ഹാദിയ കോളേജിലേക്ക്. അച്ഛനെ ലോക്കൽ ഗാർഡിയൻ പദവിയിൽ നിന്നും നീക്കി

ഹാദിയക്ക് തന്റെ പഠനം തുടരാൻ സേലം BHMS മെഡിക്കൽ മെഡിക്കൽ കോളേജിലേക്ക് പോവാൻ സുപ്രീംകോടതി അനുമതി. ഒപ്പം അച്ഛൻ അശോകനെ ഹാദിയയുടെ രക്ഷാധികാരി എന്നതിൽ നിന്നും ഒഴിവാക്കി. കോളേജ് ഡീൻ ആയിരിക്കും ഹാദിയയുടെ പുതിയ രക്ഷാധികാരി. സുരക്ഷാപ്രശ്നമുണ്ടെങ്കിൽ തമിഴ്‌നാട് പോലീസ് അത് ഏറ്റെടുക്കണമെന്നും കോടതി പറഞ്ഞു.

‘ ഐ വാണ്ട് ഫ്രീഡം , വിശ്വാസപ്രകാരം ജീവിക്കാൻ അനുവദിക്കണം . പഠനം പൂർത്തിയാക്കണം , സർക്കാരിന്റെ ചിലവിലല്ല , എന്റെ ഭർത്താവിന്റെ കൂടെ ജീവിക്കണം എനിക്ക് ‘ ഹാദിയ തുറന്ന കോടതിയിൽ സംസാരിച്ചു.  സർക്കാർ ചെലവിൽ പഠനം തുടരണമോ എന്ന ചോദ്യത്തിന് ‘ എന്റെ ഭർത്താവിന്റെ കൂടെ ജീവിച്ചു പഠനം പൂർത്തിയാക്കണം , സർക്കാർ ചെലവ് ആവശ്യമില്ല ‘ എന്നായിരുന്നു ഹാദിയയുടെ മറുപടി.അടച്ചിട്ട മുറിയിൽ ഹാദിയയെ കേൾക്കണമെന്ന അച്ഛൻ അശോകന്റെ   ആവശ്യം സുപ്രീംകോടതി  തള്ളി.ഹാദിയ സുപ്രീംകോടതിയുടെ തുറന്ന കോടതിയിൽ സംസാരിച്ചു.

ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സുപ്രീംകോടതിയിൽ വാദം തുടങ്ങിയത്. വൻ സുരക്ഷ അകമ്പടിയോടെയാണ് ഇസ്ലാം സ്വീകരിച്ചതിന്റെ പേരിൽ മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടു വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്ന ഹാദിയ  കേരള ഹൗസിൽ നിന്നും സുപ്രീം കോടതിയിലെത്തിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്, എംഎം ഖാൻവിൽക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹാദിയ കേസിൽ വാദം കേൾക്കുന്നത്.

ഹാദിയ കേസിൽ അശോകന്റെ അഭിഭാഷകൻ ശ്യാം ദിവാനാണ് ആദ്യം വാദം ആരംഭിച്ചത്. കേസിൽ രഹസ്യവാദം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഷെഫിൻ ജഹാന് ഐസിസ് ബന്ധമുണ്ടെന്നും, അതിന് തെളിവുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ‘ഐസിസ് റിക്രൂട്ടർ’ മൻസിയോട് ഷെഫിൻ ഫോണിൽ സംസാരിച്ചിരുന്നെന്നും ഇത്  വർഗീയ പ്രത്യാഘാതമുണ്ടാക്കുന്ന കേസാണ് ഇതെന്നും അദ്ദേഹം വാദിച്ചു.

കേരളത്തിൽ മതപരിവർത്തനവുമായി ബന്ധപ്പെട്ട് വലിയ ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്നാണ് എൻഐഎ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.

ഒരു സ്ത്രീക്ക് അവരുടെ ജീവിതം നിർണ്ണയിക്കാനുള്ള അവകാശമുണ്ടെന്ന് ഷെഫിൻ ജഹാന്റെ അഭിഭാഷകൻ കപിൽ സിബൽ. എൻഐഎ അന്വേഷണം കോടതിയലക്ഷ്യമാണ്. വ്യക്തി സ്വാതന്ത്ര്യത്തിനു  വർഗീയനിറം നൽകരുതെന്നും, തീരുമാനം അവളുടേതാണെന്നും കപിൽ സിബൽ സുപ്രീംകോടതിയിൽ പറഞ്ഞു.

കോടതിനടപടികൾ തുടങ്ങി രണ്ടരമണിക്കൂറോളം ഹാദിയക്ക് സംസാരിക്കാൻ അനുവാദം കിട്ടിയിരുന്നില്ല.  സംസ്ഥാനവനിതാകമ്മീഷന്റെ അഭിഭാഷകൻ ‘ രണ്ടരമണിക്കൂറായി ഹാദിയ ഇവിടെ നിൽക്കുന്നു , അവരെ കേൾക്കൂ ” എന്ന് വളരെ വൈകാരികമായി പറഞ്ഞതോടെയാണ് ഹാദിയയെ ഇന്ന് തന്നെ സുപ്രീം കോടതി കേൾക്കുന്നത്.

Be the first to comment on "ഹാദിയ കോളേജിലേക്ക്. അച്ഛനെ ലോക്കൽ ഗാർഡിയൻ പദവിയിൽ നിന്നും നീക്കി"

Leave a comment

Your email address will not be published.


*