നിര്‍ത്താതെ കയ്യടിച്ച് ചൂരല്‍മല. നാണിയമ്മയെ ഏറ്റെടുത്തു സോഷ്യല്‍മീഡിയ

മഴവില്‍ മനോരമയിലെ ഉടന്‍ പണം പരിപാടിയില്‍ പങ്കെടുത്ത് പ്രേക്ഷകരുടെ സ്നേഹവും ബഹുമാനവും പിടിച്ചുപറ്റി വയനാട് ചൂരല്‍മലയിലെ നാണിയമ്മ. എഴുപത്തൊന്ന് വയസ്സുകാരിയായ നാണിയമ്മ തന്റെ ജീവിതകഥകള്‍ വിവരിക്കുന്നതും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതുമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

തന്റെ ഒന്നാം വയസ്സില്‍ പാലക്കാട്ട് നിന്ന് അച്ഛനും അമ്മയും പണ്ട് പണിയന്വേഷിച്ച് എത്തിയതായിരുന്നു വയനാട്ടിലെന്ന് നാണിയമ്മ ഓര്‍ത്തെടുക്കുന്നു. മൂന്നു പെൺമക്കളും ആറ് ആൺമക്കളും അടക്കം  ഒമ്പതു മക്കളുള്ള നാണിയമ്മ സ്വതസിദ്ധമായ നാടൻ ശൈലിയിൽ സംസാരിച്ചു തുടങ്ങിയപ്പോള്‍ ചൂരൽമല വാസികളെല്ലാം ആഹ്ലാദാരവം മുഴക്കി പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു.

പതിനഞ്ചാം വയസ്സിലെ പെണ്ണുകാണല്‍ , പതിനാറാം വയസ്സിലെ വിവാഹം , ഇരുപത്തിനാലാം വയസ്സിലെ ഭർത്താവ് വാസുവിന്റെ മരണം.. നാണിയമ്മ ഓര്‍ത്തെടുക്കുന്ന ജീവിതാനുഭവങ്ങള്‍ കാണുന്നവരുടെ കണ്ണ് നിറക്കുമെന്നുറപ്പ്. തന്റെ ഒമ്പതു മക്ക​ളെയും തോട്ടങ്ങളില്‍ പണിയെടുത്ത് വളര്‍ത്തിയെന്ന് ഏറെ അഭിമാനത്തോടെ നാണിയമ്മ പറയുന്നു.

ഉടൻ പണത്തിലെ ആദ്യചോദ്യമായി ഒരു നടന്റെ ശബ്ദം നൽകി ആരാണെന്നു ചോദിച്ചപ്പോൾ തെല്ലും ആലോചിക്കാതെ പ്രേംനസീർ എന്നു നാണിയമ്മ ഉത്തരം നൽകി. സിനിമകളൊക്കെ കാണാറുള്ള നാണിയമ്മയുടെ പ്രിയനടൻ മമ്മൂട്ടിയാണ്. മലയാള സിനിമയിലെ ഏറ്റവും സുന്ദരനാണ് മമ്മൂട്ടിയെന്നും നാണിയമ്മയുടെ വക കമന്റ്.

തനിക്ക് അമ്പതിനായിരം രൂപ കിട്ടിയതിന്റെ സന്തോഷം മാത്തുക്കുട്ടിക്കും കലേഷിനുമൊപ്പം ചുവടുകൾവച്ചു പങ്കിടുകയും ചെയ്തു നാണിയമ്മ. ഷുഗറു കാരണം കാഴ്ച കുറഞ്ഞ കണ്ണിന്റെ ശസ്ത്രക്രിയയ്ക്കായി തനിക്ക് കിട്ടിയ അമ്പതിനായിരം ഉപയോഗിക്കുമെന്നാണ് നാണിയമ്മ പറയുന്നത്.

Be the first to comment on "നിര്‍ത്താതെ കയ്യടിച്ച് ചൂരല്‍മല. നാണിയമ്മയെ ഏറ്റെടുത്തു സോഷ്യല്‍മീഡിയ"

Leave a comment

Your email address will not be published.


*