രില്ലിലുള്ളത് പ്രേക്ഷകർ മാത്രമല്ല മലയാള സിനിമാതാരങ്ങളും കൂടിയാണ്. പൃഥ്വിരാജ്, ദുൽക്കർ സൽമാൻ, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, ഉണ്ണി മുകുന്ദൻ, അജു വർഗീസ്, ശ്രീനാഥ് ഭാസി, സുരാജ് െവഞ്ഞാറമൂട്, നസ്രിയ, റിമ കല്ലിങ്കൽ, ആഷിക് അബു, ഹരീഷ്, ടൊവിനോ, സണ്ണി വെയ്ന്‍ തുടങ്ങി നിരവധി താരങ്ങളാണ് ബിലാലിനെ ആവേശത്തോടെ വരവേറ്റത്.

” എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്ന്. മലയാളസിനിമയിൽ സ്റ്റൈലിന്റെ നിർവചനമായ ബിഗ്ബി തിരിച്ചുവരുന്നു. എനിക്ക് കാത്തിരിക്കാനാവില്ല ” ദുൽഖർ സൽമാൻ ഫേസ്ബുക്കിലെഴുതി. ‘ Fanboy of the director..and more than a fanboy of the actor! ‘ എന്ന് അമൽ നീരദിനെയും മമ്മൂട്ടിയെയും പുകഴ്ത്തിയായിരുന്നു പൃഥ്വിരാജിന്റെ സന്തോഷപ്രകടനം. ബിലാൽക്കയുടെ മാസ്സിനായി കാത്തിരിക്കുന്നുവെന്നു കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിലെഴുതി.

‘അള്ളാഹ് മ്മടെ ബിലാലിക്ക വീണ്ടും വരണൂന്ന് …’ എന്ന് സുരാജ് വെഞ്ഞാറമൂട്. ‘ ദൈവമേ .. കാത്തിരിക്കാൻ വയ്യ ‘ ആവേശത്തോടെ നസ്രിയ ഫേസ്‌ബുക്കിൽ ബിലാൽ ചിത്രത്തിന്റെ പോസ്റ്റർ ഷെയർ ചെയ്തു. ‘ഞങ്ങൾ അതേ ടീം വീണ്ടും .. പൊളിച്ചടക്കും’ എന്നായിരുന്നു ബിഗ്ബിയുടെ സംഗീതം നിർവഹിച്ച ഗോപീസുന്ദറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

അമല്‍ നീരദും ഉണ്ണി ആറും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ അമല്‍ നീരദ് ബിഗ്ബി എന്ന തന്‍റെ ആദ്യ സിനിമ സംവിധാനം ചെയ്തത് 2007ലാണ്. 2007 ഏപ്രിൽ 13  വ്യാഴാഴ്ചയാണ് ബിഗ് ബി റിലീസിനെത്തുന്നത്. സിനിമ പുറത്തിറങ്ങി പത്ത് വർഷം പിന്നിട്ടതിനു ശേഷമാണ് ബിലാൽ ജോൺ കുരിശിങ്കലും സഹോദരങ്ങളും വീണ്ടും വെള്ളിത്തിരയിലെത്തുന്നത്. സമീർ താഹിറായിരുന്നു ഛായാഗ്രാഹകൻ. പുതിയ ചിത്രത്തിന് ഉണ്ണി ആര്‍ തന്നെയായിരിക്കും തിരക്കഥ. അമല്‍ നീരദ് തന്നെ ഛായാഗ്രഹണം നിര്‍വഹിക്കും.

Be the first to comment on "അള്ളാ ബിലാലിക്ക.. ബിഗ്ബിയുടെ തിരിച്ചുവരവിനെ ആഘോഷിച്ചു സിനിമാലോകം"

Leave a comment

Your email address will not be published.


*